ഒരു ആപ്പിള്‍ കഷണത്തിന്റെ വില !

\"\"

ഒരു ആപ്പിളിന് എന്തു വില വരും? സ്ഥലവും സമയവുമനുസരിച്ചാണ് വില എന്നായിരിക്കും ഉത്തരം കിട്ടുക. അത് കഴിക്കുന്ന ആപ്പിളിന്റെ കാര്യം. എന്നാല്‍ ഇത് സാധാരണ ആപ്പിളല്ല, 240 ബില്യന്‍ ഡോളര്‍ വരുന്ന ആപ്പിളാണ്. 11 ലക്ഷം കോടി രൂപ! \'ആപ്പിള്‍ കമ്പ്യൂട്ട\'റിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്.
ലോകത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ വ്യവസായങ്ങളിലൊന്നാണ് \'ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സ് \' ഇന്ന്. ഏറ്റവും പുതിയ ടെക്‌നോളജിയുമായി ആപ്പിളിന്റെ ഐഫോണ്‍ ഫോര്‍ (iphone 4) കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മൂന്ന് പേര്‍ ചേര്‍ന്നാണ് ആപ്പിള്‍ സ്ഥാപിക്കുന്നത്. 1976ല്‍ സ്റ്റീവ് ജോബ്‌സ്, സ്റ്റീവി വ്‌സനിയാക്ക്, റൊനാള്‍ഡ് വെയ്ന്‍ എന്നിവരാണാ ഭാഗ്യവാന്‍മാര്‍. മൂവരും ഭാഗ്യവാന്‍മാരാണ് എന്ന് പറയാനാവില്ല. അത് പിന്നെ വ്യക്തമാക്കാം.

അടാരി കോര്‍പ്പറേഷന്‍ എന്ന കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ സ്റ്റീവ് ജോബ്‌സും റൊണാള്‍ഡ് വെയ്‌നും ജോലിക്കിടയില്‍ തുടങ്ങിയ പരിചയം സ്റ്റീവ് വോസ്‌നിയാക്കുമായി ചേര്‍ന്ന് ആപ്പിളിന്റെ നിര്‍മ്മിതിയിലെത്തിച്ചു. റൊണാള്‍ഡ് വെയ്‌ന് നിര്‍മ്മാണത്തില്‍ വലിയ പങ്കില്ലെങ്കിലും ഐസക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീഴുന്ന ചിത്രമുള്ള ആപ്പിളിന്റെ ആദ്യ ലോഗോ സൃഷ്ടിച്ചത് താനായിരുന്നു. അതിന്റെ നന്ദി സൂചകമായി ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സിന്റെ പത്ത് ശതമാനം ഉടമസ്ഥാവകാശം വെയ്‌നിനു നല്‍കി. ഇന്നത്തെ നില വച്ചു നോക്കിയാല്‍ 24 ബില്യന്‍ (2400 കോടി) ഡോളറിന്റെ സമ്പത്ത്.

ഇത്രയും സമ്പത്തിനുടമയായ വെയ്ന്‍ ആഡംബരമായി ജീവിക്കുകയാണ് എന്നാവും നാം ചിന്തിക്കുന്നതെങ്കില്‍ നമുക്ക് തെറ്റി. നെവേഡയിലെ ചെറിയ ഒരു വീട്ടില്‍ ഗവണ്‍മെന്റില്‍ നിന്നും കിട്ടുന്ന സോഷ്യല്‍ സെക്യൂരിറ്റി വരുമാനം കൊണ്‍ട് കഷ്ടിച്ച് ജീവിക്കുകയാണ് താന്‍. ജീവിതത്തില്‍ എടുത്ത ഒരു മണ്‍ടന്‍ തീരുമാനത്തിന്റെ ഫലം!


കഥ ചുരുക്കി പറഞ്ഞാല്‍, ആപ്പിള്‍ കണ്‍ടു പിടിക്കുന്ന കാലത്ത് ഇത്തരം ധാരാളം പുതിയ ആശയങ്ങള്‍ കുമിളപോലെ പൊന്തി വന്ന് അതിലും വേഗം പൊട്ടിപ്പോയിരുന്നു. പലരും വീട്ടാന്‍ പറ്റാത്ത കടക്കെണിയിലും വീണു. റൊണാള്‍ഡ് വെയ്‌നും ആപ്പിളിനെപ്പറ്റി ചിന്തിച്ചതും അങ്ങനെയായിരുന്നു. കൂട്ടുകാരുടെ കടം കൂടെ തന്റെ ചുമലില്‍ വീഴുമെന്ന് പേടിച്ച് ലഭിച്ച ആപ്പിള്‍ കഷ്ണം (10 ശതമാനം ഉടമസ്ഥാവകാശം) താന്‍ അവര്‍ക്ക് തന്നെ 800 ഡോളറിന് വിറ്റൂ. പക്ഷേ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെ വേഗം വളര്‍ച്ച നേടിയ ആപ്പിള്‍ കമ്പനി റൊണാള്‍ഡിന്റെ ജീവിതത്തെ നിത്യനിരാശയിലേക്ക് തള്ളിയിട്ടു. ഓരോ രാത്രിയിലും ആ ദുഃസ്വപ്നം കണ്‍ട് ഞെട്ടിയുണരുന്ന അയാള്‍ തന്നെപ്പോലെ നിര്‍ഭാഗ്യവാന്‍ മറ്റൊരാളില്ല എന്ന സങ്കടത്തോടെ ഓര്‍ക്കും.

