നവാബിന് നല്‍കിയ ബൈബിളും ദൈവ സന്നിധിയിലേക്കൊരു യാത്രയും

\"\"

രാവിലെ മുതല്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിലും പരിസരത്തുള്ള സര്‍ക്കാര്‍ ഓഫീസുകളിലും ഞങ്ങളുടെ ഒരു സംഘമായി ഗിഡയന്‍സിന്റെ ബൈബിള്‍ വിതരണം ചെയ്യുകയായിരുന്നു. പകല്‍ വെയിലിന്റെ ചൂടില്‍ തളര്‍ന്ന് ഉച്ചയൂണിനായി പരിസരത്തെ ഹോട്ടലില്‍ ഞങ്ങള്‍ കയറി. സര്‍ക്കാര്‍ ഉദ്ദോഗസ്ഥരെക്കൊണ്‍ട് തിങ്ങിനിറഞ്ഞ ഊണുമേശകളില്‍ ഒഴിവു വന്നൊരിടത്ത് സ്ഥാനം ഉറപ്പിച്ചു. തിരക്കേറിയ അത്തരം ഹോട്ടലുകളിലെ ഊണ്‍മേശകളുടേയും ബാത്ത് റൂമുകളുടേയും വൃത്തിയെക്കുറിച്ച് മലയാളികളോട് വിവരിക്കേണ്‍ടതില്ലല്ലോ. ഒരുവിധത്തില്‍ മനസ്സിനോട് നിവര്‍ത്തികേടു പറഞ്ഞു അവിടിരുന്നു വിശപ്പടക്കാന്‍ തുട­ങ്ങി.

ഊണ്‍ പകുതിയായപ്പോള്‍ മറുഭാഗത്തിരുന്നയാള്‍ എഴുന്നേറ്റു പോയ ഒഴിവിലേക്ക് തിടുക്കത്തില്‍ മറ്റൊരാള്‍ സ്ഥാനം പിടിച്ചു. പാറിപറന്ന മുടിയും താടിയും നീട്ടി വളര്‍ത്തി, കണ്ണില്‍ കട്ടിയുള്ള കണ്ണടയും ചരടില്‍ കെട്ടിയിട്ട തടിച്ച പേനയും നീണ്‍ട കുപ്പായവും ധരിച്ച് കയ്യില്‍ വി.ഐ.പി സ്യൂട്ട്‌കേയ്‌സും പിടിച്ച് വന്ന അദ്ദേഹത്തിന് എല്ലാം കൂടി ഒരു ജീനിയസ് ലുക്കുണ്‍ട്

വെളിയിലിറങ്ങി ടീം അംഗങ്ങളെ കാത്തു നില്‍ക്കുമ്പോഴും തീന്‍മേശയില്‍ കണ്‍ട ആ അസാധാരണ വ്യക്തിത്വത്തോട് ഒരു വാക്ക് മിണ്‍ടിയില്ലല്ലോയെന്ന് മനഃസാക്ഷി പിറുപിറുത്തു. അധികം വൈകിയില്ല അതാ ആ മനുഷ്യന്‍ അടുത്തു വന്നു നിന്ന് ആരേയും ശ്രദ്ധിക്കാതെ കയ്യിലിരുന്ന ഇംഗ്ലീഷ് പുസ്തകം വിടര്‍ത്തി വായന തുടങ്ങി. വീണുകിട്ടിയ അവസരം പാഴാക്കാതെ കുറെക്കൂടെ അദ്ദേഹത്തോട് ചേര്‍ന്നു നിന്നുകൊണ്‍ട് ചോദിച്ചു: “ക്ഷമിക്കണം സാര്‍, താങ്കളുടെ പേര്? ”. “നവാബ്. ” ഉത്തരം കേട്ട് ഒന്നു ഞെട്ടി. ങേ ഇയാള്‍ നവാബ് രാജേന്ദ്രനല്ലെ? മനസ്സിലെ ചോദ്യം നാവിന്‍ തുമ്പിലൂടെ അറിയാതെ പുറത്തേയ്ക്ക് വന്നതും മൃദുവായ സ്വരത്തില്‍ അതേയെന്ന ഉത്തരവും ഒരുമിച്ചായിരു­ന്നു!

