കാതില്‍ മുഴങ്ങുന്ന ശബ്ദം

\"\"
യഹോവയുടെ വചനവും ദര്‍ശനവും ഏറെ ഇല്ലാതിരുന്ന ന്യായാധിപന്‍മാരുടെ കാലം. കണ്ണൂമങ്ങി തുടങ്ങിയ ഏലി പുരോഹിതന്‍ തന്റെ സ്ഥലത്ത് കിടന്നുറങ്ങി. സമാഗമന കൂടാരത്തില്‍ സാക്ഷ്യത്തിനു മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് വിളക്ക് അപ്പോഴും കത്തികൊണ്‍ടിരുന്നു. നേരം പുലരാന്‍ സമയമേറെയുണ്‍ട്. വൈകുന്നേരം മുതല്‍ പ്രഭാതം വരെ വിളക്ക് നിരന്തരം കത്തി നില്‍ക്കാന്‍ ഇസ്രയേല്‍ മക്കള്‍ ഇടിച്ചെടുത്ത ഒലിവെണ്ണ കൊടുക്കുന്ന പതിവ് നിര്‍ത്തിയിട്ടില്ല. ഏലിയുടെ നിര്‍ദ്ദേശാനുസരണം ശമുവേല്‍ രാത്രിയില്‍ ആ വിളക്കില്‍ എണ്ണ പകര്‍ന്ന് അത് കെടാതെ സൂക്ഷിക്കുന്ന ശുശ്രൂഷ ചെയ്യുന്നു. അഹരോനെപ്പോലെ ഏലിയ്ക്കും ആ കര്‍മ്മം നിര്‍വ്വഹിക്കിക്കാന്‍ മക്കളില്ലാഞ്ഞിട്ടല്ല. എന്നാല്‍ അവര്‍ നീചന്‍മാരും യഹോവയെ ഓര്‍ക്കാത്തവരും ആയിരുന്നു. ദുര്‍ന്നടപ്പുകാരായ അവന്റെ മക്കള്‍ യഹോവയുടെ വഴിപാട് നിന്ദിച്ചതിനാല്‍ അവര്‍ക്കെതിരെയുള്ള വിധി യഹോവയുടെ സന്നിധിയില്‍ നിന്നും പുറപ്പെട്ടിരുന്നു. ശമുവേല്‍ ബാലനെ ആ ശുശ്രൂഷ ഏല്‍പ്പിക്കുമ്പോള്‍ ആ വൃദ്ധന്റെ ഹൃദയം തന്റെ മക്കളെ ചൊല്ലി വ്യസനിക്കുന്നുണ്‍ടായിരുന്നു.

അമ്മ തുന്നിയ പഞ്ഞി നൂല്‍ക്കൊണ്‍ടുള്ള ഉടുപ്പ് ധരിച്ച് ഏലിയുടെ മുമ്പാകെ യഹോവയ്ക്ക് ശുശ്രൂഷ ചെയ്ത ശമുവേല്‍ ബാലന്റെ സമര്‍പ്പണവും, അനുസരണവും, ചുമതല ബോധവുമൊക്കെ അതിശ്രേഷ് മാണ്. ആലയത്തിലെ അവന്റെ ശുശ്രൂഷ വിശ്വസ്തതയുടെ പര്യായമാണ്. രാവുമുഴുവന്‍ ഉണര്‍ന്നിരുന്ന് ആലയത്തിലെ വിളക്കിന് എണ്ണ പകര്‍ന്ന് കെടാതെ സൂക്ഷിയ്ക്കാന്‍ മുകളില്‍ പറഞ്ഞ യോഗ്യതകളൊക്കെ ആവശ്യമാ ണ്. 

