ദൈവരാജ്യത്തിന്റെ സമഗ്രാധിപത്യം

മത്തായി സുവിശേഷം ദൈവരാജ്യത്തിന്റെ വിളംബരമാണെങ്കില്‍ അതിന്റെ ഉദ്‌ഘോഷമാണ് ഗിരിപ്രഭാഷണം. മത്തായി 5,6,7 അദ്ധ്യായങ്ങളില്‍ ക്രിസ്തുവിന്റെ പ്രസംഗം ദൈവരാജ്യം എങ്ങനെയാണ് ഓരോ വ്യക്തിയിലും പ്രതിഫലിപ്പിക്കേണ്‍ടതെന്ന് വെളിപ്പെടുത്തി. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന ക്രിസ്തുവിന്റെ പ്രസംഗം കേട്ട് ആകര്‍ഷിക്കപ്പെട്ട് അനേകര്‍, തന്നെ വിട്ടുപിരിയാതെ നില്ക്കുന്നത് കണ്‍ട ക്രിസ്തു ഉടന്‍ ഒരു മലമുകളിലേക്ക് കയറിപ്പോയി. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കണമെങ്കില്‍ ഉയരങ്ങളിലേക്ക് പോകണമെന്ന ചിന്ത തന്നെയൊരു സന്ദേശമാണ്. പക്ഷേ വളരെക്കുറച്ച് പേര്‍ മാത്രമേ മലമുകളിലേക്ക് ക്രിസ്തുവിനോട് കൂടെ കയറിച്ചെന്നുള്ളൂ. ഇന്നും ഇത് തന്നെയാണ് സംഭവിക്കുന്നത്. എന്തായാലും താത്പര്യമുള്ള കുറേപ്പേരെ കണ്‍ട് സന്തുഷ്ടനായ ക്രിസ്തു ദൈവരാജ്യത്തെ വിസ്തരിച്ച് തുടങ്ങി.

ആത്മാവിനെക്കുറിച്ചായിരുന്നു ആദ്യപരാമര്‍ശം. മനുഷ്യന്റെ 12 വ്യത്യസ്ത മേഖലകളെ സമഗ്രമായി പ്രതിപാദിച്ചാണ് ആ പ്രസംഗം അവസാനി­ച്ചത്.

1. ആത്മാവില്‍ വെളിച്ചം

ആത്മാവിനെക്കുറിച്ച് യേശുകര്‍ത്താവ് പറഞ്ഞുതുടങ്ങാന്‍ കാരണം ദൈവരാജ്യത്തില്‍ അതാണ് ഏറ്റവം പ്രധാനം എന്നതിനാലാണ്. ആത്മാവില്‍ ചൈതന്യം വന്നാല്‍ പ്രകാശിക്കുവാന്‍ തുടങ്ങും. നല്ല പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന സകതിലും പ്രവര്‍ത്തിക്കുന്നത് ദൈവരാജ്യ­മാണ്

2. ഇടപാടുകള്‍
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ഇടപാടുകള്‍ സര്‍വ്വര്‍ക്കും അറിയാവുന്നതിനാല്‍ ദൈവരാജ്യത്തിലെ അംഗങ്ങളുടെ നീതി അവരെ കവിയണമെന്ന് ക്രിസ്തു പ ിപ്പിച്ചു. നീതി വെളിപ്പെടുന്നത് എപ്പോഴും ഇടപാടുകളിലാണ­ല്ലോ.

3. ഹൃദയപൂര്‍വ്വമുള്ള ആരാധന
ദൈവരാജ്യത്തിലെ പ്രജകള്‍ക്ക് ഹൃദയത്തില്‍ കയ്പ്പും നീരസവും പകയും വച്ച് ആരാധിക്കാനാവില്ല. നമ്മുടെ നാവിലെ സ്‌തോത്രത്തേക്കാള്‍ നമ്മുടെ ഹൃദയം സ്‌കാന്‍ ചെയ്ത് അവിടെ വെളിപ്പെടുന്ന നിര്‍മ്മലതയിലും വിശുദ്ധിയിലും ദൈവം പ്രസാദിക്കുന്നു. ഹാബേലിലും അവന്റെ വഴിപാടിലും ദൈവം പ്രസാദിച്ചുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു.

