ഒരു അസാധാരണ യാത്രയുടെ വാഗ്മയച്ചിത്രം

യേശകര്‍ത്താവ് ഗലീലയിലെ ശുശ്രൂഷകള്‍ തത്ക്കാലം അവസാനിപ്പിച്ച് യെഹൂദ്യദേശത്തിലൂടെ നടത്തിയ യാത്രാവിവരണം മത്തായി പത്തൊമ്പതാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് അതിമനോഹരമായിട്ടാണ്. യോഹന്നാന്റെ ശബ്ദം കേട്ട് മാനസാന്തരപ്പെട്ട ജനങ്ങള്‍ അധിവസിച്ചിരുന്ന യെഹൂദ്യയില്‍ യേശുവിനെ അനുഗമിക്കുവാന്‍ അനേകരുണ്‍ടായിരുന്നു. യേശുവിനെ യോഹന്നാന്‍ പരിചയപ്പെടുത്തിയതും ആദ്യമായി ശിഷ്യന്മാര്‍ യേശുവിനെ പരിചയപ്പെടുന്നതുമൊക്കെ ഈ സ്ഥലങ്ങളിലായിരുന്നു. അതിനാല്‍ യേശുവിന്റെ ഗലീലിയന്‍ ശുശ്രൂഷ കേട്ടറിഞ്ഞെത്തിയ വലിയൊരു പുരുഷാരം തന്നെ അനുഗമിച്ചു.

1. വലിയ പുരുഷാരം
ഇവര്‍ യേശുവിന്റെ പിന്നാലെ കൂടിയത് തങ്ങളുടെ ശാരീരിക പ്രശ്നങ്ങള്‍ക്ക് വിടുതല്‍ ലഭിക്കാനായിരുന്നു. ഇന്ന് അനേകര്‍ യേശുവിനെ അനുഗമിക്കുന്ന പുരുഷാരത്തെ വിമര്‍ശിച്ച് സംസാരിക്കാറുണ്‍ട്. അപ്പത്തിനും സൌഖ്യത്തിനും ഭൂതശാന്തിക്കും പുറകെ നടക്കുന്നവര്‍ എന്ന് ആക്ഷേപിക്കാറുണ്‍ട്. പക്ഷെ ആക്ഷേപിക്കുന്ന എത്ര പേര്‍ യേശുകര്‍ത്താവില്‍ നിന്നും സൌഖ്യം പ്രാപിച്ചിട്ടുണ്‍ട്? യേശുക്രിസ്തുവില്‍ നിന്നും ഒരു അനുഭവവും സ്വന്തമായി ഇല്ലാത്തവര്‍ മറ്റുള്ളവരെ ആക്ഷേപിക്കുന്നത് അപഹാസ്യമാണ്. ഡോക്ടറുടെ അടുക്കല്‍ പോകുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് പ്രാര്‍ത്ഥിച്ച് സൌഖ്യം പ്രാപിക്കുന്നത്. അവരൊന്നും എല്ലാക്കാലവും കൂടെയുണ്‍ടാവില്ലായിരിക്കാം. പക്ഷെ കര്‍ത്താവിന്റെ അടുക്കല്‍ എന്തെങ്കിലും ആവശ്യവുമായി പോകുന്നത് അത്ര മോശം കാര്യമൊന്നുമല്ല.

അനുഗമിക്കുന്ന പുരുഷാരം സൌഖ്യം പ്രാപിച്ചുവെന്ന് നാം വായിക്കുന്നു. അവര്‍ എത്ര ദൂരം പുറകെ നടന്നിട്ടുണ്‍ടാവും? അറിയില്ല. എത്ര സമയം പുറകെ നടക്കേണ്‍ടി വന്നിട്ടുണ്‍ടാകും? അറിയില്ല. പക്ഷെ ഒരു കാര്യം മാത്രം നമുക്ക് വ്യക്തമാണ്. നടന്നാല്‍ പ്രയോജനമുണ്‍ട്. ഇന്നും യേശുവിനെ അനുഗമിക്കുന്നവര്‍ വിടുതല്‍ പ്രാപിക്കുന്നു. ഒരു ദിവസമെങ്കിലും, ഒരിക്കലെങ്കിലും യേശുകര്‍ത്താവിനെ വിളിച്ചിട്ടുള്ളവര്‍ അതിന്റെ പ്രയോജനം അനുഭവിച്ചിട്ടുണ്‍ട്.

പുരുഷാരം സൌഖ്യം പ്രാപിച്ച് മടങ്ങി.

2. പരീശന്മാര്‍
യേശു ഗലീലയില്‍ നിന്നും യെഹൂദ്യയിലെത്തി എന്നറിഞ്ഞപ്പോള്‍ മുതല്‍ ഒരു വിഭാഗം കൂടെക്കