തെര്‍മോ­സ്ഫി­യ­റിന്റെ വലിപ്പം കുറ­യുന്നു: നാസ

മേരിലാണ്ഡ്: ഭൂമിയുടെ അന്തരീക്ഷത്തിന്റെ അഥവാ വായുമണ്ഡലത്തിന്റെ തട്ടുകളില്‍ എറ്റവും മുകളില്‍ നിന്ന് രണ്ടാം സ്ഥാനത്തുനില്ക്കുന്ന തെര്‍മോസ്പിയറിന്റെ വലിപ്പം ഗണ്യമായി ചുരുങ്ങിയതായി നാസ ശാസ്ത്രജ്ഞര്‍. കഴിഞ്ഞ 43 വര്‍ഷത്തിനിടയില്‍ തെര്‍മോസ്പിയറിനുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചുരുക്കമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതിന്റെ കാരണമെന്തെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്നും ഭൗമശാസത്രഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
സൂര്യനില്‍ നിന്ന് പ്രവഹിക്കുന്നതും ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ദോഷകരമായതുമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കാതെ തടഞ്ഞുനിര്‍ത്തുന്ന ഭാഗമാണ് തെര്‍മോസ്പിയര്‍. ഭൂമിയുടെ ഉപരിതലത്തിന് മുകളിലായി വായുമണ്ഡലത്തില്‍ ഏകദേശം 90-690 കിലോമീറ്ററിനിടയിലാണ് തെര്‍മോസ്പിയറിന്റെ സ്ഥാനം.

സൂര്യനിലുണ്ടാകുന്ന പല പ്രതിഭാസങ്ങള്‍ക്കും അനുസരിച്ച് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന സ്വഭാവമാണ് തെര്‍മോസ്പിയറിന്റേത്. സൂര്യനിലെ പ്രതിഭാസങ്ങള്‍ വര്‍ധിക്കുമ്പോള്‍ തെര്‍മോസ്പിയര്‍ വികസിക്കുകയും പ്രതിഭാസങ്ങള്‍ കുറയമ്പോള്‍ തെര്‍മോസ്പിയര്‍ ചുരങ്ങുകയും ചെയ്യാറാണ് പതിവ്. 2007-2009 കാലഘട്ടങ്ങളില്‍ സൂര്യനിലെ പ്രതിഭാസങ്ങള്‍ക്ക് കുറവ് നേരിട്ട് സോളാര്‍ മിനിമം എന്ന് ശാസ്ത്രജ്ഞന്‍മാര്‍ വിശേഷിപ്പിച്ചിരിക്കുന്ന അവസ്ഥയായിരുന്നു. ഇത് തെര്‍മോസ്പിയറിന്റെ വലിപ്പം ചുരുങ്ങുന്നതിന് ഒരു കാരണമായി കരുതാമെങ്കിലും പതിവിന് വിരുദ്ധമായി തെര്‍മോസ്പിയറിന് ഇപ്പോഴുണ്ടായിരിക്കുന്ന വലിപ്പവ്യത്യാസം സാധാരണ സുര്യനിലെ പ്രതിഭാസങ്ങള്‍ക്കനുസരിച്ച് ചുരുങ്ങുന്ന അവസ്ഥയിലും വളരെയേറെയാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവിലുണ്ടാകുന്ന വര്‍ധനവാണ് തെര്‍മോസ്പിയറിന്റെ ചുരുക്കത്തിന് കാരണമായി ശാസ്ത്രജ്ഞര്‍മാര്‍ കരുതുന്ന മറ്റൊരു ഘടകം. എങ്കിലും തെര്‍മോസ്പിയറിന് ഇപ്പോഴുണ്ടായിരിക്കുന്ന പതിവിലുംകവിഞ്ഞ വലിപ്പചുരുക്കുത്തിന് പ്രധാനകാരണങ്ങള്‍ ഇവ രണ്ടുമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. തെര്‍മോസ്പിയറിന്റെ വലിപ്പവ്യത്യാസം സംബന്ധിച്ച് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് 30 ശതമാനം കൂടുതല്‍ ചുരുക്കമാണ് നിലവില്‍ സംഭവിച്ചിരിക്കുന്നത്്.

തെര്‍മോസ്പിയറിനുണ്ടായ വലിപ്പവ്യത്യാസം ഭൂമിയലെ കാലാവസ്ഥയെ കാര്യമായി ബാധിക്കാനിടയില്ലെങ്കിലും മനുഷ്യന്‍ ബഹിരാകാശത്തേക്ക് അയച്ചിരിക്കുന്ന ഉപഗ്രഹങ്ങളുടെ സഞ്ചാരത്തെയും മറ്റും ദോഷമായി ബാധിക്കാനിടയുണ്ട്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍, വിവിധ മനുഷ്യനിര്‍മിത സാറ്റ്‌ലൈറ്റുകള്‍ തുടങ്ങിയവ വായുമണ്ഡലത്തിലെ ഈ തട്ടില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പതിവിനുവിരുദ്ധമായി തെര്‍മോസ്പീയറിന്റെ വലിപ്പം ചുരുങ്ങിയതിനുള്ള പ്രധാനകാരണം കണ്ടുപിടിക്കാനായി വരുദിവസങ്ങളില്‍ കൂടുതല്‍ പ നങ്ങള്‍ നടത്തുമെന്ന്് നാസാ വൃത്തങ്ങള്‍ അറിയിച്ചു.

Responses