പ്രാര്‍ത്ഥനയുടെ ആവശ്യകത

\'അനേകര്‍ പ്രാര്‍ത്ഥനയെ പറ്റി പ്രസംഗിക്കാറുണ്‍ട് എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമേ പ്രാര്‍ത്ഥിക്കാറുള്ളു\' എന്ന് ഒരു ഭക്തന്‍ പറഞ്ഞിട്ടുണ്‍ട്. എത്രയോ വാസ്തവം! പ്രാര്‍ത്ഥനയെ പറ്റി ഉപന്യാസം എഴുതാനും, മണിക്കൂറുകള്‍ പ്രസംഗിക്കാനും പലര്‍്ക്കും സാധിച്ചുവെന്നു വരും. എന്നാല്‍ പ്രാര്‍ത്ഥനയില്‍ സമയം ചിലവഴിക്കുന്നവര്‍ വളരെ ചുരുക്കം. നമ്മുടെ തന്നെ ഓരോ പ്രാര്‍ത്ഥനാ മീറ്റിംഗുകളില്‍ പ്രാര്‍ത്ഥിക്കുവാന്‍ അവസരം കൊടുത്താല്‍ അതു പ്രയോജനപ്പെടുത്തുന്നവര്‍ എത്ര പേരുണ്‍ട്? കുവൈറ്റ്, ഐപിസി ചര്‍ച്ചില്‍ വച്ചു ഒരു സഹോദരി സാക്ഷ്യം പറഞ്ഞത് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഞാന്‍ ഓര്‍ക്കാറുണ്‍ട് വിവാഹത്തിനു ചെറുക്കന്റെ കൂടെ ചര്‍ച്ചിലേക്ക് പോകാനായി ഏകദേശം ഇരുപത്തിയഞ്ചോളം പേര്‍ വീട്ടില്‍ ഒരുങ്ങി റെഡിയായി നില്‍പ്പുണ്‍ട്, എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങേണ്‍ട സമയം ആയപ്പോള്‍ പ്രാര്‍ത്ഥിച്ച് അയയ്ക്കാന്‍ പലരോടും പറഞ്ഞിട്ടും അതിനു മാത്രം ആളിനെ കിട്ടിയില്ല. ഉന്നത വിദ്യാഭ്യാസം ഉള്ളവരും സമ്പത്തികമായി ഉന്നത നിലവാരത്തില്‍ ഉള്ളവരൊക്കെ കൂട്ടത്തില്‍ ഉണ്‍ടായിരുന്നിട്ടും പ്രാര്‍ത്ഥിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ഈ പാവം സഹോദരിക്കാണ് പ്രാര്‍ത്ഥിക്കാനുള്ള അവസരം വന്നുകിട്ടിയത്.

ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുകയും പ്രാര്‍ത്ഥിക്കാന്‍ സമയം ഇല്ലെന്നു പറയുകയും ചെയ്യുന്നവര്‍ ധാരാളമുണ്‍ട്. ആരോഗ്യം ഉണ്‍ടായിരുന്ന കാലത്തു പ്രാര്‍ത്ഥക്കാനോ കൂട്ടായ്മയ്ക്കു പോകാനോ സമയം എടുക്കാതെ ഒന്നിലധികം ജോലി ചെയ്തു ജീവിച്ച ഒരു സഹോദരന്‍ തന്റെ പ്രിയപ്പെട്ടവരെ പലരെയും ഇവിടെ (അമേരിക്കയില്‍) കൊണ്‍ടു വന്നു സാമാന്യം നല്ല നിലയിലാക്കി. ഇങ്ങനെ തന്റെ തിരക്കേറിയ ജീവിത ഓട്ടത്തിനിടയില്‍ വാഹനാപകടത്തില്‍ പെട്ട് അനേക വര്‍ഷങ്ങള്‍ രോഗിയായി ആശുപത്രിയില്‍ കിടന്നു. താന്‍, ആശുപത്രിയില്‍ അവസാന നിമിഷങ്ങള്‍ എണ്ണി കിടക്കുമ്പോള്‍ തന്നെ കാണാന്‍ വന്നവരോടു തനിക്ക് ചെയ്യാന്‍ സാധിക്കാതെ പോയ കാര്യങ്ങള്‍ പറഞ്ഞു ദുഃഖിക്കുകയും തനിക്കു വന്നതുപോലെ ആര്‍ക്കും വരാതിരിക്കുവാനും, കൂട്ടായ്മകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും മുടക്കം വരുത്തരുതെന്നും പറഞ്ഞത് ഇന്നും എന്റെ ഓര്‍മയിലുണ്‍ട്.