4. അവയവങ്ങള്‍
ആത്മാവ്, ഇടപാട്, ഹൃദയം എന്നിവ കടന്ന് ദൈവപുത്രന്‍ ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത് ശരീരത്തിലെ അവയവങ്ങളിലാണ്. ശരീരത്തിലെ ഏതെങ്കിലും അവയവത്തില്‍ ദൈവരാജ്യത്തിന്റെ ശക്തി പ്രവഹിക്കുവാന്‍ തടസം ഉണ്‍ടാകുന്നുണ്‍ടെങ്കില്‍ അതിനെ ചൂഴ്ന്ന് കളയാന്‍ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായ ക്രിസ്തു വളരെ ശക്തമായ ഭാഷയില്‍ പറയണമെങ്കില്‍ അതിന്റെ ഗൗരവം അത്ര വലുതായത് കൊണ്‍ട് മാത്രമാണ­ല്ലോ.

5. വാക്കുകള്‍
സ്‌നേഹം പുറമേയ്ക്ക് പുരട്ടി അകത്ത് വിഷം നിറച്ച അധരങ്ങള്‍ ദൈവരാജ്യത്തിന്റെ ചാലകശക്തിയാവില്ലെന്ന് ദൈവുത്രന്‍ ഉദ്‌ഘോഷിക്കുന്നു. ഉവ്വ്, ഇല്ലാ എന്നീ വാക്കുകള്‍ക്കപ്പുറത്തുള്ള എല്ലാ അവ്യക്തകളും മറിപ്പുകള്‍ക്കും ദൈവരാജ്യത്തില്‍ സ്ഥാന­മില്ല.

6. പെരുമാറ്റം
മനുഷ്യനെ മറ്റുള്ളവരുടെ മുമ്പില്‍ വ്യത്യസ്തനാക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് പെരുമാറ്റം. നല്ല സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കാമെങ്കിലും സ്‌നേഹമെന്ന പെരുമാറ്റം ദൈവരാജ്യത്തില്‍ മത്രം ലഭ്യമായ അനുഭവമാണ്.

7. കാരുണ്യം
ഇടങ്കൈ ചെയ്യുന്നത് വലങ്കൈ അറിയരുതെന്ന് ക്രിസ്തു പ്രഘോഷിക്കുമ്പോള്‍ സഹായത്തിന്റെ പുറകിലെ മനോഭാവത്തെയാണ് കര്‍ത്താവ് പുറത്തുകൊണ്‍ടുവരുന്നത്. കൊട്ടിഘോഷിച്ചുള്ള സഹായവിതരണങ്ങളെല്ലാം തന്നെ ദൈവരാജ്യത്തിന്റെ അതിരുകള്‍ക്ക് പുറത്താണ്.

8. പ്രാര്‍ത്ഥന
പ്രാര്‍ത്ഥിക്കുമ്പോള്‍ ഉച്ചരിക്കുന്ന വാക്കുകളുടെ അര്‍ത്ഥമില്ലായ്മ അനേകര്‍ക്കും ബാധകമേയല്ല. പ്രാര്‍ത്ഥനയ്ക്ക് വ്യാകരണമൊന്നും വേണ്‍ടെന്ന് പറയുന്നവര്‍ ഭരണാധികാരികളോട് സംസാരിക്കുമ്പോള്‍ വളരെ സൂക്ഷിക്കാറുണ്‍ട്. ഹൃദയത്തില്‍ നിന്നും സംസാരിച്ചാല്‍ വ്യാകരണപ്പിശകോ ജല്പനമോ സംഭവിക്കില്ല. കാരണം അതൊരു ഒഴുക്കായിരി­ക്കും.

9. സമ്പാദ്യങ്ങള്‍
ഇതുവരെ പറഞ്ഞതൊക്കെ ആന്തരീക അനുഭവങ്ങളാണെങ്കില്‍ സമ്പത്ത് എന്ന പ്രത്യക്ഷമായ ഘടകത്തെ ദൈവരാജ്യത്തിന്റെ മേഖലയിലേക്ക് കര്‍ത്താവ് കൊണ്‍ടുവരികയാണ്. ബാക്കിയൊക്കെ ഹൃദയത്തിലെ അനുഭവമാക്കി പൊതിയാന്‍ കഴിഞ്ഞേക്കാമെങ്കിലും ധനത്തോടുള്ള നമ്മുടെ പ്രതികരണം ബാക്കിയുള്ള സകലത്തിന്റെയും ചൂണ്‍ടുപലകയാണ്. ദൈവരാജ്യത്തിലെ പ്രജ സ്വര്‍ഗ്ഗത്തില്‍ ഏറെ നിക്ഷേപം ഉണ്‍ടാക്കും, തീര്‍ച്ച.

