കാറ്റിനെ നോക്കുന്ന മനുഷ്യര്‍

കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല, മേഘങ്ങളെ നോക്കുന്നവന്‍ കൊയ്യുകയുമില്ല. സഭാപ്ര. 11:4

എല്ലാ സാഹചര്യങ്ങളും അനുകൂലമാണെങ്കില്‍ മാത്രം അടുത്ത ചുവടു വെക്കാം എന്നു വിചാരിക്കുന്നവരാണ് ഏറെയും. അങ്ങനെയുള്ളവരെ ബുദ്ധിമാന്മാര്‍ എന്നു ലോകം വിളിക്കുമായിരിക്കും. എന്നാല്‍ സാഹചര്യങ്ങളെക്കാള്‍ സമയത്തിനു പ്രാധാന്യം നല്‍കി ദൈവമുഖത്തേക്ക് നോക്കി വിശ്വാസത്തോടെ മുന്നിട്ടിറങ്ങുന്ന വ്യക്തികളെ ദൈവം ശ്രദ്ധിക്കുന്നു, അവര്‍ക്കുവേണ്‍ടി അസാദ്ധ്യങ്ങളെ സാധ്യമാക്കിത്തീര്‍ക്കുന്നു.

കാറ്റിനെയും മേഘത്തെയും നോക്കുന്നവന്‍ അവയുടെ സൃഷടിതാവിനെ നോക്കാന്‍ പ ിച്ചാല്‍ അത് വിശ്വാസത്തിന്റെ കാല്‍വെപ്പായി ദൈവം കാണുന്നു. പരിമിതമായ സാഹചര്യങ്ങളിലൂടെയാണെങ്കിലും നമ്മള്‍ ചെയ്യാനുള്ളത് വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം പ്രതിഫലം തരും.

യജമാനന്‍ ഏല്‍പ്പിച്ചതുകൊണ്‍ട് ശുശ്രൂഷ ചെയ്യുന്നവനാണ് നല്ല ദാസന്‍.ഏല്‍പ്പിക്കാത്തതിനെപ്പറ്റി നെടുവീര്‍പ്പിടാനല്ല, ലഭിച്ചത് വിശ്വസ്തതയോടെ കൈകാര്യം ചെയ്യുകയെന്നതാണ് യജമാനന്‍ ആഗ്രഹിക്കുന്നത്.നമ്മളാല്‍ എന്തു ചെയ്യാന്‍ കഴിയുമോ അത് ദൈവത്തിനായി ചെയ്യുവാന്‍ പൂര്‍ണ്ണ മനസ്സും സമര്‍പ്പണവും ഉണ്‍ടാകേണ്‍ടത് ആവശ്യം.

പലരും ചെയ്യുന്നത് യാക്കോബ് ദൈവത്തോട് പറഞ്ഞതുപോലെയാണ്. “ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും അപ്പന്റെ ഭവനത്തിലേക്ക് സുരക്ഷിതമായി കൊണ്‍ടുവരികയും ചെയ്താല്‍ യഹോവ എനിക്കു ദൈവമായിരിക്കും.ഈ തൂണ് ആലയവുമാകും. നീ തരുന്ന സകലത്തിനും ഞാന്‍ ദശാംശം തരും.” ഉല്പ. 28:2022. എല്ലാം ദൈവം ചെയ്തു തന്നാല്‍ ഞാന്‍ എന്തെങ്കിലും ദൈവത്തിനായി ചെയ്യാം എന്നാണ് ഉടമ്പടി.ദൈവം എല്ലാം ചെയ്തു കൊടുത്തിട്ടും ദൈവത്തോടു പറഞ്ഞത് ചെയ്യാന്‍ യാക്കോബ് തയ്യാറായില്ലതാനും.

തങ്ങളുടെ ഇല്ലായ്മയില്‍ നിന്നു ദൈവത്തിനു കൊടുത്തവരെ ആരെയും ദൈവം മറന്നു കളഞ്ഞില്ല. സരേഫാത്തിലെ വിധവയെയും, രണ്‍ടു കാശിട്ട വിധവയേയും, അഞ്ചപ്പം കൊടുത്ത ബാലകനെയും തലമുറകള്‍ എത്ര കഴിഞ്ഞാലും മറക്കുന്നില്ല.

ഇല്ലാത്തെതിനെ ഓര്‍ത്തു നെടുവീര്‍പ്പിടാതെ നമ്മെ ദൈവം ആക്കിയിരിക്കുന്ന അവസ്ഥ ഏതോ അതില്‍ നിന്നുംദൈവത്തിനു വേണ്‍ടി ചിലതു ചെയ്യാന്‍കഴിഞ്ഞാല്‍ അതാണ് ദൈവത്തിനു പ്രസാധമുള്ള കാര്യം.കാറ്റ് അനുകൂലമായി വീശട്ടെ എന്നിട്ട് വിതെക്കാം എന്നു വിചാരിച്ചിരിരുന്നാല്‍ വിതയോ കൊയ്‌ത്തോ നടക്കയില്ല.

കഴിവുകുറവാണെന്നു പറഞ്ഞു ശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കുന്നവരും ദൈവം ഏല്‍പ്പിച്ചത് ചെയ്യാത്തവരും ഒരേപോലെ പറയുന്നത് ദൈവം അതിനു കഴിവു തരുമ്പോള്‍ ഞാന്‍ ചെയ്യുമെന്നാണ്. കഴിവുള്ളവരെയല്ല ദൈവത്തിനാവശ്യം സമര്‍പ്പണവും അനുസരണവുമുള്ളവരെയാണ്.

പാപത്തിന്റെ കറപറ്റിയ മനുഷ്യന്‍ ഒന്നിലും പൂര്‍ണ്ണത അവകാശപ്പെടാനില്ലാതെ പിശാചിന്റെ അടിമത്വത്തില്‍ പരിമിതപ്പെട്ടുപോയി. മരണഭീതിയാല്‍ നിസ്സഹായതയുടെ ഒരു നിലവിളി മാത്രമായി അവന്‍ ഒതുങ്ങിപ്പോയപ്പോള്‍ അവനെ ആ പരിമിതിയില്‍ നിന്നു രക്ഷിക്കുവാന്‍ ദൈവം പദ്ധതിയൊരുക്കി സ്വപുത്രനെ നമുക്കായി നല്‍കി.

ദൈവം അല്ലാതെ ആരും പരിപൂര്‍ണ്ണരല്ല. ദൈവത്തിന്റെ കൈപ്പണിയായ സൃഷ്ടികളില്‍ പോലും ദൈവം നോക്കുമ്പോള്‍ കുറവുകള്‍ കാണുന്നുണ്‍ട്. എന്നാല്‍ ദൈവത്തിന്റെ സകല സമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്ന ഏക വ്യക്തി യേശുക്രിസ്തുമാത്രമാണ്.നമ്മുടെ ബലഹീനതകളെ അവന്‍ ചുമന്നൊഴിച്ചു, നമ്മുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ എന്നു പറഞ്ഞുകൊണ്‍ട് ദൈവരാജ്യത്തിനായി സുവിശേഷത്തിന്റെ വിത്തു വിതെക്കാം.

Responses