സാത്താന്യ പരീക്ഷകളുടെ പോര്‍ക്കളം

\"\"
ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം തങ്ങളുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നത് ക്രിസ്തു യേശുവെന്ന മൂലക്കല്ലിനോടാണല്ലോ. അതുകൊണ്‍ടുതന്നെ ക്രിസ്തീയ ജീവിതം കെട്ടിപ്പടുക്കുവാന്‍ മാതൃകയാക്കേണ്‍ടത് യേശുനാഥന്റെ കാല്‍ ചുവടുകളെയാണെന്ന് പത്രോസ് അപ്പോസ്തലന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിവിധ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ എന്റെ വായനക്കാരിലുണ്‍ടെങ്കിലും ഇതിലെ ചിന്തകള്‍ വ്യക്തിപരമായി ക്രിസ്തീയ വിശ്വാസം വച്ചു പുലര്‍ത്തുന്നവരോടാണ്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടുവാന്‍ ഏവര്‍ക്കും ഈ ചിന്തകള്‍ ഉപകരിക്കുമെന്നതിന് സംശയവും വേണ്‍ട. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി, പള്ളിക്കും പാവങ്ങള്‍ക്കും തങ്ങളുടെ ഭൗതിക നന്മകള്‍ പങ്കുവെച്ച്, ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ സന്ധ്യാ പ്രാര്‍ത്ഥനയും ചൊല്ലി കിടന്നുറങ്ങിയാല്‍ എല്ലാമായി എന്നു ധരിക്കരു­ത്.

യോഹന്നാന്റെ കൈക്കീഴില്‍ സ്‌നാനമേറ്റുകൊണ്‍ടുള്ള യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ രംഗ പ്രവേശനം അതിശ്രദ്ധേയമാണ്. അതിമഹത്തായ ആ ശുശ്രൂഷയില്‍ ദൈവീക ത്രിത്വം വെളിപ്പെടുന്നത് മത്തായി വരച്ചു കാട്ടുന്നു. ആ മനോഹര ദൃശ്യം നമ്മുടെ ആത്മീയ മനസ്സിനെ കോരിത്തരിപ്പിക്കുമെങ്കിലും, ആ സ്വര്‍ഗ്ഗീയാനൂഭൂതിയില്‍ നിന്നും യേശു ചുവടു വയ്ക്കുന്നത് മരുഭൂമിയുടെ, ഉപവാസത്തിന്റെ നാല്പതു രാപകലുകളിലേക്കായിരുന്നുവെന്നത് വൈരുദ്ധ്യമായി തോന്നുന്നില്ലേ? മറുരൂപ മലയില്‍ നിന്നും കാല്‍വരിയിലേക്കുള്ള യേശുവിന്റെ പ്രയാണത്തിലും ഈ വൈരുദ്ധ്യം നാം ദര്‍ശിക്കുന്നു. യേശു തന്റെ ജീവിതത്തിലൂടെ നമ്മെ പ ിപ്പിക്കുന്ന ഗൗരവമേറിയ വിഷയം, ദൈവീകപദ്ധതിയില്‍ നിന്നും നമ്മെ തള്ളിയിടുവാന്‍ സദാ ജാഗ്രത പുലര്‍ത്തുന്ന പിശാചിനെ നേരിടേണ്‍ടതെങ്ങിനെയെന്നാ­ണ്.

