സിനിമാ കാണാത്ത ഉപദേശി

സിനിമയുടെ അതിപ്രസരം അനുഭവിക്കുന്ന ഒരു തലമുറയുടെ മധ്യേയാണ് നാം ജീവിക്കുന്നത്. സിനിമ നല്ലതോ ചീത്തയോ എന്നതല്ല ഇവിടുത്തെ പ്രതിപാദ്യ വിഷയം. സിനിമ തീയേറ്ററില്‍ പോയി കാണുന്നതോ ടെലിവിഷനില്‍ കാണുന്നതോ എന്നതുമല്ല. ഇതാണല്ലോ മലയാളി പെന്റക്കൊസ്റ്റ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ ആത്മീയ ആശയക്കുഴപ്പം. ഒരു പെന്റക്കൊസ്റ്റ് നേതാവ് സിനിമ നിര്‍മിക്കുന്നു, മറ്റൊരു നേതാവ് സിനിമയ്‌ക്കെതിരേ പ്രസ്താവനയിറക്കുന്നു. പുരോഗമനവാദികളായ ഒരുപറ്റം വിശ്വാസികള്‍ സിനിമ കാണുന്നതോ തീയറ്ററില്‍ പോകുന്നതോ തെറ്റല്ല എന്ന് വിശ്വസിക്കുന്നു, എന്നാല്‍ യാഥാസ്ഥിതികപക്ഷം പിതാക്കന്മാരുടെ പാരമ്പര്യവും ഉപദേശവും അനുസരിച്ച് സിനിമ കാണുന്നത് തെറ്റെന്ന് വാദിക്കുന്നു. ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റെന്നറിയാതെ സാധാരണ വിശ്വാസികള്‍ കുഴങ്ങുന്നു. വീടുകളില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ കാണുത് തെറ്റാണോ ? അതിലെന്താ ഇത്ര കുഴപ്പം ? എന്നു ചോദിക്കുന്ന ഒരു വിഭാഗവും ടെലിവിഷന്‍തന്നേ സാത്താന്റെ പെട്ടിയാണെന്നു കരുതുന്ന മറ്റൊരു വിഭാഗവും സഭയിലുണ്‍ട്. കാലത്തിനനുസരിച്ച് മാറിമറിയേണ്‍ടതോ ഇരുപക്ഷമായി ഏറ്റുമുട്ടേണ്‍ടതോ അല്ല ഇത്തരം വിഷയങ്ങള്‍. സഭയ്ക്ക് ശക്തമായ ഒരു നിലപാടാണ് ഇവിടെ ആവശ്യം. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍പോലും സഭയിലെ വിശ്വാസികളില്‍ ഏകാഭിപ്രായമില്ല എന്ന നിലയിലേക്ക് പെന്റക്കൊസ്റ്റ് ക്രൈസ്തവലോകം എത്തിയിരിക്കുന്നു എന്നതാണ് ഈ വിവാദങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന പൊതുവായ കാര്യം.

ഒരു പ്രമുഖ പഴമൊഴി ഇപ്രകാരമാണ്. എന്തുകൊണ്‍ട് സഭായോഗത്തിന് ആളുകള്‍ കുറയുകയും സിനിമാതീയറ്ററുകളില്‍ ജനം തള്ളിക്കയറുകയും ചെയ്യുന്നു? സിനിമാതീയറ്ററുകളില്‍ കുറെ അസംഭാവ്യമായ കാര്യങ്ങളെ സംഭവിക്കുന്നത് എന്ന നിലയില്‍ അവതരിപ്പിക്കുന്നു, യഥാര്‍ത്ഥത്തില്‍ സംഭവിച്ച മഹാസംഭവങ്ങളെ സഭാഹാളുകളില്‍ സംഭവിക്കാന്‍ ഒട്ടും സാധ്യതയില്ലാത്ത കാര്യമെന്ന പോലെ അവതരിപ്പിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരവും ക്രൂശീകരണവും പുനരുത്ഥാനവും ലോകത്തിന്റെ മധ്യത്തില്‍ നടന്നിട്ടും അതിനെ അസംഭാവ്യമായ കാര്യമെന്നപോലെ സഭകളില്‍ അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ സിനിമാക്കോട്ടകളില്‍ അസംഭവ്യമായ കാര്യങ്ങള്‍ വളരെ തന്മയത്വത്തോടെ, സംഭവിച്ചതോ സംഭവിക്കുന്നതോ ആണെന്ന പ്രതീതി കാഴ്ചക്കാരനില്‍ വരുത്തിത്തീര്‍ത്ത് തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. അതു കാണാന്‍ ആളുകള്‍ ഓടിക്കൂടുന്നു.

