യഹോവയുടെ മുന്തിരിത്തോപ്പ്

\"\"

ഇന്ത്യാ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ പരസ്പരം വിശ്വാസമാര്‍ജ്ജിക്കുവാനും, നന്ദി പ്രകടിപ്പിക്കാനുമായി വിശേഷതരം മാങ്ങ കൈമാറിയത് ഈയിടെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നല്ലോ. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ പഴങ്ങളുടെ കൂട്ടത്തില്‍ മാമ്പഴത്തിനിള്ള ഉന്നത സ്ഥാനം വെളിപ്പെടുത്താന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണം വേണമെന്ന് തോന്നിന്നില്ല. മാമ്പഴമെന്നു കേട്ടാല്‍ മലയാളിയ്ക്കും വായില്‍ തേനൂറും. കാറ്റടിച്ചു വീഴ്ത്തിയ മാമ്പഴം പെറുക്കാന്‍ അയല്‍ക്കാരന്റെ കുപ്പയില്‍ ഉടമസ്ഥന്റെ കണ്ണു വെട്ടിച്ച് മുളളുവേലി ചാടുന്ന കുട്ടികള്‍ക്കൊപ്പം മത്സരിയ്ക്കാന്‍ പ്രായമുള്ള മാന്യന്മാരുണ്‍ടായിരുന്നത് ഓര്‍മ്മയില്‍ വരുന്നില്ലേ? അക്കൂട്ടത്തില്‍ നിങ്ങളൊ ഞാനൊ ഉണ്‍ടായിരുന്നുവെന്ന് പറയാന്‍ മടിയ്‌ക്കേണ്‍ടതില്ല. മാമ്പഴത്തിന്റെ മണവും, രുചിയും പ്രധാനമന്ത്രിമാര്‍ക്കുപോലും ബലഹീനതയെങ്കില്‍ സാധാരണക്കാരന് എത്ര അധികം. മേന്മയേറിയ ഇനം ഫലവൃക്ഷങ്ങള്‍ നട്ടു വളര്‍ത്തുന്നതിനു കര്‍ഷകനേ പ്രേരിപ്പിക്കുന്നത് അവയില്‍ നിന്നു ലഭിക്കുന്ന ഗുണമേന്മയേറിയ ഫലമാണെന്ന് പറയേണ്‍ടതില്ല­ല്ലൊ.

സൃഷ്ടാവാം ദൈവത്തെ നല്ലൊരു കൃഷിക്കാരനായി ബൈബിള്‍ വിശേഷിപ്പിക്കുന്നത് മുകളില്‍ പറഞ്ഞ തത്വമനുസരിച്ചാണ്. യേശു പിതാവിനെ പരിചയപ്പെടുത്തുന്നത് ഫലകരമായ മുന്തിരി തോപ്പിന്റെ തോട്ടക്കാരന്റെ വേഷത്തിലാണ്. ഏറ്റവും മുന്തിയ ഇനം മുന്തിരിവള്ളിയാണ് അവിടെ നട്ടിരിക്കുന്നത്. പുത്രന്‍ ഈ തോട്ടത്തിലെ പിതാവ് നട്ടിരിക്കുന്ന സാക്ഷാല്‍ മുന്തിരിവള്ളിയാണ്. ആ മുന്തിരി വള്ളിയോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന കൊമ്പുകളാണ് യജമാനന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഫലം കായ്ക്കുന്നത്. ഫലം മോഹിച്ചുള്ള ഈ കൃഷിത്തോട്ടത്തില്‍ സ്വാദു പകരുന്ന ഫലം ഉത്പാദിപ്പിക്കുവാന്‍ യജമാനന്‍ പ്രതിജ്ഞാ ബദ്ധനാണ്. യജമാനനും കൂടെയുള്ളവര്‍ക്കും രുചി പകരാന്‍ ഫലം നല്‍കാത്ത കൊമ്പുകള്‍ മുറിച്ച് തീയില്‍ ഇട്ടു കളയും എന്നുള്ളത് കൃഷിയിടത്തിലെ സാമാന്യ നിയമമാണ്. യേശു പറഞ്ഞ മുന്തിര വള്ളിയുടെ ഉപമയിലെ ഫലം പുറപ്പെടുവിക്കുന്ന കൊമ്പുകളാണ് നമ്മളെന്നു പറഞ്ഞ് മാമ്പഴത്തിന്റെ കഥയിലേക്ക് മടങ്ങിപ്പോ­കാം.