10. ആശങ്കയില്ലാത്ത ജീവിതം
ടെന്‍ഷന്‍ ഫ്രീ ജീവിതം ദൈവരാജ്യത്തിന്റെ മാത്രം സവിശേഷതയാണ്. ആശങ്കപ്പെട്ടത് കൊണ്‍ട് തലമുടിയുടെ നിറം മാറ്റാന്‍ കഴിയില്ലെന്ന കര്‍ത്താവിന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. പ്രശസ്തമായ ഡൈ ഉപയോഗിച്ച് മുടിയുടെ കളര്‍ മാറ്റാന്‍ കഴിഞ്ഞേക്കാം. പക്ഷെ ആശങ്കപ്പെട്ടതുകൊണ്‍ട് തലമുടിയുടെ നിറം മാറ്റാന്‍ ഇന്നും ഒരാള്‍ക്കും സാദ്ധ്യമല്ല.

11. കാഴ്ച്ചപ്പാടുകള്‍
അന്യനെ വിധിക്കുന്നതിനെക്കാള്‍ സ്വന്തം ജീവിതത്തെ ആത്മാര്‍ത്ഥമായി വിശകലനം ചെയ്യുവാന്‍ കഴിയുന്നതാണ് ദൈവരാജ്യത്തിന്റെ പ്രത്യേകത. മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുവാന്‍ കഴിയുന്നവര്‍ക്ക് സ്വന്തം തെറ്റുകള്‍ പലപ്പോഴും മറഞ്ഞിരിക്കും. എന്നാല്‍ ദൈവരാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ മറ്റുള്ളവന്റെ കുറവുകളെക്കാള്‍ സ്വന്തം കുറവുകള്‍ തെളിഞ്ഞുകാ­ണും.

12. യാത്ര ഇടുക്കുവാതിലിലൂടെ
പ്രസംഗം ഉപസംഹരിക്കുന്നത് ഇടുക്ക് വാതിലിലൂടെയുള്ള ജീവിതയാത്രയെക്കുറിച്ച് സൂചിപ്പിച്ചാണ്. ദൈവരാജ്യം ഭൂരിപക്ഷാഭിപ്രായമല്ല, ക്രിസ്തുവിന്റെ പിമ്പേയുള്ള ഗമനമാണ്. അവിടെ എത്രയാളുകള്‍ കൂടെയുണ്‍ടെന്നതല്ല, ക്രിസ്തു മുമ്പെ നടക്കുന്നുവോയെന്നതാണ്. അവര്‍ മാത്രം നിത്യതയില്‍ പ്രവേശിക്കും. ആത്മാവ്, ഇടപാട്, ആരാധന, ശരീരാവയവങ്ങള്‍, വാക്ക്, പെരുമാറ്റം, കാരുണ്യം, പ്രാര്‍ത്ഥന, ധനം, ആശങ്കയില്ലാത്ത ജീവിതം, കാഴ്ച്ചപ്പാടുകള്‍, ജീവിതയാത്ര എന്നിങ്ങനെ ഒരു മനുഷ്യന്റെ ആത്മീക, ആന്തരീക, ശാരീരിക, സാമൂഹീക, സാമ്പത്തിക മേഖലകളയെല്ലാം പരാമര്‍ശിച്ച് ക്രിസ്തുവിന്റെ പ്രഭാഷണം നീങ്ങുന്നു. ഒരു മനുഷ്യന്റെ സമഗ്രമേഖലകളും ഇതില്‍ ഉള്ളടങ്ങിയിട്ടുണ്‍ട്. ഇവയിലെല്ലാം ദൈവരാജ്യത്തിന്റെ തത്വങ്ങളും ശക്തിയും ഔന്നത്യവും പ്രായോഗികമാക്കണം എന്നതാണ് ക്രിസ്തുവിന്റെ ആഹ്വാനം.

Responses