ദൈവാ­ശ്ര­യ­ബോ­ധ­ത്തിന്റെ തൂലി­ക­യേ­ന്തിയ പാസ്റ്റര്‍ എം.­ടി. ജോസ്

\"\"


“കരുതുന്നവന്‍ ഞാനല്ലയോ....കലങ്ങുന്നതെന്തിനു നീ.....
കണ്ണുനീരിന്റെ താഴ്‌വരയില്‍..... കൈവിടുകയില്ല ഞാന്‍ നിന്നെ... ”
ആശ്വാസത്തിന്റെ തെളിനീരായ് പെയ്തിറങ്ങുന്ന ഈ ഗാനം കേള്‍ക്കാത്ത ക്രൈസ്തവര്‍ കാണുമോയെന്ന് സംശയമാണ്.

ദുഃഖവും വേദനയും തളം കെട്ടിയ ജീവിത വഴിയില്‍, പ്രതീക്ഷകളെല്ലാം അസ്തമിച്ച് മുന്നോട്ട് പോകുവാന്‍ കഴിയാതെ തപ്പിതടയുമ്പോള്‍, പ്രത്യാശയുടെയും വിശ്വാസിത്തിന്റെയും പൊന്‍പ്രഭ വിതറി പ്രത്യാശയില്‍ നമ്മെ ഉറപ്പിക്കുവാന്‍ പര്യാപ്തമായ ഒരു ഗാനമാണിത്. ഇരുളടഞ്ഞ ജീവിത വഴിയില്‍, കണ്ണുനീരിന്റെ താഴ്‌വരയില്‍ ദൈവീക സാന്ത്വനത്തിന്റെ കരസ്പര്‍ശം അനുഭവിച്ചറിഞ്ഞ പാസ്റ്റര്‍ എം.റ്റി. ജോസിന്റെ ഹൃദയത്തില്‍ നിന്നും ഒഴുകിവന്ന വരികളാണ് ഇന്ന് ക്രൈസ്തവ സമൂഹത്തിന് ധൈര്യവും ആവേശവും നിറച്ച് ആത്മീയനന്ദം പ്രചോദനം ചെയ്യുന്ന ഈ ഗാനം.

പത്തനംതിട്ട ജില്ലയിലെ ഇടമുറിയില്‍ തോമസ്-മറിയ ദമ്പതികളുടെ മകനായ് ഒരു കത്തോലിക്ക കുടുംബത്തിലാണ് പാസ്റ്റര്‍ ജോസ് ജനിച്ചത്. വിദ്യാഭ്യാസത്തിന് ശേഷം 1970-ല്‍ ജോലിയോടുള്ള ബന്ധത്തില്‍ പാലക്കാട് താമസമാക്കി. കലയുടെ പുറകെ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടി നടന്ന ഈ യുവാവ് കൈലാസ് തീയേറ്റേഴ്‌സ് എന്ന നാടക ഗ്രൂപ്പ് ആരംഭിച്ചു. വിവിധയിടങ്ങളിലെ ഉത്സവപറമ്പുകളിലും മറ്റും നാടകം രാപകലില്ലാതെ അവതരിപ്പിച്ച് പണവും പ്രശസ്തിയും നേടി. എന്നാല്‍ തന്റെ ഹൃദയം നിറയെ നിരാശയും അസമാധാനവുമായിരുന്നു. സമാധാനത്തിനായ് മദ്യപാനം തുടങ്ങി. എന്നാല്‍ അമിതമായ മദ്യപാനം ജോസിനെ മാറാരോഗിയാക്കി. ശക്തമായ നെഞ്ചുവേദനയാല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് മരണത്തിന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് കിടന്ന അവസരത്തില്‍ ചില സുവിശേഷകര്‍ ആശുപത്രി സന്ദര്‍ശിക്കുകയും ജോസിന്റെ അടുക്കല്‍ വന്ന് ഏവരും പ്രാര്‍ത്ഥിച്ച് ഒരു സുവിശേഷ പ്രതിയും ലഘുലേഖയും സമ്മാനിച്ചു. യോഹന്നാന്റെ സുവിശേഷത്തില്‍ ലാസറിനെ ഉയര്‍പ്പിച്ച സംഭവം ലഘുലേഖയിലൂടെ വായിച്ചറിഞ്ഞ ജോസ് ലാസറിനെ ഉയര്‍പ്പിച്ച ദൈവത്തിന് എന്നെയും ജീവിപ്പിക്കുവാന്‍ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ച്, ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് ഒരു ശക്തി തന്റെ ശരീരത്തില്‍ വ്യാപരിക്കുകയും പരിപൂര്‍ണ്ണ സൗഖ്യമുള്ളവനായി ചാടിയെഴുന്നേറ്റു. മരണത്തിന് വിധിയെഴുതിയ ഡോക്ടര്‍മാര്‍ ജോസിനെ പരിശോധിച്ച് രോഗസൗഖ്യം ഉറപ്പിച്ചു. മരണത്തില്‍ നിന്നും ഉദ്ധരിച്ച ദൈവത്തിനായ് ജീവിക്കുവാന്‍ താന്‍ സ്വയം സമര്‍പ്പിക്കുകയും സുവിശേഷവേലയ്ക്കായുള്ള ദൈവവിളിയനുസരിച്ച് ജോലി ഉപേക്ഷിച്ച് ദൈവവചനം പ ി­ച്ചു.