അന്നൊരു രാത്രിയില്‍ പതിവിന് വിപരീതമായ യഹോവയുടെ മന്ദിരത്തില്‍ വിളക്ക് കെടുന്നതിനു മുമ്പ് അവന്‍ മയക്കത്തിലായി. എന്നാല്‍ ആ മയക്കം ശമുവേല്‍ ബാലന് പ്രവാചക ശുശ്രൂഷയ്ക്കുള്ള വിളി കേള്‍ക്കാനുള്ള ദൈവീക പദ്ധതിയായിരുന്നു. ആലയത്തില്‍ പുരോഹിതനോടു കൂടെ പാര്‍ത്തെങ്കിലും, അവിടെ യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തു പോന്നിട്ടും ശമുവേല്‍ ബാലന് ദൈവവിളി തിരിച്ചറിയാനാവാതിരുന്നത് നിലവിലുള്ള ആത്മീയ വ്യവസ്ഥിതിയുടെ പാപ്പരത്തം മറ നീക്കി കാണിക്കുന്നു. ഉറക്കത്തിലാരോ വിളിച്ചതു കേട്ട് ഏലിയെ സമീപിക്കുന്ന ശമുവേലിന്റെ കര്‍ത്തവ്യബോധവും യജമാന ഭക്തിയും ശ്ലാഘനീയമാണ്. എന്തായാലും യഹോവ ശമുവേലിനെ മൂന്നു വട്ടം പേരു വിളിച്ച് ഉണര്‍ത്തിയപ്പോഴും യജമാനനെ സേവിക്കാനായി അവന്‍ ഏലിയുടെ അരികെ ഓടിയെത്തുമ്പോഴാണ് ഏലിക്ക് കാര്യത്തിന്റെ പൊരുള്‍ പിടി കിട്ടുന്നത്. യഹോവ ശമുവേലിനെ വിളിയ്ക്കുന്നുവെന്ന് വൈകിയെങ്കിലും മനസ്സിലാക്കിയ ഏലി വീണ്‍ടും തന്റെ സ്ഥത്ത് കിടന്നുറങ്ങി. എന്നാല്‍ അന്നത്തെ പ്രഭാതത്തില്‍ ആലയത്തിലെ വിളയ്ക്കണക്കുമ്പോള്‍ ശമുവേലെന്ന ദൈവത്തിന്റെ പ്രവാചകന്‍ ഉദിച്ചത് ഏലി തിരിച്ചറിഞ്ഞു. രാവിലെ അയാള്‍ യഹോവയുടെ അരുളപ്പാടറിയാന്‍ ശമുവേലിനെ സമീപിച്ചു. കേള്‍ക്കുന്നവന്റെ കാതു മുഴങ്ങുന്ന ന്യായവിധിയുടെ ദൂത് പറയാന്‍ ആദ്യം ശങ്കിച്ചെങ്കിലും ഒന്നും മറച്ചുവയ്ക്കാതെ ശമുവേല്‍ സകലവും ഏലിയോടറിയിച്ചുകൊണ്‍ട് ആ ബാലന്‍ തന്റെ ചരിത്ര നിയോഗത്തിലേക്ക് കാലെടുത്തു വച്ചു.

അഖിലാണ്‍ഡത്തിന്റെ ഉടയവന്‍ ശമുവേലെന്ന ഒരു കൊച്ചു പയ്യന്റെ സമീപത്ത് ദൂതറിയിക്കാന്‍ കടന്നു വരുന്ന ചിത്രം എപ്പോഴെങ്കിലും മനസ്സില്‍ തെളിഞ്ഞിട്ടുണ്‍ടോ? പുറകോട്ടു ചിന്തിച്ചു നോക്കിയാല്‍ ഈ ദൈവം എത്രയോ പ്രാവശ്യം നമ്മുടെ അടുത്തും വന്നു സംസാരിച്ചിട്ടില്ലേ? ദൈവത്തിന്റെ ശബ്ദത്തോട് ശമുവേല്‍ ബാലനെപ്പോലെ പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്‍ട് നമ്മെക്കുറിച്ചുള്ള ദൈവ നിയോഗം നമ്മള്‍ അവഗണിക്കുകയായിരുന്നു. ഏലിയെപ്പോലെ കണ്ണുമങ്ങി ഒടുവില്‍ ദൈവിക ന്യായവിധിയുടെ വിളമ്പരം മുഴങ്ങുന്നതിനു മുമ്പെ അവന്റെ ശബ്ദം കേള്‍ക്കുവാനായി കാതും മനസ്സും തുറന്നിട്ടിരിക്കാന്‍ നമുക്ക് കഴിയട്ടെ. നാമെത്ര നിസ്സാരരെന്ന് കരുതിയാലും ദൈവത്തിന് നമ്മോടു സംസാരിക്കുവാനുണ്‍ട്. ദൈവം വിളിക്കുമ്പോള്‍ യഹോവേ, അരുളിച്ചെയ്യെണമെ എന്നു ശമുവേല്‍ ബാലനെപ്പോലെ പറഞ്ഞാല്‍ മതി. ദൈവം ഏറ്റവുമധികം നമ്മോട് സംസാരിക്കുന്നത് തന്റെ വചനത്തിലൂടെയാണ്. അതുകൊണ്‍ടുതന്നെ തിരുവചന ധ്യാനത്തിനുള്ള അവസരങ്ങളെ മുടക്കുവാന്‍ പിശാച് പ്രത്യേകം ശ്രദ്ധിക്കുന്നു. ഉത്സാഹത്തോടെ ഹൃദയം തുറന്ന് ദാഹത്തോട് തിരുവചനത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുമ്പോഴൊക്കെ ദൈവശബ്ദം നാം കേട്ടുകൊണ്‍ടിരിക്കും. ആ ശബ്ദത്തോടുള്ള നമ്മുടെ പ്രതികരണം ഒന്നുകില്‍ നമ്മെ ശമുവേലോ അല്ലെങ്കില്‍ ദര്‍ശനം മങ്ങിയ ഏലിയോ ആക്കി മാ റ്റും.

