വിരുതനെയല്ല വിശുദ്ധനെയാണാവശ്യം

\"\"
ദൈവദാസനായ ദാവീദ് രാജ്യഭാരമേറ്റശേഷം ചെയ്തത് ദൈവത്തിന്റെ പെട്ടകം വീണ്‍ടെടുക്കുക എന്ന ദൗത്യമായിരുന്നു (1 ദിന. 17). ശൗലിന്റെ കാലത്ത് അതിനെ ഗണ്യമാക്കിയിരുന്നില്ല. ശൗലിനെ യോഗ്യത നോക്കാതെ ദൈവം യിസ്രയേലിന്റെ രാജാവാക്കി ഉയര്‍ത്തി. നമ്മൂടെ അയോഗ്യത കണക്കിടാതെ അവന്‍ നമ്മെയും ഉദ്ധരിച്ചില്ലേ? എന്നാല്‍ മാന്യത കിട്ടിയപ്പോള്‍ ഉയര്‍ച്ച ലഭിച്ചപ്പോള്‍ നമ്മില്‍ പലരും ശൗലിനെപ്പോലെ കര്‍ത്താവിന്റെ കാര്യം നോക്കുവാന്‍ മറന്നുപോയി എന്നതല്ലേ സത്യം. 

രാജസ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞത് “ ഞാന്‍ യിസ്രയേല്‍ ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യമിന്‍ ഗോത്രത്തില്‍ ഉള്ളവനും, എന്റെ കുടുംബം ബന്യാമിന്‍ ഗോത്രത്തിലെ സകല കുടുംബങ്ങളിലും വച്ച് ഏറ്റവും ചെറിയതും ആയിരിക്കെ നീ എന്നോട് പറയുന്നതെന്ത്? യിസ്രയേലിലെ എല്ലാ യുവാക്കന്മാരിലും തോള്‍ മുതല്‍ പൊക്കമേറിയവനും, കോമളനും ആയിരുന്നിട്ടും അവന്‍ പറയുന്നത് ഞാന്‍ യിസ്രയേലില്‍ ഏറ്റവും ചെറിയ ഗോത്രത്തിലെ ഏറ്റവും ചെറിയ കുടുംബത്തിലെ ഏറ്റവും ചെറിയവന്‍“ എന്നാണ്. ആ താഴ്മയും വിനയവുമൊക്കെ അനുകരണീയം ത ന്നെ. 

എന്നാല്‍ താഴ്മയും വിനയവും ഒന്നും അധികകാലം നീണ്‍ടു നില്‍ക്കുന്നില്ല. നമ്മില്‍ പലരെയും പോലെ പച്ചപിടിച്ചപ്പോള്‍ അവന്റെ മട്ട് മാറി. രാജത്വം പ്രിപിച്ചു കഴിഞ്ഞപ്പോള്‍, അധികാരമത്തുപിടിച്ച ശൗല്‍ ദൈവത്തിന്റെ പെട്ടകത്തെ ഗണ്യമാക്കാതെ ദൈവാലോചന കൂട്ടാക്കാതെ അവന്റെ ഇഷ്ടംപോലെ ഭരണം നിയന്ത്രിച്ചു. ശത്രു നിഗ്രഹത്തെക്കാള്‍ അവന്‍ പ്രാധാന്യം നല്‍കിയത് അവന്റെ സിംഹാസനത്തിനു ഭീഷണിയാകുന്നവനെ തിരഞ്ഞ് നശിപ്പിക്കുക എന്നതിനായിരുന്നു. ദൈവീകാലോചന ഗ്രഹിക്കാതെ തന്നിഷ്ടംപോലെ ഭരണം ആരംഭിച്ചവന്‍ അധികകാലം വാണില്ല. രണ്‍ടു വര്‍ഷം മാത്രം അവന്‍ ഭരിച്ചു. പിന്നെയും കുറച്ചുനാള്‍ കൂടി അവന്‍ സിംഹാസനത്തില്‍ ഇരുന്നു കാണും. പക്ഷേ ദൈവം അവന്റെ വാഴ്ചയ്ക്ക് അറുതിവരുത്തി.

പണ്‍ട് ഇല്ലായ്മയുടെ വേളകളില്‍ എന്നും ഉപവാസവും പാട്ടും പ്രാര്‍ത്ഥനയുമായിരുന്നു. അന്ന് സന്ധ്യാപ്രാര്‍ത്ഥന കഴിയാതെ അത്താഴം കഴിക്കില്ലായിരുന്നു. ഒറ്റ മുറിയില്‍ തഴപ്പായ വിരിച്ച് നിരനിരയായി കിടക്കുന്ന തന്റെ കുഞ്ഞുങ്ങളെ വിളിച്ചുണര്‍ത്തി അതിരാവിലെ തിരുസന്നിധി പാടി പ്രാര്‍ത്ഥിക്കാതുരുക്കില്ലായിരുന്നു. എന്നാല്‍ ഇന്നോ? ഇന്ന് മക്കള്‍ക്കെല്ലാം പ്രത്യേക മുറിയായി, കാറും എസ്റ്റേറ്റുമായി. എന്നാല്‍ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും സമയം ടി.വിയും ഡിവിഡിപ്ലെയറും കയ്യടക്കി. നന്നേ താമസിച്ച് കിടക്കുവാന്‍ പോകയും അതികാലത്തേ എഴുന്നേറ്റ് ലോകത്തിലേക്ക് ഓടുകയും ചെയ്യുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ എവിടെ നേരം. പരിഭവിക്കരുതേ, നിങ്ങളും ശൗലിന്റെ പാതയില്‍ തന്നെയാണ്.