മാസങ്ങള്‍ക്കു മുമ്പ് നമ്മുടെ പ്രധാനമന്ത്രി പാക് പ്രധാനമന്ത്രിയ്ക്ക് കൊടുത്തയച്ച അല്‍ഫോന്‍സാ മാങ്ങയുടെ കാര്യം ഭാവനയിലൂടെ ഒന്നു കണ്‍ടോട്ടെ. ഇന്ത്യാ മഹാ രാജ്യത്തെ നൂറ്റിരണ്‍ടു കോടി ജനങ്ങളുടെയും ആതിഥ്യമര്യാദ ഒരുമിച്ചു നെയ്ത പട്ടിനുള്ളില്‍ പൊതിഞ്ഞ മാമ്പഴം പായ്ക്കറ്റിനുള്ളില്‍ നിന്നും പുറത്തെടുത്തപ്പോഴേയ്ക്കും ബഹുമാനപ്പെട്ട ഗീലനിയുടെ കൊതിയൂറൂന്ന നാവിന്‍തുമ്പില്‍ അയല്‍ രാജ്യത്തോടുള്ള വിദ്വേഷമെല്ലാം അലിഞ്ഞില്ലാതായി. അല്‍ഫോന്‍സയുടെ നിറവും മണവും ഗുണവുമോര്‍ത്താല്‍ ആര്‍ക്കും അങ്ങനെ ഒരു ബലഹീനത തോന്നിപ്പോകും. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഷെഫ് വെള്ളിത്താലത്തില്‍ വെള്ളിക്കത്തികൊണ്‍ട് മാമ്പഴം പൂളാനാരംഭിച്ചപ്പോള്‍ പുറമെ മനോഹരമായി കാണപ്പെട്ടതായിരുന്നു മാമ്പഴം ഓരോന്നും. ഭാവന അല്‍പ്പം കാടു കയറി ചിന്തിച്ചാല്‍, പൂളുന്ന മാങ്ങകളില്‍ എല്ലാം ഒന്നിനു പുറകെ ഒന്നായി പുഴു നിറഞ്ഞിരിക്കുന്നതു കണ്‍ടാല്‍ ഉണ്‍ടായേക്കാവുന്ന ഭവിഷ്യത്ത് എന്തായിരിക്കും? സമ്മാനമായി ലഭിച്ചതെങ്കിലും ഒരു രാഷ്ട്രത്തെ മുഴുവന്‍ അപമാനിയ്ക്കാന്‍ ഇതിലും വലിയ കാര്യം വല്ലതും വേ­ണൊ.