ആരാധകര്‍ക്ക് കേവലം കണ്‍ടു രസിക്കുവാനുള്ള ഒരു കളിക്കളത്തിലൂടെയല്ല വിശ്വാസികള്‍ ഓടുന്നത്. ഏബ്രായലേഖകന്‍ പറഞ്ഞിരിക്കുന്ന ഓട്ടക്കാരന്റെ ചുറ്റുമുള്ള സാക്ഷികളുടെ സമൂഹം പതിനൊന്നാം അദ്ധ്യായത്തിലെ മരിച്ചു മണ്‍മറഞ്ഞ വിശുദ്ധന്‍മാരാണ്. പ്രായോഗിക ക്രിസ്തീയ ജീവിതവിജയത്തിന് കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞ ഭക്തന്‍മാരുടെ ജീവചരിത്രം വിശകലനം ചെയ്തു പ ിക്കേണ്‍ടതാണ്. അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും ലഭിക്കുന്ന ആത്മീയ പാ ങ്ങള്‍ നമ്മുടെ ഓട്ടത്തിന് കരുത്തേകുമെങ്കിലും ഈ ഓട്ടം തനിയെ ഓടി അവസാനിപ്പിച്ചേ പറ്റു. മരുഭൂമിയിലെ യേശുവിന്റെ അനുഭവം നമുക്ക് നല്‍കുന്ന പാ മതാണ്. ത്രിത്വസാന്നിദ്ധ്യത്തില്‍ നിന്നും ആത്മാവിനാല്‍ മരുഭൂമിയിലേക്ക് നയിക്കപ്പെട്ട യേശുവിനെ ഓട്ടക്കാരന്റെ വേഷത്തേക്കാള്‍ ഒരു പടയാളിയുടെ വേഷമണിഞ്ഞ് ഏകനായി പിശാചിനോട് യുദ്ധം ചെയ്യുന്നവനായാണ് നാം കാണുന്നത്. യേശൂവിനെപ്പോലെ നിങ്ങളിന്ന് മരുഭൂമിയിലല്ലെങ്കില്‍, നിങ്ങള്‍ക്ക് പടയാളിയുടെ വേഷമില്ലെങ്കില്‍, തനിയെ ശത്രുവിനോട് യുദ്ധം ചെയ്യുന്നില്ലെങ്കില്‍ താങ്കള്‍ ഏതു രാജ്യക്കാരനെന്നും, ഏതു പദവി വഹിക്കുന്നുവെന്നും രേഖകള്‍ പരിശോധിക്കാന്‍ വൈകേണ്‍ട­തില്ല.

ശത്രുവിനെ സ്‌നേഹിക്കാന്‍ പ ിപ്പിച്ച ക്രിസ്തു തന്റെ അണികളെ യുദ്ധം ചെയ്യാന്‍ പടച്ചട്ട അണിയിച്ചിരിക്കുന്നുവെന്നതും വൈരുദ്ധ്യമായി തോന്നിയേക്കാം. ഈ കല്പനയുടെ ചുവടു പിടിച്ച് ആരെങ്കിലും സഹജീവിയെ കൊന്നൊടുക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ അവര്‍ കാല്‍വറിയുടെ ദര്‍ശനം പ്രാപിക്കാത്ത കുരുടന്മാരാണെന്നു മാത്രം പറഞ്ഞ് യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ യുദ്ധഭൂമിയിലേക്ക് നമുക്കു മടങ്ങി വരാം.

