വിനയാകുന്ന വളര്‍ത്തുമൃഗങ്ങള്‍

\"\"

നമ്മുടെ മിക്ക വീടുകളിലും വളര്‍ത്തുമൃഗങ്ങളുണ്‍ട്. പശുവിനെയും ആടിനെയും പോലെ വരുമാനം തരുന്നതും വീട് കാക്കുന്ന ശുനകവര്‍ഗ്ഗവും ഓമനിക്കാനും ലാളിക്കാനുമായി പൂച്ച തുടങ്ങിയ ജീവികളുമെല്ലാം ഈ കൂട്ടത്തിലുണ്‍ട്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വന്‍കരകളിലെ രാജ്യങ്ങളില്‍ കോടിക്കണക്കിന് പണമാണ് പട്ടിയ്ക്കും പൂച്ചയ്ക്കും മറ്റും ആഹാരത്തിന് മാത്രം ചിലവഴിക്കുന്നത്. അമേരിക്കയില്‍ ഇപ്രകാരം ചിലവഴിക്കുന്ന പണം ഉണ്‍ടെങ്കില്‍ ആഫ്രിക്കന്‍ വന്‍കരയിലെ പട്ടിണി പൂര്‍ണ്ണമായി തുടച്ചു മാറ്റാനാകുമെന്ന് കണക്കുകള്‍ പറയുന്നത്.

ഇണങ്ങിക്കഴിയുന്ന ഇത്തരം മൃഗങ്ങള്‍ ചിലപ്പോഴെങ്കിലും തനിനിറം കാട്ടാറുണ്‍ട്. ഒരു വര്‍ഷം അമേരിക്കന്‍ ഐക്യരാജ്യങ്ങളില്‍ മാത്രം ശുനക വര്‍ഗ്ഗത്തിന്റെ കടിയേല്‍ക്കുന്നത് 47 ലക്ഷത്തോളം ജനങ്ങള്‍ക്കാണെന്ന് കേട്ടാല്‍ ഞെട്ടണ്‍ട! കഴിഞ്ഞ ചില ദിവസങ്ങള്‍ക്കു മുമ്പ് പെന്‍സില്‍വാനിയയില്‍ ഒരു സ്ത്രീയെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത കേട്ടപ്പോഴാണ് ഈ വിഷയത്തെപ്പറ്റി വായിച്ചത്. കരടിയെ മാത്രമല്ല കടുവയെയും മുതലയെയുമെല്ലാം പ്രസ്തുത 32 കാരി വളര്‍ത്തിയിരുന്നു. അപകടകാരികളായ മൃഗങ്ങളെ ഗവണ്‍മെന്റിന്റെ അറിവില്ലാതെ വളര്‍ത്തുന്നവര്‍ അനേകരാണ്. ഇത്തരം മൃഗങ്ങളുടെ ആക്രമണത്തിന്റെ ഫലമായി ഗുരുതരമായ അപകടങ്ങളുണ്‍ടാകുകയോ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് ഈ വസ്തുതയുടെ ഗുരുതരാവസ്ഥ പുറം ലോകം അറിയുന്നത്.

വളര്‍ത്തുമൃഗങ്ങളുടെ പ്രത്യേകത അത് മനുഷ്യരുമായി കൂടുതല്‍ ഇടപഴകുന്നതും ഇണങ്ങുന്നതുമായിരിക്കും. മനുഷ്യന്റെ ആജ്ഞയ്ക്കനുസരിച്ച് അത് പ്രവര്‍ത്തിക്കുകയും ചെയ്യാറുണ്‍ട്. അക്രമണങ്ങള്‍ അവയില്‍ നിന്നും ഉണ്‍ടാകുന്നതുവരെയും അത്തരം ജീവികള്‍ നിരുപദ്രവികളായിരിക്കും. എന്നാല്‍ അവയ്ക്ക് വേദനിക്കുമ്പോഴോ അസഹ്യപ്പെടുത്തുമ്പോഴോ അത് പ്രതികരിക്കുന്നത് യാതൊരു ദയയില്ലാതെയുമായിരിക്കും.

