വാതിലില്‍ മുട്ടി വിളിയ്ക്കുന്ന കന്യകമാര്‍

യേശുവിന്റെ ഉപമകളില്‍ നാം പേരിട്ടു വിളിയ്ക്കുന്ന മുടിയനായ പുത്രനും, നല്ല ശമര്യാക്കാരനും പോലെ തന്നെ മനസ്സില്‍ ഉടക്കി നില്‍ക്കുന്ന മറ്റൊരു കഥയാണ് പത്തു കന്യകമാരുടേത്. ആവര്‍ത്തന വിരസത തോന്നാമെങ്കിലും കേട്ടു തുടങ്ങിയാല്‍ വീണ്‍ടും ആത്മ വിശപ്പടക്കാനും, കൊത്തിപ്പെറുക്കാനും ഈ അക്ഷയ പാത്രങ്ങളില്‍ എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല.
യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ അവസാനമായപ്പോഴേക്കും തന്റെ വാക്കുകളുടെ ഘനവും മൂര്‍ച്ചയും അനിര്‍വചനീയമായി വര്‍ദ്ധിച്ചു വരുന്നത് മത്തായിയുടെ സുവിശേഷത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ബോധ്യമാവും. ഇരുപത്തിമൂന്നാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ സ്ഥാനങ്ങള്‍ അപഹരിച്ചെടുത്ത യഹൂദമതമേലധികാരികള്‍ക്കു നേരെയുള്ള തീഷ്ണതയേറിയ വിമര്‍ശനം പ്രതിഫലിക്കുന്നത് നാം കാണുന്നു. ശാസ്ത്രമാരേയും, പരീശന്‍മാരെയും, കപട ഭക്തിക്കാരെന്നും മൂഢന്മാരും കുരുടന്മാരൂമായ വഴികാട്ടികളെന്നും വിളിച്ചാക്ഷേപിക്കുമ്പോള്‍ യേശുവിന്റെ ഉള്ളില്‍ തിളച്ചു മറിയുന്ന വിപ്ലവ വീര്യത്തിന്റെ ചൂട് വായനക്കാരിലും അനുഭവമാകും. ഒട്ടകത്തെ വിഴുങ്ങുന്നവരെന്നും, വെള്ളതേച്ച ശവക്കല്ലറകളെന്നും വിളിച്ചാക്ഷേപിച്ച് മതശക്തികളുടെ നേര്‍ക്കുള്ള യഹൂദയിലെ സിംഹത്തിന്റെ ഗര്‍ജ്ജനം ആരിലും ഉള്‍ക്കിടിലം ഉളവാക്കുന്നതാണ്.
\"\"
ഹാബേലിന്റെ നിഷ്‌ക്കളങ്കമായ രക്തം തുടങ്ങി ദൈവത്തിന്റെ പ്രവാചകന്‍മാരെയെല്ലാം കൊന്നൊടുക്കിയവരുടെ മക്കളെന്നു മുദ്രകുത്തി പാമ്പുകളെ, സര്‍പ്പ സന്തതികളെ എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ സ്‌നാപക യോഹന്നാന്റെ വാക്കുകളുടെ പതിന്മടങ്ങു ഗാംഭീര്യമായിരുന്നു ആ ശബ്ദത്തില്‍ മാറ്റൊലി കൊണ്‍ടത്. പക്ഷെ, എത്ര പെട്ടന്നായിരുന്നു ആ ശബ്ദം കരളലിയിക്കുന്ന ഒരു മാതൃഹൃദയത്തിന്റെ തേങ്ങലായി പരിണമിച്ചത്. യെരുശലേമെ, യെരുശലേമെ, പ്രവാചന്‍മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചിരുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്ളാന്‍ എനിക്ക് എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല. നൊന്തുപെറ്റ മക്കള്‍ പെരുവഴിയിലേക്കു തള്ളിയിറക്കി വിട്ടപ്പോഴും അവരെച്ചൊല്ലി വിലപിക്കുന്ന പെറ്റതള്ളയുടെ പിടയുന്ന ഹൃദയം പോലെ യേശുവിന്റെ വാക്കുകളില്‍ ദൈവസ്‌നേഹം നിറഞ്ഞു തുളുമ്പി കരുണാര്‍ദ്രതയുള്ളതാകാനുള്ള കാരണം അടുത്ത അദ്ധ്യായത്തില്‍ നാം കാണുന്നു.