ഒരു മണ്‍ടന്‍ തീരുമാനത്തിന് കൊടുത്ത വിലയെത്ര എന്ന് പറയുക അസാദ്ധ്യം. ഇത് റൊണാള്‍ഡ് വെയ്‌നിന്റെ മാത്രം കഥയല്ല, ചില നേരത്ത് കൈക്കൊണ്‍ട അലക്ഷ്യമായ തീരുമാനങ്ങള്‍ക്ക് ജീവന്‍ തന്നെ ബലി കൊടുക്കേണ്‍ട് വന്നവരുണ്‍ട്.

വെയ്‌നിനെപ്പോലെ നഷ്ടത്തിന്റെ കണക്കുകളുമായി വിലപിക്കുന്ന ഒരു കൂട്ടരെ അഭിമുഖീകരക്കേണ്‍ടി വരുമോ എന്ന ഞാന്‍ ഭയപ്പെടുന്നു. അത് ഭൂമിയിലെ കാര്യമല്ല, സ്വര്‍ഗ്ഗത്തിലെ കാര്യമാണ് പറയുന്നത്. ലോകത്തിലെ മുഴുവന്‍ സമ്പത്തിന്റെയും ഒരംശം മാത്രമാണ് ആപ്പിള്‍ കമ്പ്യൂട്ടറിന്റെ വില. അതിന്റെ പത്തിലൊന്ന് മാത്രമാണ് വെയ്‌നിനു നഷ്ടമായത്. എന്നാല്‍ ഒരു ആത്മാവിന് ദൈവം നല്‍കിയിരിക്കുന്ന വില സര്‍വ്വ ലോകത്തേക്കാളും വലിയതാണ്. ഒരു ആത്മാവിനെ നാം നേടിയിട്ടുണ്‍ടെങ്കില്‍ അതിന് കര്‍ത്താവ് തരുന്ന പ്രതിഫലത്തിന് ഇത്രയും മൂല്യമുണ്‍ടെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നില്ല. എന്നാല്‍ ഒരു ദിവസം നാം തിരിച്ചറിയും. അപ്പോഴാണ് ശരിക്കും വിലപിച്ചു പോകുന്നത്. “എന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്ര വലിയ റിട്ടേണ്‍ കിട്ടുമെന്ന് അറിഞ്ഞില്ലല്ലോ?” എന്ന് പറഞ്ഞ് നിലവിളിക്കുന്ന പലരെയും നിത്യതയില്‍ കാണേണ്‍ടി വരും. എബ്രായ ലേഖനത്തില്‍ എഴുത്തുകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്:

“തടവുകാരോട് നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമസമ്പത്ത് നിങ്ങള്‍ക്ക് ഉണ്‍ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.

അതുകൊണട് ‘ മഹാപ്രതിഫലമുള്ള ’ നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്\'\'. (എബ്രായര്‍. 10: 34, 35)

‘ഉത്തമസമ്പത്തും മഹാപ്രതിഫലവും’ എങ്ങനെയായിരിക്കുമെന്നറിയാന്‍ കര്‍ത്താവിന്റെ വരവ് വരെ കാത്തിരിക്കേണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. “ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുക്കിയിട്ടുള്ളത് കണ്ണ് കണ്‍ടിട്ടില്ല, ചെവി കേട്ടിട്ടില്ല, യാതൊരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നിയിട്ടുമില്ല.” 1 കൊരി. 2: 9. ആരും കാണാത്ത കേള്‍ക്കാത്ത ചിന്തിക്കാത്ത ഒരു സമ്മാനപ്പൊതിയാണ് നമുക്കായി നമ്മുടെ മണവാളന്‍ കാത്തുവച്ചിരിക്കുന്നത്. അത് കിട്ടുന്നത് ഓരോരുത്തരുടെ പ്രവൃത്തിക്കനുസരിച്ചായിരിക്കും. (1 കൊരി. 3: 13-14).

ജഡത്തിന് അനുസരിച്ചുള്ള തീരുമാനമാണെങ്കില്‍ ഈ ലോകത്തില്‍ അത് അവസാനിക്കും. മറിച്ച് നിത്യമായതിനനുസരിച്ചുള്ള ആത്മഹിത പ്രകാരമുള്ള തീരുമാനമാണെങ്കില്‍ പ്രതിഫലം നിത്യതയില്‍ ലഭിക്കും.

“വരുവിന്‍ യേശുവിന്നരികില്‍......”. എന്നു തുടങ്ങുന്ന പാട്ടിലെ അവസാനത്തെ അഞ്ച് വരികള്‍ അര്‍ത്ഥസമ്പൂഷ്ടമായ ആശയങ്ങള്‍ നിറഞ്ഞതാണ്.

“ഒരു നാള്‍ നശ്വര ലോകം
വിട്ടു പിരിയും നാമതിവേഗം;
അങ്ങേ കരയില്‍ നിന്നും
നാം നേടിയതെന്തന്നറിയും
ലോകം വെറുത്തോര്‍ വില നാമന്നാള്‍ അറിയും.”

നല്ല തീരുമാനങ്ങള്‍ കൈക്കൊണ്‍ട് വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ദൈവം സഹായിക്കട്ടെ.

Responses