നമ്മളും ഇതുപോലെ രഹസ്യമായി ചില വളര്‍ത്തുമൃഗങ്ങളെ തീറ്റിപ്പോറ്റാറുണ്‍ട്. അത് ഒരു പക്ഷേ സാധാരണ വളര്‍ത്തുമൃഗങ്ങളെപ്പോലെ രൂപവും ഭാവവും ഉണ്‍ടായിക്കൊള്ളണമെന്നില്ല. മിക്കവരിലും ഉള്ള നിസ്സാരമെന്നു തോന്നുന്ന ദുഷിച്ച ശീലങ്ങളാണ് ഇത്തരം മൃഗങ്ങള്‍. പുകവലി, മദ്യപാനം, പരസ്ത്രീഗമനം, മോഷണം തുടങ്ങിയ പ്രധാനപ്പെട്ട സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങി പുറം ലോകത്തിന് ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത അനേകം വിഷവിത്തുകള്‍ പാകി കിളിര്‍പ്പിക്കുന്ന അനേകര്‍ വിശ്വാസികളുടെ ഇടയിലുമുണ്‍ടെന്ന് പറഞ്ഞാല്‍ അതിശയിക്കാനില്ല.

സ്റ്റേജുകളില്‍ അരങ്ങു തകര്‍ക്കുന്ന പ്രസംഗകരും, ജനത്തെ ആത്മാവിലാറാടിക്കുന്ന ഉണര്‍വ്വുമാരും ആത്മീയ ശുശ്രൂഷകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമൊക്കെ ഇക്കൂട്ടത്തില്‍ ഏറെയുണ്‍ട്. അമേരിക്കയില്‍ ഉന്നത ഉദ്യേഗം വഹിക്കുന്ന ഒരു വ്യക്തി, അമേരിക്കയില്‍തന്നെയുള്ളതും ഉന്നത ഉദ്യോഗം വഹിക്കുന്നതുമായ മറ്റൊരു വ്യക്തിയെക്കുറിച്ചു പറഞ്ഞ കഥ കേട്ട് ഞെട്ടിത്തരിച്ചുപോയി. ഇന്റര്‍നെറ്റിലെ ലൈംഗിക വൈകൃത സൈറ്റുകള്‍ക്ക് അടിമയായ ഈ ഉദ്യോഗസ്ഥന്‍, അതൊക്കെ സ്വന്തം കുടുംബജീവിതത്തില്‍ പ്രായോഗികമാക്കാനും ശ്രമിക്കുന്ന വ്യക്തിയാണത്രേ. നാട്ടില്‍ നിന്നും വിവാഹം കഴിച്ചെത്തിയ നാട്ടിന്‍പുറത്തുകാരിയായ പെണ്‍കുട്ടി സഹിക്കാവുന്നതിന്റെ അങ്ങേയറ്റം അനുഭവിച്ചതിനു ശേഷം പരാതിയുമായി ഗതികെട്ട് പോലീസിനെ വിളിച്ചുവത്രേ.

കഥകള്‍ ഞാന്‍ വിവരിക്കുന്നില്ല. ഇന്റര്‍നെറ്റിലെ മന്ത്രതന്ത്ര ആഭിചാരങ്ങളുമൊക്കെ രഹസ്യമായി ചെയ്തുവരുന്ന ചെറുപ്പക്കാരില്‍ പലരും ആത്മീയ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന കുടുംബങ്ങളില്‍പ്പെട്ടവരാണെന്ന കാര്യം പലര്‍ക്കുമറിയില്ല. രഹസ്യമായി വളര്‍ത്തിയെടുത്ത മൃഗത്തിന്റെ കടിയേറ്റു പിടയുകയാണ് ധാരാളം പേര്‍.