ദേവാലയം വിട്ടു പോകുമ്പോള്‍ വരുവാന്‍ പോകുന്ന നാളിനെക്കുറിച്ച് യേശു പറയുന്നിടത്ത് ആകാശത്തു ചിറകു വിരിച്ചടുക്കുന്ന റാഞ്ചന്‍ പക്ഷിയുടെ ചിറകടിയും, മാനത്തിരുണ്‍ടു കൂടുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ ഇരമ്പലും നമുക്കു കേള്‍ക്കാനാകും. തന്റെ വൃതന്‍മാരെ തെറ്റിക്കുന്ന കള്ള ക്രിസുതുക്കള്‍, കള്ള പ്രവാചകന്‍മാര്‍, വിശുദ്ധ സ്ഥലത്തു നില്‍ക്കുന്ന ശൂന്യമാക്കുന്ന മ്ലേഛത, യുദ്ധങ്ങളും യുദ്ധ ശ്രൂതികളും കൊണ്‍ട് ചഞ്ചലപ്പെടുന്നവര്‍, ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കുന്നത്... എന്നിങ്ങനെ ഭാവികാലെ തലമുറയുടെ ദുര്യോഗം ഉള്ളതുപോലെ അളന്നറിയാന്‍ സര്‍വ്വജ്ഞാനിയായ യേശുവിനല്ലാതെ ആര്‍ക്കു കഴിയും? ആ നാളുകളെക്കുറിച്ച് മാനുഷ ഭാഷകൊണ്‍ട് വ്യക്തമാക്കാവുന്നിടത്തോളം യേശു വിവരിക്കുന്നുണ്‍ട്. വിസ്താരഭയത്താല്‍ എല്ലാം എടുത്തെഴുതാന്‍ മുതിരുന്നില്ല. കഷ്ടം കഴിഞ്ഞുവെന്നു കരുതുമ്പോഴേക്കും ആകാശത്തിന്റെ ശക്തികള്‍ ഇളകി, സൂര്യനും ചന്ദ്രനും പ്രകാശം നല്‍കാതെ സൗരയൂഥം ഇരുളില്‍ തപ്പിതടയുന്നത് വേനല്‍ അടുക്കുമ്പോള്‍ അത്തി തളിര്‍ക്കുന്നതുപോലെ വളരെ പെട്ടെന്നായിരിക്കുമ്പോലും!!

