യോനമാര്‍ക്കായി കാത്തിരിക്കുന്ന നിനവേകള്‍

\"\"

പാപത്തിന്റെ ഇരുള്‍ നിറഞ്ഞ ഇടവഴികളിലൂടെ നടന്നതിനാല്‍ ജീവിതവസ്ത്രം മലീമസപ്പെട്ടും ജീര്‍ണ്ണതയുടെ പുഴുക്കുത്തേറ്റും നാശയോഗ്യരെന്നു നാം വിചാരിക്കുന്ന ജന സഹസ്രങ്ങള്‍ ഒരിക്കലും സത്യത്തിന്റെ പ്രകാശനം പ്രാപിക്കയില്ലെന്നും അവര്‍ നിത്യതക്ക് അര്‍ഹരല്ലെന്നും വിധിക്കുമ്പോള്‍ ദൈവത്തിന്റെ ചിന്തനമ്മുടേതില്‍ നിന്നും എത്ര മാത്രം വ്യത്യസ്ഥമാണെന്ന് ഗ്രഹിക്കേണ്‍ടിയിരിക്കുന്നു.നമ്മുടെ മനസ്സില്‍ അവര്‍ ദൈവത്തിന്റെ കോപപാത്രങ്ങളായി കരുണ അര്‍ഹിക്കാത്തവരായി തോന്നിയേക്കാം എന്നാല്‍ ദൈവം നോക്കുന്നത് അവരെ പാപാവസ്ഥയില്‍ നിന്നു വിടുവിച്ച് നിത്യരാജ്യത്തിനായി വേര്‍തിരിക്കാന്‍ ആര്‍ തയ്യാറാകുമെന്നാണ്.അതിനായി നല്‍ക്കുന്ന ആജ്ഞകള്‍ അനുസരിക്കാന്‍ തയ്യാറുള്ളവരെ ദൈവം തെരഞ്ഞുകൊണ്‍ടിരിക്കു.

നിനവേക്കാര്‍ യിസ്രായേലിന്റെ ശത്രുക്കളാകയാല്‍ അവിടെ നാശം കാണാന്‍ ആഗ്രഹിച്ച യോനാ പ്രവാ­ച­കന്‍ ദൈവ സന്നിധിയില്‍ നിന്നുതന്നെ ഓടിപ്പോകാന്‍ തയാറായി. നിനവേക്കാര്‍ വിഗ്രഹാരാധികളും, ദുഷ്ട­ന്മാരും പാപികളും ആകയാല്‍ അവര്‍ ഒരിക്കലും നേര്‍വഴിയിലേക്ക് വരില്ലെന്നും ദൈവത്തെ സേവിക്കാന്‍ തയ്യാറാകില്ലെന്നും മറ്റുള്ള യിസ്രായേല്യരെപ്പോലെ തന്നെ യോനയും വിചാരിച്ചു. യോനയോട് യഹോവയായ ദൈവം നിനവേയിലേക്ക് പോകാന്‍ കല്‍പ്പിച്ചപ്പോള്‍ അതിനു തയ്യാറാകാതെ തര്‍സ്സീസിലേക്ക് പോകാന്‍ കൂലികൊടുത്ത് ഒരു കപ്പലില്‍ യാത്ര തരപ്പെടുത്തിയത് ഈ മനോഭാവം വെച്ചുപുലര്‍ത്തിയിരുന്നതു കൊണ്‍ടാണ്.

എന്നാല്‍ അനുസരണക്കേടിന്റെ ശിക്ഷ ഏറ്റുവാങ്ങിയ യോന ഒടുവില്‍ നിനവേയില്‍ ചെന്നു പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ യോനക്കുവേണ്‍ടി നിനവേക്കാര്‍ കാത്തിരുന്നതുപോലെ അവന്റെ വാക്കുകള്‍ അനുസരിക്കാന്‍ അവര്‍ തയാറായി.രാജാവും ജനങ്ങളും ന്യായവിധിയില്‍ നിന്ന് വിടുതല്‍ പ്രാപിക്കാന്‍ പാപപ്രവൃത്തികളില്‍ നിന്ന് മാനസാന്തരപ്പെട്ട് യഹോവയോട് പ്രാര്‍ത്ഥിച്ചു. ദൈവവും അനുതപിച്ച് അവര്‍ക്ക് വരുത്തുമെന്നു കല്‍പ്പിച്ച ന്യായവിധിയില്‍ നിന്ന് രക്ഷ നല്‍കി.

