അല്പം ശുദ്ധീകരണ ചിന്തകള്‍

നമ്മുടെ ശരീരത്തിലെ ആന്തരീകാവയവങ്ങളെ അശുദ്ധമാക്കുന്ന വസ്തുക്കളെ പുറന്തള്ളുവാന്‍ 7 പ്രത്യേക സംവിധാനങ്ങളാണ് ദൈവം ഒരുക്കിയിരിക്കുന്നത്. വന്‍കുടല്‍, കരള്‍, കിഡ്‌നി, ഫാറ്റ് കോശങ്ങള്‍, മസിലുകള്‍, കണ്ണും മൂക്കും ചെവിയും, ശ്വാസകോശം എന്നിവയാണ് അവ. ശരീരത്തിനകത്ത് പ്രവേശിക്കുന്ന ഭക്ഷണം, വെള്ളം, വായു എന്നിവയിലെ അശുദ്ധികളെ പുറന്തള്ളുവാന്‍ ദൈവദത്തമായി നല്‍കിയിരിക്കുന്ന ഈ സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോഴാണ് രോഗങ്ങളും വിട്ടുമാറാത്ത അസ്വസ്ഥകളും ഉടലെടുക്കുന്ന­ത്.

ആശുപത്രികളില്‍ പോയി ചികിത്സിച്ചാല്‍ ഉള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് താത്ക്കാലികമായ പരിഹാരം വരുത്തുവാന്‍ കഴിഞ്ഞേക്കാമെങ്കിലും ഭാവിയില്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഭക്ഷണത്തെയും വെള്ളത്തെയും വായുവിനെയും ഫില്‍ട്ടര്‍ ചെയ്യാന്‍ എത്ര വിദഗ്ദനായ ഭിഷഗ്വരനും സാദ്ധ്യമല്ല. അത് ഒരു വ്യക്തിയുടെ വിവേചനപരമായ തീരുമാനത്തെയും ശീലങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. എല്ലാ രോഗങ്ങള്‍ക്കും കാരണമുണ്‍ടെന്നും കാരണത്തെ ചികിത്സിക്കാന്‍ സാദ്ധ്യമല്ലെന്നും ഹിപ്പോക്രാട്ടീസ് പറഞ്ഞത് എത്രയോ അന്വര്‍ത്ഥമാണ്.

അനേകരുടെയും വന്‍കുടല്‍ ദോഷകരമായ ടോക്‌സിക്കുകള്‍ കൊണ്‍ട് ദുഷിച്ചിരിക്കുന്നതിനാല്‍ പോഷകങ്ങള്‍ക്ക് പകരം ദുഷിച്ച വസ്തുക്കളാണ് രക്തത്തിലേക്ക് പ്രവേശിക്കുന്നത്. കരളാകട്ടെ കൊളസ്‌ട്രോളും കല്ലും കൊണ്‍ട് നിറയുന്നു. രക്തം ശുദ്ധീകരിക്കേണ്‍ട കിഡ്‌നികള്‍ മണല്‍ നിറഞ്ഞ് പ്രവര്‍ത്തനരഹിതമാകുന്നു. അസ്ഥിബന്ധങ്ങളില്‍ ഉപ്പ് അടിഞ്ഞുകൂടി ചലനാത്മകത നഷ്ടമാക്കുന്നു. പുറമേ എത്ര വൃത്തിയാക്കിയാലും അകത്ത് ശുദ്ധീകരണം നടന്നില്ലെങ്കില്‍ ജീവിതത്തില്‍ ശരിയായ ആരോഗ്യം പരിപാലിക്കുവാന്‍ മനുഷ്യന് കഴിയാതെയാ­കും.

ഇതൊക്കെ ശരീരശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍. ദിവസേന നമ്മുടെ കണ്ണ്, കാത്, ചെവി, മൂക്ക്, ത്വക്ക് എന്നിവയിലൂടെ മനസിലേക്ക് അടിച്ചുകയറുന്ന വിവരങ്ങളും ദൃശ്യങ്ങളും അറിവുകളും നമ്മുടെ ആന്തരീകമനുഷ്യനെ എത്ര മാത്രം ദുഷിപ്പിക്കുന്നുവെന്ന് നാം ചിന്തിക്കാറുണ്‍ടോ? ഇതിനെക്കുറിച്ച് ഏറെ ചിന്തിച്ച നമ്മുടെ കര്‍ത്താവ് ഒരിക്കല്‍ വളരെ പ്രസക്തമായ ഒരു വാചകം പറഞ്ഞു. ‘വായില്‍ നിന്നും പുറപ്പെടുന്നതോ ഹൃദയത്തില്‍ നിന്നും വരുന്നു. അത് മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍ നിന്നും പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ’. (മത്തായി 15:18,19)