യേശുവിന്റെ ഉപദേശത്തിന്റെ പരിസമാപ്തി ശിഷ്യന്‍മാരിലേക്ക് ചെന്നുനില്‍ക്കുന്നു. യേശു അവരോട് ചോദിക്കുന്നത് ശ്രദ്ധിക്കൂ: യജമാനന്‍ തന്റെ വീട്ടുകാര്‍ക്ക് തത്സമയത്ത് ഭക്ഷണം കൊടുക്കേണ്‍ടതിന് അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബൂദ്ധിമാനും ആയ ദാസന്‍ ആര്‍? അങ്ങനെ ചെയ്തു കാണുന്ന ഭാഗ്യവാന്‍മാരായ ദാസന്‍മാരുടെ കൂട്ടത്തില്‍ നാമുണ്‍ടാകുമൊ? അല്ല പരസ്യമായി യജമാനന്‍ വരുമെന്ന പ്രസംഗിക്കുകയും ഹൃദയത്തില്‍ അവന്‍ വരാന്‍ താമസിക്കുമെന്ന് പറഞ്ഞ് കുടിയന്‍മാരുടെ കൂടെ തിന്നു കുടിച്ച് നോഹയുടെ കാലത്തെപ്പോലെ കഴിയുന്ന ദുഷ്ട ദാസന്റെ പട്ടികയിലൊ നമ്മള്‍? യേശു ഇതുവരെ പറഞ്ഞതെല്ലാം തന്റെ ശിഷ്യന്‍മാര്‍ക്കുള്ള മുന്നറിവിനായിരുന്നുവെന്ന അടുത്ത വാക്കുകളില്‍ നമുക്ക് ബോധ്യമാകും. യേശുവിന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കുകയെന്നതാണ് തന്റെ ദാസന്റെ ചുമതല. കര്‍ത്താവിന്റെ എളിയതൊ, വിലയേറിയതൊ ആയ ഏതു ദാസനും നിര്‍വ്വഹിക്കേണ്‍ട ദൗത്യം ആടുകളെ തീറ്റിപ്പോറ്റൂകയാണെന്ന് മറക്കരുതെ. അങ്ങനെ ചെയ്യാഞ്ഞാല്‍ വിശ്വസ്തരല്ലാത്ത തന്റെ ശിഷ്യന്‍മാര്‍ക്കുള്ള പങ്ക് കപട ഭക്തിക്കാരോടു കൂടെയായിരിക്കുമെന്ന് പറയാന്‍ യേശു മടിക്കുന്നില്ല. അവിശ്വസ്തരായ ദാസന്‍മാരുടെ പ്രതിഫലം വെട്ടിച്ചുരുക്കി സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന് യേശു പറഞ്ഞില്ല. മറിച്ച് വിട്ടുവീഴ്ചയില്ലാത്ത തന്റെ നിയമത്തിന്റെ ദണ്ഡനമേറ്റ് കരച്ചിലും പല്ലുകടിയുമുള്ള നിത്യ നരകാഗ്നിയിലായിരിക്കും അവരുടേയും അവസാനമെന്ന് യേശു പറയുന്നു.

യജമാനന്റെ വീട്ടുകാരോടുള്ള ദാസന്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും പറഞ്ഞു തീര്‍ത്തിട്ടാണ് മണവാളന്റെ വരവില്‍ പുറന്തള്ളപ്പെട്ടുപോയ അഞ്ച് ബുദ്ധിയില്ലാത്ത കന്യകമാരുടെ ഉപമ യേശു പറയുന്നത്. ദാസന്‍മാരുടെ യോഗ്യത അവര്‍ വിശ്വസ്തരും ബുദ്ധിമാന്‍മാരും ആയിരിക്കുക എന്നതാണ്.

പത്തു കന്യകമാരുടെ വിശ്വസ്തതയെ നമുക്ക് ചോദ്യം ചെയ്യേണ്‍ടതില്ല. മണവാളന്റെ വരവിനായി കാത്തിരിക്കുന്നവരാണവര്‍. മണവാളന്റെ വരവിനായി കാത്തിരിക്കുന്നവരാണവര്‍. മണവാളന്‍ വരുമെന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ബുദ്ധിപരമായി ഇവര്‍ രണ്‍ടു തട്ടുകളിലാണ്. യജമാനന്‍ എതു സമയത്ത് വരുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ അഞ്ചുപേര്‍ ബുദ്ധിപൂര്‍വ്വം പാത്രത്തില്‍ എണ്ണകരുതി. മറ്റുള്ളവര്‍ ബുദ്ധിയില്ലാത്തവരായതെങ്ങനെയെന്ന് പറയേണ്‍ടല്ലോ. ഈ ഉപമയില്‍ യജമാനന്‍ അര്‍ദ്ധരാത്രിയില്‍ വരുന്നതായി നാം കാണുന്നു. തത്സമയം കന്യകമാര്‍ പത്തുപേരും ഉറക്കത്തിലാണ്. വേദപുസ്തക ഭാഷയില്‍ ശാരീരിക ഉറക്കം പോലെ തന്നെ ആത്മീയ ഉറക്കവുമുണ്‍ട്. ബുദ്ധിയുള്ള കന്യകമാരുടെ ഉറക്കത്തെ ശാരീരികമായുള്ള ഉറക്കമായി നമുക്കു കാണാന്‍ പ്രയാസമില്ല. വയലില്‍ വേല ചെയ്യുന്നതൊ, തിരികല്ലില്‍ പൊടിച്ചു കൊണ്‍ടിരിക്കുന്നതൊ യേശുവിന്റെ വരവില്‍ എടുക്കപ്പെടുന്നതിന് തടസ്സിമില്ലെന്ന് യേശു തന്നെ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്‍ടല്ലൊ. ജീവിതയാത്രയില്‍ എവിടെയായിരുന്നാലും എണ്ണ കരുതിയിട്ടുണ്‍ടെങ്കില്‍ വിളക്ക് തെളിയിച്ച് മണവാളനെ എതിരേല്‍ക്കാന്‍ പ്രയാസമുണ്‍ടാവില്ല.

