പരിശുദ്ധാത്മാവും ഈശാനമൂലനും

അപ്പോ­സ്തല പ്രവൃ­ത്തി­കള്‍ ആദിമ നൂറ്റാണ്‍ടിലെ സഭ­യുടെ ചരിത്രം മാത്ര­മ­ല്ല, എല്ലാ കാല­ത്തേ­ക്കു­മുള്ള സഭ­യു­ടെയും മിഷന്‍ പ്രവര്‍ത്ത­ന­ങ്ങ­ളു­ടെ ചരിത്രവും വ്യക്തി­പ­ര­മായ ആത്മ­നി­റ­വിലുള്ള ജീവി­തത്തി­ന്റെ ടെക്സ്റ്റ്­ബുക്കുമാ­ണ്. അപ്പോ­സ്ത­ല­നായ പൗലോ­സ് തന്റെ ജീവി­താ­നു­ഭ­വ­ങ്ങള്‍ കുറി­ക്കു­മ്പോള്‍ വൈരു­ദ്ധ്യ­മായ അനു­ഭ­വ­ങ്ങളെ ഒരു­മിച്ച് ചേര്‍ത്ത് എഴു­താറുണ്‍ട്. (മാ­നാ­പ­മാ­ന­ങ്ങള്‍, സത്കീര്‍ത്തി ദുഷ്‌ക്കീര്‍ത്തി മുത­ലാ­യവ) ഇതുപോലെ വൈരു­ദ്ധ്യ­മായ സംഭ­വ­ങ്ങള്‍ പൗലോസിന്റെ ജീവി­ത­ത്തില്‍ സംഭ­വി­ച്ചത് ചരി­ത്ര­കാ­ര­നായ ലൂക്കോസ് അപ്പോ­സ്തല പ്രവര്‍ത്തി­ക­ളില്‍ രേഖ­പ്പെ­ടു­ത്തി­യി­ട്ടുണ്‍ട്. ഒരി­ക്കല്‍ പരി­ശു­ദ്ധാത്മാവും (16 -ാം അദ്ധ്യാ­യം) മറ്റൊ­രി­ക്കല്‍ കാറ്റും (27 ാം അദ്ധ്യാ­യം) സ്വാധീ­നി­ച്ച തന്റെ യാത്ര­കള്‍ വളരെ കൗതുകരമായ അറി­വാ­ണ്.

യൂറോ­പ്പി­ലേ­ക്കുള്ള തന്റെ യാത്ര ഒരി­ക്കലും മുന്‍കൂട്ടി നിശ്ച­യി­ച്ച­താ­യി­രു­ന്നി­ല്ല. ഗലാത്യ പ്രദേ­ശ­ങ്ങ­ളില്‍ മുമ്പ് സഞ്ച­രിച്ച സ്ഥല­ങ്ങ­ളിലെ ശിഷ്യരെ സന്ദര്‍ശി­ച്ച­തിന് ശേഷം പണ്‍ട് ചെന്നെ­ത്താത്ത ആസ്യ­യി­ലെ പുതിയ മേഖ­ല­ക­ളി­ലേക്ക് യാത്ര തിരിച്ച പൗലോ­സിനെ വില­ക്കി­യത് പരി­ശു­ദ്ധാ­ത്മാ­വാണ് (16:7) എന്നാല്‍ ബിഥു­ന്യ­യി­ലേ­ക്കാ­വട്ടെ യാത്ര­യെന്ന് തീരു­മാ­നി­ച്ച­പ്പോള്‍ വീണ്‍ടും പരി­ശു­ദ്ധാ­ത്മാവ് പൗലോ­സിനെ സമ്മ­തി­ച്ചില്ല. (16:7) വേല­യ്ക്കായി വേര്‍തി­രി­ച്ചതും അയ­ച്ച­തു­മെല്ലാം പരി­ശു­ദ്ധാ­ത്മാ­വാ­ണെ­ങ്കിലും ഇത്ത­വണ ആത്മാവ് തന്നെ വില­ക്കു­ന്നു!

എന്തെ­ങ്കിലും വിലക്കോ തട­സ്സമോ കണ്‍ടാല്‍ ഉടന്‍ അനേകം വിശ്വാസികളും ശാസി­ക്കു­ന്നത് പിശാ­ചി­നെ­യാ­യി­രി­ക്കും. കാരണം സാത്താന്‍ എന്നും അപ­വാ­ദിയും ദൈവ­ജ­ന­ത്തിന്റെ വളര്‍ച്ച­യുടെ തട­സ്സ­ക്കാ­ര­നു­മാ­ണ­ല്ലോ. എന്നാല്‍ എല്ലാ തട­സ്സ­ങ്ങളും പൈശാ­ചി­ക­മാ­ണെന്ന് ഒരി­ക്കലും കരു­ത­രു­ത്. ചില­പ്പോള്‍ ദൈവം തന്നെ യാത്ര വിലക്കി­യെ­ന്നി­രി­ക്കും. അത് തിരി­ച്ച­റി­യു­വാന്‍ കഴി­യു­ന്നി­ട­ത്താണ് ഒരു ദൈവ­പൈ­ത­ലിന്റെ ജീവിതവിജയം തെളി­യു­ന്ന­ത്.

