പ്രപഞ്ചം ശൂന്യതയില്‍നിന്ന് രൂപപ്പെട്ടതെന്ന് ശാസ്ത്രം

ലണ്ടന്‍: പ്രപഞ്ചവും അതിലുള്ള സര്‍വവും സൃഷ്ടിച്ചത് ദൈവം അല്ലെന്ന വാദങ്ങള്‍ "ദി ഗ്രാന്‍ഡ് ഡിസൈന്‍" എന്ന പുതിയ പുസ്തകത്തിലൂടെ ഉന്നയിച്ചിരിക്കുന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന് മറുപടിയുമായി ദൈവവിശ്വാസികളായ ശാസ്ത്രജ്ഞരും മറ്റ് വേദശാസ്ത്രപണ്ഡിതരും രംഗത്ത് . ആദിമുതല്‍തന്നെ ഗൂരുത്വാകര്‍ഷണ ബലം നിലനില്ക്കുന്നണ്‌ടെന്നും, ആ ഗുരത്വാകര്‍ഷണബലത്താല്‍ ശൂന്യതയില്‍ നിന്ന് ഞൊടിയിടയില്‍ സ്വയമായി ഉണ്ടായതാണ് പ്രപഞ്ചവും അതിലെ ഘടകങ്ങളുമെന്നാണ് പ്രപഞ്ചോത്പത്തിയുടെ കാരണമായി ദി ഗ്രാന്‍ഡ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ ഹോക്കിംഗ്‌സ് നല്കിയിരിക്കുന്ന വിശദീകരണം. 

ശൂന്യതയില്‍ നിന്ന് ഞൊടിയിടകൊണ്ടാണ് പ്രപഞ്ചം രൂപീകൃതമായെന്ന് ഹോക്കിംഗ്‌സ് തന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതിലൂടെ വേദപുസ്തകത്തിലെ പ്രപഞ്ചോത്പത്തിയുമായി ബന്ധപ്പെട്ട് എഴുതിയിരിക്കുന്ന ചില അടിസ്ഥാനകാര്യങ്ങളിലേക്ക് അവസാനം ശാസ്ത്രവും ചെന്നെത്തിയിരിക്കുന്നുവെന്നായിരുന്നു ഈ പുസ്തകത്തെക്കുറിച്ച് പല വേദശാസ്ത്രപണ്ഡിതരുടേയും പ്രതികരണം. ശൂന്യതയില്‍ നിന്ന് ഞൊടിയിടയില്‍ പ്രപഞ്ചം ഉളവായെന്ന ഹോക്കിംഗ്‌സിന്റെ കണ്‍ടെത്തല്‍ ഒരു തുടക്കം മാത്രമാണെന്നും ഇത് എപ്രകാരമായിരുന്നുവെന്ന് കണ്‌ടെത്തുന്നതോടെ ദൈവമുണ്‌ടെന്ന പരമസത്യം അദേഹത്തിനും ശാസ്ത്രത്തിനും അംഗീകരിക്കേണ്ടതായി വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രപഞ്ചവും അതിലുള്ളതെല്ലാം സൃഷ്ടിച്ചതും അനുദിനം നടത്തുന്നതും (ഹെബ്രായര്‍ 1:3) ദൈവമാണെന്നും, ജീവജാലങ്ങള്‍ക്ക് വസിക്കേണ്ടതിനായി പ്രത്യേകസാഹചര്യങ്ങളോടെ സൃഷ്ടിക്കപ്പെട്ടതാണ് ഭൂമിയെന്നുമുള്ള ലോകപ്രശ്‌സ്ത ഭൗതീകശാസ്ത്രജ്ഞനും ഗുരുത്വാകര്‍ഷണ തത്വത്തിന്റെ പിതാവുമായി അറിയപ്പെടുന്ന സര്‍ ഐസക്ക് ന്യൂട്ടണ്‍ന്റെ വിശദീകരണം ശരിയല്ലെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ പുസ്തകത്തിലുള്ള പ്രധാനവാദം. പ്രപഞ്ചത്തിന്റെ ഉത്പത്തിയ്ക്കും അനുദിനനടത്തിപ്പിനും ഒരു ദൈവം ആവശ്യമില്ലെന്നു ഹോക്കിംഗ്‌സ് തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു.

ദി അള്‍ട്ടിമേറ്റ് ക്വസ്റ്റ്യന്‍ ഓഫ് ലൈഫ്, ദി യൂണിവേഴ്‌സ് ആന്റ് എവരിതിങ്ങ് എന്ന ചോദ്യത്തിനുത്തരമായാണ് ദി ഗ്രാന്‍ഡ് ഡിസൈന്‍ എന്ന പുസ്തകം എഴുതിയിരിക്കുന്നത്. ഭൂമിയുള്‍പ്പെടുന്ന സൗരയുഥത്തിന് അകത്തും പുറത്തുമായി മറ്റ് അനേകം നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും ഉണ്‌ടെന്നതിനാല്‍ ഭൂമിയില്‍ മാത്രമെ ജീവജാലങ്ങള്‍ക്ക് വസിക്കാന്‍ ഉതകുന്ന സാഹചര്യങ്ങള്‍ ഉള്ളുവെന്ന് പറയുന്നതില്‍ പ്രാധാന്യമില്ലെന്നുമാണ് ഹോക്കിംഗ്‌സിന്റെ പുസ്തകത്തിലെ മറ്റൊരു വാദം.