അസംഭവ്യമായ ഒരു ഭാവനയായി തള്ളി കളയുന്നതിനു മുമ്പെ പിതാവിന്റെ മുന്തിരിത്തോട്ടത്തിലെ കൊമ്പുകളെന്ന് അവകാശപ്പെടുന്ന നമ്മുടെ കാര്യമെടുത്തു നോക്കാം. നാം അവകാശപ്പെടുന്നതുപോലെ രുചിക്കാന്‍ കൊള്ളാവുന്ന മുന്തിരിയാണൊ നമ്മില്‍ കായ്ച്ചു നിറഞ്ഞു നില്‍ക്കുന്നത്. ഒരു വൃക്ഷത്തിന്റെ ഫലം യജമാനന് പ്രയോജനം നല്‍കുന്നില്ലെങ്കില്‍ അതിനു വേലികെട്ടി വളവും വെള്ളവും നല്‍കാന്‍ ആരാണ് തയ്യാറാകുക? പ്രവാസി കര്‍ഷകശ്രീ നേടിയ ജയിംസ് കൊശക്കുഴിയോടു ചോദിച്ചാലറിയാം തന്റെ നേട്ടത്തിന്റെ പിന്നിലെ അധ്വാനത്തിന്റെ കഥ. എന്നാല്‍ ആ അധ്വാനത്തിന്റെ ഫലം അദ്ദേഹത്തെ പ്രവാസികളുടെ ഇടയില്‍ അറിയപ്പെടുന്നവനാക്കി. മുന്തിരിവള്ളിയുടെ ഉപമയിലൂടെ യേശു നമ്മെ പ ിപ്പിക്കുന്നതും ഈ ലളിതമായ തത്വമല്ലേ. നമ്മള്‍ വളരെ ഫലം കായ്ക്കുമ്പോള്‍ പിതാവ് (തോട്ടക്കാരന്‍) മഹത്വമെടുക്കുമെന്ന് താന്‍ ഉപദേശിച്ചു. അങ്ങനെ ഫലം കായ്ക്കുന്നവരാണ് യേശുവിന്റെ ശിഷ്യന്‍മാര്‍ എന്നു കൂടി പറയാന്‍ അവിടുന്ന് മറന്നില്ല. അങ്ങനെയെങ്കില്‍ യേശുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന നമ്മളില്‍ പിതാവിന് മഹത്വം കൊടുക്കുന്ന ഫലം കായ്ക്കുന്നുണ്‍ടോയെന്ന് ആത്മ പരിശോധന നടത്താന്‍ നാം ഉത്സാഹിയ്‌ക്കേണ്‍ടേ?

കൃഷിയുമായി താല്പര്യമുള്ളവര്‍ ചിക്കാഗോയിലെത്തിയാല്‍ കര്‍ഷകശ്രീയുടെ കൃഷിയിടം സന്ദര്‍ശിക്കുമെന്ന് പറയേണ്‍ടതില്ലല്ലോ. വഴിയെ പോകുന്നവരൊക്കെ നോക്കുന്നു, അയല്‍ക്കാര്‍ വന്ന് ഉപദേശം തേടി അതേപോലെ കൃഷിയിറക്കാന്‍ ശ്രമിക്കുന്നു. സന്ദര്‍ശകരോടെല്ലാം തന്റെ കാര്‍ഷിക വിളയെക്കുറിച്ച് വിവരിച്ച് പറയുന്ന ഈ കര്‍ഷകനും അദ്ദേഹത്തിന്റെ കൃഷിത്തോട്ടത്തിലെ ഫലങ്ങളും ഒരു വലിയ തത്വം നമ്മേ പ ിപ്പിക്കുന്നു. ദൈവത്തിന്റെ തോട്ടത്തില്‍ കായിച്ചു നില്‍ക്കുന്ന ഫലംകണ്‍ട് ലോകം നമ്മെ ഉറ്റു നോക്കിയിട്ടുണ്‍ടോ, അയല്‍ പക്കത്തുള്ളവര്‍ നമ്മില്‍ കായിച്ചു ഫലം കണ്‍ട് അതേ രീതി അവലംബിയ്ക്കാന്‍ യജമാനനോട് എന്തു ചെയ്യണമെന്ന് ചോദിച്ചിട്ടുണ്‍ടോ. സങ്കടകരമെന്നു പറയട്ടെ യെശയ്യാ പ്രവാചകന് ദൈവം വെളിപ്പെടുത്തിക്കൊടുത്ത കാട്ടുമുന്തിരി കായിച്ച തോട്ടത്തിന്റെ അവസ്ഥയില്‍ അല്ലേ ക്രിസ്തീയ മാര്‍ഗ്ഗം ഇന്നു വന്നു നില്‍ക്കുന്നത്. ഫലവത്തായൊരു കുന്നില്‍ നല്ല മുന്തിരി വള്ളി നട്ടതാണ്. പറഞ്ഞിട്ടെന്തുകാര്യം ഒട്ടിച്ചു ചേര്‍ത്ത കൊമ്പുകളില്‍ കാട്ടു മുന്തിരിയെ കായിച്ചുള്ളു. വലിയ മുതല്‍മുടക്കി ഒരുക്കിയ നിലത്തു നല്ല മുന്തിരിവള്ളി നട്ടത് പിതാവിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന നല്ല ഫലം കായ്ക്കുവാനായിരുന്നു. പക്ഷെ തോട്ടക്കാരന് നഷ്ടവും അപമാനവും വരുത്തിയ മുന്തിരിത്തോട്ടമായി പലയിടങ്ങളിലും ക്രൈസ്തവലോകം മാറി.