ഒരു മകന്‍ പിതാവിനോട് ആവശ്യങ്ങള്‍ അറിയിക്കുന്നതുപോലെയാണ് നാം നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്റെ മുമ്പില്‍ പ്രാര്‍ത്ഥിക്കേണ്‍ടത്. സുഖത്തിലും, ദുഃഖത്തിലും, സമ്പത്തിലും, ദാരിദ്രത്തിലും, ഏതു നേരത്തും പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടവരാണ്. ഒരു ദൈവപൈതല്‍ പ്രാര്‍ത്ഥനയ്ക്കായി ദൈവസന്നിധിയില്‍ മുട്ടുകള്‍ മടക്കുമ്പോള്‍ ദൈവം തമ്പുരാന്‍ സ്വര്‍ഗ്ഗം അവനായി തുറക്കും. പ്രാര്‍ത്ഥിക്കുന്ന ഒരുവന്റെ മുമ്പില്‍ അടഞ്ഞു കിടക്കുന്ന വാതിലുകള്‍ തുറക്കപ്പെടും. ഓരോ ദിവസവും കൃത്യമായ ഒരു സമയത്ത് ദൈവസന്നിധിയില്‍ മുഴങ്കാല്‍ മടക്കി പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നത് ഒരു പതിവ് ആക്കുന്നത് നല്ലതാണ്; അതും, രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍ ആയാല്‍ ഏറെ നന്ന്.

ഒരു ദൈവപൈതലിന്റെ ജീവിതത്തിന്റെ വിജയ രഹസ്യം പ്രാര്‍ത്ഥനയാണ്. എന്റെ ഇപ്പോഴത്തെ നിര്‍ജ്ജീവാവസ്ഥയ്ക്ക് കാരണം കര്‍ത്താവുമായി തനിയെ കഴിക്കുന്ന പ്രശാന്തമായ ധ്യാനസമയത്തിന്റെ കുറവത്രെ എന്നു ഹെന്‍ട്രി മാര്‍ട്ടിന്‍ എന്ന വ്യക്തി ഒരിക്കല്‍ പറഞ്ഞു. ഈ ഭൂമിയില്‍ ജീവിച്ചിട്ടുള്ളവരില്‍ ആര്‍ക്കെങ്കിലും പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ലായിരുന്നുവെങ്കില്‍ അതു ദൈവത്തിന്റെ ഏകജാതനായ പുത്രനു മാത്രമായിരുന്നു. എന്നാല്‍, കര്‍ത്താവ് പ്രാര്‍ത്ഥനയ്ക്ക് നല്ല മാതൃകയാണ്. കര്‍ത്താവ് പകല്‍ നേരത്ത് നടന്ന് നന്മ സുവിശേഷിച്ചും, രോഗികളെ സൗഖ്യം ആക്കിയും, രാത്രിയില്‍ തല ചായിക്കാന്‍ ഒരിടം ഇല്ലാതിരിക്കെ മലയില്‍ പോയി പ്രാര്‍ത്ഥനയില്‍ തനിയെ പിതാവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്‍ടുമിരുന്നു.

യേശുവിന്റെ പകല്‍നേരത്തെ ശുശ്രൂഷയുടെ വിജയം രാത്രിയിലെ ഈ വിധത്തിലുള്ള പ്രാര്‍ത്ഥന ആയിരുന്നു. അതുപോലെ തന്റെ പല ശുശ്രൂഷകളുടെയും ആരംഭത്തില്‍ ഉയരങ്ങളിലേക്ക് നോക്കി പിതാവിനോടു പ്രാര്‍ത്ഥിക്കുമായിരുന്നു.