ബുദ്ധിയില്ലാത്ത കന്യകമാരുടെ ഭാഗം വിവരിക്കുവാന്‍ ആത്മീയ വ്യാഖ്യാനം ആവശ്യമുണ്‍ട്. ഇവരുടേത് ആത്മീയ ഉറക്കം ആയിരുന്നുവെന്ന് പറയാന്‍ കഴിയുന്നത് അപ്പോഴാണ്. അല്ലായെങ്കില്‍ യേശുവിന്റെ അനുയായികള്‍ക്ക് ഈ ഭൂമിയില്‍ വെച്ച് ഒരിക്കലും ഉറങ്ങാന്‍ കഴിയില്ലല്ലൊ. ദൈവം തന്നിട്ടുള്ള ബുദ്ധി പ്രയോഗിക്കാതെ പിറന്നു വീണ മാര്‍ഗ്ഗത്തിലും, ജനിച്ചു വളര്‍ന്ന സാസ്‌കാരിക പശ്ചാത്തലത്തിലും മയക്കം പിടിച്ച് ഉറങ്ങിപ്പോയ എത്രയോ കന്യകമാര്‍ നമ്മുടെ ജീവിതയാത്രിയിലൂണ്‍ട്. ഇവര്‍ ദുഷ്ടരൊ, ഭക്തി ഹീനരൊയെന്നൊന്നും തിരുവെഴുത്ത് പറയുന്നില്ല. മറ്റുള്ളവരെപ്പോലെ മണവാളനായി കാത്തിരുന്ന കന്യകമാര്‍ ഇവര്‍. പക്ഷെ അവര്‍ ബുദ്ധിയില്ലാത്തവരായി അവസരം നഷ്ടപ്പെടുത്തി. ആതമീയമായുള്ള ഉറക്കത്തില്‍ എണ്ണയുടെ കാര്യം ഇക്കൂട്ടര്‍ കാര്യമായി എടുത്തില്ല. ഇവിടെ എണ്ണയും ആത്മീയ വ്യാഖ്യാനം ആവശ്യമുണ്‍ട്. പുതിയ നിയമത്തില്‍ പരിശുദ്ധാത്മാവിന്റെ സ്ഥാനം അപ്രമേയമാണ്. വീണ്‍ടും ജനനം മുതല്‍ ഉല്‍പ്രാപണം വരെ സത്യത്തിന്റെ വഴികാട്ടിയായി, ശുദ്ധീകരണത്തിന്റെ കാര്യസ്ഥനായി, ദാസന്റെ ശക്തി സ്രോതസ്സായി നിലകൊളളുന്ന എണ്ണയുടെ അഭാവം യേശുവുമായുള്ള ബന്ധം തന്നെ ഇല്ലാതെയാക്കുന്ന വിപത്താണെന്ന അറിഞ്ഞിരിക്കേണ്‍ടതിനല്ലേ ഈ ഉപമ യേശു പറഞ്ഞത്. കന്യകയെന്ന് പേരു പറഞ്ഞതൊകൊണ്‍ടോ, വിളക്കിലെണ്ണയുള്ള ബുദ്ധിയിള്ളവരോട് കൂടെ കൂട്ടായ്മയില്‍ പങ്കെടുത്തതുകൊണ്‍ടോ മണവാളന്‍ വരുമ്പോള്‍ കൂടെപോകാമെന്നു കരുതരുതെ. മണവാളന്‍ വരാന്‍ നേരം എണ്ണ വാങ്ങാമെന്നു കരുതി ഉറങ്ങിക്കളയുകയുമരുതെ. നിനയാത്ത നാഴികയില്‍ അവന്‍ വരും. എണ്ണയുള്ളവര്‍ അവനോടു കൂടെ അകത്തു കയറും. ബാക്കിയുള്ളവരെ പുറത്താക്കി വാതിലടയ്ക്കും. കര്‍ത്താവെ ഞങ്ങള്‍ക്കു തുറക്കേണമെയെന്നു വിലപിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ അറിയുന്നില്ലായെന്നുള്ള ശബ്ദമാണു കേള്‍ക്കുന്നതെങ്കില്‍ നമ്മെപ്പോലെ ഭാഗ്യദോഷികള്‍ വെറെ ആരുള്ളൂ? ആ നാളില്‍ നമ്മുടെ കരച്ചിലും പല്ലുകടിയും കേട്ടിരിക്കാന്‍ കൂട്ടിന് കപട ഭക്തിക്കാരെയുള്ളുവെന്ന് മറക്കരുതെ.

യേശുവിന്റെ മടങ്ങി വരവില്‍ അവിടുത്തെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ അവസരമുള്ള മൂന്നു കൂട്ടരെക്കുറിച്ചാണ് ഈ ഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അവിടുത്തെ വീട്ടുകാര്‍ക്ക് ഭക്ഷണമൊരൂക്കി കൊടുക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ദാസന്‍, മണവാളന്‍ വരുമ്പോള്‍ വിളക്കില്‍ എണ്ണ തെളിയിച്ച് ഉണര്‍ന്നിലിക്കുന്ന കന്യക എന്നിവരെ നാം കണ്‍ടുകഴിഞ്ഞു. താലന്തു ലഭിച്ച ദാസന്‍മാരുടെ അടുത്ത് കണക്കു തീര്‍ക്കാനെത്തുന്ന യജമാനനാണ് അടുത്തതായി നാം കണുന്നത്. ലഭിച്ച താലന്തുകള്‍ വ്യാപാരം ചെയ്ത രീതിയനുസരിച്ച് രണ്‍ടുപേര്‍ നല്ലവനും, വിശ്വസ്തനുമായ ദാസന്‍ എന്ന വിളികേട്ട് യജമാനന്റെ സന്തോഷത്തില്‍ പ്രവേശിച്ചു. ലഭിച്ച താലന്തു കുഴിച്ചിട്ടവന്‍ ദുഷ്ടനും മടിയനുമെന്ന വിളി കേട്ട് ഇരുട്ടും, കരച്ചിലും പല്ലു കടിയുമുള്ള നിത്യ നരകത്തിലേക്ക് പോകേണ്‍ടി വന്നു. പ്രിയരെ, ആ നാള്‍ വരും മുമ്പെ നാം ഏതു കൂട്ടത്തില്‍പ്പെടുന്നുവെന്ന് ചിന്തിച്ച് നമ്മുടെ വിളിയോട് വിശ്വസ്തത പുലര്‍ത്താന്‍ ബന്ധപ്പെടാം. യേശു മടങ്ങിവരുമ്പോള്‍ മാനസാന്തരപ്പെടാന്‍ വീണ്‍ടുമൊരവസരം കൂടി ശേഷിച്ചിട്ടില്ല എന്ന സത്യം മറക്കരുതെ?

Responses