നിര്‍വ്വീര്യമാക്കേണ്‍ട ബോംബുകള്‍

\"\"

അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള ഒരു അമേരിക്കന്‍ പട്ടാളക്കാരന്റെ കഥ കേള്‍ക്കുക. രണ്‍ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കന്‍ സൈന്യത്തോടൊപ്പമുണ്‍ടായിരുന്ന മാര്‍ട്ടിന്‍ ആഷ്‌ക്രാഫ്റ്റ്, യുദ്ധാനന്തരം നാട്ടിലേക്ക് മടങ്ങുമ്പോള്‍ സാധാരണ പട്ടാളക്കാര്‍ ചെയ്യുന്നതുപോലെ യുദ്ധവുമായി ബന്ധപ്പെട്ട ഒരു സുവനീറും കയ്യില്‍ കരുതിയിരുന്നു. ആയുധങ്ങളുടെ ഭാഗങ്ങളോ ശത്രു രാജ്യത്തിലെ യുദ്ധോപകരണങ്ങളുടെ അവശിഷ്ടങ്ങളോ ആണ് സാധാരണ പട്ടാളക്കാര്‍ ഇപ്രകാരം സൂക്ഷിക്കുന്നത്. മാര്‍ട്ടിന്‍ കയ്യില്‍ സൂക്ഷിച്ചിരുന്നത് ജര്‍മ്മന്‍ സൈന്യത്തിന്റെ പൊട്ടാത്ത ബോംബുകളിലൊന്നായിരുന്നു. അനേകരെ കൊല്ലാന്‍ കഴിയുന്ന അത്യുഗ്രശേഷിയുള്ള ബോംബാണതെന്ന് താനറിഞ്ഞില്ല.

വീട്ടിലെ സ്വീകരണമൂറിയില്‍തന്നെയായിരുന്നു മാര്‍ട്ടിന്‍ ബോംബ് സൂക്ഷിച്ചിരുന്നത്. വീട്ടികാരോടും നാട്ടുകാരോടുമൊക്കെ യുദ്ധക്കഥകളൊക്കെ പറഞ്ഞ് ബോംബ് ചൂണ്‍ടിക്കാണിക്കുമ്പോള്‍ മാര്‍ട്ടിനൊപ്പം കാഴ്ചക്കാരും അഭിമാനം കൊള്ളാറുണ്‍ട്. നീണ്‍ട നാല്‍പ്പതിലധികം വര്‍ഷങ്ങള്‍ മാര്‍ട്ടിന്‍ ബോംബ് വലിയ അഭിമാനത്തോടെ ബോംബ് വീട്ടില്‍ സൂക്ഷിച്ചു. എന്നാല്‍ വാര്‍ദ്ധക്യമായപ്പോള്‍ മരണശേഷം കൊച്ചുമക്കളോ തെറ്റായി കൈകാര്യം ചെയ്താല്‍ ബോംബ് അപകടം വിളിച്ചുവരുത്തുമെന്നു മനസ്സിലാക്കിയ മാര്‍ട്ടിന്‍ ബോംബ് ലോക്കല്‍ പോലീസിന് കൈമാറാന്‍ തീരുമാനിച്ചു.

പോലീസ് സ്റ്റേഷനില്‍ എത്തിയ മാര്‍ട്ടിനോട് പോലീസ് വന്ന കാര്യം തിരക്കി. കയ്യിലുള്ളത് ബോംബാണെന്നും അത് പോലീസിന് കൈമാറാനുമാണ് വരവിന്റെ ഉദ്ദേശമെന്ന് മാര്‍ട്ടിന്‍ പറഞ്ഞപ്പോള്‍ പോലീസുകാര്‍ പരിഭ്രാന്തരായി എല്ലാവരോടും മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നെത്തിയ ബോംബ് സ്‌ക്വാര്‍ഡ് ഏറെ സുരക്ഷ ക്രമീകരണങ്ങളോടെ അടുത്ത് വന്ന് പരിശോധിക്കുകയും ബോംബ് നിര്‍വ്വീര്യമാക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ മാര്‍ട്ടിനെ വിശദമായി ചോദ്യം ചെയ്തു.

