സാക്ഷ്യം പറച്ചില്‍ : ഒരു വേദപുസ്തക ചരിത്രം

സാക്ഷ്യം, സാക്ഷ്യജീവിതം എന്നിവ അനേകര്‍ക്കും സഭായോഗത്തിലെ ഒരു ചടങ്ങ് മാത്രമാണ്. എന്നാല്‍ സാക്ഷ്യജീവിതത്തിന്റെ യഥാര്‍ത്ഥമൂല്യം വെളിപ്പെടുത്തുന്ന അനുപമനായ വ്യക്തിത്വം വേദപുസ്തകത്താളുകളില്‍ തിളങ്ങിനില്ക്കുന്നുണ്‍ട്. കഷ്ടതയുടെയും സഹനത്തിന്റെയും യാഥാര്‍ത്ഥ്യങ്ങള്‍ ഭക്തര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്ന ഇയ്യോബ് തന്നെ. ഈ ലോകത്തില്‍ നല്ലൊരു സാക്ഷ്യജീവിതം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും കൊതിക്കുന്ന അനുഭവങ്ങളാണ് ഇയ്യോബിന്റെ ജീവിതത്തില്‍ നാം കാണുന്നത്.

ദൈവത്തിന്റെ സാക്ഷ്യം
മനുഷ്യരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ ലഭിക്കുക വളരെ ബുദ്ധിമുട്ടുള്ളപ്പോള്‍ സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും സര്‍വ്വവ്യാപിയുമായ ദൈവത്തിന്റെ സാക്ഷ്യം പ്രാപിക്കുകയെന്നത് എത്രയോ ശ്രേഷ് കരമായ അനുഭവമാണ്. ഹൃദയത്തിലെ സകലരഹസ്യങ്ങളും ശോധന ചെയ്യുവാന്‍ കഴിവുള്ളവനും അകത്തെ ഇരുണ്‍ടകോണുകളിലേക്ക് അഗ്നിജ്വാലക്കൊത്ത കണ്ണുകള്‍ കൊണ്‍ട് വെളിച്ചം വീശുന്നവനുമായ ദൈവത്തിന് ഇയ്യോബിനെക്കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍ മാത്രമാണുണ്‍ടായിരുന്നത്. ‘അവനെപ്പോലെ നിഷ്‌ക്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലന്നുവനും ഭൂമിയില്‍ ആരും ഇല്ലല്ലോ’ (ഇയ്യോബ് 1: 8) എന്ന് ദൈവം പറയുമ്പോള്‍ അതിനേക്കാള്‍ മികച്ചൊരു സാക്ഷ്യം വേറെ ലഭിക്കാനില്ല.

ഇതേ വാക്കുകള്‍ ദൈവം ഒരിക്കല്‍ക്കൂടെ പറയുന്നുണ്‍ട്. സാത്താന്‍ തന്റെ കുടുംബത്തില്‍ നാശം വിതച്ചപ്പോഴും ഭക്തി മുറുകെപ്പിടിക്കുന്നത് കണ്‍ട ഇയ്യോബിനെയോര്‍ത്ത് ദൈവം അഭിമാനം കൊള്ളുകയാണ്. (ഇയ്യോബ് 2:3)

ഭാര്യയും
സഭയിലോ സമൂഹത്തിലോ നല്ല സാക്ഷ്യം നിലനിര്‍ത്താന്‍ കഴിയുന്ന അനേകര്‍ക്കും സ്വന്തം കുടുംബത്തില്‍ യാതൊരു വിലയും ഉണ്‍ടാകാറില്ല. കാരണം അഭിനയങ്ങളും കാപട്യങ്ങളും എന്നും കാണുന്ന കുടുംബത്തില്‍ വാചകകസര്‍ത്തുകള്‍ എങ്ങനെ വിലപ്പോകാന്‍? എന്നാല്‍ ഭാര്യയും ഇയ്യോബിനെക്കുറിച്ച് നല്ല സാക്ഷ്യം പറയുന്നു. മിക്ക ഭാര്യമാരും ഭര്‍ത്താവിന്റെ പൊയ്മുഖം സമൂഹത്തില്‍ വെളിപ്പെടാതിരിക്കാന്‍ പൊതിഞ്ഞ് സംസാരിക്കാറുണ്‍ട്. ഭര്‍ത്താവിനെ ആശ്രയിച്ചാണ് കഴിയുന്നതെങ്കില്‍ അതൊരു അനിവാര്യതയാണ്. എന്നാല്‍ തങ്ങളുടെ മക്കള്‍ എല്ലാവരും ഒരേ ദിവസം മരിച്ചപ്പോഴും 10 ശവപ്പെട്ടികള്‍ ഒരേ ദിവസം ഭവനത്തില്‍ നിരത്തിവച്ചപ്പോഴും ഒടുവില്‍ ഭര്‍ത്താവിനേ പുഴുത്തു നാറുവാന്‍ തുടങ്ങിയപ്പോഴും ഇയ്യോബ് ദൈവഭക്തി മുറുകെപ്പിടിച്ച് നില്ക്കുന്ന കാഴ്ച്ചയാണ് അവള്‍ കാണുന്നത്. ഒടുവില്‍ സഹികെട്ട് ദൈവത്തെ ത്യജിച്ച് മരിച്ചുകളയാന്‍ ഉപദേശിക്കുമ്പോഴും ഭര്‍ത്താവിന്റെ അചഞ്ചലമായ ഭക്തിയെ അവള്‍ ഉയര്‍ത്തുക തന്നെയാണ്. (ഇയ്യോബ് 2:9)