ശക്തന്‍മാരുടെ എതിര്‍പ്പുകളെ അവഗണിച്ച് അഴിമതിയ്ക്കും, അനീതിയ്ക്കുമെതിരെ മനുഷ്യാവകാശപ്പോരാട്ടം നടത്തി ആയുസ്സു മുഴുവന്‍ കോടതികള്‍ കയറി ഇറങ്ങി ജീവിതം അവസാനിപ്പിച്ച അദ്ദേഹത്തെ പരിചയപ്പെടാന്‍ ലഭിച്ച അസുലഭനിമിഷമായിരുന്നു അത്. സംഭാഷണത്തിനൊടുവില്‍ താനതുവരെ വായിച്ചിട്ടില്ലെന്ന് സമ്മതിച്ച ബൈബിളിന്റെ ഒരു കോപ്പി കൊടുക്കാന്‍ മറന്നില്ല. സത്യത്തിനുവേണ്‍ടി നിലകൊള്ളുന്ന തങ്കളേപ്പോലുള്ളവര്‍ക്ക് അനുകരിക്കാനും, അനുഗമിക്കാനും കൊള്ളാവുന്ന ഒരാളാണ് യേശുവെന്ന് പറഞ്ഞതും വിനയത്തോടെ അദ്ദേഹം കേട്ടു നിന്നു. ഞങ്ങള്‍ പിരിയുമ്പോള്‍, തനിക്കു ലഭിച്ച ബൈബിള്‍ വായിക്കാമെന്ന് അദ്ദേഹം എനിക്ക് ഉറപ്പു തന്നു. ആ ഉറപ്പ് അദ്ദേഹം എന്നെങ്കിലും പാലിച്ചിട്ടുണ്‍ടാവും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എന്തായാലും രക്ഷയെക്കുറിച്ചറിയാനുള്ള അവസരം ദൈവം നവാബിനും ഒരുക്കിയെന്നതിന്റെ സാക്ഷ്യമാണ് ഈ സം­ഭവം.

ആ നാളുകളില്‍ നവാബ് രാജേന്ദ്രന്‍ മാനസ്സാന്തരപ്പെടേണമെയെന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുമായിരുന്നു. അദ്ദേഹം ഈ ലോകത്തോടു വിടവാങ്ങുന്നതിനു വളരെ മുമ്പുതന്നെ ആ പ്രാര്‍ത്ഥനകള്‍ മുറിഞ്ഞുപോയല്ലോ എന്നൊരു വേദന ഇപ്പോഴും മനസ്സിനെ അസഹ്യപ്പെടുത്താറുണ്‍ട്. പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞു വന്നപ്പോഴാണ് സിനിമാ നടനായിരുന്ന പ്രേംനസീറിനും ഗാനഗന്ധര്‍വനായ യേശുദാസിനും വേണ്‍ടിയൊക്കെ ഉളളുരുകി പ്രാര്‍ത്ഥിച്ച കാലം ഓര്‍ക്കുന്നത്. ഞാന്‍ രക്ഷിക്കപ്പെട്ടതിന്റെ ആരംഭനാളുകളില്‍ യൂണിയന്‍ ഓഫ് ഇവാഞ്ചലിക്കല്‍ സ്റ്റുഡന്‍സ് ഓഫ് ഇന്ത്യയിലൂടെ വളര്‍ന്ന ക്യാമ്പുകളും റിട്രീറ്റുമായി കഴിഞ്ഞുപോയ കാലം- വാടകയ്‌ക്കെടുത്ത തഴപ്പായയിലും സ്‌കൂള്‍ ക്യാമ്പസുകളിലെ ഡസ്‌കിലും കിടന്നുറങ്ങി വചനം പ ിച്ചു വളര്‍ന്ന കാലം. അന്നൊക്കെ ബസ്സില്‍ കയറിയാല്‍ അടുത്തിരിക്കുന്നവര്‍ക്ക് ട്രാക്റ്റു കൊടുത്ത് യേശുവിനെക്കുറിച്ച് പറയാതെ വിടില്ലായിരുന്നു. അക്കാലത്താണ് ഗായകന്‍ യേശുദാസിനെ യേശുവിന്റെ ദാസനാക്കണമേയെന്ന് ഞങ്ങള്‍ തുടര്‍മാനം പ്രാര്‍ത്ഥി­ച്ചത്.