യെശയ്യാവ് പറഞ്ഞ കുന്നിന്‍മുകളിലെ തോട്ടത്തിന്റെ വേലി യഹോവയായ ദൈവം പൊളിച്ചു കളഞ്ഞെങ്കിലും കൃപായുഗത്തില്‍ കഴിയുന്ന ക്രൈസ്തവ ജനതയോട് അവിടുന്ന് അങ്ങനെ ചെയ്തില്ല. മറ്റൊരു ഉപയിലൂടെ യേശു കര്‍ത്താവ് അതിന്റെ കാരണം വിവരിക്കുന്നുണ്‍ട്. നല്ല നിലത്തു വിതച്ച വിത്തിനിടയില്‍ വയലിനെ സൂക്ഷിക്കേണ്‍ടവര്‍ ഉറങ്ങിയപ്പോള്‍ ശത്രു വന്നു കള വിതച്ചു പൊയ്ക്കളഞ്ഞു. കതിരു വന്നപ്പോഴാണ് വീട്ടുടയവന്റെ ദാസന്‍മാര്‍ വിത്തും കളയും വേര്‍തിരിച്ചറിയുന്നത്. ഈ ദാസന്‍മാരെക്കുറിച്ച് ഏറെ പറയണമെന്നുണ്‍ട് എങ്കിലും കരുണയുള്ള യജമാനന്റെ മുഖത്തു നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിയ്ക്കാനിഷ്ടമില്ലാത്തതിനാല്‍ അവിടേയ്ക്കിപ്പോള്‍ കടക്കുന്നില്ല. ക്രൈസ്തവ സഭയുടെ ഇന്നത്തെ നിലയിലുള്ള അധഃപതനത്തിന് കാരണം ശത്രു വന്നപ്പോള്‍ ഉറങ്ങിപ്പോയ ദാസന്‍മാരാണെന്നു പറഞ്ഞ് ആ ഭാഗം നിര്‍ത്ത­ട്ടെ.

കള പറിക്കാന്‍ തിടുക്കം കാട്ടുന്ന ദാസന്‍മാരോട് അങ്ങനെ അരുതെന്ന് യജമാനന്‍ കല്‍പ്പിച്ചു. കള ഇഷ്ടമായിട്ടല്ല, പക്ഷെ കള പറിക്കുമ്പോള്‍ കോതമ്പു കൂടെ പിഴുതു പോയെങ്കിലോ. ഉറങ്ങിക്കിടന്ന ദാസന്‍മാര്‍ക്ക് അങ്ങനെയൊരു ബോധം ഉണ്‍ടായില്ല. ഒരാളെ അയാളുടെ തെറ്റിന് ശിക്ഷിക്കുമ്പോള്‍ അയാളുമായി ബന്ധപ്പെട്ട നിരപരാധികളെ ആ ശിക്ഷണ നടപടി എങ്ങനെ ബാധിക്കുമെന്നുകൂടി നോക്കി വിധി നടപ്പാക്കുന്നതാണ് പുതിയ നിയമ വ്യവസ്ഥ. അങ്ങനെ ചെയ്യേണ്‍ടി വരുമ്പോള്‍ കോതമ്പിനൊപ്പം കളയേയും കൊയ്‌ത്തോളം വളരാന്‍ വിട്ടുകൊടുക്കേണ്‍ടി വരും. പുതിയ നിയമത്തിലെ മുന്തിരിത്തോപ്പിന്റെ വേലി പൊളിയ്ക്കാത്തത് അതുകൊണ്‍ടാണ്.

