സാത്താന്റെ നുഴഞ്ഞു കയറ്റം

\"\"

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദികളില്‍ നിന്നാണ്. നൂറ്റാണ്‍ടുകളിലൂടെ മനുഷ്യന്‍ ഊട്ടി വളര്‍ത്തിയ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ ജാരസന്തതികളാണവര്‍. സര്‍വ്വലോകത്തിനും ഭീഷണി വിതറിക്കൊണ്‍ട് ഭരണകൂടങ്ങളുടെ ഉറക്കം കെടുത്തുന്നത് ഇവരുടെ ആക്രമണ തന്ത്രമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് ആശയപരമോ, രാഷ്ട്രീയമോ, യൂദ്ധത്തിലേക്ക് നയിക്കുമ്പോഴും ശത്രു രാജ്യങ്ങള്‍ തമ്മില്‍ പാലിക്കേണ്‍ട സാമാന്യ മര്യാദകളുണ്‍ട്. എന്നാല്‍ ഭീകരവാദത്തിന്റെ ഈറ്റില്ലം തിളച്ചു മറിയുന്ന പകയുടേയും വിദ്വേഷത്തിന്റെയും അഗ്നി പര്‍വ്വതമാണ്. ഇവിടെ നിര്‍ജ്ജീവമായ പ്രതികരണശേഷിയുടേയും മനസ്സാക്ഷിയുടേയും ശവപ്പറമ്പുകൂടിയാണത്. എതിരാളിയെ കൊന്നൊടുക്കാന്‍ ഏതൊരു മാര്‍ഗ്ഗവും അനുവദനീയമായത് അങ്ങനെയാണ്. കോടിക്കണക്കിന് ഡോളറുകള്‍ മുടക്കിയിട്ടും ഭീകരവാദത്തിന് തടയിടാനാവാത്തത് അവരുടെ ഭീരുത്വത്തിലുരുവായ ഒളിപ്പോര്‍ തന്ത്രമാണ്. അമേരിക്കയെപ്പോലുള്ള രാജ്യം വര്‍ഷം തോറും യുദ്ധങ്ങള്‍ക്കുവേണ്‍ടി മാറ്റിവെയ്ക്കുന്നത് ലോകരാഷ്ട്രങ്ങളെല്ലാം കൂടി ചെലവാക്കുന്നതിന്റെ പകുതിയോളം വരും!

മറ്റു രാജ്യങ്ങളോടുള്ള അമേരിക്കയുടെ രാഷ്ട്രീയ സമീപനമാണ് ആ രാജ്യങ്ങളോടുള്ള വിദ്വേഷത്തിനും, ഭീകരതയ്ക്കും കാരണമെന്നു പറയുന്നവരുണ്‍ട്. അങ്ങനെയായാല്‍ ഇന്ത്യയിലെ ഭീകരതയ്ക്കും പിന്നിലും അങ്ങനെയൊരു കാരണമുണ്‍ടെന്ന് സമ്മതിച്ചു കൊടുക്കേണ്‍ടിവരും. വാസ്തവത്തില്‍ ഈ രാജ്യങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക ഉന്നതിയില്‍ അസൂയ പൂണ്‍ടവരുടെ കരങ്ങള്‍ ഈ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തുന്നതിനു പിന്നില്‍ ഉണ്‍ടെന്നതല്ലേ ശരി? പാലൂട്ടി വളര്‍ത്തിയവരേയും ഈ സര്‍പ്പം കൊത്തുമെന്നുള്ളത് കാലം തെളിയിച്ച സത്യമാണല്ലോ.

അമേരിക്കയെന്നു കേട്ടാല്‍ പാശ്ചാത്യന്റെ രാജ്യം എന്നും, തൊലി വെളുത്തവനെല്ലാം അമേരിക്കക്കാരനെന്നുമാണ് പൊതുവേയുള്ള ധാരണ. അമ്പതു കോടി ആളുകള്‍ ഓരോ വര്‍ഷവും അമേരിക്കയില്‍ എത്തുന്നു. ഭീകരവാദികളുടെ ഭീഷണി നേരിടുന്ന ന്യൂയോര്‍ക്ക് പട്ടണത്തില്‍ മാത്രം ഓരോ വര്‍ഷവും ഒരു ലക്ഷം ആളുകള്‍ കുടിയേറ്റക്കാരായി എത്തുന്നുണ്‍ട്. ഈ പട്ടണത്തിലെ നാല്പതു ശതമാനം ആളുകള്‍ ചൂഷണം ചെയ്താണല്ലൊ ഭീകരവാദികള്‍ ഇവിടെ താവളമുറപ്പിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്ത് അതിര്‍ത്ത പങ്കിടുന്ന മെക്‌സിക്കോ ഭീകരന്മാരുടെ നുഴഞ്ഞു കയറ്റത്തിന് തുറന്നു കിടക്കുന്ന മറ്റൊരു കവാടമാണ്. മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് എഴുന്നൂറ് മൈല്‍ നീണ്‍ടുകിടക്കുന്ന യു.എസ് - മെക്‌സിക്കന്‍ ബോഡര്‍ വേലി കെട്ടാനായി സെക്യുര്‍ ഫെന്‍സ് ആക്ടില്‍ ഒപ്പിടുവിച്ചത് ഈ ഭീഷണി കാരണമായിരുന്നു. ചതിവും, വഞ്ചനയും, ക്രൂരതയും നിറഞ്ഞ ഭീകരവാദികളെ സംശയാസ്പദമായ സാഹചര്യത്തില്‍ എവിടെ കണ്‍ടാലും റിപ്പോര്‍ട്ടു ചെയ്യാന്‍ പൗരന്‍മാരെ ബോധവത്കരിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ രാജ്യത്തുടനീളം കാണാം. ഇതില്‍ നിന്നുരുത്തിരിഞ്ഞ പൗരബോധത്തില്‍ നിന്നാണ് ശക്തമായ ഭീഷണികയുടെ നടുവിലും 9/11 നു ശേഷമുള്ള രാത്രികളില്‍ ഈ രാഷ്ട്രം ശാന്തമായുറങ്ങുന്നത്.

ഭീകരവാദികളെക്കുറിച്ച് ചിന്തിച്ചിരിയ്ക്കുമ്പോഴാണ് പിശാചിനെക്കുറിച്ച് യേശു കര്‍ത്താവ് പറഞ്ഞിട്ടുള്ള കാര്യം ഓര്‍മ്മയിലേക്ക് വന്നത്. രാജ്യങ്ങളില്‍ നുഴഞ്ഞു കയറി പാത്തും പതുങ്ങിയും നിരപരാധികളെ കൊന്നൊടുക്കുകയും, നിരപരാധികളെ തട്ടിക്കൊണ്‍ടുപോയി പീഡിപ്പിയ്ക്കകയുമാണല്ലോ ഇവരുടെ തന്ത്രം. യോഹന്നാന്‍ 10:10ല്‍ ദൈവസഭയ്ക്കുള്ളില്‍ നുഴഞ്ഞു കയറിവന്നവരെ യേശു കര്‍ത്താവ് വിശേഷിപ്പിച്ചിരിക്കുന്നത് മോഷ്ടിപ്പാനും, അറുപ്പാനും, മുടിപ്പാനും വരുന്ന കള്ളന്‍മാരും കവര്‍ച്ചക്കാരുമെന്നാണ്. ദൈവസഭയില്‍ നുഴഞ്ഞുകയറുന്ന ഇവര്‍ സാത്താന്റെ സന്തതികളാണ്. സാത്താന്‍ ആദിമുതല്‍ കൊലപാതകന്‍ ആയിരുന്നു (യൊഹ. 8: 44). തങ്ങളുടെ പിതാവിന്റെ മോഹം (കൊലപാതകം) നിവര്‍ത്തിപ്പാന്‍ കൊതിക്കുന്ന ഇക്കൂട്ടരില്‍ സത്യമില്ലായ്കയാല്‍ സത്യത്തില്‍ നിലനില്‍പ്പാന്‍ കഴിയുന്നില്ല.

ദൈവസഭയോടുള്ള പോരാട്ടത്തില്‍ ഭീകരവാദികളെ വെല്ലുന്നതാണ് സാത്താന്റെ പ്രവര്‍ത്തനങ്ങള്‍ ഭീകരവാദികളുടെ ചരിത്രം എന്നു തുടങ്ങിയെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും പിശാചിന്റെ തന്ത്രം ഏദന്‍ പറുദീസയില്‍ തുടങ്ങിയെന്ന് സെമിറ്റിക് മതങ്ങളെങ്കിലും സമ്മതിയ്ക്കും. സാത്താന്‍ ആദിമുതല്‍ കൊലപാതകനെന്ന് യേശു പറഞ്ഞത് പാപത്തിന്റെ ശമ്പളമായ (റോമര്‍. 6: 23) മരണം സംഭവിച്ച ആദി മാതാപിതാക്കളെ സ്മരിച്ചുകൊണ്‍ടല്ലേ. പിശാച് ഏദന്‍ പറുദീസയില്‍ എങ്ങനെ കയറിയെന്നത് ഊഹിക്കാനേ കഴിയുന്നില്ല. എന്നാല്‍ ഏദന്‍ പറുദീസയില്‍ നുഴഞ്ഞു കയറാതെ ആദം ഹൗവ്വമാരെ വഞ്ചിക്കാന്‍ പിശാചിന് കഴിയുമായിരുന്നില്ല എന്നത് സമ്മതിച്ചു കൊടുത്തെ പറ്റൂ. ഏദന്‍ പറുദീസയില്‍ പിശാചിന് നുഴഞ്ഞു കയറാമെങ്കില്‍ ദൈവസഭയിലും അവന്‍ അങ്ങനെ ചെയ്യുമെന്നത് തര്‍ക്കമറ്റ കാര്യമാണ്. അവന്‍ എവിടെ കയറിയാലും അതിനുള്ള ലക്ഷ്യവും തന്ത്രവും ഒന്നു തന്നെ. മറ്റൊരു വേഷം കെട്ടാതെ പിശാചിന് ഏദന്‍ പറുദീസയിലോ, ദൈവസഭയിലോ കയറാനാവില്ല. ആദം -ഹൗവ്വാമാര്‍ പേരിട്ടു വിളിച്ച പാമ്പിലൂടെയല്ലാതെ അവര്‍ക്ക് പരിചയമില്ലാത്ത മറ്റേതെങ്കിലും രൂപത്തിലൊ ഭാവത്തലൊ അവന് അവരെ സമീപിക്കുവാനാകുമായിരുന്നില്ല. പാമ്പിന്റെ കൗശലത്തെ പിശാച് ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍ ഹൗവ്വയെ വഞ്ചിയ്ക്കുവാന്‍ പിശാചിനാകുമായിരുന്നില്ല.