എന്നാല്‍ ദൈവദാസനായ ദാവീദ് ഇതില്‍ നിന്നും വ്യത്യസ്തനായിരുന്നു. സിംഹസനത്തില്‍ എത്തിയപ്പോള്‍ അവന്‍ ആദ്യം ചെയ്തത് യഹോവയുടെ പെട്ടകം എവിടെ എന്ന് അന്വേഷിക്കുകയായിരുന്നു. മറ്റ് ഭരണപരിഷ്‌കാരങ്ങളെക്കാള്‍ അവന്റെ പ്രഥമ ദൗത്യം ആരാധന യഥാസ്ഥാനത്താക്കുക എന്നതായിരുന്നു. തനിക്കൊരു വീടും പണിയും മുമ്പ് യഹോവയ്ക്ക് ഒരു ആലയം പണിയുവാന്‍ അവന്‍ ആഗ്രഹിച്ചു. തിരുമാനം നല്ലതായിരുന്നു, ലക്ഷ്യം ശ്രേഷ് മായിരുന്നു. പക്ഷേ ദാവീദിന്റെ മാര്‍ഗ്ഗം തെറ്റിപ്പോയി. എവിടെയും എല്ലായ്‌പ്പോഴും അതാണല്ലോ തെറ്റുന്നത്. ലക്ഷ്യം പോലെ മാര്‍ഗ്ഗവും നന്നാകണം. ഏതു മാര്‍ഗ്ഗത്തിലൂടെയും കസേരപിടിക്കുക, എങ്ങനെയാണ് അത് നിലനിര്‍ത്തുക എന്നാണ് പലരുടെയും ആകുലചിന്ത. ഇതൊരു ദൈവമനുഷ്യനു ചേര്‍ന്നതല്ല. ദൈവത്തിന്റെ പ്രവൃത്തി ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചെയ്യുന്നതാണ് ശ്രേഷ് ം. 

ദാവീദ് ദൈവത്തിന്റെ പെട്ടകം കൊണ്‍ടുവരേണ്‍ടത് എങ്ങനെയെന്ന് ദൈവത്തോട് ആലോചന ചോദിക്കാതെ സഹസ്രാധിപന്‍മാരും ശതാധിപതന്‍മാരോടും സകല നായകന്‍മാരോടും ആലോചന ചോദിച്ചു. അവരുടെ ബൂദ്ധിയിലെടുത്ത ആശയം പ്രവര്‍ത്തികമാക്കി. കുറെ വിരുതന്‍മാരെ അയച്ച കാളയെ കെട്ടിയ ഒരു പുതിയ വണ്‍ടിയില്‍ പെട്ടകം കൊണ്‍ടുവന്നു. എന്നാല്‍ കാള വിരണ്‍ടു പെട്ടകം താഴെ വീഴാന്‍ തുടങ്ങി. ഉസാ കയറിപിടിച്ചു. ദൈവം അവനു ഛേദം വരുത്തി. ഉസയും അഹ്യോവും ആയിരുന്നു ഡ്രൈവിംഗ് സീറ്റില്‍. അവര്‍ മിടുക്കരായിരുന്നുവെങ്കിലും വിശുദ്ധരല്ലായിരുന്നു. ഇന്നത്തെ പല കുഴപ്പത്തിനും കാരണം വിശുദ്ധന്‍മാരെ മാറ്റി മിടുക്കന്‍മാരെ രംഗത്തു കൊണ്‍ടുവരുവാന്‍ ശ്രമിക്കുന്നതാണ്. ദൈവസഭയെ നടത്തേണ്‍ടത് മിടുക്കരല്ല, വിശുദ്ധരാണ്. ഭക്തനെ വേണ്‍ട, മിടുക്കനെ മതി. ആത്മീയനെ വേണ്‍ട ബുദ്ധിമാനെ മതി. ഈ കാര്യങ്ങെല്ലാം സകല ജനത്തിനും ബോധിച്ചതുകൊണ്‍ട് അങ്ങനെ തന്നെ ചെയ്യണമെന്ന് സര്‍വ്വസഭയോടും പറഞ്ഞു (1 ദിന. 13: 4). 

ഭൂരിപക്ഷത്തിന്റെ അംഗീകാരമുള്ളതുകൊണ്‍ട് നാം എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ല. ഒരു ദൈവഭക്തന്‍ ലോകാഭിപ്രായത്തേക്കാള്‍ ദൈവാഭിപ്രായം ആരായണം. ബുദ്ധിയില്‍ ആശ്രയിക്കുന്നതിനെക്കാള്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കണം. അടുത്ത അദ്ധ്യായത്തില്‍ ദാവീദ് അങ്ങനെ ചെയ്തപ്പോള്‍ കുഴപ്പം കൂടാതെ പെട്ടകം ലക്ഷ്യസ്ഥാനത്ത് എത്തിയതായി കാണുന്നു. ദൈവം ഏല്‍പ്പിച്ചിരിക്കുന്ന കുടുംബവും സഭയും സംഘടനയും കുഴപ്പം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തണമോ? എത്തിക്കണമോ? സ്വന്തവിവേകത്തില്‍ ഊന്നാതെ ദൈവീകാലോചനയ്ക്ക് വിധേയപ്പെടുക.

Responses