കേള്‍ക്കാന്‍ തയ്യാറായാല്‍ ദൈവം സംസാരിക്കും

ബുധനാഴ്ചത്തെ ബൈബിള്‍ ക്ലാസ്സില്‍ പാസ്റ്റര്‍ ദൈവശബ്ദത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. അനേകരോട് ദൈവം സംസാരിച്ചതായി വചനത്തില്‍ വായിക്കുന്നുണ്‍ടങ്കിലും ദൈവം ഇന്നും മനുഷ്യരോട് നേരിട്ടു സംസാരിക്കുമോ എന്ന സംശയം മടങ്ങിപ്പോകുമ്പോഴും അയാളുടെ മനസ്സില്‍ നിന്ന് മാറിയിരുന്നില്ല.

പുറത്ത് നല്ല തണുപ്പുണ്‍ട്.ഒരു കാപ്പിയും കുടിച്ചു വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ വാഹനത്തില്‍ കയറിയപ്പോള്‍ രാത്രി 10 മണി കഴിഞ്ഞിരുന്നു. പ്രധാന വീഥിയിലൂടെവാഹനം മുന്‍പോട്ടുപൊയെ്‌ക്കൊണ്‍ടിരുന്നപ്പോള്‍ വാഹനം നിര്‍ത്തി ഒരു കാന്‍ പാല്‍ വാങ്ങാന്‍ അയാള്‍ക്ക് മനസ്സില്‍ ഒരു തോന്നലുണ്‍ടായി. രാത്രിവൈകുന്നല്ലോ നേരേ വീട്ടില്‍ പോകാം എന്നുതീരുമാനിച്ചെങ്കിലും വീണ്‍ടും ആ തോന്നല്‍ ശക്തമായി. പെട്ടെന്ന് ചിന്തിച്ചു ഇത് ദൈവം തന്നോട് സംസാരിക്കയാണോ? അങ്ങനെയെങ്കില്‍ ദൈവമേ ഞാന്‍ അങ്ങെക്കായി പാല്‍ വാങ്ങാം എന്നു പറഞ്ഞ് വാഹനം നിര്‍ത്തി.ഒരു കടയില്‍ നിന്നു പാല്‍ വാങ്ങിയാത്ര തുടര്‍ന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്‍ടും മനസ്സില്‍ ഒരു തോന്നല്‍.സാധാരണപോകുന്ന വഴിയിലൂടെ പോകാതെ നേരെ മുന്‍പോട്ടു പോകാന്‍ ആരോ പറയുന്നതുപോലെ. അതും അനുസരിച്ചു.അല്‍പ്പദൂരം കഴിഞ്ഞപ്പോള്‍ വാഹനം നിര്‍ത്തുവാന്‍ തോന്നി.രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു. തെരുവു വിളക്കുകള്‍ അല്ലാതെ മറ്റു വെളിച്ചമൊന്നും കാണാനില്ലാത്ത ആ വഴിയിലൂടെ കയ്യില്‍പാലുമായി നടന്നു. അടുത്ത വീട്ടില്‍ കയറുവാന്‍ നിര്‍ദ്ദേശം ലഭിച്ചപോലെ തോന്നി. ദൈവമേ ഞാനിവിടെ കയറണോ? വരുന്നതു വരട്ടെ എന്നു കരുതി അല്‍പ്പം ഭയത്തോടെ അയാള്‍ ആ വീടിന്റെ കതകില്‍ മുട്ടിയപ്പോള്‍ അകത്തുനിന്ന് ഒരു ശബ്ദം:ആരാ ഈ രാത്രിയില്‍? എന്തുവേണം? വീട്ടുകാരന്‍ കതകു തുറക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു ഞാന്‍ ഒരു പാത്രം പാല്‍ കൊണ്‍ടു വന്നിട്ടുണ്‍ട്, ദൈവം പറഞ്ഞിട്ടാണ് ദയവായി ഇതു വാങ്ങണം.അയാള്‍ ആശ്ചര്യത്തോടെ മുഖത്തേക്ക് നോക്കിയിട്ട് അതു വാങ്ങി അകത്തേക്ക് ഓടി.ഉടനെ അദ്ദേഹത്തിന്റെ ഭാര്യ കരയുന്ന ഒരു കുഞ്ഞുമായി എത്തി. ഈ കുഞ്ഞിന് പാലു കൊടുക്കാനില്ലാതെ ഞങ്ങള്‍ വിഷമിച്ചും കരഞ്ഞും പ്രാര്‍ത്ഥിച്ചുകൊണ്‍ടിരിക്കയായിരുന്നു.ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. താങ്കളെ ദൈവമാണ് ഇവിടേക്ക് പറഞ്ഞയച്ചത്. അവര്‍ ദൈവത്തിന് നന്ദിപറഞ്ഞു. അവരുടെ സങ്കടം കണ്‍ട് അയാള്‍ തന്റെ പേഴ്‌സ് തുറന്ന് കയ്യിലുണ്‍ടായിരുന്ന പണം മുഴുവന്‍ അവര്‍ക്ക് എടുത്തുകൊടുത്തു. അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചു ദൈവം എത്ര വ്യക്തമായാണ് സംസാരിക്കുന്നത്. അതുവരെ തന്റെ ജീവിതത്തിലുണ്‍ടായിരുന്ന സംശയമെല്ലാം അതോടെ തീര്‍ന്നു. ദൈവശബ്ദം കേട്ടനുസരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷി­ച്ചു.