ദൈവ സഭയിലുള്ളവരുടെ കഴിവും താലന്തും അവരുടെ പദവികളും വേഷവും പിശാചിന് ആവശ്യമുണ്‍ട്. മത്രമല്ല, ഗിരിപ്രഭാഷണ വേളയില്‍ ആടുകളുടെ വേഷം ധരിച്ച് തന്റെ ആടുകളുടെ അടുക്കല്‍ വരുന്ന കടിച്ചു കീറുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചു കൊള്ളേണമെന്ന് യേശു പറഞ്ഞിട്ടുണ്‍ട്. വേഷം മാത്രമല്ല, പ്രവാചകന്റെ പദവിയും, തൊഴിലും ഈ വ്യാജന്‍ തന്ത്രമായി ഉപയോഗിച്ചാണ് നുഴഞ്ഞു കയറുന്നത് (മത്താ. 7: 15). അപ്പൊ. പ്രവ. 20: 29ല്‍ പൗലോസ് ഇവരെ കാണുന്നത് വചനം ഉപദേശിക്കുന്നവരുടെ കൂട്ടത്തിലാണ്. തന്റെ ശേഷം ആട്ടിന്‍ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ സഭയില്‍ കടക്കുമെന്ന് താന്‍ പറഞ്ഞു. അദ്ധ്യക്ഷ പദവിയിലിരുന്ന് വിപരീതോപദേശം പ്രസ്താവിച്ച് ശിഷ്യന്‍മാരെ തങ്ങളുടെ പിന്നാലെ വലിച്ചു കളയുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കി. എന്നിട്ടെന്തുണ്‍ടായി? ഈ നിര്‍ദ്ദേശങ്ങളെയെല്ലാം. കാറ്റില്‍ പറത്തി പിശാച് നമ്മുടെ ഇടയില്‍ കടന്നുകൂടി.

നമുക്ക് പൊതുവിലുള്ള രക്ഷയെക്കുറിച്ച് എഴുതാനൊരുമ്പെട്ട യേശുവിന്റെ സഹോദരനായ യൂദ വിശ്വാസത്തിനുവേണ്‍ടി പോരാടേണമെന്നെഴുതാന്‍ നിര്‍ബന്ധിതനായത് ദൈവ സഭയിലേക്കുള്ള ഭയങ്കരവും, അപകടകരവുമായ പിശാചിന്റെ നുഴഞ്ഞു കയറ്റത്തെ മുമ്പില്‍ കണ്‍ടായിരുന്നില്ലേ?. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്‌കാമവൃത്തിയ്ക്ക് ഹേതുവാക്കിയവരുടെ നുഴഞ്ഞു കയറ്റം (യൂദ....) ഇന്നിപ്പോള്‍ നിവര്‍ത്തിയാകാനുള്ള പ്രവചനമായി ശേഷിക്കുന്നില്ല. യൂദായുടെ ലേഖനം മുഴുവന്‍ ഇവിടെ പകര്‍ത്താന്‍ വിസ്താര ഭയത്താല്‍ കഴിയുന്നില്ല. കയീന്റെ വഴിയില്‍ നടക്കുന്നവര്‍, ബിലെയാമിന്റെ വഞ്ചനയില്‍ കുടുങ്ങിയവര്‍, കോരഹിന്റെ മത്സരത്തില്‍ നശിച്ചു പോയവര്‍, സ്‌നേഹ സദ്യകളില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍, വെള്ളമില്ലാത്ത മേഘങ്ങള്‍, നാണക്കേട് നുരച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍, സ്വന്ത മോഹങ്ങളെ അനുസരിച്ച് നടക്കുന്നവര്‍, വമ്പു പറയുന്നവര്‍, ആത്മാവില്ലാത്തവര്‍.... നുഴഞ്ഞു കയറ്റക്കാരുടെ പട്ടിക അങ്ങനെ നീണ്‍ടു പോകുന്നു. ദയവായി യൂദായുടെ ലേഖനത്തോടൊപ്പം 2 പത്രോസ് 2-ാം അദ്ധ്യായം കൂടി വായിക്കുക. സ്‌നേഹത്തിന്റെ അപ്പോസ്തലനായ യോഹന്നാനും നിര്‍ദ്ദേശിക്കുവാനുള്ളത് ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്ന് ശോധന ചെയ്യുവാനാണ്. ( 1 യോഹ. 4: 1, 2).