സാരമില്ല, എനിക്കിത് എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാമെന്നാണ് പലരും കരുതുന്നത്. ഈ ഒരു തവണകൂടി ചെയ്തിട്ട് എന്നേയ്ക്കുമായി അവസാനിപ്പിക്കാമെന്ന് അവര്‍ കണക്കുകൂട്ടും. എന്നെ ആരും കണ്‍ടു പിടിക്കില്ല എന്ന മിഥ്യാബോധം ഇവരില്‍ ഭരിക്കും. എന്നാല്‍ വിഷപാമ്പിനാണ് ഇവര്‍ പാലു കൊടുക്കുന്നതെന്നറിയുന്നില്ല. ഒരു ദിവസം പാപം അതിന്റെ തനിസ്വഭാവം പുറത്തെടുക്കും. അന്ന് ആര്‍ക്കും രക്ഷിക്കാനാകാത്ത ഒരു കെണിയില്‍ കുരുങ്ങിയിട്ടുണ്‍ടാവും. എത്രയെത്ര ദൈവദാസന്‍മാര്‍, ദൈവഭക്തന്‍മാര്‍, സമൂഹത്തിലും സഭയിലും ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവര്‍, ആത്മീയ മണ്ഡലത്തില്‍ ശോഭിച്ചവര്‍, കര്‍ത്താവിനുവേണ്‍ടി അദ്ധ്വാനിച്ചവര്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം പേര്‍ അത്തരം വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റു പിടയുകയാണ്. എത്രയോ കുടുംബങ്ങള്‍ കണ്ണീര്‍ക്കയത്തില്‍ വീണു. പലരും ജീവിതം എന്നേയ്ക്കുമായി അവസാനിപ്പിച്ചു. എല്ലാറ്റിന്റെയും തുടക്കമോ നിര്‍ദ്ദോഷമെന്നു തോന്നിയ ഒരു സ്വഭാവ വൈകല്യത്തില്‍നിന്നും!

ദാവീദ് എത്ര ശക്തനായ രാജാവായിരുന്നു. പക്ഷേ, മട്ടുപ്പാവില്‍ നിന്നു നോക്കിയപ്പോള്‍ ദൃഷ്ടിയില്‍പ്പെട്ട സ്ത്രീയെ അവഗണിക്കാതിരുന്നതിന്റെ അനന്തരഫലം എത്ര ക ോരമായിരുന്നു. എത്ര കല്‍പ്പനകളാണ് ഒരു സംഭവത്തിലൂടെ ലംഘിക്കപ്പെട്ടത്. കൂട്ടുകാരന്റെ ഭാര്യയെ മോഹിച്ചു, അവളെ ഭര്‍ത്താവില്‍ നിന്നും മോഷ്ടിച്ചു, വ്യഭിചാരം, കൊലപാതകം, യോവാബ് മരിച്ചതിന് കള്ളസാക്ഷ്യവും പറഞ്ഞതോടെ അഞ്ച് കല്‍പ്പനകളാണ് ലംഘിക്കപ്പെട്ടത്. അഭിമാനത്തോടെ തലയുയര്‍ത്തിനിന്ന ദാവീദിന്റെ കുടുംബത്തില്‍ നടന്നതൊക്കെ ചരിത്രമാണ്. അവിഹിത ബന്ധങ്ങള്‍, മരണം, തലമുറയില്‍ ചിദ്രം തുടങ്ങി എന്തെല്ലാം.

നിങ്ങളും രഹസ്യമായി ഒരു മൃഗത്തെയോ, ഒരു പക്ഷേ പല മൃഗങ്ങളെയോ വളര്‍ത്തുന്നവരാണെങ്കില്‍ ഇനിയും താമസിക്കരുത്, അതിനെ ഇന്നുതന്നെ കൊന്നു കുഴിച്ചുമൂടണം. മറ്റൊരവസരത്തിനായി കാത്തിരിക്കരുത്. ലോകത്തിന്റെ മുമ്പില്‍ പരിഹാസിതനായി നിര്‍ത്തപ്പെടുന്നതിനുമുമ്പ് ചുറ്റിവരിഞ്ഞിരിക്കുന്ന വിഷപാമ്പിനെ പുറത്തെറിയുക.

ദാവീദ് രാജാവിനോട് ചേര്‍ന്ന് ആത്മാര്‍ത്ഥമായി ഈ പ്രാര്‍ത്ഥന നമുക്കും ഉരുവിടാം.

“ മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കേണമേ;
സ്വമേധാ പാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ;
അവ എന്റെമേല്‍ വാഴരുതേ;
എന്നാല്‍ ഞാന്‍ നിഷ്‌ക്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
എന്റെ പാറയും എന്റെ വീണ്‍ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും
എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” സങ്കീര്‍ത്തനം. 19: 12-14.

Responses