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷിനു വൈറ്റ് ഹൗസില്‍ വച്ചു രാവിലെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കാനും, ഭാര്യക്കു (ലോറ ബുഷിനു) കാപ്പി ഒരുക്കി കൊടുക്കുവാനും സമയം ഉണ്‍ടായിരുന്നു. എന്നാല്‍ നമ്മിളില്‍ പലരെയും നോക്കിയാല്‍ ബുഷിനേക്കാളും തിരക്കുള്ളവരായിട്ടാണ് കാണുന്നത്. കൊറിയയിലെ പാസ്റ്റര്‍ യോംഗി ചോയ്ക്കു അര മണിക്കൂര്‍ പ്രസംഗിക്കണമെങ്കില്‍ അഞ്ചു മണിക്കൂര്‍ പ്രാര്‍ത്ഥന ആവശ്യമാണത്രേ. അതാണ് തന്റെ ശുശ്രൂഷയുടെ വിജയമെന്നു കേട്ടിട്ടുണ്‍ട്. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു ദൂരദര്‍ശിനി ഉപയോഗിച്ച് ശൂന്യാകാശത്തില്‍ അനേകായിരം മൈലുകള്‍ എനിക്ക് കാണുവാന്‍ കഴിയും, എന്നാല്‍ പ്രാര്‍ത്ഥനയിലൂടെ ഞാന്‍ സ്വര്‍ഗ്ഗീയ സിംഹാസനം വരെ എത്തിച്ചേരുന്നു.

ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ പ്രാര്‍ത്ഥനയല്ലാതെ വേറെ കുറുക്കുവഴികള്‍ ഒന്നുമില്ല. പ്രാര്‍ത്ഥന കൊണ്‍ടു സാധിക്കേണ്‍ട കാര്യങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടെ ചെയ്തു ഉള്ള ആത്മീകം കളഞ്ഞുകുളിക്കാന്‍ ആര്‍ക്കും ഇടയാകാതിരിക്കട്ടെ. ആവശ്യക്കാരനായ ഒരുവന്‍ ദൈവസന്നിധിയില്‍ സ്വന്തം മുട്ടുകള്‍ മടക്കി പ്രാര്‍ത്ഥിക്കുന്നതിനു പകരം തന്റെ വിഷയത്തിനു വേണ്‍ടി പ്രവാചകന്‍മാരെയോ, മറ്റാരെയെങ്കിലുമോ ഏല്‍പ്പിച്ചാല്‍ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടുകയില്ല. ഒരു എളിയ വിശ്വാസി മുട്ടിന്‍മേല്‍ നില്‍ക്കുന്നതു കാണുമ്പോള്‍ സാത്താന്റെ മുട്ടുകള്‍ വിറയ്ക്കും. എന്നു ഒരു ഭക്തന്‍ എഴുതിയിട്ടുണ്‍ട്. സ്വന്ത ബലഹീനതയെ സമ്മതിച്ചു പ്രാര്‍ത്ഥിക്കുന്നവനെ കര്‍ത്താവു തന്റെ ശക്തി നല്‍കി ബലപ്പെടുത്തും.

