തിമിരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് ഒരു ദേശം

\'\'എന്നാല്‍ കഷ്ടതയില്‍ ഇരുന്ന ദേശത്തിനു തിമിരം നില്‍ക്കയില്ല... പിന്നത്തേതില്‍ അവന്‍ മഹത്വം വരുത്തും\'\'. യെശ.9:1-3.

അസ്സീറിയന്‍ രാജാവായിരുന്ന തിഗ്ലക്ക് പിലേസര്‍ യിസ്രയേല്‍ ദേശം ആക്രമിച്ചപ്പോള്‍ നപ്താലി, സെബൂലൂന്‍ എന്നീ ഗോത്രങ്ങളുടെ അതിര്‍ത്തികള്‍ ഉള്‍പ്പെട്ട ഗലീല പ്രദേശങ്ങള്‍ പിടിച്ചടക്കി ജനത്തെ ക ിനമായി കഷ്ടപ്പെടുത്തിയിരുന്നു. ശത്രുക്കളുടെ അക്രമണത്തില്‍ ജനം അനുഭവിച്ച കഷ്ടത ഇരുളില്‍ തിമിരം ബാധിച്ചപോലെയുള്ള അവസ്ഥയായിരുന്നു. അസ്സീറിയയുടെ ഈ യുദ്ധത്തില്‍ യെഹൂദയെ ഒഴിവാക്കി ഗലീലയെ മാത്രമാണ് ഞെരുക്കിയത്. അങ്ങനെ കഷ്ടതയിലൂടെ കടന്നുപോയ ജനത്തെ നോക്കി പ്രവാചകനായ യെശയ്യാവ് പറയുന്ന വാക്കുകളാണ് മുകളില്‍ വായിച്ചത്. അവരെക്കുറിച്ച് ഇരുട്ടില്‍ ഇരുന്ന ജനം എന്നും മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്ന ജനം എന്നും പറഞ്ഞിരിക്കുന്നു.

ഗലീലയും ചുറ്റുമുള്ള പട്ടണങ്ങളും അനുഭവിക്കുന്ന കഷ്ടത വലുതായിരുന്നു എങ്കിലും അവര്‍ക്ക് വരുവാന്‍ പോകുന്ന മഹത്വം ഓര്‍ത്താല്‍ അവര്‍ ഈ അനുഭവിക്കുന്ന കഷ്ടത ഒന്നുമില്ല എന്നാണ് ദൈവം പ്രവാചകനിലൂടെ അവരെ അറിയിക്കുന്നത്. ഈ കഷ്ടത തിമിരം പോലെ ബാധിച്ച് ഭാവി അന്ധകാരമായി എന്നു കരുതിയിരുന്ന അവര്‍ക്ക് ഇരുട്ടില്‍ വെളിച്ചം ഉദിക്കുമെന്നും ആ വെളിച്ചം ഇതുവരെ ആരും കണ്‍ടിട്ടില്ലാത്ത വെളിച്ചമായിരിക്കുമെന്നുമുള്ള ആശ്വാസ വചനങ്ങള്‍ ദൈവം നല്‍കി.ആരും അനുഭവിച്ചിട്ടില്ലാത്ത കഷ്ടത അനുഭവിച്ചിട്ടുള്ളവര്‍ ആരും പ്രാപിച്ചിട്ടില്ലാത്ത ദൈവനുഗ്രഹവും പ്രാപിക്കും എന്നതിന്റെ തെളിവുകൂടെയാണ് ഗലീലക്കായി ദൈവം ഒരുക്കിയ മഹത്വം.

ബേത്‌ലഹേമില്‍ ജനിച്ച് നസറേത്തില്‍ വളര്‍ന്ന യേശു തന്റെ ശുശ്രൂഷ നിവര്‍ത്തിക്കാന്‍ തിരഞ്ഞെടുത്ത ഇടം മറ്റെങ്ങുമല്ല അത് ഗലീല തന്നെയായിരുന്നു. വലിയവന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ യെരുശലേമിലാണ് അത്ഭുതങ്ങള്‍ ചെയ്യേണ്‍ടതെന്ന് യേശുവിന്റെ സഹോദരന്മാര്‍ തന്നെ പറഞ്ഞതോര്‍ക്കുക. എന്നാല്‍ വിദ്യാഭ്യാസം ചെയ്യാത്തവരും, അശരണരും, ദരിദ്രരും, പീഡിതരും, മാറാ രോഗികളും ജീവിച്ചിരുന്ന ഗലീല നമ്മുടെ കര്‍ത്താവ് ശുശ്രൂഷക്കായി തിരഞ്ഞെടുത്തത് അവരോട് മുന്‍കൂട്ടി അറിയിച്ച പ്രവചനത്തിന്റെ വെളിച്ചത്തിലാണ്.‘’സെബൂലൂന്‍ ദേശവും നപ്താലി ദേശവും കടല്‍ക്കരയിലും യോര്‍ദ്ദാനക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടില്‍ ഇരുന്ന ജനം വലിയോരു വെളിച്ചം കണ്‍ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരുന്നവര്‍ക്ക് പ്രകാശം ഉദിച്ചു.” മത്താ.4:14-15.

എളിയവരെ എന്നേക്കും മറന്നു കളയാത്ത ദൈവം, സാധുക്കളുടെ പ്രത്യാശക്കു ഭംഗം വരുത്താത്ത ദൈവം കഷ്ടതയില്‍ ഇരിക്കുന്ന ജനത്തിന്റെ സ്ഥിതിക്ക് മാറ്റം വരുത്താതിരിക്കയില്ല. ഇരുളിലും മരണ നിഴലിലും ഇരുന്ന ഗലീല നിവാസികള്‍ക്ക് ദൈവം വാഗ്ദത്തം ചെയ്തതുപോലെ ഒരു ‘‘വലിയോരു വെളിച്ചം” ഉദിപ്പിച്ചു.അവര്‍ നീതിസൂര്യന്റെ ശോഭ കണ്‍ടും ആ വെളിച്ചത്തില്‍ അവര്‍ ഉല്ലസിച്ചു.

ഒരു ഇരുളിനും ഈ വെളിച്ചത്തെ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത വിധം ഉയര്‍പ്പിന്റെ സന്ദേശം ദൈവം അവര്‍ക്ക് നല്‍കി: “ഗലീല പുരുഷന്മാരേ, നിങ്ങള്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളെ വിട്ടു സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങള്‍ കണ്‍ടതുപോലെ തന്നേ അവന്‍ വീണ്‍ടും വരും’’. അപ്പോ. 1:11. ഈ മഹല്‍ സംഭവത്തിന് ഗലീലക്കാര്‍ മാത്രം സാക്ഷ്യം വഹിച്ചു.

മരണത്തിന്റെ ഇരുളില്‍ ഇരുന്നിരുന്ന ഗലീലക്കാരായ അവര്‍ജനകോടികളുടെ ഹൃദയത്തിന്റെ അന്ധകാരം മാറ്റുവാന്‍ ഭൂലോകത്തിന്റെ എല്ലാ കോണുകളിലും വെളിച്ചത്തിന്റെസാക്ഷികളായി.

ആരും സഹിച്ചിട്ടില്ലാത്ത കഷ്ടത സഹിച്ചവര്‍ ആരും പ്രാപിച്ചിട്ടില്ലാത്ത ദൈവാനുഗ്രഹവും പ്രാപിക്കും എന്നതിന്റെ തെളിവുകൂടെയാണ് ഗലീലക്കായി ദൈവം ഒരുക്കിയ മഹത്വം.

Responses