എത്രയോ തവണ ഇതുപോലെ ദൈവം നമ്മോട് സംസാരിച്ചിട്ടുണ്‍ട്? അതു കേട്ടനുസരിക്കുവാന്‍ തയ്യാറാകാത്തതുകൊണ്‍ട്പിന്നീടൊരിക്കലും ദൈവശബ്ദം കേള്‍ക്കാന്‍കഴിഞ്ഞിട്ടില്ല എന്നതായിരിക്കാം നമ്മുടെ പ്രശ്‌നം. ദൈവാത്മാവിന്റെ ശബ്ദം ചിലപ്പോള്‍ വളരെ നേരിയതാകാം. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളുടെ നടുവില്‍ അതിനു പ്രാധാന്യം കൊടുക്കാതെ പോയാല്‍ പിന്നീട് ആ ശബ്ദം കേട്ടെന്നു വരില്ല.

മക്കള്‍ യാഗപീ ത്തില്‍ ചെയ്യുന്നത് എന്തെന്നു ശ്രദ്ധിക്കാനോ നോക്കാനോ ഏലിക്കുകണ്ണില്ലാതിരുന്നതിനാല്‍ ഏലിയുടെ കാഴ്ച തന്നെ ദൈവം ഇല്ലതെയാക്കി. മക്കളെക്കുറിച്ചുള്ള കേള്‍വി നല്ലതല്ലെന്നു സമ്മതിക്കുന്നെങ്കിലും ആ കേള്‍വി കാര്യമായിട്ടെടുത്തില്ല. (1 ശമു. 2:29).ആദ്യം ആത്മീക ഉള്‍ക്കാഴ്ചയും പിന്നീട് പുറം കണ്ണിന്റെ കാഴ്ചയും തനിക്ക് നഷ്ടമായി. ദര്‍ശനവും (കാഴ്ച്ച) ദൈവവചനവും (കേള്‍വി) ഇല്ലാതെയായി. കണ്ണും കാതും അടഞ്ഞുപോയതിന്റെ കാരണം അവയിലൂടെ ദൈവം ഇടപെട്ടപ്പോള്‍ അനുസരിക്കാതെപോയതുകൊണ്‍ടാണ്.

ദൈവശബ്ദം കേള്‍ക്കാനോ ദൈവദര്‍ശനം പ്രാപിക്കനോ ദൈവാലയത്തില്‍ ആരുമില്ലാതെ വന്നപ്പോള്‍ ദൈവം ഒരു ശമുവേലിനെ കണ്‍ടെത്തി. അവന്‍ കേട്ട ശബ്ദം‘ശമുവേലേ’ എന്നതായിരുന്നു. വിളികേട്ട ശമുവേല്‍ പരിചിതമായ ആ ശബ്ദം കേട്ട് ഏലിയുടെ അടുക്കലേക്ക് ഓടിച്ചെന്നു.അടിയന്‍ ഇതാ എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞത് ആ വിളിയിലൂടെ കേട്ടത് വളരെ സുപരിചിതമായ ശബ്ദമായതിനാലാണ്. വിളിച്ച മൂന്നു പ്രാവശ്യവും ശമുവേല്‍ ആ വിളിയുടെ മുന്‍പില്‍ പ്രതികരിച്ചു.നാലാം പ്രാവശ്യം ശമുവേലേ, ശമുവേലേ എന്ന വിളിയില്‍ യഹോവേ അരൂളിച്ചെയ്യേണമേ അടിയന്‍ കേള്‍ക്കുന്നു എന്ന് ഏലി പറഞ്ഞു കൊടുത്തതുപോലെ പ്രതികരിച്ചു. ദൈവശബ്ദം കേള്‍ക്കാന്‍ ശ്രദ്ധയും അനുസരിക്കാന്‍ മനസ്സും ഉള്ള ശമുവേലിനോട് യഹോവ സംസാരിക്കാന്‍ ആരംഭിച്ചു.

ദൈവത്തിന്റെ ശബ്ദം ഇടിമുഴക്കം പോലെ അമാനുഷിക നിലയില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ നമ്മോട് അധികം പരിചിതമായ മാനുഷിക ശബ്ദത്തിലൂടെയായിരിക്കാം ദൈവം ഇടപെടുന്നത്.ആത്മാവിന്റെ ആ നേരിയ മന്ത്രണം, പരിചിത ശബ്ദം ചിലപ്പോള്‍ വചനം വായിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍, മറ്റുള്ളവരിലൂടെ, കേള്‍ക്കാന്‍ കാതുകള്‍ കൂര്‍പ്പിക്കാറുണ്‍ടോ? ജീവിത ക്രമീകരണത്തിനായുള്ള മന്ത്രണം, നന്മ ചെയ്യുവാനുള്ള മന്ത്രണം, സുവിശേഷവേലക്കായി ചിലവിടുന്നതിനുള്ള മന്ത്രണം അന്തരംഗത്തില്‍ കേള്‍ക്കാറുണ്‍ടോ? ഉണ്‍ടെങ്കില്‍ അതനുസരിക്കാന്‍ തയ്യാറാകുക. ദൈവമാണ് നിന്നോട് സംസാരിക്കുന്നത്... കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.(ലൂക്കോ.8:8) കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ദൈവം സംസാരി­ക്കും.

Responses