വില­ക്കി­യെ­ങ്കിലും വഴി­മു­ട­ക്കി­യി­ല്ല. പകരം പരി­ശു­ദ്ധാ­ത്മാവ് പൗലോ­സിന് ഒരു ദര്‍ശനം നല്‍കി. ചരി­ത്ര­­്രപധാ­ന­മായ ആ മക്ക­ദോന്യ ദര്‍ശനം പൗലോ­സിനെ പുതിയ ഭൂമി­ക­യി­ലേക്ക് കൊണ്‍ടെ­ത്തി­ച്ചു. പരി­ശു­ദ്ധാ­ത്മാ­വാണ് വില­ക്കു­ന്ന­തെ­ങ്കില്‍ അതിന് പുറ­കില്‍ ഒരു ഉദ്ദേശം ഉണ്‍ടാ­യി­രി­ക്കും. അത് വൈകാതെ തന്നെ കണ്‍മു­ന്നില്‍ തെളി­യു­കയും ചെയ്യും. എന്നും ഇരു­ട്ടത്ത് നിശ്ച­യ­മി­ല്ലാത്ത മേഖ­ല­യില്‍ തപ്പി­ത്ത­ട­യു­വാന്‍ ദൈവം ഒരി­ക്കലും സമ്മ­തി­ക്കി­ല്ല. പുതിയ ദര്‍ശ­ന­ങ്ങളും ദൃശ്യ­ങ്ങളും ഈ തട­സ്സ­ങ്ങള്‍ക്കി­ട­യില്‍ കിര­ണ­ങ്ങള്‍ പോലെ തെളി­യും.

പരി­ശു­ദ്ധാ­ത്മാവ് അന്ന് തട­ഞ്ഞത് യൂറോ­പ്പില്‍ സുവി­ശേ­ഷ­ത്തിന്റെ വ്യാപ്തിക്ക് കാര­ണ­മാ­യി. പൗലോ­സിന്റെ മിഷ­ണറി ദൗത്യ­ങ്ങള്‍ക്കുള്ള സാമ്പ­ത്തിക ശ്രോത­സ്സായി ഫിലി­പ്പി­യിലെ സഭ മാറി. ഒരു തടസ്സം മറ്റൊരു നേട്ടത്തിന് നിദാ­ന­മാകുന്നു. മാത്ര­മ­ല്ല, ആസ്യ­യില്‍ പിന്നീട് പൗലോസ് ഫല­പ്ര­ദ­മായി സുവി­ശേഷം അറി­യി­ക്കു­കയും ചെയ്തു. ആത്യ­ന്തി­ക­മായി നോക്കി­യാല്‍ എല്ലാം നേട്ടം തന്നെ.

അതേ പുസ്ത­ക­ത്തില്‍ തന്നെ 27 ാം അദ്ധ്യാ­യ­ത്തില്‍ പൗലോ­സിന്റെ യാത്രയ്ക്ക് തടസ്സം നേരി­ടു­ന്നുണ്‍ട്. ഇക്കുറി പരി­ശു­ദ്ധാ­ത്മാ­വല്ല കാറ്റാണ് മാര്‍ഗ്ഗ­ത­ട­സ്സ­മാ­യ­ത്. പൗലോ­സിനെ ലക്ഷ്യ­സ്ഥാ­നത്ത് എത്തി­ക്കാന്‍ സമ്മ­തി­ക്കാത്ത ഈശാ­ന­മൂ­ലന്‍ കാറ്റ് തന്നെ. കാറ്റ് സമ്മ­തി­ക്കാ­ത്ത­തി­നാല്‍ യാത്ര­യുടെ ഗതി തന്നെ മാറി­പ്പോ­യി. (27:7) ലക്ഷ്യ­ത്തി­ലെ­ത്തി­ക്കി­ല്ലെന്ന് മാത്ര­മ­ല്ല, വഴി­യില്‍ വച്ച് നശി­പ്പി­ക്കാന്‍ ഉത­കുന്ന തര­ത്തില്‍ കാറ്റ് രൗദ്ര­ഭാവം പൂണ്‍ടു.

