അക്കരയ്ക്കുള്ള യാത്രക്കാര്‍

\"\"

ഉറ്റവരോടു കൂടെ അവധിക്കാലം പങ്കുവെയ്ക്കാന്‍ കേരളത്തിലെത്തുന്നവരെയും, വിനോദ സഞ്ചാരികളേയും ഏറ്റവുമധികം ആകര്‍ഷിക്കുന്നത് അഷ്ടമുടിക്കായലും, വേമ്പനാട്ടുകായലും തൊട്ടുരുമിയുള്ള ബോട്ടുയാത്രയാണ്. അങ്ങനെയൊരു യാത്രയുടെ ഓര്‍മ്മകള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇപ്പോള്‍ ഉണ്‍ടായി കാണും. അല്‍പം വ്യത്യസ്തമെങ്കിലും അങ്ങനെയൊരു യാത്രയുടെ ഓര്‍മ്മ എന്റെ മനസ്സിലും മായാതെ നില്‍ക്കുന്നു.

അന്നൊരു ഞായറാഴ്ച എറണാകുളത്തു നിന്നും കേരളാ ടൂറിസം ബോര്‍ഡിന്റെ ബോട്ട് വാടകയ്‌ക്കെടുത്ത് വേമ്പനാട്ടു കായലിലൂടെ അറബിക്കടലിന്റെ തീരംപറ്റി ഒരു പറ്റം കോളേജ് വിദ്യാര്‍ത്ഥികളോടൊപ്പം ഞങ്ങള്‍ പോയത് മറ്റൊരു ലക്ഷ്യത്തിലേക്കായിരുന്നു. പാലക്കാടും തൃശ്ശൂരും എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകരായിരുന്ന എന്റെ സുഹൃത്ത് കെ.എസ്. ജോര്‍ജ്ജും ഭാര്യ സെലസ്റ്റീനയുമായിരുന്നു എന്നെ ക്ഷണിച്ചത്. യേശുവും തന്റെ ശിഷ്യന്‍മാരും ഒരുമിച്ച് ഗലീലക്കടലില്‍ സഞ്ചരിച്ച ഓര്‍മ്മകള്‍ അയവിറക്കി ദൈവത്തെ ആരാധിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. “ഗലീലിയാക്കടല്‍ത്തീരം ഒരു തോണി യാത്രയായി” എന്നപാട്ടും, വചന ശൂശ്രൂഷയും, സാക്ഷ്യങ്ങള്‍ പങ്കുവെച്ചും, അപ്പം നുറുക്കിയുമൊക്കെ ഞങ്ങള്‍ നീങ്ങിയപ്പോള്‍ അനുഭവമായ യേശുവിന്റെ സാന്നിദ്ധ്യം മങ്ങാതെ ഇന്നൂം ഓര്‍മ്മയിലുണ്‍ട്. പലസ്തീന്‍ നാടു സന്ദര്‍ശിച്ചു മടങ്ങുന്നവരൂടെ മനസ്സു നിറയെ ഇത്തരം ഓര്‍മ്മകള്‍ തിരതല്ലുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും.

യേശുവിന്റെ ഈ ഭൂമിയിലെ ശുശ്രൂഷയുടെ മിക്ക സമയവും മുപ്പത്തിരണ്‍ടു മൈല്‍ ചുറ്റളവില്‍ കിടക്കുന്ന ഗലീലക്കടലിന്റെ തീരങ്ങളിലായിരുന്നുവെന്ന് സുവിശേഷങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാമല്ലൊ. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം ശിഷ്യന്‍മാര്‍ ഈ ശുദ്ധ തടാകത്തിലൂടെ തനിയെ യാത്ര ചെയ്യുമ്പോള്‍ മധുരിയ്ക്കുന്ന എത്രയൊ ഓര്‍മ്മകള്‍ അവരിലൂണ്‍ടായിക്കാണണം. വാസ്തവത്തില്‍ ആ ഓര്‍മ്മകളുടെ കലവറയാണല്ലൊ സുവിശേഷങ്ങളില്‍ അവര്‍ നമുക്കായി തുറന്നിട്ടിരിക്കുന്നത്. കാറ്റിനെ ശാസിച്ചതും, കടലിന്‍ മീതെ നടന്നതും, വലിയ മീന്‍ കൂട്ടത്തേ പിടിച്ചതും... അത്ഭുതങ്ങളുടെ കഥ നീളുന്നു.