ഞങ്ങളുടെ പ്രാര്‍ത്ഥനാ ലിസ്റ്റില്‍ പ്രേംനസീറും, യേശുദാസുമൊക്കെ കയറിക്കൂടിയതിന്റെ പിന്നിലെ രഹസ്യം നിങ്ങളോടു പറയാം. നമ്മുടെ ദൃഷ്ടിയില്‍ ഇവരൊന്നും യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവരാണ്. ഒരു വിധത്തില്‍ നമ്മുടെ ആത്മീക ജ്ഞാനത്തിന്റെ ചീര്‍പ്പില്‍ ഇതുപോലെ പലരേയും നമ്മള്‍ എഴുതി തള്ളിയിട്ടില്ലെ? ഒസാമ ബിന്‍ലാദന്‍ യേശുവിനെ അറിയാന്‍ വേണ്‍ടി പ്രാര്‍ത്ഥിയ്ക്കുവാനുള്ള വിശ്വാസവും ആത്മഭാരമൊന്നും എനിക്കില്ല. പക്ഷെ എന്നിലെ ക്രിസ്തുവിന്റെ ആത്മാവിന്റെ വളര്‍ച്ചയില്ലായ്മയല്ലേ അതു കാണിക്കുന്നത്? ദൈവദൃഷ്ടിയില്‍ നാമും ആശയ്ക്ക് വകയില്ലാത്തവരായിരുന്നുവെങ്കില്‍ നമ്മുടെ ഗതിയെന്താകുമായിരുന്നു? ഒരു പക്ഷെ അപ്പൊസ്തല പിതാക്കാന്‍മാര്‍ പൗലോസിനെ ഇപ്രകാരം എഴുതിത്തള്ളിയിരുന്നിരിക്കണം. എന്നാല്‍ ക്രിസ്തുവിന്റെ സഭയെ മുടിച്ചു നടന്ന, സ്‌തേഫാനോസിനെ കല്ലെറിഞ്ഞു കൊല്ലാന്‍ കൂട്ടു നിന്ന പൗലോസിനും ഒരു മാനസാന്തരാനുഭവം സ്വര്‍ഗ്ഗത്തിലെ ദൈവം ആഗ്രഹിച്ചിരുന്നു. ദമസ്‌കസിന്റെ പടിവാതില്‍ക്കല്‍ വെച്ച് സാവൂള്‍ പൗലോസായി മാറിയ സംഭവം നമ്മുടെ മുന്‍വിധികളേയും സങ്കുചിതചിന്തയേയും തുടച്ചു മാറ്റാന്‍ പര്യാപ്തമല്ലേ?.