ക്രിസ്തു നാഥന്‍ പ്രഖ്യാപിച്ച ഐഹീകമല്ലാത്ത രാജ്യത്തിന്റെ പൗരത്വത്തിനുവേണ്‍ടി ഉടമ്പടി ചെയ്തവരാണല്ലോ ക്രിസ്ത്യാനികള്‍. ആ രാജ്യത്തെ ലക്ഷ്യം വെച്ചുള്ള പ്രയാണത്തിന് ഐഹീകമായ പലതിനേയും വിട്ടു കളഞ്ഞ് ഓടേണ്‍ടതുണ്‍ട്. അതുകൊണ്‍ടാണ് വിരുതിനുവേണ്‍ടി (മത്സരത്തിനു വേണ്‍ടിയല്ല) ഓടുന്ന ഓട്ടക്കാരനായി ക്രിസ്ത്യാനിയെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ നിത്യതയെ ലക്ഷ്യമാക്കി ഓടുന്ന ക്രിസ്ത്യാനി വിട്ടു കളഞ്ഞ ഐഹീകമായ കാര്യങ്ങള്‍ ഒരിക്കല്‍ അവനേ അടിമയാക്കി വച്ചിരിക്കുകയായിരുന്നുവെന്ന് മറന്നു പോകരുത്. അടിമ ച്ചങ്ങല പൊട്ടിച്ച സമ്മാനത്തിനുവേണ്‍ടി ഓടുന്ന ക്രിസ്ത്യാനിയെ വീണ്‍ടും ബന്ധിക്കുവാന്‍ ജാഗ്രതയോടെ പിന്തുടരുന്ന പഴയ യജമാനന്‍ അവനോട് നിരന്തര പോരാട്ടത്തിലാണ്. ദൈവം നല്‍കിയ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ച് കര്‍മ്മഭൂമിയില്‍ ചിശാചിനെതിരെ പോരാടാന്‍ ഓരോ ക്രിസ്ത്യാനിയും നിര്‍ബന്ധിതനാകുന്നത് അങ്ങനെയാണ്.

യേശുവിനെ പരീക്ഷിച്ച മേഖലകളില്‍ മാത്രമെ സാത്താന്‍ നമ്മെയും പരീക്ഷിക്കുകയുള്ളൂ. ജഡത്തിന്റെ ഇച്ഛകളും ലോകത്തിന്റെ മോഹങ്ങളും, ജീവനത്തിന്റെ പ്രതാപങ്ങളുമടങ്ങിയ പ്രലോഭനങ്ങളുടെ പൊതിക്കെട്ടുമായേ ഏതൊരു വിശ്വാസിയേയും പിശാച് സമീപിക്കാറുള്ളൂ. സാത്താന് നാം അവസരം കൊടുക്കാത്തിടത്തോളം അവന് നമ്മെ തോല്‍പ്പിക്കാനാവില്ലായെന്ന് യേശുവിന്റെ പരീക്ഷകള്‍ നമ്മെ പ ിപ്പിക്കുന്നു. അനന്യാസിനോട് പത്രോസ് ചോദിച്ചത് വായിച്ചിട്ടില്ലേ: “സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയതെന്ത്”. യേശുവിന്റെ പരീക്ഷയ്ക്ക് തുടക്കം അവന്റെ വിശപ്പായിരുന്നുവല്ലൊ. യാക്കോബ് അപ്പോസ്തലന്‍ പറഞ്ഞത് എത്ര ശരിയാണ്. ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നത് സ്വന്തമോഹത്താല്‍ ആകര്‍ഷിച്ച് വശീകരിക്കപ്പെടുകയാല്‍ ആകുന്നു. ചൂണ്‍ടയില്‍ കോര്‍ത്ത ഇരപോലെയാണ് പരീക്ഷ വരുന്നത്. ഭക്ഷണത്തോടുള്ള ആര്‍ത്തിയില്‍ ഇരയില്‍ കൊത്തുന്ന മത്സ്യം ശത്രുവിന്റെ കെണിയില്‍ അകപ്പെട്ടതു തന്നെ.