തങ്ങളുടെ മേല്‍വിലാസവും, പേരും, ജീവിതവും മാറ്റിമറിച്ച യേശുവിന്റെ ദിവ്യോപദേശങ്ങള്‍ ഹൃദയത്തിന്റെ മാംസപ്പലകയിലെഴുതി ചേര്‍ത്തതും ഗലീലക്കടലിലെ ഓളങ്ങള്‍ക്കു മീതെ യാത്രചെയ്യുമ്പോഴായിരുന്നു. അത്തരം ഒരു യാത്രയുടെ ഓര്‍മ്മകള്‍ മത്തായി കുറിച്ചിട്ടിരിക്കുന്നത് ഈയിടെ വായിക്കാനിടയായി. ആ യാത്രയില്‍ അവര്‍ ഗലീലക്കടലിന്റെ പടിഞ്ഞാറുനിന്നും കിഴക്ക് ബേത്‌സയിദയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്നും മരുഭൂമിയില്‍ കൂടി നടന്ന് ഫിലിപ്പിന്റെ കൈസര്യയിലെത്തുകയാണ് അവരുടെ അന്തിമ ലക്ഷ്യം. ആ യാത്രയില്‍ ശിഷ്യന്‍മാരെയും യേശുവിനെയും ഭരിച്ച ചിന്തകള്‍ മത്തായി പതിനാറില്‍ കുറിച്ചിട്ടുണ്‍ട്. കുറെക്കൂടി വിശദമായി മര്‍ക്കോസും ഈ ഓര്‍മ്മകള്‍ അയവിറക്കിയിട്ടുണ്‍ട്.
ഗുരുവിനോടു കൂടെ അക്കരയ്ക്കുള്ള യാത്രയില്‍ അപ്പം എടുക്കാന്‍ മറന്നതിനെക്കുറിച്ചായിരുന്നു ശിഷ്യന്‍മാരുടെ ചിന്ത. വിജനമായ മരുഭൂമിയില്‍ കൂടി അവര്‍ പോകാനിരിക്കു യാത്രയെക്കുറിച്ചോര്‍ത്താല്‍ ന്യായമായും ഭാരമുളവാക്കുന്ന ചിന്തയാണ് അവരെ ഭരിച്ചിരുന്നത്. അപ്പം ഇല്ലാത്തതിനാലുള്ള ഭാരമല്ല, ഉണ്‍ടായിട്ടും കൂടെ കരുതാന്‍ മറന്നതിലുള്ള കുറ്റബോധം അവരെ വല്ലാതെ അലട്ടി. ഒരു പക്ഷേ യേശുവിനോടു കൂടെ അക്കരെ പോകാനുള്ള ആവേശത്തില്‍ ഉണ്‍ടായ മറവിയാകാമത്. ഇതിനോടകം തന്നെ യേശു ചെയ്ത അത്ഭുതങ്ങളെല്ലാം കണ്‍ട അവരില്‍ ആവേശമുണ്‍ടായില്ലെങ്കിലല്ലെ അത്ഭുതമുള്ളു.