ഇത്രയും നാള്‍ ഇത്ര അപകടകരമായ വസ്തു വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ബോംബ് വിദഗ്ദന്‍മാര്‍ ഞെട്ടിത്തരിച്ചുപോയി. ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും പോലീസ് സന്നാഹങ്ങളും ഉന്നത ഉദ്യോഗസ്ഥന്‍മാരും ആ പ്രദേശത്ത് തിങ്ങി നിറഞ്ഞപ്പോള്‍ താന്‍ അഭിമാനത്തോടെ സൂക്ഷിച്ചു വച്ച ബോംബിന്റെ അപകടം മാര്‍ട്ടിന് ഏറെക്കുറെ മനസ്സിലായി. അഗ്നി പര്‍വ്വതത്തിന്റെ മുകളിലായിരുന്നല്ലോ താനും തന്റെ കുടുംബവും കിടന്നത് എന്നോര്‍ത്തപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി.

ഇത്ര മണ്‍ടനായിപ്പോയ മാര്‍ട്ടിന്‍ ആഷ്‌ക്രോഫ്റ്റിനെ കാണണമെന്ന് ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്‍ടാവും. അതിന് പെന്‍സില്‍വാനിയായില്‍ വരെ പോകേണ്‍ടതില്ല. നമ്മുടെ യുദ്ധവട്ടത്തു തന്നെയുണ്‍ട് അത്തരത്തില്‍ ബോംബുമായി നടക്കുന്ന ധാരാളം പേര്‍. പുറമേ നിന്നു കാണാന്‍ കഴിയാത്ത പകയുടെ ബോംബുകളുമായി യാത്ര ചെയ്യുന്നവരാണവര്‍.

ചിലര്‍ ജീവിക്കുന്നതുതന്നെ പ്രതികാരചിന്തയുമായിട്ടാണ്. പണ്‍ട് തങ്ങളോട് മോശമായി പെരുമാറിയിവോരോടൊക്കെയുള്ള പകയുമായി ജീവിതം തള്ളിനീക്കുന്നവര്‍. കുടുംബത്തിലും സഭയിലും സമൂഹത്തിലൂമൊക്കെ ഇത്തരക്കാര്‍ സുലഭമാണ്. വാക്കുകളിലും ചിന്തകളിലും പ്രവര്‍ത്തികളിലും എല്ലാം മറഞ്ഞിരിക്കുന്നത് നശീകരണ ചിന്തയാണ്. തന്നെ കരുതാത്തവരെയൊക്കെ എങ്ങനെയെങ്കിലും മര്യാദ പ ിപ്പിക്കണമെന്നുള്ളതുമാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം.

വിശ്വാസ ഗോളത്തലും ഇത്തരം പ്രവണതകള്‍ ധാരാളമുണ്‍ട്. നാളുകള്‍ തോറും മുളച്ചുവരുന്ന സഭകള്‍ തന്നെ ഉദാഹരണം. സ്വന്തം സഭയില്‍ ഒരാള്‍ വന്നില്ലെങ്കിലും വിഷമമില്ല, മറ്റെ വ്യക്തിയുടെ കൂടെ നിന്നും രണ്‍ട് പേര് പോയല്ലോ എന്ന സന്തോഷമാണ് മുന്നില്‍. രണ്‍ട് ഭക്തന്‍മാര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പോയ കഥ ഓര്‍ക്കുന്നുണ്‍ടാവും.

ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ ദൈവം പ്രത്യക്ഷമായിട്ട് ചോദിച്ചു. “നിങ്ങള്‍ക്ക് ഇഷ്ടമുള്ള വരം ചോദിക്കാം. പക്ഷേ ഒരു നിബന്ധനയുണ്‍ട്; ഒരാള്‍ എന്താവശ്യപ്പെട്ടാലും അതിന്റെ ഇരട്ടി കൂടെയുള്ളയാള്‍ക്ക് ലഭിക്കും. ഒരു കിലോ സ്വര്‍ണ്ണം ഒരാള്‍ ചോദിച്ചാല്‍ മറ്റെയാള്‍ക്ക് രണ്‍ടു കിലോ സ്വര്‍ണ്ണം കിട്ടും. അതുപോലെ എന്ത് ആവശ്യപ്പെട്ടാലും കിട്ടും.”

ഭക്തന്‍മാര്‍ ആകെ ആശയക്കുഴപ്പത്തിലായി.

അസൂയ മൂത്ത ഒരാള്‍ പറഞ്ഞു ‘എന്റെ ഒരു കണ്ണു പൊട്ടിപ്പോകട്ടെ’ എന്ന്, മറ്റെയാള്‍ പറഞ്ഞത്, ‘എന്റെ ഒരൂ കാല് പറഞ്ഞുപോകട്ടെ’ യെന്നും. ചുരുക്കത്തില്‍ അനുഗ്രഹം കിട്ടാന്‍ പോയ രണ്‍ടു പേരും വീട്ടിലെത്തിയത് കണ്ണും കാലുമില്ലാതെയാണ്.

ഇത് തന്നെയാണ് അഭിനവ ഭക്തന്‍മാരുടെ ഇടയിലുള്ള അവസ്ഥ. അനുഗ്രഹം കിട്ടേണ്‍ടതിനു പകരം ശാപം വിലയ്ക്കുവാങ്ങിക്കുകയാണ്. ഒരാള്‍ ഒരു കോണ്‍ഫറന്‍സ് നടത്തിയാല്‍ മറ്റൊരാള്‍ കടമെടുത്തും മറ്റൊന്നു നടത്തും. ഒരാള്‍ സംരംഭം തുടങ്ങിയാല്‍ അതിനെ തോല്‍പ്പിക്കാന്‍ മറ്റൊന്നാരംഭിക്കും. ചുരുക്കത്തില്‍ മഹാഗണി പോലെ മുകളിലേക്ക് വളരേണ്‍ടതിന് പകരം മത്തച്ചെടി പോലെ താഴെക്കിടന്ന് വളരുകയാണ്.

പകയുടെ ബോംബുകള്‍ പൊട്ടി കൂടുതല്‍ നാശങ്ങള്‍ പലയിടത്തുമുണ്‍ടാകുന്നു. മറ്റുള്ളവരെ മാത്രമല്ല ബോംബുമായി നടക്കുന്നവരെയും ഇത് നശിപ്പിക്കുമെന്ന് പലരും ഓര്‍ക്കാറില്ല. ബോംബുകള്‍ എത്രയും വേഗം നിര്‍വ്വീര്യമാക്കണം.

വിദ്വേഷത്തിന്റെയും ദൂഷ്ടതയുടെയും കല്ലുകൊണ്‍ടല്ല, മറിച്ച് നന്മയുടെയും സ്‌നേഹത്തിന്റെയും പൂക്കള്‍ക്കൊണ്‍ട് പരസ്പരം എറിയാം. അപ്പോള്‍ ഉയരുന്നത് മനോഹരമായ സുഗന്ധമായിരിക്കും. അതുകേട്ട് മണം പിടിച്ചെത്തുന്ന വണ്‍ടുകളെയും ചിത്രശലഭങ്ങളെയും പോലെ മറ്റുള്ളവര്‍ നമ്മിലേക്ക് ആകര്‍ഷിക്കപ്പെടും. കര്‍ത്താവിന്റെ കാല്‍ക്കല്‍ മറിയ പകര്‍ന്ന പരിമള തൈലം പോലെ അത് ഒരിക്കലും മാഞ്ഞുപോകാത്ത സുഗന്ധം പരത്തും.

Responses