സാത്താന്‍ ഇട്ടു തരുന്ന ഇരയല്ല. അതില്‍ കൊത്തുന്നതാണ് അപകടമെന്ന് നാം അറിഞ്ഞിരിക്കണം. അങ്ങനെയുള്ളവര്‍ അസമയത്ത് കമ്പ്യൂട്ടറില്‍ സമയം ചിലവഴിക്കാറില്ല. സാത്താന്‍ നീട്ടുന്ന ഇരയെ കണ്‍ടാല്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ എക്‌സ് ബട്ടണില്‍ മൗസമര്‍ത്താന്‍ അമാന്തിക്കില്ല. കണ്ണുമായി നിയമം ചെയ്തിട്ടുള്ള വിശ്വാസിക്ക് കാണാന്‍ പാടില്ലാത്തത് സ്‌ക്രീനില്‍ തെളിയുമ്പോള്‍ ടിവി സ്റ്റേഷനുകളില്‍ റിമോര്‍ട്ടു കണ്‍ട്രോളര്‍ പ്രയോഗിക്കാന്‍ മടിയില്ല. യോസഫിനെപ്പോലെ ജഡീക ചിന്തകളുടെ പ്രലോഭനങ്ങളുമായി അന്തഃപുരത്തിലെ സുഖലോലുപതയുടെ പൂമെത്തയില്‍ അവനെ കിടത്തിയാലും അടുത്തുള്ള വാതിലിലൂടെ പാപത്തെ വിട്ടോടുവാനും ശങ്കിക്കില്ല. പറയാനെളുപ്പമെങ്കിലും പിശാചിന്റെ വഞ്ചനയില്‍ കുടുങ്ങി ഈ പോര്‍ക്കളത്തില്‍ വീണു കിടക്കുന്നവരുടെ വലിയ നിര തന്നെയുണ്‍­ട്.

പിശാചിന്റെ പരീക്ഷയെ ജയിക്കാന്‍ ദൈവ വചനത്തിനു പകരമായി മറ്റൊരായുധം ഇല്ല. അതുകൊണ്‍ടു തന്നെ ഞായറാഴ്ചകളില്‍ പള്ളിയില്‍ കൊണ്‍ടു പോകാനുള്ള സ്റ്റാറ്റസ് സിമ്പലൊ, പിശാചിനെ വിരട്ടാനുള്ള ഉപാധിയായൊ ഈ പുസ്തകത്തെ ആരും കാണാന്‍ പാടില്ല. മറിച്ച്, ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ഹൃദയത്തിന്റെ മാംസപ്പലകയില്‍ എഴുതുന്നവര്‍ക്കെ അവസരത്തിലെടുത്ത് പിശാചിനെതിരെ പ്രയോഗിക്കാനാവൂ. പരീക്ഷയുമായി അടുത്തു വരുന്ന പിശാചിനോട് യേശു പറഞ്ഞതുപോലെ “തിരുവചനത്തില്‍ ഇങ്ങനെയും എഴുതിയിരിക്കുന്നു’’വെന്ന് പറയാന്‍ കഴിഞ്ഞാല്‍ അവന്‍ നമ്മെ വിട്ട് ഓടിപ്പോകും.

കുറ്റബോധം അതില്‍ തന്നെ ദോഷമുള്ളതല്ല. പാപത്തില്‍ അകപ്പെട്ട നിങ്ങളുടെ മനഃസ്സാക്ഷി കുറ്റപ്പെടുത്തുന്നുവെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്‍ടെന്ന വേണം കരുതാന്‍. ദൈവത്തിന്റെ ആത്മാവ് ഇപ്പോഴും നിങ്ങളോട് വാദിക്കുന്നതിനാല്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാനസ്സാന്തരപ്പെടുവാനുള്ള അസുലഭ സന്ദര്‍ഭമായി കാണണം. അപ്പന്റെ ഇളയ മകന് സുബോധം നഷ്ടമായപ്പോള്‍ അവന്‍ തനിക്കുള്ള അവകാശം വാങ്ങി അപ്പനെ വിട്ട് ദൂരെപ്പോയത് നമുക്കറിവുള്ള കഥയാണല്ലോ. പക്ഷെ അവനു സുബോധം വന്ന് അപ്പന്റെ അടുത്തു മടങ്ങി വന്നപ്പോള്‍ അവന് എങ്ങനെ മേല്‍ത്തരമായ അങ്കിയും മോതിരവും ചെരിപ്പുമൊക്കെ ലഭിച്ചുവെന്നത് നമ്മില്‍ പലര്‍ക്കും പിന്നെ സാത്താനും മനസ്സിലാക്കാന്‍ കഴിയാത്ത പൊരുളായി നില്‍ക്കുന്നു. എന്തിനധികം, മുഷിഞ്ഞ വസ്ത്രം ധരിച്ച യോശുവയെ കുറ്റം ചുമത്തിയ സാത്താനെ യഹോവ ഭര്‍ത്സിച്ചത് നിങ്ങള്‍ വായിച്ചിട്ടി­ല്ലേ?

യോശുവയുടെ കുറവിനെ ലഘൂകരിക്കുന്ന ഒരു ദൈവത്തെയല്ല നാം അവിടെ കാണുന്നത്. അവന്റെ അകൃത്യം പോക്കുവാനും, ഉത്സവ വസ്ത്രം ധരിപ്പിയ്ക്കുവാനും ശക്തിയും അധികാരവുമുള്ള ദൈവസന്നിധിയിലായിരുന്നു യോശുവ നിന്നിരുന്നത്. നിങ്ങള്‍ എങ്ങനെയിരിക്കുവെന്നതിനേക്കാള്‍ എവിടെയായിരിക്കുന്നുവെന്നത് എത്ര പ്രാധാന്യം അര്‍ഹിക്കുന്നു. കുറ്റബോധം വേട്ടയാടി തകര്‍ന്നുവെന്നു തോന്നുന്നവര്‍ ഇതു വായിക്കുമ്പോഴെങ്കിലും അപ്പന്റെ അടുത്തേക്ക് മടങ്ങി വന്നാല്‍ നഷ്ടപ്പെട്ടതെല്ലാം മടക്കിത്തരുവാന്‍ അവന്‍ തയ്യാറാണെന്ന് ഈ കഥകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ച് വേദമോതി നിരാശയുടെ പടുകുഴിയില്‍ നിങ്ങളെ കുഴിച്ചു മൂടാന്‍ ശ്രമിക്കുന്ന പിശാച് ഭോഷ്‌ക് പറയുന്നവനാണ്. സ്‌നേഹിതന്റെ ഭാവത്തില്‍ വശീകരണ തന്ത്രം ഉപയോഗിച്ച നമ്മെ വഞ്ചനയില്‍ അകപ്പെടുത്തിയാലുടന്‍ മറുപക്ഷം ചേര്‍ന്ന് നമ്മെ കുറ്റപ്പെടുത്തുന്ന നീചനാണ് സാത്താന്‍. കുറ്റബോധത്തിന്റെ നീര്‍ച്ചുഴിയില്‍ പൊങ്ങിവരാന്‍ സമ്മതിക്കാതെ നിരാശയുടെ തീയമ്പുകളെയ്ത് നമ്മെ ഇല്ലായ്മ ചെയ്യാനാണ് അവന്റെ ശ്ര­മം.

ഒരിക്കല്‍ ദൈവ പൈതലായ നിനക്ക് ഇനിയും ദൈവത്തിങ്കല്‍ നിന്ന് രക്ഷിയില്ലെന്ന് അവന്‍ ഉപദേശിക്കും. ദൈവവചനം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ക്രൂശിന്റെ ശക്തിയെ ത്യജിക്കാന്‍ അവന്‍ പ്രേരിപ്പിച്ചു കൊണ്‍ടിരിക്കും. പാപത്തിന്റെ ചതിക്കുഴിയില്‍ വീണ് ഇനി രക്ഷയില്ലെന്ന സാത്താന്റെ സുവിശേഷം കേട്ട് മരിച്ചുകൊണ്‍ടിരിക്കുന്ന ആരെങ്കിലും വായനക്കാരുണ്‍ടെങ്കില്‍ വചനമാകുന്ന വാള്‍ കയ്യിലെടുത്ത് സാത്താനേയും അവന്റെ പ്രലോഭനങ്ങളെയും വെട്ടുവാന്‍ ബുദ്ധി ഉപദേശിക്കു­ന്നു.

Responses