നമുക്കൊക്കെ ക്രിസ്തീയ ജീവിത യാത്രയില്‍ ഇത്തരം അക്കിടി പറ്റിയിട്ടില്ലേ. യേശു നമ്മില്‍ പ്രവര്‍ത്തിച്ച അത്ഭൂതങ്ങള്‍ ഓര്‍ത്തു നോക്കിയാല്‍ എങ്ങനെ ആവേശം കൊള്ളാതിരിക്കും. പക്ഷെ, മുമ്പോട്ടുള്ള യാത്രയില്‍ പ്രശ്‌നങ്ങള്‍ നമ്മെ എതിരേല്‍ക്കുമ്പോള്‍ ആവേശം തിരതല്ലിയ നമ്മുടെ യാത്ര ദുഃഖത്തിന്റെ നീര്‍ച്ചുഴിയില്‍ ചെന്നു പതിയ്ക്കുന്നു. ആ ആകുല ചിന്തകള്‍ മുന്നോട്ടുള്ള യാത്രയില്‍ സൂക്ഷിച്ചിരിക്കേണ്‍ട പല മുന്‍കരുതലുകളും എടുക്കാനുള്ള വിവേകം നമ്മില്‍ നഷ്ടപ്പെടുത്തും. അതിലെല്ലാമുപരി അക്കരയ്ക്കുള്ള യാത്രയില്‍ കഴിഞ്ഞനാളുകളില്‍ അഞ്ചപ്പത്തെ കൊണ്‍ട് അയ്യായിരത്തെ പോഷിപ്പിച്ച യേശു നമ്മോടൊപ്പം സഞ്ചരിക്കുന്നുണ്‍ടെന്ന ബോധം പോലും ശിഷ്യന്‍മാരെപ്പോലെ നമുക്കും നഷ്ടമാകും. കുറവുകള്‍ പരിഹരിച്ച് മുമ്പോട്ട് നയിക്കാന്‍ കഴിവുള്ള യേശുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാതെവണ്ണം പിശാച് നമ്മുടെ കണ്ണിനെ കുരുടാക്കുന്നു.

യേശുവിനെ തിരിച്ചറിയാനാവാതെ കല്ലറയ്ക്കല്‍ നിന്ന മറിയയുടേയും, എമ്മാവുസിലേക്കു പോയ ശിഷ്യന്‍മാരുടെയും, തിരമാലകളിന്‍മേല്‍ നടന്നു വന്ന യേശുവിനെ തിരിച്ചറിയാതെ പോയ ശിഷ്യന്‍മാരുടേയും പ്രശ്‌നം ഇതു തന്നെയായിരുന്നു. എന്നാല്‍ എല്ലാക്കാലത്തും കൂടെയുള്ള യേശു നമ്മുടെ കണ്ണു തുറപ്പിച്ചിട്ടേ കടന്നു പോകയുള്ളെന്ന് ഈ പറഞ്ഞ സന്ദര്‍ഭങ്ങളുടെയെല്ലാം ഒടുവില്‍ നാം കാണുന്നുണ്‍ട്.

അക്കരയ്ക്കുള്ള യാത്രയില്‍ യേശുവിന്റെ ചിന്ത പരീശന്റെ പുളിച്ച മാവിനെക്കുറിച്ചായിരുന്നു. ദൈവത്തെക്കുറിച്ചുള്ള വികലമായ സങ്കല്‍പം മതഭക്തിയെന്ന നുരഞ്ഞു പൊങ്ങുന്ന പുളിച്ച മാവിനു സമമാക്കി. ആ പുളിച്ച മാവിന് യേശുവിന്റെ ദൈവത്വത്തെ രുചിച്ചറിയാന്‍ കഴിഞ്ഞില്ല. ചുങ്കക്കാരും, പാപികളുമൊത്ത് ചങ്ങാത്തം കൂടി, തിന്നും കുടിച്ചും നടക്കുന്ന തച്ചന്റെ മകനില്‍ തങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന മശീഹയെ കണ്‍ടെത്താന്‍ അവര്‍ക്ക് സാധിക്കാതെ പോയി. മതഭ്രഷ്ട് കല്‍പ്പിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തി, ശബത്തിനെ ലംഘിച്ചും, ലംഘിക്കുന്ന ശിഷ്യരെ ന്യായീകരിച്ചും ദുര്‍ന്നടപ്പുകാരിക്ക് ശമര്യാപട്ടണത്തെ സുവിശേഷീകരിയ്ക്കാനുള്ള ഓര്‍ഡിനേഷന്‍ നല്‍കിയും നടന്ന അവനെ ദൈവ പുത്രനെന്നു വിളിയ്ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