സുവിശഷം പ്രസംഗിക്കുന്ന പലര്‍ക്കും തങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷത്തോടു പൂര്‍ണ്ണമായും നീതിപുലര്‍ത്താന്‍ സാധിക്കുന്നുണ്‍ടോ എന്നത് സംശയമാണ്. ദൈവം കരുതുമെന്ന് പ്രസംഗിക്കുകയും പണമുണ്‍ടാക്കാന്‍ സഭകള്‍ കയറിയിറങ്ങി നടക്കുകയും ചെയ്യുന്നതാണോ ആത്മാര്‍ത്ഥത? ആകാശത്തിലെ പറവകളെ നോക്കുവിന്‍, വിതക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ ശേഖരിക്കുന്നില്ല എന്ന് പ്രസംഗിച്ച യേശുവിന്റെ ജീവിതം ഓരോ ദിവസവും ദൈവിക കരുതലിന്റേതായിരുന്നു. ഇതിന്റെ വലിയസാക്ഷ്യമായിരുന്നു പീലാത്തോസിന്റെ മുന്നില്‍ നല്ല സ്വീകര്യം കഴിച്ച യേശു തന്റെ ശിഷ്യഗണത്തിന് കാണിച്ചു തന്നത്. പീലാത്തോസ് പറയുന്നു - നിന്നെ വെറുതെവിടുവാനും ക്രൂശിക്കുവാനും എനിക്ക് അധികാരമുണ്‍ട് എന്ന് നീ അറിയുന്നില്ലേ? യേശു പറയുന്നു: ഉയരത്തില്‍നിന്ന് തന്നില്ലായിരുന്നുവെങ്കില്‍ നിനക്ക് എന്റെമേല്‍ യാതൊരു അധികാരവും ഉണ്‍ടാകില്ലായിരുന്നു (യോഹ. 19:11). ജീവിതത്തില്‍ ഇല്ലാത്തത് പ്രസംഗിക്കുകയും പ്രസംഗത്തിന് വിരുദ്ധമായി ജീവിക്കുകയും ചെയ്യുന്നവര്‍ സത്യസന്ധമായ ക്രൈസ്തവ വിശ്വാസജീവിതത്തെ അസംഭാവ്യമായി അവതരിപ്പിക്കുന്നു.

ഇന്ത്യന്‍ പ്രസിഡന്റുമാരില്‍ പ്രമുഖനായിരുന്ന എസ്. രാധാകൃഷ്ണന്‍ ഒരിക്കല്‍ പറഞ്ഞത് ക്രൈസ്തവര്‍ തങ്ങള്‍ അസാധാരണത്വമുള്ളവരാണെന്ന് അവകാശപ്പെടുന്നുവെങ്കിലും സാധാരണക്കാരേപ്പോലെ ജീവിക്കുന്നവരാണ് എന്നായിരുന്നു. ക്രിസ്തുവിലെ അസാധാരണത്വം അവിടുത്തെ ജീവിതത്തിന്റെ എല്ലാമേഖലയിലും ദൃശ്യമായിരുന്നു. എന്നാല്‍ ക്രിസ്തു കാണിച്ചുതന്ന മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ ആ ജീവിതമാതൃക നിലനിര്‍ത്താന്‍ തയാറാകാതെ വരുമ്പോഴാണ് അവര്‍ക്ക് പുതുമകള്‍ വേണ്‍ടിവരുന്നത്. പുതുമകളോടുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹവും പുതുമകള്‍ സൃഷ്ടിക്കുവാനുള്ള മനുഷ്യന്റെ കഴിവിനെയും ചൂഷണം ചെയ്ത് പിശാച് വിരിക്കുന്ന വലകളില്‍ കിടന്നുകൊണ്‍ടാണ് വീണ്‍ടുംജനനം പ്രാപിച്ചവരെന്ന് അവകാശപ്പെടുന്ന പലരും കൈകൊട്ടുന്നതും ഹല്ലേലൂയ്യാ പറയുന്നതും. സഭായോഗം കഴിഞ്ഞാലുടന്‍ ചൂടേറുന്ന സഭാരാഷ്ട്രീയ ചര്‍ച്ചകളും വിശകലനങ്ങളും സഭാ കമ്മിറ്റികളും സ്ഥാനമാനങ്ങള്‍ക്കായുള്ള മത്സരങ്ങളും പോര്‍വിളികളും അസാധാരണത്വം അവകാശപ്പെടുന്നവരിലെ സാധാരണക്കാരനെ പുറത്തിറക്കുന്ന വേദികളാണ്. കുടുംബപ്രാര്‍ത്ഥനയ്ക്കു ശേഷം ഒട്ടും വൈകാതെ സീരിയലുകളും സിനിമകളും ഇന്ന് പാപമല്ലാതായിരിക്കുന്നു.