പരി­ശു­ദ്ധാ­ത്മാവ് എന്ന പദ­ത്തിനും കാറ്റ് എന്നര്‍ത്ഥ­മുണ്‍ട്. പക്ഷെ ഈശാ­ന­മൂ­ലന്‍ നശി­പ്പി­ക്കാ­നൊ­രു­ങ്ങുന്ന കാറ്റാ­ണെ­ങ്കില്‍ ദൈവ­ത്തിന്റെ കാറ്റായ പരി­ശു­ദ്ധാ­ത്മാവ് അനേ­കരെ രക്ഷ­യി­ലേക്കു നയി­ക്കു­ന്ന കാറ്റാ­ണ്. പരി­ശു­ദ്ധാ­ത്മാവ് സമ്മ­തി­ക്കാ­ത്തതും കാറ്റ് സമ്മ­തി­ക്കാ­ത്തതും തമ്മില്‍ സാര­മായ വ്യത്യാ­സ­മുണ്‍ട്. അദ്യ­ത്തേത് കൂടു­തല്‍ പ്രയോ­ജ­ന­പ്പ­ടു­വാ­നുള്ളതാ­ണെ­ങ്കില്‍ രണ്‍ടാ­മ­ത്തേത് പ്രാണനെ നശി­പ്പി­ക്കാ­നു­ള്ള­താ­ണ്. എങ്കിലും പരിശുദ്ധാത്മാവായ കാറ്റിന്റെ നിയ­ന്ത്ര­ണ­ത്തിന്‍ കീഴി­ലു­ള്ള­വന്‍ ­ഈശാനമൂലനേ അതി­ജീ­വി­ക്കുന്ന കാഴ്ച്ചയും ഈ അദ്ധ്യാ­യ­ത്തില്‍ തന്നെ­യുണ്‍ട്.

ഈശാ­ന­മൂ­ലന്‍ എന്ന വിനാ­ശ­കാ­രി­യായ കാറ്റ് അടി­ച്ചു­തു­ട­ങ്ങി­യ­തോടെ എല്ലാ­വ­രു­ടെയും പ്രതീ­ക്ഷ­കള്‍ക്ക് മങ്ങ­ലേ­റ്റു­വെന്ന് മന­സി­ലാ­ക്കിയ സര്‍വ്വ­ശ­ക്ത­നായ ദൈവം ആത്മാ­വിനെ അനു­സ­രിച്ച് നട­ക്കുന്ന പൗലോ­സിന് ദര്‍ശനം നല്‍കി. പരി­ശു­ദ്ധാ­ത്മാ­വിന്റെ വില­ക്കി­നി­ട­യില്‍ ദര്‍ശനം കാണിച്ച് യഥാര്‍ത്ഥ ലക്ഷ്യ­ത്തി­ലേ­ക്കെ­ത്തി­ക്കാന്‍ ദൈവ­ത്തിന് മന­സുണ്‍ടെ­ങ്കില്‍ കാറ്റ് എതി­രാ­കു­മ്പോള്‍ തന്റെ ഭക്തനെ ധൈര്യ­പ്പെ­ടു­ത്തു­വാന്‍ ദര്‍ശനം നല്‍കാ­തി­രി­ക്കുമോ?

കാറ്റ് യാത്രയെ കുറേ­യൊക്കെ തട­സ്സ­പ്പെ­ടു­ത്തു­കയും വഴി തിരി­ച്ചു­വി­ടു­കയും ചെയ്തു­വെ­ങ്കിലും ആത്യ­ന്തി­ക­മായി വിജ­യി­ച്ചി­ല്ല. ആ കാല­യ­ള­വില്‍ ഒരി­ക്കലും സുവി­ശേഷം കേള്‍ക്കാന്‍ സാദ്ധ്യ­ത­യി­ല്ലാ­തി­രു­ന്ന­ഒരു ദ്വീപ് മുഴു­വന്‍ കര്‍ത്താ­വിനെ അറി­ഞ്ഞു. കാറ്റ് തട­യാന്‍ ശ്രമി­ച്ചാല്‍ ദൈവ­ത്തിന്റെ പദ്ധതി ഇല്ലാ­താ­കുമോ? ഒടു­വില്‍ പൗലോസ് തന്റെ ലക്ഷ്യ­മായ റോമില്‍ എത്തുക തന്നെ ചെയ്തു.

പരി­ശു­ദ്ധാ­ത്മാവും ഈശാ­ന­മൂ­ലനും എങ്ങനെ തിരി­ച്ച­റിയാം? അതിന്റെ ലക്ഷ്യ­ങ്ങ­ളില്‍, ദൗത്യ­ത്തില്‍, സമീ­പ­ന­ത്തില്‍, ഇട­പെ­ട­ലില്‍ ഇതിനെ രണ്‍ടി­നെയും തിരി­ച്ച­റി­യാം. ഒരു ദൈവ­പൈ­തല്‍ ക്രിസ്തീയ യാത്ര­യില്‍ ഇത് രണ്‍ടും അനു­ഭ­വി­ക്കും. ഇതിനെ ഫല­പ്ര­ദ­മായി വിവേ­ചി­ച്ച­റി­യുക തന്നെ വേണം.

Responses