പന്നികളോടു കൂടെ കഴിഞ്ഞ മുടിയന്‍ പുത്രന്‍മാരെ മേല്‍ത്തരം അങ്കി ധരിപ്പിക്കുന്ന സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ തിരിച്ചറിയാന്‍ വചനത്തെ തലനാരിഴ കീറി വ്യാഖ്യാനിക്കുന്ന ഇന്നത്തെ പരീശ വര്‍ഗ്ഗത്തിനും കഴിയുന്നില്ല. ഭൗമിക ചിന്തകളുമായി നടക്കുന്നവര്‍ക്ക് പുളിച്ച മാവെന്നു കേട്ടാല്‍ അപ്പത്തിന്റെ കാര്യമെന്ന് മനസ്സിലാകും. അതുകൊണ്‍ടല്ലേ സമൃദ്ധിയുടെ വേദശാസ്ത്രം പ ിപ്പിക്കുന്നവര്‍ക്ക് ഭൗമിക നന്മകളുടെ പരിധി വിട്ട് തിരുവചന സത്യങ്ങളെ മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്.

വര്‍ത്തമാന കാല സഭ നേരുടന്ന പുളിച്ച മാവാണ് സമൃദ്ധിയുടെ സുവിശേഷമെന്നു പറഞ്ഞാല്‍ ഒന്നാം നൂറ്റാണ്‍ടിലെ ശിഷ്യന്‍മാരെപ്പോലെ ഉപദ്രവമേല്‍ക്കേണ്‍ടി വരുന്ന അവസ്ഥയിലേക്ക് നമ്മുടെ മാര്‍ഗ്ഗം ഇന്ന് അധഃപതിച്ചിരിക്കുന്നു. ഈ അപമാനത്തെ മുന്‍കണ്‍ടായിരുന്നില്ലേ നാളത്തെ സഭയെ നയിക്കേണ്‍ട ശിഷ്യന്‍മാരോട് യേശു പരീശന്റെ പുളിച്ച മാവിനെ സൂക്ഷിക്കണമെന്ന് പറഞ്ഞത്. ദുരുപദേശം കൊണ്‍ട് ജനങ്ങളെ വഴിതെറ്റിക്കുന്ന ഇടന്‍മാര്‍ വര്‍ത്തമാന കാലത്ത് വര്‍ദ്ധിച്ചു കൊണ്‍ടിരിക്കുന്നു. ആര്‍ക്കും ആരെയും നിയന്ത്രിക്കാനാവാത്ത വിധം ദുരുപദേശമാകുന്ന പുളിച്ച മാവ് പുറത്തേയ്ക്കു ഒഴുകുന്നു. ക്രിസ്തുയേശുവിന്റെ സൗരഭ്യ വാസന പരത്തേണ്‍ട സഭയില്‍ ഭൗതികതയുടെ വിഴുപ്പും, ജഡീകതയുടെ ദുര്‍ഗ്ഗന്ധവും മണത്തറിയാനുള്ള ഘ്രാണശേഷി പോലും നമുക്ക് നഷ്ടമായിരിക്കുന്നു.