ഹൃദയത്തില്‍ നിന്നും ദുഷിച്ചത് വരണമെങ്കില്‍ ആദ്യം ഹൃദയത്തില്‍ അങ്ങനെയുള്ളത് കയറിയിരിക്കണമല്ലോ. അതിനുള്ള വാതായനങ്ങളാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍. പഞ്ചേന്ദ്രിയങ്ങളിലൂടെ മനസിലേക്ക് പ്രവഹിക്കുന്ന ദുഷിച്ച ചിന്തകളും ദൃശ്യങ്ങളും അവിടെത്തന്നെ ഊറിക്കിടക്കും. ഒരു ബൈപ്പാസ് സര്‍ജറിക്കും ആന്‍ജിയോപ്ലാസ്റ്റിക്കും ഹൃദയത്തിലെ ദുശ്ചിന്തകളെ പറിച്ചുമാറ്റാനോ ക്രമീകരണം വരുത്താനോ കഴിയുന്നതല്ല. എണ്ണമറ്റ ഹൃദയസംബന്ധ ശസ്ത്രക്രിയകള്‍ ഈ ലോകത്തില്‍ നടക്കുന്നുണ്‍ടെങ്കിലും ഇന്ന് വരെ സ്വഭാവത്തില്‍ ഒരു മാറ്റം വരുത്തുവാന്‍ ഒരു ഹൃദ്രോഗ വിദഗ്ദനും കഴിഞ്ഞിട്ടില്ല. ഹൃദയത്തെ കീറിമുറിക്കുന്ന ഡോക്ടറുടെ ദുഷിച്ച സ്വഭാവം മാറിയിട്ട് വേണ്ടേ മറ്റൊരാള്‍ക്ക് രക്ഷ നല്‍­കാന്‍!

എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ മനസില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ ശുദ്ധീകരിക്കുവാന്‍ സര്‍വ്വശക്തനായ ദൈവം രണ്‍ട് ശുദ്ധീകരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്‍ട്. ഒന്ന് യേശുവിന്റെ നിര്‍മ്മലവും പരിശുദ്ധവുമായ രക്തം. ഏത് ദുഷിച്ച ശീലത്തെയും പാപത്തിന്റെ കീടങ്ങളെയും ഒപ്പിയെടുത്ത് അവിടെ ശുദ്ധിയുടെ വ്യവസ്ഥിതി പുനഃസ്ഥാപിക്കാന്‍ യേശുവിന്റെ രക്തം മതിയായതാണ്. പാപത്തിന്റെ ലാഞ്ചന പോലുമേല്ക്കാത്ത ഏക രക്തം യേശുവിന്റെ രക്തം മാത്രമാണ്. ഏത് ഗ്രൂപ്പില്‍ പെട്ട രക്തം കയറ്റിയാലും നമ്മുടെ പാപസ്വഭാവത്തിന് മാറ്റം സംഭവിക്കുന്നില്ല. എന്നാല്‍ യേശുവിന്റെ രക്തത്തിന്റെ ഗ്രൂപ്പ് പരിശുദ്ധിയാ­ണ്്.

രണ്‍ടാമത്തേത് ദൈവത്തിന്റെ വചനമാണ്. ‘ഈ വചനങ്ങള്‍ നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരാണ്’, ‘സത്യത്താല്‍ അവരെ ശുദ്ധീകരിക്കേണമെ, നിന്റെ വചനം സത്യമാകുന്നുവല്ലോ’ എന്നീ ക്രിസ്തുവിന്റെ പ്രസ്താവനകളില്‍ നിന്നും ദൈവവചനം ശുദ്ധീകരണത്തിന് ഉപയുക്തമാണെന്ന് വ്യക്തമാകുന്നു. ദൈവവചനം ശരിയായി അകത്തേക്ക് ചെന്നാല്‍ അതിന്റെ പ്രവര്‍ത്തി നടത്തിയിരിക്കും.
ഇതാ ഒരു ഭിഷഗ്വരന്‍! അകത്തുള്ള സകല ദുഷിച്ച സ്വഭാവങ്ങളെയും കഴുകിക്കളയാമെന്ന് ഉറപ്പ് തരുന്നവന്‍!! രക്തധമനികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പാപാണുക്കള്‍ മൈക്രോസ്‌ക്കോപ്പില്‍ തെളിയില്ലെങ്കിലും അഗ്നിജ്വാലക്കൊത്ത തന്റെ കണ്ണുകളിലൂടെ സ്‌കാന്‍ ചെയ്ത് ഹൃദയത്തിന്റെ പുറത്തേക്ക് വലിച്ചെറിയാമെന്ന് ധൈര്യപൂര്‍വ്വം പ്രഖ്യാപിച്ചവന്‍!!! ഈ വ്യവസ്ഥകളിലൂടെ ശുദ്ധീകരണം നേടിയവര്‍ എത്ര ഭാഗ്യമേറിയവര്‍!!!!

എങ്കിലും ഒന്ന് മറക്കരുതേ ! പഞ്ചേന്ദ്രിയങ്ങളുടെ വാതില്‍ ഇനിയും മലര്‍ക്കെ തുറന്നിടരുത്. അവയ്‌ക്കൊരു കാവല്‍ ഏര്‍പ്പെടുത്തുക തന്നെ വേണം. ശാരീരിക അസ്വസ്ഥകള്‍ മൂലം ഒരു ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്തവര്‍ അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ഉത്സുകരായിരിക്കുന്നത് പോലെ ആന്തരീക ശുദ്ധി വരുത്തിയവര്‍ ഇനി വളരെ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാന്‍ നമുക്കും കടപ്പാടില്ലേ?

Responses