പെന്റക്കൊസ്റ്റുകാരന്‍ വിചാരിച്ചാലും സിനിമാ നിര്‍മിക്കാന്‍ കഴിയുമെന്ന് ഉപദേശിയുടെ മകന്‍ എന്ന സിനിമയും നിര്‍മാതാവും തെളിയിച്ചിരിക്കുന്നു. ഇനി സിനിമ കാണുന്നത് പാപമാണോ അല്ലയോ എന്ന പ്രശ്‌നംകൂടെ പരിഹരിച്ചുകിട്ടിയാല്‍ മതി. അതിനാണ് ഇപ്പോഴത്തെ സംവാദങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തീയറ്ററില്‍ പോയി കാണുന്നതാണ് പാപമെന്ന് ഒരുകൂട്ടരും തീയറ്ററില്‍ പോകാതെ കാണുന്നതില്‍ തെറ്റില്ലെന്നു മറ്റൊരുകൂട്ടരും വാദിക്കുന്നു. എന്ത് നിലപാട് ഈ വിഷയത്തില്‍ എടുക്കണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുന്ന നിസ്സഹായരായ കുറെ നിഷ്പക്ഷമതികളും ഇപ്പോള്‍ സഭകളിലുണ്‍ട്. ആദ്യത്തേ രണ്‍ടുകൂട്ടരേയും ഉദ്ദേശിച്ചല്ല ഈ ലേഖനം എഴുതുന്നത്, ആശയക്കുഴപ്പത്തിലായിരിക്കുന്ന മൂന്നാമത്തേക്കൂട്ടര്‍ക്കായാണ് ഈ ലേഖനം ഉപകരിക്കുക.

പ്രിയപ്പെട്ട മൂന്നാമത്തെ കൂട്ടരേ, നിങ്ങള്‍ക്ക് സ്‌നേഹവന്ദനം. സിനിമ കാണുവാനുള്ള മാനസികാവസ്ഥയിലേക്ക് ക്രൈസ്തവസമൂഹം നിപതിച്ചിരിക്കുന്നു എന്ന അപകടം നിങ്ങളെങ്കിലും തിരിച്ചറിയണമെന്ന് ഈ ലേഖകന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്ഥിരീകരണത്തിനായി ചില ദൈവവചനങ്ങള്‍ ഇവിടെ കുറിക്കാം.
സര്‍പ്പം ഹവ്വയെ ഉപായത്തില്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ട് വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു (2കൊരി 11:3). -സിനിമ വിശ്വാസിയെ വഷളത്തത്തിലേക്ക് നയിക്കും.

നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എങ്കില്‍ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് ചിന്തിക്കുവിന്‍ (കൊലോ.3:1) -ഉയരത്തിലുള്ളത് ചിന്തിക്കേണ്‍ട നമുക്ക് സിനിമാക്കഥ ചിന്തിക്കാന്‍ സമയമിലല്ല.

യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്‌നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്‌നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ (റോമ 6:3) -മരിച്ചവര്‍ സിനിമാ കാണറില്ല.

... ഒരുത്തന്‍ തര്‍ക്കിക്കാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്യാദ ഞങ്ങള്‍ക്കില്ല, ദൈവസഭകള്‍ക്കുമില്ല എന്ന് ഓര്‍ത്തുകൊള്ളട്ടെ (1കൊരി.11:16) -ഇതായിരിക്കട്ടെ നമ്മുടെ സംസ്‌കാരം.

Responses