ഐഹികവും സ്വര്‍ഗ്ഗീയവുമായതിനെയും കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നിടത്തെല്ലാം ദര്‍ശനങ്ങള്‍ക്ക് വഴിപിഴയ്ക്കുമെന്ന കാര്യം മറക്കരുത്. നാം എവിടേയ്ക്കുള്ള യാത്രയുടെ മദ്ധ്യേയാണെന്ന് ഇടയ്‌ക്കൊക്കെ നമ്മോടു തന്നെ ചോദിക്കുന്നത് നന്നായിരിക്കും. ആരോടൊപ്പമാണ് നാം ഇറങ്ങിത്തിരിച്ചതെന്ന ബോധ്യവും ജീവിത വൈതരണികളെ ഭയം കൂടാതെ നേരിടാന്‍ നമ്മെ സഹായിക്കും. അപ്പം കൊണ്‍ടല്ല കൃപകൊണ്‍ടാണ് അക്കരയിലേക്ക് അവന്‍ നമ്മെ വിളിച്ചിറക്കിയത്. കൃപയുണ്‍ടെങ്കില്‍ അപ്പം നഷ്ടപ്പെട്ടാലും നമുക്ക് ക്ഷീണം ഭവിയ്ക്കയില്ല. കൃപ ചോര്‍ന്നു പോയാല്‍ അപ്പത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മെ മിസ്രയീമ്യ അടിമത്വത്തില്‍ കൊണ്‍ടെത്തിക്കും. ദര്‍ശനമില്ലാത്ത, പ്രതീക്ഷകളില്ലാത്ത, എല്ലാവരാലും കൈവിടപ്പെട്ടുവെന്ന അപകര്‍ഷതയുടെ അടിമത്വത്തില്‍ പിശാച് നമ്മെ ബന്ധിക്കും. ഈ ലോകത്തിന്റെ ചിന്തകള്‍ക്കൊണ്‍ട് കുരുടാക്കപ്പെട്ട കണ്ണും, യജമാനന്റെ പീഢനേമേറ്റു, വേദന തിന്ന് മരവിച്ച മനസ്സുമായി വിധിയെ പഴിചാരി കഴിയുന്നവര്‍ക്ക് അക്കരയ്ക്കുള്ള യാത്രയെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ മാഞ്ഞിരിക്കും. മറ്റു ചിലരാകട്ടെ അടിമത്വത്തില്‍ നിന്നും പടിയിറങ്ങി മരുഭൂമിയില്‍ വട്ടം കറങ്ങുകയാണ്. അടിമത്വത്തില്‍ നിന്നും പിടിച്ചിറക്കിയവന്റെ ഉത്തരവാദിത്വക്കുറിച്ചുളള ആവലാതിയും, പിറുപിറുപ്പും പരാതിയുമായി വാഗ്ദത്ത നാടിനെ മറന്നു കഴിയുന്ന ഇക്കൂട്ടര്‍ക്ക് സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ സമയം തികയാറില്ല. മരുഭൂമിയിലെ മന്നയേക്കാള്‍, മാറയില്‍ നിന്ന് ലഭിച്ച വെള്ളത്തേക്കാള്‍, തണലേകിയ മേഘസ്തംഭത്തേക്കാളും, പ്രകാശം പരത്തിയ അഗ്നിത്തൂണിനേക്കാളും മിസ്രയീമിലെ അടിമത്തം കേമമായിരുന്നുവെന്ന് പറയാന്‍ ലജ്ജ തോന്നാത്ത ഒരു കൂട്ടവും ഈ യാത്രക്കാരുടെ കൂട്ടത്തിലുണ്‍ട്. ചെങ്കടല്‍ പിളര്‍ന്നതും, ശത്രുവിനെ സംഹരിച്ചതും, യെരിഹൊ കോട്ട തകര്‍ത്തതുമൊന്നും വാഗ്ദത്ത നാട്ടിലേക്കുള്ള ചുവടുവെപ്പിന് പ്രചോദനമേകിയ അത്ഭുതമായി അവര്‍ക്ക് തോന്നാതിരുന്നത് എത്ര പരിതാപകരം.