രാത്രിയുടെ യാമങ്ങളില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ വിശ്വാസികള്‍ക്കുവേണ്‍ടി പ്രാര്‍ത്ഥിക്കുന്ന ദൈവദാസന്‍മാരെയും, പ്രതികൂല കാലാവസ്ഥയില്‍ പ്രിയപ്പെട്ടവര്‍ ജോലിക്കുപോകുമ്പോള്‍ പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളേയും എനിക്കു നേരിട്ടറിയാം. 2008-ല്‍ ചിക്കാഗോയില്‍ തണുപ്പു വളരെ കൂടുതല്‍ ആയിരുന്നു. റോഡിലെല്ലാം മഞ്ഞുവീണതു കാരണം, വളരെപേര്‍ ആപത്തുകളില്‍പ്പെടുകയും, പലര്‍ മരണപ്പെടുകയും ചെയ്തു. ഈ പ്രതികൂല കാലാവസ്ഥയില്‍, ജോലിക്കു പോകാനും, ആപത്തു അനര്‍ത്ഥങ്ങള്‍ വരാതെയും, മൃത്യുവിനു ഇരയാക്കാതെയും ഇരുന്നതു ആരുടെയും ഡ്രൈവിംഗിലുള്ള പ്രാഗല്‍ഭ്യം കൊണ്‍ടോ, വില കൂടിയ വാഹനം ഓടിച്ചതു കൊണ്‍ടോ, സ്വന്തം കഴിവുകൊണ്‍ടോ, ആരോഗ്യം കൊണ്‍ടോ ഒന്നുമല്ലെന്നും, ദൈവമക്കള്‍ പരസ്പരം പ്രാര്‍ത്ഥിക്കുന്നതുകൊണ്‍ടാണെന്നു ചര്‍ച്ചില്‍ വച്ചു പലര്‍ സാക്ഷ്യം പറഞ്ഞതു ഞാന്‍ ശ്രദ്ധിക്കുകയുണ്‍ടായി. അതെ, നമുക്ക് എതിരായി വരുന്ന വാഹനങ്ങളെയും, സൈഡില്‍ കൂടെ പോകുന്നവയെയും നിയന്ത്രിക്കുവാന്‍ കഴിവുള്ള-നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ദൈവം നമ്മോടു കൂടെയുള്ളതു കൊണ്‍ടു ഭയപ്പെടേണ്‍ട ആവശ്യമില്ല. അവിടുന്ന് ഏതു പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കിത്തരുവാന്‍ ശക്തനാണ്.

യിസ്രയേല്‍ ജനങ്ങളുടെ നേരെ ഭീഷണി മുഴക്കി നിന്ന ഗോല്യാത്ത് എന്ന ഫിലസ്ത്യ മല്ലനെ കേവലം ഒരു കല്ലുകൊണ്‍ട് വീഴ്ത്തി യിസ്രയേല്‍ ജനത്തിനു വന്‍ വിജയം നേടിക്കൊടുത്ത യോദ്ധാവായിരുന്നു ദാവീദ്. അപ്പന്റെ ആടുകളെ മേയിച്ചുകൊണ്‍ട് നില്‍ക്കുമ്പോള്‍ കരടിയേയും, സിംഹത്തെയും കൊന്നു ആടുകളെ രക്ഷിച്ച പാരമ്പര്യം ശൗലിന്റെ മുമ്പില്‍ പറഞ്ഞവനാണ് ദാവീദ്, ഇത്രയധികം വീരകൃതങ്ങള്‍ ചെയ്തിട്ടുള്ളവനും, മഹാധനികനും, യിസ്രയേലിന്റെ രണ്‍ടാമത്തെ രാജാവുമായിരുന്ന ദാവീദ് ദൈവത്തോട്

എങ്ങനെയാണ് പ്രാര്‍ത്ഥിച്ചതെന്നു 86-ാം സങ്കീര്‍ത്തനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്‍ട്. ഒരു ദൈവ ഭക്തന്റെ മാതൃകാപരമായ പ്രാര്‍ത്ഥന: 1-ാം വാക്യം \'ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.\' ദൈവസന്നിധിയില്‍ തനിക്ക് എത്രമാത്രം എളിമപ്പെടുവാന്‍ സാധിക്കുമോ അതിന്റെ പരമാവധിവരെ എളിമപ്പെടുകയും, തന്റെ ഒന്നുമില്ലായ്മയെ ദൈവസന്നിധിയില്‍ സമ്മതിക്കുകയും ചെയ്യുന്നു. അഹങ്കാരവും, നിഗളഭാവവും ലവലേശവും ഇല്ലാത്ത ഒരു പ്രാര്‍ത്ഥന. നാം ആരോടാണ് പ്രാര്‍ത്ഥിക്കുന്നതെന്നും, ആ ദൈവത്തിന്റെ മുമ്പില്‍ നില്‍ക്കുവാന്‍ നമുക്കുള്ള യോഗ്യത എത്രമാത്രമാണെന്നും വ്യക്തമായി അറിഞ്ഞിരിക്കണം.