മനഃസ്സാക്ഷിയുടെ ന്യായാസനത്തിലിരുന്ന് ദൈവം എത്രയോ പ്രാവശ്യം നമ്മോട് സംസാരിച്ചിട്ടുണ്‍ട്. ജീവിതത്തിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ മുമ്പില്‍ എങ്ങോട്ടെന്നറിയാതെ നാം പകച്ചു നില്‍ക്കുമ്പോള്‍ വഴി ഇതാകുന്നു ഇതിലെ പൊയ്‌ക്കൊള്‍ക എന്ന ഇമ്പ സ്വരം എത്രയൊ പ്രാവശ്യം കേട്ടവരാണ് നാം. ആ ഇമ്പ സ്വരം കേട്ടിട്ടും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ. അപ്പോഴും അരുത്, അങ്ങനെ ചെയ്യരുത്, അതിലെ പോകരുത് എന്നു വിളിച്ചു പറയുന്ന നല്ല ഇടയന്റെ ശബ്ദത്തിന് അനുസരണം കാണിക്കേണ്‍ട ആടുകളാണ് നമ്മള്‍. യേശുവിന്റെ ആടുകള്‍ അവന്റെ ശബ്ദം കേട്ട് അവനെ അനുഗമിക്കും. 

തിരുവചനത്തോടും, മനസ്സാക്ഷിയോടും ചെകിടടച്ചു നിന്നാലും മുഖാമുഖമായി സംസാരിക്കാന്‍ ദൈവം തന്റെ ഭൃത്യന്‍മാരെ ഉപയോഗിക്കാറുണ്‍ട്. ദൈവസാന്നിധ്യം നഷ്ടപ്പെട്ട് കണ്ണും കാതും ഹൃദയവും കൊട്ടിയടച്ച ദാവീദിന്റെ അടുത്തേക്ക് നാഥാന്‍ പ്രവാചകന്‍ കയറിച്ചെല്ലുന്ന രംഗം നിങ്ങളുട ഓര്‍മ്മയിലില്ലേ? ആ മനുഷ്യന്‍ നീ തന്നെയെന്ന ശബ്ദം കേട്ട് മാനസ്സാന്തരപ്പെടുന്ന ദാവീദിനെയാണ് 51-ാം സങ്കീര്‍ത്തനത്തില്‍ നാം കാണുന്നത്. പോയകാലങ്ങളില്‍ ദൈവദാസന്‍മാരില്‍ നിന്നും കേട്ടിട്ടുള്ള ദൂതുകള്‍ നമ്മുടെയും ജീവിതത്തിന്റെ സങ്കീര്‍ത്തനമായി മാറിയെങ്കില്‍! ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച അനിന്ദ്യനായിരുന്ന പൗലോസിനെ ക്രിസ്തുശിഷ്യനാക്കാന്‍ അനന്യാസിലൂടെ സംസാരിച്ചതും ദൈവമായിരുന്നല്ലോ. പ്രപഞ്ചത്തിന്റെ നാഥന്‍ പുഴുക്കളായ മനുഷ്യരോട് സംസാരിക്കുന്നതിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. എന്നാല്‍ അന്യരില്‍ നിന്ന് കേള്‍ക്കുന്ന ആലോചനകളെ വിവേചിച്ചറിയാനുള്ള പരിജ്ഞാനം കൂടെ ദൈവമക്കള്‍ക്കുണ്‍ടായിരിക്കേണം. ഏദന്‍ പറുദീസയില്‍ ഒരുമിച്ച് കഴിഞ്ഞിട്ടും പാമ്പ് മറ്റു കാട്ടുജന്തുക്കളെക്കാള്‍ കൗശലക്കാരനായിരുന്നുവെന്നറിയാന്‍ ഹവ്വയ്ക്ക് കഴിയാതെ പോയി. എന്നാല്‍ കഴുതയില്‍ കൂടെയും ദൈവം തന്റെ ശബ്ദം കേള്‍പ്പിക്കുമെന്നതിനാല്‍ മുന്‍വിധി കൂടാതെ ദൈവസന്നിധിയോട് സമീപിക്കുവാന്‍ നാം തയ്യാറാവണം. കേള്‍ക്കുന്നതൊക്കെ ദൈവശബ്ദമാണോയെന്നറിയാനുള്ള ഏക അളവുകോല്‍ ദൈവവചനമാണ്. ദൈവവചനത്തോടും ദൈവ സ്വഭാവത്തോടും പൊരുത്തപ്പെടാത്തതൊന്നും ദൈവത്തില്‍ നിന്നുള്ളവയല്ലെന്ന് തിരിച്ചറി യണം.