സുഹൃത്തുക്കളുടെ വക
ഇയ്യോബിന്റെ കഷ്ടതയ്ക്ക് കാരണം രഹസ്യപാപങ്ങളാണെന്ന് സമര്‍ത്ഥിക്കുവാന്‍ സ്‌നേഹിതര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്‍ട്. പരിശുദ്ധനായ ദൈവത്തെ സഹായിക്കാന്‍ വേണ്‍ടി ആത്മാര്‍ത്ഥ സുഹൃത്തിനെ അവര്‍ തള്ളിപ്പറയുന്നു. പക്ഷെ ഈ തള്ളിപ്പറച്ചിലിനിടയിലും അവര്‍ ഇയ്യോബിന്റെ ജീവിതത്തെ പുകഴ്ത്തുന്നുണ്‍ട്. ‘നീ പലരെയും ഉപദേശിച്ചു, തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. വീഴുന്നവനെ നിന്റെ വാക്ക് താങ്ങി കുഴയുന്ന മുഴങ്കാല്‍ നീ ഉറപ്പിച്ചിരിക്കുന്നു.’ (ഇയ്യോബ് 4:3,4) സാക്ഷ്യമുള്ള ജീവിതത്തെ എത്ര താഴ്ത്തികെട്ടാന്‍ ശ്രമിച്ചാലും അതിനൊരു പരിധിയുണ്‍ട്. താഴ്ത്തികെട്ടുന്നവരുടെ അധരം തന്നെ അറിയാതെ സാക്ഷ്യം പറഞ്ഞിരിക്കും.

സ്വന്തം മനഃസാക്ഷിയും
മറ്റുള്ളവരാല്‍ സാക്ഷ്യം പ്രാപിക്കുന്നതിനെക്കാള്‍ ഏറ്റവും പ്രധാനം സ്വന്തം മനഃസാക്ഷിയുടെ വിധിയാണ്. സ്വന്തം മനഃസാക്ഷിയുടെ കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന അനേകരുണ്‍ട്. കാരണം ഒരാളെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയുന്നത് ആ വ്യക്തി തന്നെയാണല്ലോ. എന്നാല്‍ കഷ്ടതയുടെ പാരമ്യതയിലും ഇയ്യോബ് ദൈവസന്നിധിയില്‍ തന്നെത്തന്നെ വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക. ‘പരിശുദ്ധന്റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ.’ (6:10) ‘എന്റെ നാവില്‍ അനീതിയുണ്‍ടോ?’ (6:30) ‘ഞാന്‍ എന്റെ നടപ്പ് അവന്റെ മുമ്പാകെ തെളിയിക്കും.’ (13:15) ‘എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു. എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തുവരും.’ (23:10) ‘ദരിദ്രന്മാര്‍ക്ക് ഞാന്‍ അപ്പനായിരുന്നു.’ ( 29:16) ‘ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു. പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നത് എങ്ങനെ?’ (31:1) ഇത്രയും ശക്തമായ സാക്ഷ്യം സ്വന്തം മനഃസാക്ഷിയില്‍ സൂക്ഷിക്കുവാന്‍, അത് ദൈവത്തിന്റെ മുമ്പില്‍ വെളിപ്പെടുത്തുവാന്‍ ഇയ്യോബിന് മാത്രമേ കഴിയൂ. ദൈവത്താല്‍ സാക്ഷ്യം പ്രാപിക്കണമെങ്കില്‍ സ്വന്തം മനഃസാക്ഷിയിലും സാക്ഷ്യം പ്രാപി­ക്കണം.

സാക്ഷ്യം പറയാത്ത വ്യക്തി
ഇയ്യോബിനെക്കുറിച്ച് ദൈവം, ഭാര്യ, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. എന്നാല്‍ ഒരിക്കല്‍ പോലും തന്നെക്കുറിച്ച് നല്ലൊരു വാക്ക് പറയാത്ത വ്യക്തി ആ പുസ്തകത്തിലുണ്‍ട്. അതേ, സാത്താന്‍ തന്നെ. ഇന്നുവരെ ആരെക്കുറിച്ചും നല്ല വാക്ക് പറയാന്‍ സാത്താന് കഴിഞ്ഞിട്ടില്ല. ആരും അത് പ്രതീക്ഷിക്കുന്നുമില്ല. കാരണം അവന്‍ അപവാദി മാത്രമാണ്. പുസ്തകത്തിന്റെ ആരംഭത്തില്‍ ആരോപണങ്ങളുടെ പട്ടികയുമായി ദൈവസന്നിധിയില്‍ നില്ക്കുന്ന സാത്താന്‍ അവസാന രംഗങ്ങളില്‍ ചിത്രത്തിലില്ല. ഇയ്യോബിന്റെ സാക്ഷ്യജീവിതത്തിന്റെ ശക്തി തെളിയുന്നത് ഇവിടെയാണ്.

Responses