3-ാം വാക്യം. \'ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു\'. നമ്മുടെ ദൈവം കണ്ണുനീരിനെ മറികടക്കുന്ന ദൈവമല്ല; കണ്ണീര്‍ തൂകുമ്പോള്‍ അവിടുന്നു മനസ്സലിയുന്നു. ഒരു ദൈവ പൈതലിന്റെ കണ്ണൂനീരോടും ഉറച്ച നിലവിളിയോടും കൂടെയുള്ള പ്രാര്‍ത്ഥന ദൈവത്തിന്റെ സാന്നിധ്യത്തെ വിളിച്ചു വരുത്തുവാന്‍ സാധിക്കും.

11-ാം വാക്യം. \'എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ\' എന്നു ദാവീദു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ മനസ്സു പതറാതെയും, വേറെ കാര്യങ്ങള്‍ ചിന്തിച്ചു ഏകാഗ്രത നഷ്ടപ്പെടാതെയും ഇരിക്കേണ്‍ടത് വളരെ അന്ത്യന്താപേക്ഷിതമാണ്. കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതു ഒരു പരിധിവരെ നമ്മുടെ ഏകാഗ്രത നഷ്ടപ്പെടാതെ സൂക്ഷിക്കുവാന്‍ സാധിക്കും.

17-ാം വാക്യം. \'എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നല്ലോ.\' ദൈവം തന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനും, തന്നെ ആശ്വസിപ്പിക്കുന്നവനുമാണെന്നുള്ള ഉറച്ച വിശ്വാസം ദാവീദിനു ഉണ്‍ടായിരുന്നു. ദാവീദിനെപ്പോലെ എത്രയോ ആയിരങ്ങള്‍ അന്നും, ഇന്നും ദൈവസന്നിധിയില്‍ നിന്നും ആശ്വാസം കണ്‍ടെത്തുന്നു.

ലൂക്കോസ് 18: 1-ല്‍ യേശുനാഥന്‍, \'മടുത്തുപോകാതെ പ്രാര്‍ത്ഥിക്കണം\' എന്നു പറഞ്ഞിട്ടുണ്‍ട്. പല സന്ദര്‍ഭങ്ങളിലും നാം പ്രാര്‍ത്ഥിച്ചിട്ടു പ്രതീക്ഷിക്കുന്ന സമയത്തു മറുപടി കിട്ടാതെ വന്നാല്‍ മടുത്തു പോകാറുണ്‍ട്. ഒരുവന്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്ന വിഷയങ്ങള്‍ക്കെല്ലാം ഉടനെ മറുപടി കിട്ടിയെന്നു വരികയില്ല. എല്ലാറ്റിനും ദൈവത്തിന് ഒരു സമയമുണ്‍ട്, ആ സമയത്തേ മറുപടി ലഭിക്കുകയുള്ളൂ. തല്‍ക്കാലം, നമുക്ക് നഷ്ടമായി തോന്നുന്നവയേയും, പിന്നത്തേതില്‍ അനുഗ്രഹമായി മാറ്റുവാന്‍ ദൈവത്തിനു കഴിയും.

ഒരു ദൈവപൈതല്‍ ദൈവസന്നിധിയില്‍ തന്നെത്താന്‍ താഴ്ത്തി, ഉപവാസത്തോടും, കണ്ണൂനീരോടും, ഏകാഗ്രതയോടും, ഉറച്ച തീരുമാനത്തോടും, വിശ്വാസത്തോടും കൂടെ പ്രാര്‍ത്ഥിച്ചാല്‍ ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമെന്നുള്ളതു തീര്‍ച്ചയാണ്. പ്രാര്‍ത്ഥനയില്ലാത്ത ജീവിതം വെറും ശൂന്യമാണെന്നു മനസ്സിലാക്കി അനുദിന ജീവിതം പ്രാര്‍ത്ഥനയാല്‍ ആരംഭിക്കാം. ആകയാല്‍, പ്രിയ ദൈമക്കളെ നമുക്കുള്ള അനുഗ്രഹങ്ങള്‍ ദൈവം സൂക്ഷിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെ അകലത്തിലാണെന്നും അതു ദിനന്തോറും കൈ നീട്ടി വാങ്ങേണ്‍ടുന്നത് ഓരോ ദൈവപൈതലിന്റെയും കര്‍ത്തവ്യമാണെന്നും മനസ്സിലാക്കി പ്രാര്‍ത്ഥനയില്‍ നമുക്ക് മുന്നേ റാം.

Responses