ജീവിതത്തിലെടുക്കുന്ന ഓരോ തെരഞ്ഞെടുപ്പിനും പിന്നില്‍ ദൈവഹിതം തിരിച്ചറിയാനുള്ള ചുമതല ദൈവമക്കള്‍ക്കുണ്‍ട്. ജോലിയാകട്ടെ, ദാമ്പത്യ ബന്ധമാകട്ടെ, കൂട്ടായ്മയാകട്ടെ, ശുശ്രൂഷയ്ക്കുള്ള വിളിയാകട്ടെ അതിനു പിറകില്‍ ദൈവ ശബ്ദം കേട്ടിരിക്കണം. യഥാസ്ഥാനപ്പെടുവാനോ, മാനസ്സാന്തരപ്പെടുവാനോ ദൈവം നിങ്ങളോടോ പറഞ്ഞെന്നിരിക്കാം. നാശത്തിലേക്ക് പോകുന്നതുകണ്‍ട് നില്‍ക്കൂ എന്ന് അവന്‍ പറഞ്ഞെന്നിരിക്കാം. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി പോയി മരിക്കൂയെന്ന് ഓമനക്കുമാരനോട് പറഞ്ഞ സ്വര്‍ഗ്ഗീയ പിതാവ് ക ിനമെന്ന് തോന്നുന്ന കാര്യങ്ങളും നമ്മോട് പറഞ്ഞേക്കാം. അവിടെയെല്ലാം പിതാവിന്റെ ഇഷ്ടത്തിന് ഏല്‍പ്പിച്ചു കൊടുക്കുന്നവരിലാണ് അവന് പ്രസാദമുള്ളത്. അവന്റെ ശബ്ദം കേട്ട് അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്‍മാരുടെ കൂട്ടത്തില്‍ അങ്ങനെയുള്ളവര്‍ എണ്ണപ്പെടും. നിനവേയ്ക്കു പോകുവാന്‍ ആവശ്യപ്പെടുമ്പോള്‍ സുഖ സൗകര്യങ്ങള്‍ നോക്കി തര്‍ശ്ശിലേക്കുള്ള ടിക്കറ്റെടുക്കാന്‍ നമുക്കിട വരരുത്. വിളക്കിലെണ്ണ പകര്‍ന്ന് കാത്തിരുന്ന കന്യകമാരെപ്പോലെ, ഉറങ്ങുന്നതിനു മുമ്പെ ആലയത്തിലെ വിളക്കു കത്തുന്നുണ്‍ടെന്ന് ഉറപ്പ് വരുത്തിയ ശമുവേല്‍ ബാലനെപ്പോലെ ഇനിയും വിളി കേട്ടാല്‍ യഹോവ അരുളി ചെയ്യേണമെ എന്നു പറയാനുള്ള ഒരുക്കത്തോടെ കാതു കൂര്‍പ്പിച്ച് കിടക്കാം. അല്ലാഞ്ഞാല്‍ മണവാളന്‍ കള്ളനെപ്പോലെ വരും, കാഹളം മുഴക്കിക്കൊണ്‍ടു വരും, ഒരു പക്ഷെ നാം ആ ശബ്ദം കേട്ടില്ലെങ്കിലോ? അഥവാ കേട്ടെങ്കില്‍ തന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ?!!.

Responses