സുവിശേഷ വേലയ്ക്ക് ഇറങ്ങിത്തിരിച്ച ജോസിനെയും ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ഒരു രാത്രിയില്‍ തന്റെ ഭവനത്തില്‍ നിന്ന് ഇറക്കിവിട്ടു. എങ്കിലും പതറിയില്ല. ദൈവം ഏല്‍പ്പിച്ച ശുശ്രൂഷ തുടര്‍ന്നു പോന്നു. ഒരിക്കല്‍ എരുമേലിയില്‍ ശാരോന്‍ സഭയുടെ ശുശ്രൂഷകനായ് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പരിമിതമായ ജീവിതസൗകര്യങ്ങളില്‍ സാമ്പത്തികമായ് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നാളുകളായിരുന്നു അന്ന്. ദൈവരാജ്യത്തിന് വേണ്‍ടി അനേകരെ നേടണമെന്ന് ആവേശം നിറഞ്ഞ് നില്‍ക്കുന്ന സമയത്ത്, താന്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥന്‍ വീടൊഴിഞ്ഞ് തരണമെന്ന് പാസ്റ്റര്‍ ജോസിനോട് ആവശ്യപ്പെട്ടു. സമീപ പ്രദേശത്തൊന്നും ഒരു വാടക വീട് ലഭിക്കാനില്ല. ഭാര്യയെയും കുഞ്ഞിനെയുമൊത്ത് എവിടെ പോകും? തന്റെ ചിന്തയിലും കരുത്തിലും ഊന്നി പല പോംവഴികളും ആലോചിച്ചു. അതെല്ലാം പരാജയമായി ചിന്തകളുടെ തിരമാലകള്‍ ആ മനസ്സില്‍ ഉയര്‍ന്നുകൊണ്‍ടിരു­ന്നു.

എല്ലാവരും കൈവിട്ട് പ്രതീക്ഷകള്‍ വറ്റി വരണ്‍ട നാളുകളില്‍ ഉള്ളില്‍ ജീവന്റെ വറ്റാത്ത ഉറവ തുറന്ന ജീവനാഥന്‍ ഇന്നും നടത്തുവാന്‍ ശക്തനല്ലെ? പാസ്റ്റര്‍ ജോസ് വിശ്വാസത്തോടെ ഭാര്യയുമൊന്നിച്ച് ദൈവസന്നിധിയില്‍ മുട്ടുകുത്തി. തകര്‍ന്നും നുറുങ്ങിയതുമായ ആ ഹൃദയത്തെ ദൈവം തന്റെ വാഗ്ദത്ത വചനങ്ങള്‍ കൊണ്‍ടു നിറച്ചു. എല്ലാവരും നിന്നെ മറന്നാലും ഒരു നാളും മറക്കാത്ത ദൈവം, ചെങ്കടലിലും വഴി തുറക്കുവാന്‍ ശക്തനായവന്‍ നിന്നെ കരുതി നടത്തുവാന്‍ മതിയായവനല്ലൊ. പിന്നെ എന്തിനാണ് നീ കരയുന്നത്? ദൈവം തന്നോട് സംസാരിക്കുവാന്‍ തുടങ്ങി. ബലഹീനനായിരുന്ന പാസ്റ്റര്‍ ജോസ് ദൈവശക്തിയാല്‍ നിറഞ്ഞു. ദൈവം നല്‍കിയ ആശ്വാസ വചനങ്ങള്‍ ഒരു ഗാനമായി തന്റെ ഉള്ളില്‍ നിന്നും പുറത്തുവന്നു. അനേക ഹൃദയങ്ങളില്‍ ഇന്നും ആശ്വാസത്തിന്റെ തെളിനീരായ് പെയ്തിറങ്ങുന്ന “ കരുതുന്നവന്‍ ഞാനല്ലയോ......കലങ്ങുന്നതെന്തിനു നീ...” എന്ന ഗാനമാണിത്. പാസ്റ്റര്‍ ജോസിനെ ദൈവം കൈവിട്ടില്ല. അടുത്ത ദിവസം തന്നെ മറ്റൊരു വീട് ദൈവം അവര്‍ക്ക് ഒരുക്കി കൊടുത്തു.

ചൂടേറിയ മരുയാത്രയില്‍ ആശ്വാസത്തിന്റെ കുളിര്‍മ പകരുന്ന “ യേശു മതിയെനിക്കെന്നും...”, “എന്ത് സന്തോഷം എന്തൊരാനന്ദം...”, “എന്റെ ദേശം ഇവിടെയല്ല..”, “ഈമരു യാത്രയില്‍ തുണയായ്...” തുടങ്ങി അമ്പതില്‍പ്പരം അനശ്വര ഗാനങ്ങള്‍ രചിച്ച പാസ്റ്റര്‍ എം.ടി. ജോസ് ഒരുപിടി നിക്ഷേപവുമായ് അക്കെര നാട്ടില്‍ ചേര്‍ക്കപ്പെട്ടുവെങ്കിലും അദ്ദേഹം നമുക്ക് നല്‍കിയിട്ട് പോയ ഗാനമുത്തുകള്‍ തലമുറകള്‍ക്ക് കൈമാറി ദൈവീക സ്‌നേഹത്തിന്റെ പ്രകാശമായ് ഇന്നും നില­കൊ­ള്ളുന്നു...

Responses