നിനവെയുടെ വിടുതലില്‍യോനയുടെ പങ്ക് നിര്‍ണ്ണായകം തന്നെയാണ്. ദേശം ന്യായവിധിയില്‍ നിന്ന് വിടുവിക്കപ്പെടണമെങ്കില്‍ യോനമാര്‍ ദൈവത്തിന്റെ സന്ദേശവുമായി ഇറങ്ങിച്ചെല്ലേണ്‍ടത് ആവശ്യമാണ്.അനേകം നിനവേകള്‍ ഇന്നും യോനമാര്‍ക്കായി കാത്തിരിക്കുന്നു. അനേകം ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ആധുനിക നിനവേകളായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു.അല്‍പ്പം ത്യാഗം സഹിക്കാന്‍ തയാറായാല്‍, നമുക്കുള്ളതില്‍ നിന്ന് അല്‍പ്പം ചെലവഴിക്കാന്‍ തയാറായാല്‍ അനേകര്‍ ദൈവ വചനം കേള്‍ക്കും.

ഒരുവന് ദൈവംസമ്പത്ത് നല്‍കുന്നത് അവന്റെ സുഖജീവിതത്തിനു വേണ്‍ടി ചെലവിടാന്‍ മാത്രമല്ല അവന്‍ ഉള്‍പ്പെട്ട സമൂഹത്തിലെ ദരിദ്രര്‍ക്കും അനാഥര്‍ക്കും കൂടെ അതിന്റെ ഓഹരി ഉപകരിക്കപ്പെടണമെന്ന വ്യവസ്ഥയോടുകൂടെയാണ്. അതിനായി പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രത്യേകം പ്രമാണങ്ങള്‍നല്‍കിയിട്ടുണ്‍ട്.

സുവിശേഷം ഭരമേല്‍പ്പിക്കപ്പെട്ട വ്യക്തികളോടും ദൈവം ഇതേ വ്യവസ്ഥയോടെയാണ് ഇടപെടുന്നത്. അവര്‍ സ്വാര്‍ത്ഥരായിത്തീരാതെ ദാനമായി ലഭിച്ചത് അര്‍ഹതയുള്ളവര്‍ക്ക് ദാനമായി നല്‍കി ദൈവരാജ്യത്തിലേക്ക് ആത്മാക്കളെ ആദായമാക്കുവാന്‍ ഇടയാകേണം. സുവിശേഷീകരണം സഭയുടെ ഉത്തരവാദിത്വമാകയാല്‍ ഓരോ വിശ്വാസിയും അതില്‍ ഭാഗഭാക്കാകേണ്‍ടതാണ്. അതില്‍ ചെറിയവരും വലിയവരും പണ്‍ഡിതന്മാരും പാമരന്മാരും സ്ത്രീയും പുരുഷന്മാരും എന്ന വ്യത്യാസമില്ല.

വ്യക്തിപരമായി സമൂഹത്തിലേക്ക് സുവിശേഷവുമായി ഇറങ്ങിച്ചെല്ലാതെ ജനം വിടുവിക്കപ്പെടുകയില്ല.ദേശങ്ങള്‍ യോനമാരെ കാത്തിരിക്കുന്നു. അവര്‍ വിടുവിക്കപ്പെടേണ്‍ടതിന് നാം സുവിശേഷത്തിന്റെ പ്രഘോഷണത്തിനായി വായ് തുറക്കേണ്‍ടത് എത്ര അത്യാവശ്യമായിരിക്കുന്നു. ഹൃസ്വദൃഷടി മാറ്റിക്കളഞ്ഞ് ആത്മാക്കളെ കാണാന്‍ കണ്ണുള്ള യോനമാരായിദൈവം അയക്കുന്ന നിനവേകളിലേക്കു പോകാന്‍ ദൈവജനം തയ്യാറാകട്ടെ. അങ്ങനെ ചെയ്യുന്നവര്‍ നശിച്ചുപോകുന്നന്ന അനേകര്‍ക്ക് സ്വര്‍ഗ്ഗവാതില്‍ തുറന്നുകൊടുക്കുകയാണ്.

ആത്മഭാരമുള്ളവരായി പ്രാര്‍ത്ഥിക്കാന്‍ ദൈവജനവും ആത്മദാഹമുള്ളവരായി പ്രവര്‍ത്തിക്കാന്‍ ശുശ്രൂഷകന്മാരും മുന്‍പോട്ടുവന്നാല്‍ നമുക്കു ചുറ്റുമുള്ള നിനവേകള്‍ മാനസാന്തരപ്പെടും.

“ഹൃസ്വദൃഷ്ടിയുള്ളവന് നക്ഷത്രങ്ങളുടെ രഹസ്യങ്ങള്‍ കണ്‍ടെത്താനോ കടലിനപ്പുറത്തുള്ള തീരം തേടിപ്പുറപ്പെടാനോ ഒരു മനുഷ്യനു സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കാനോ കഴികയില്ല” - ഹെലന്‍ കെല്ലര്‍.

Responses