അനേകരെ സാത്താന്‍ ഇതിനോടകം വഞ്ചിച്ചു കീഴ്‌പ്പെടുത്തി കഴിഞ്ഞു. എന്നാല്‍ അവന്‍ ഇതിനോടകം നമ്മുടെ തന്നെ ഉള്ളില്‍ നുഴഞ്ഞു കയറിയിട്ടുണ്‍ടോയെന്ന് എന്നെങ്കിലും പരിശോധിച്ചിട്ടുണ്‍ടോ? ഞാന്‍ മിസ്റ്റര്‍ റൈറ്റും (ശരിയും) മറ്റെല്ലാവരും മിസ്റ്റര്‍ റോങ്ങു (തെറ്റും) മാണെന്ന ചിന്ത പിശാചിന്റെ തന്ത്രമായിക്കൂടെ? നല്ല ശതമാനം വിശ്വാസികളെയും സ്വയനീതിയുടെ മന്ത്രം ചൊല്ലി ഉറക്കിയിട്ടിരിക്കുകയാണവര്‍. ജീവിത ക്ലേശങ്ങളും ഭാരങ്ങളും രോഗങ്ങളും കൊണ്‍ട് പൊറുതിമുട്ടിയവരെ കുറ്റബോധത്തിന്റെ തടവറയിലിട്ട് പീഡിപ്പിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ടും പഴയ യജമാനനെ ഭയപ്പെട്ട് കഴിഞ്ഞ അടിമകളുടെ ചരിത്രം പോലെ താല്ക്കാലിക സുരക്ഷയുടേയും, സുഖഭോഗങ്ങളുടെയും നിര്‍വൃതിയില്‍ അനേകരെ ചങ്ങലക്കിട്ടിരിക്കുന്നു. ഏദന്‍ പറുദീസയില്‍ ദൈവത്തോട് നേരിട്ട് സമ്പര്‍ക്കത്തിലായിരുന്ന ആദം -ഹൗവ്വമാരെ പിശാചിന് വഞ്ചിക്കാനായെങ്കില്‍, കുഞ്ഞാടിന്റെ കാന്തയായ നമ്മേയും അവന് വഞ്ചിക്കാനാവും. താങ്കള്‍ ഒരു ഉപദേശകനെങ്കില്‍ ഉപദേശത്തെ സൂക്ഷിക്കുക. പ്രവാചകനെങ്കില്‍ നിങ്ങളുടെ പ്രവചനത്തെ സൂക്ഷിക്കുക. എഴുത്തുകാരനെങ്കില്‍ നിങ്ങളുടെ എഴുത്തിനെ പരിശോധിക്കുക. വിമര്‍ശകനെങ്കില്‍ നിങ്ങളുടെ വിമര്‍ശനത്തെ സൂക്ഷിക്കുക. ഗായകനൊ, ശുശ്രൂഷകനൊ, നേതാവൊ, വിശ്വാസിയൊ ആരുമാകട്ടെ നിങ്ങള്‍. പാമ്പിന്റെ കൗശലത്തെ ദൂരുപയോഗം ചെയ്തവന്‍ നിങ്ങളുടെ താലന്തുകളേയും അനേകരുടെ കൊലപാതകത്തിന് ആയുധമാക്കിയേക്കാം. ചതിയനായ പിശാച് നമ്മുടെ ഉള്ളില്‍ നുഴഞ്ഞു കയറിയിട്ടുണ്‍ടോയെന്ന് ആത്മപരിശോധന നടത്തുക. ദൈവസഭയില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പെ പിശാചിന്റെ തന്ത്രങ്ങളോട് എതിര്‍ത്തു നില്‍പ്പാന്‍ കഴിയേണ്‍ടതിന് ദൈവത്തിന്റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചിട്ടുണ്‍ടോയെന്ന് ഉറപ്പു വരുത്തുക. നാം ജീവിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം സത്യത്തിന്റെ വഴികാട്ടിയായ പരിശുദ്ധാത്മാവിന്റെ ശക്തിയിലാകട്ടെ. അല്ലായെങ്കില്‍ അവിടത്തെ ശക്തി ലഭിക്കുവോളം ക്ഷമയോടെ കാത്തിരിക്കുക.

Responses