പ്രപഞ്ചം സൃഷ്ടിച്ചത് ദൈവമല്ലെന്ന ഹോക്കിന്‍സിന്റെ അവകാശവാദത്തെ എതിര്‍ത്തും അല്ലാതെയും വിശദീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്ന ശാസ്ത്രജ്ഞരും, വേദശാസ്ത്രപണ്ഡിതരും ചില പ്രധാനവസ്തുതകള്‍ ഹോക്കിംഗ്‌സ് വിട്ടുകളഞ്ഞതായി ചൂണ്ടികാട്ടുന്നു. ഹോക്കിംഗ്‌സിന്റെ പുസ്തകത്തിലുള്ള പലപുതിയ കണ്ടുപിടുത്തങ്ങളും ശാസ്ത്രലോകത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണയാകുന്നതരത്തില്‍ തെറ്റുധാരണയ്ക്ക് ഇടയാക്കുന്നതാണെന്ന അഭിപ്രായമാണ് ഇവരില്‍ പലര്‍ക്കും.

ദി ഗ്രാന്‍ഡ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ ഹോക്കിംഗ്‌സ് വിവരിച്ചിരിക്കുന്ന ദൈവം എന്നത് സര്‍വവും സൃഷ്ടിച്ച ദൈവത്തെ അല്ലെന്നും പകരം ശാസ്ത്രലോകത്തിന് ഇന്നും കാരണം കണ്‌ടെത്താന്‍ കഴിയാതെ കുഴയുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരമായി കരുതിയിരിക്കുന്ന അദൃശ്യകരം അഥവാ അദൃശ്യശക്തി തുടങ്ങിയ വിശദീകരണങ്ങള്‍ക്കുള്ള മറുപടിയാണെന്നുമാണ് ദി ഫാരഡെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സ് ആന്റ് റിലിജിയണ്‍ ഡയറക്ടര്‍ ഡെന്നീസ് അല്കസാണ്ടറുടെ അഭിപ്രായം. നാം വസിക്കുന്ന ഭൂമിയും മറ്റ് ഘടകങ്ങളും ഉള്‍പ്പെടുന്ന പ്രപഞ്ചത്തിലെ അധിവാസത്തെ പറ്റി ശാസ്ത്രത്തിന് പല വിശദീകരണങ്ങളും നല്കാനാവും എന്നാല്‍ ഈ വിശദീകരണങ്ങളുടെ എല്ലാം യഥാര്‍ഥ കാരണഭൂതന്‍ ആരെന്ന ഉത്തരം നല്കുകയാണ് വേദശാസ്ത്രം അഥവാ ദൈവശാസ്ത്രം ചെയ്യുന്നതെന്നും ഡെന്നീസ് കൂട്ടിചേര്‍ത്തു.

ദൈവം ഉണ്‌ടെന്ന വിശ്വാസസത്യം തെളിയിക്കുന്നത് പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് മാത്രം അടിസ്ഥാനപ്പെടുത്തിയല്ലെന്ന് ആംഗ്ലിക്കന്‍ പുരോഹിതനും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രചരിത്രഗവേഷകനുമായ ഫ്രേസര്‍ വാട്ട്‌സ് പറഞ്ഞു. പ്രപഞ്ചം ഉണ്ടാകുവാനും ഇന്നുകാണുന്ന തരത്തില്‍ നിലനില്ക്കാനും കാരണം എന്തുകൊണ്ട് എന്ന ചോദ്യത്തിന്റെ ഉത്തമമായ വിശദീകരണമാണ് സൃഷ്ടാവായ ഒരു ദൈവം ആദിമുതലെ ഉണ്‌ടെന്നുളള വസ്തുതയന്നും അദേഹം അഭിപ്രായപ്പെട്ടു. 

ദൈവത്തിന് പകരം പ്രപഞ്ചസൃഷ്ടിയ്ക്ക് കാരണമായി നിലനിന്നിരുന്നുവെന്ന് ഹോക്കിംഗ്‌സ് വിവരിച്ചിരിക്കുന്ന ഗൂരുത്വാകര്‍ഷണബലം പ്രയോഗത്തില്‍ വരുത്തി പ്രപഞ്ചത്തെ ഈ കാണുന്നതരത്തില്‍ രൂപപ്പെടുത്തിയെടുക്കാന്‍ അതിശയകരമായ ഒരു അത്യുന്നതശക്തി പ്രവര്‍ത്തിക്കേണ്ടതുണ്‌ടെന്നും അത് ദൈവമാണെന്നുമായിരുന്നു ക്രൈസ്തവവിശ്വാസികളായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള റീസണ്‍സ് ടു ബിലീവ് എന്ന സംഘടന പുസ്തകത്തിലെ വാദങ്ങളോട് പ്രതികരിച്ചത്. ദി ഗ്രാന്‍ഡ് ഡിസൈന്‍ എന്ന പുസ്തകത്തില്‍ ഹോക്കിംഗ്‌സ് പ്രപഞ്ചോത്പത്തിയെ കുറിച്ച് നല്കിയിരിക്കുന്ന കാരണങ്ങളില്‍ അടിസ്ഥാനപരമായ പല അപൂര്‍ണ്ണതകളും കടന്നുകൂടിയിട്ടുണ്ട്. പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ചലനങ്ങളുടെ യഥാര്‍ഥ പ്രതിരൂപമാണ് ഭൗതീകശാസ്ത്രത്തിലെ ഓരോ തത്വങ്ങളുമെന്നും റീസണ്‍സ് ടു ബിലീവ് വക്താക്കള്‍ വിശദീകരിച്ചു.

Responses