പത്രോസിനും അങ്ങനെ സംഭവിക്കുമായിരുന്നു. ഏറ്റവും ഒടുവില്‍ തന്റെ എല്ലാമെല്ലാമായ ആത്മനാഥനേ ഒരു വേലക്കാരപ്പെണ്ണിന്റെ മുമ്പില്‍ തള്ളിപ്പറഞ്ഞതോടെ അവന്റെ കഥ കഴിഞ്ഞുവെന്ന് പിശാചിനും തോന്നി. രാവിലെ തോറും കോഴി കൂവും നേരം ഗുരുവിനെ ഒറ്റിക്കൊടുത്തവനെന്ന് ഓര്‍പ്പിച്ച് അവനെ ജീവകാലം മുഴുവന്‍ കുത്തി നോവിയ്ക്കാമെന്നും പിശാച് ദിവാസ്വപ്നം കണ്‍ടു. പക്ഷെ അക്കരയ്ക്കുള്ള യാത്രയില്‍ അവസാനത്തോളം കൂടിരിക്കാമെന്ന് ഉറപ്പു നല്‍കിയ യേശു തിബര്യാസ് കടല്‍ത്തീരത്തുവെച്ച് അവനെ അഭിമുഖീകരിച്ചു. നന്ദികേടിന്റെ കഥ പറയാനൊ, പത്രോസിനെ രക്ഷിച്ചതിന്റെ പിന്നിലെ മഹാത്യാഗത്തിന്റെ ചുരുളഴിക്കുവാനൊ ആയിരുന്നില്ല ആ കൂടിക്കാഴ്ച. പഴയപണിയ്ക്കിറങ്ങിയ പത്രോസിനെ തേടി അവനെത്തിയത് ആത്മനിയോഗത്തിന്റെ ബോട്ടില്‍ കൈപിടിച്ചു കയറ്റുവാനായിരുന്നു.

സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പേ തന്റെ ആടുകളെ മേയിക്കാവാനുള്ള നിയോഗം പത്രോസിന് കൈമാറാന്‍ പ്രാതലൊരിക്കി യേശു കാത്തിരുന്നു. പിതാവിന്റെ സന്നിധിയില്‍ വാസസ്ഥലമൊരുക്കുവാന്‍ പോയവന്‍, തന്റെ കുഞ്ഞാടുകളെ മേയിക്കാന്‍ പത്രോസിനോളം യോഗ്യനായി മറ്റൊരാളെ കണ്‍ടില്ല. പിന്നുള്ളതെല്ലാം ചരിത്രം. അപ്പോസ്തലന്‍മാരുടെ പ്രവര്‍ത്തികള്‍ രേഖപ്പെടുത്തിയ പുസ്തകത്തില്‍ അതിന്റെ എഴുത്താരംഭിച്ചു. മുമ്പിലുള്ള പ്രതിബന്ധങ്ങളെക്കാള്‍ വലിയവനാണ് അവരോട് കൂടെയുള്ളതെന്ന് വിശ്വസിച്ചുകൊണ്‍ട് അവരെല്ലാം യാത്ര ചെയ്തു. ഇന്നും അത് തുടരുന്നു.

പത്രോസും ശേഷം ശിഷ്യന്‍മാരും അവരുടെ കയ്യിലുള്ള ബാറ്റണ്‍ തലമുറകള്‍ക്ക് വിശ്വസതതയോടെ കൈമാറി. മുന്‍ഗാമികള്‍ പോയി മറഞ്ഞ വഴിയെ അവരേ പിന്‍ഗമിച്ചവരും യാത്രയായി. തലമുറകള്‍ കൈമാറി ആ ബാറ്റണ്‍ നമ്മുടെ കയ്യിലെത്തിയെന്ന് താങ്കള്‍ വിശ്വസിക്കുന്നുവൊ. അക്കരെയുള്ള യാത്രയിലാണെന്ന ബോധം നിങ്ങളെ ഭരിക്കുന്നുണ്‍ടൊ. അപ്പത്തെക്കുറിച്ചുളള ചിന്തയും പരീശന്‍മാരുടെ പുളച്ചമാവില്‍ നിന്നു പൊങ്ങുന്ന ചിന്തയും വിട്ട് അക്കരയ്ക്കു യാത്ര തുടരാം. കൂടെ യേശുവുണ്‍ടെന്ന് ഉറപ്പു വരുത്താന്‍ മറ­ക്കണ്‍ട.

Responses