ഇനിയെങ്കിലും നാം എഴുതി തള്ളിയ ചിലര്‍ക്കുവേണ്‍ടി പ്രാര്‍ത്ഥിച്ചു തുടങ്ങാന്‍ ദൈവാത്മാവ് നിങ്ങളെ ഉത്തേജിപ്പിക്കട്ടെ. പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവ സന്നിധിയിലേക്കാണ് അടുത്തു ചെല്ലുന്നത് എന്ന ബോധത്തോടെ പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ അടുത്തു വരുന്നവന്‍ ദൈവം ഉണ്‍ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നുവെന്നും വിശ്വസിക്കേണം. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാധിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. സാധാരണയായി ഒരു വ്യക്തിയിലൊ, കാര്യത്തിലൊ ഉള്ള പ്രതീക്ഷകളെല്ലാം അസ്തമിക്കുമ്പോള്‍ അടുത്തു ചെല്ലാനുള്ള ഉപാധിയായല്ലേ അനേകരും ദൈവത്തെ കാണാറ്? നാം പ്രാര്‍ത്ഥിക്കുന്ന കാര്യത്തിന് ഉത്തരം നല്‍കുവാന്‍ ദൈവം ശക്തനാണെന്ന് വിശ്വസിക്കാന്‍ നമുക്ക് കഴിയണം. അതിന് ദൈവത്തെക്കുറിച്ചുള്ള കേവലം അറിവു മാത്രം പോരാ. ദൈവവുമായി ഒരു അടുത്ത ബന്ധവും കൂടി വേണം. നാം ചോദിക്കുന്നതൊക്കെ ലഭിക്കുമ്പോഴെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമാകുന്നുള്ളുവെന്ന് ചിന്തിക്കുന്നത് സ്വര്‍ഗ്ഗീയ പിതാവിനെ വേണ്‍ടതുപോലെ അടുത്തറിയാത്തതിനാലാണ്.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അടുത്തു ചെല്ലുന്നത് ദൈവ സന്നിധിയിലേക്കാണെന്ന് പറഞ്ഞല്ലോ. ആ സന്നിധിയെക്കുറിച്ച് തിരുവെഴുത്തു നല്‍കുന്ന അറിവ് പ്രാര്‍ത്ഥനയിലുളള നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കും. തിരുവെഴുത്ത് പറയുന്നത് പ്രാര്‍ത്ഥിക്കുന്നവന്‍ സിയോന്‍ പര്‍വ്വത്തിനും, ജീവനുളള ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലേമിനും അടുത്തു ചെല്ലുന്നുവെന്നാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ കോടാനുകോടി മൈലുകള്‍ താണ്‍ടി അവിടെയെത്താനുള്ള ഭാഗ്യം പ്രാര്‍ത്ഥിക്കുന്ന ദൈവമക്കള്‍ക്കുള്ളതാണ്. അവിടെയാണ് ദൈവസന്നിധി. അവിടെ അനേകായിരം ദൂതന്‍മാരുടെ സര്‍വ്വസംഘം നില്‍ക്കുന്നു.

ദൈവ സന്നിധിയിലെത്തുമ്പോള്‍ ജീവിത വിശുദ്ധിയെക്കുറിച്ചൊരു വീണ്‍ടുവിചാരമുണ്‍ടാകണം. പുതിയ നിയമത്തിന്റെ മധ്യസ്ഥനായ ക്രിസ്തുവിന്റെ സാമിപ്യം അവിടെയുണ്‍ട്. മാത്രമൊ, ഹാബേലിന്റെ രക്തത്തേക്കാള്‍ ഗൂണകരമായി സംസാരിക്കുന്ന യേശുവിന്റെ പുണ്യാഹ രക്തം ഇവരോട് ക്ഷമിക്കേണമെയെന്ന് പറയുന്നത് അവിടെ മുഴങ്ങിക്കേള്‍ക്കുന്നു.
പ്രാര്‍ത്ഥിക്കുമ്പോള്‍ നാം എവിടെ ആയിരിക്കുന്നെന്നും അവിടേയ്ക്ക് ചെല്ലുവാന്‍ നമുക്കു യോഗ്യതയും ധൈര്യവും നല്‍കുന്നതെന്തെന്നും വിവരിച്ചു പറയുന്ന എബ്രായര്‍ 12: 22-24 നേക്കാള്‍ പ്രസക്തമായ തിരുവചന ഭാഗം മറ്റെവിടെയെങ്കിലും ഉണ്‍ടോയെന്ന് തോന്നുന്നില്ല. മടുത്തുപോകാതെ, മുന്‍വിധി കൂടാതെ, പ്രാഗത്ഭ്യത്തോടെ ദൈവത്തിന്റെ അടുത്തു ചെന്നു പ്രാര്‍ത്ഥിക്കുവാന്‍ ഈ ചിന്തികള്‍ നമുക്ക് ധൈര്യം പകരട്ടെ. രാവിലെതോറും ദൈവസന്നിധിയിലേക്കുള്ള യാത്രയ്ക്കു ശേഷമാകട്ടെ ലോകത്തിലെക്കുള്ള നമ്മുടെ യാത്ര.

Responses