നാം ചെയ്യുന്നതിനൊക്കെ തല്‍ക്ഷണം ശിക്ഷാവിധി ലഭിക്കാത്തതുകൊണ്‍ട് ദൈവം അതെല്ലാം അംഗീകരിച്ചുവെന്നൊ ഗണ്യമാക്കിയില്ലെന്നൊ തെറ്റിദ്ധരിക്കരുത്. കൃഷിയിറക്കിയവര്‍ ഫലശേഖരത്തിന് ഒരു അവധി വച്ചിട്ടുണ്‍ട്. വിതച്ചവന്‍ കൊയ്യാതിരിക്കില്ല. കൊയ്ത്തും ഫലശേഖരവും എന്ന പ്രക്രിയ യജമാനന്‍ നിശ്ചയിച്ചതുപോലെ നടക്കും.

നമ്മുടെ ഉപമയില്‍ കൊയ്ത്തു ലോകാവസാനമാണെന്ന് കര്‍ത്താവ് തന്നെ വ്യാഖ്യാനം നല്‍കിയിട്ടുണ്‍ട്. അന്ന് തോട്ടത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കളകള്‍ ദൂതന്‍മാര്‍ കൊയ്‌തെടുത്ത് ന്യായവിധിയുടെ തീയിലിട്ട് ചുടുമെന്നത് കുഞ്ഞുങ്ങളെ വിരട്ടാനുള്ള ഭീഷണിയായി ആരും കരുതരുത്. കൊയ്ത്തിന്റെ യജമാനന്റെ പറയുന്നതാണിത്. വീശുമുറം അവന്റെ കയ്യിലുണ്‍ട്. വിത്തും പതിരും വേര്‍തിരിക്കുന്ന സമയം വരെ കാത്തു നില്‍ക്കല്ലെ. കരച്ചിലും പല്ലുകടിയുമുള്ള തീച്ചൂളയിലേക്ക് എറിയുന്നത് എല്ലാ ഇടര്‍ച്ചകളേയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേയും ആണെന്ന് വ്യക്തമാക്കയിട്ടുണ്‍ട്. അക്കൂട്ടത്തില്‍ ഭൂതങ്ങളെ പുറത്താക്കിയവരും, യേശുവിന്റെ നാമത്തില്‍ പ്രവചിച്ചവരും ഉണ്‍ടെന്ന് സത്യം തിരിച്ചറിഞ്ഞ് കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേട്ട് മാനസാന്തരപ്പെട്ടെങ്കില്‍. ആരെയും കുറ്റം വിധിക്കാനെഴുതുകയല്ല, യോഗ്യത കൂടിയുട്ടുമല്ല. ഫലം തേടി വരുന്ന തോട്ടക്കാരന്റെ നാള്‍ ആര്‍ക്കും ഭയങ്കരമാവാതിരിക്കാന്‍ കാല്‍വറിയുടെ ചുവട്ടില്‍ നിന്നുകൊണ്‍ട് വിറയാര്‍ന്ന മനസ്സോടെ ഓര്‍പ്പിക്കുന്നുവെന്നെയുള്ളൂ.

സകല സല്‍ഗുണവും നീതിയും സത്യവുമടങ്ങിയ വെളിച്ചത്തിന്റെ ഫലം തേടി തോട്ടക്കാരന്‍ വരും. നമ്മുടെ കൊമ്പിലെ ഫലം എങ്ങനെയിരിക്കുന്നു? യജമാനന്റെ പ്രതീക്ഷയ്‌ക്കൊത്ത നിലവാരം പുലര്‍ത്തുന്നില്ലെന്ന് തോന്നിയാല്‍ മെച്ചമാക്കാന്‍ വഴിയുണ്‍ട്. സാക്ഷാല്‍ മുന്തിരിവള്ളിയോട് ചേര്‍ന്നു വസിക്കേണ്‍ടതിന് ചെത്തി വെടിപ്പാക്കാന്‍ സമര്‍പ്പിക്കുക -അത്രമാ­ത്രം.

Responses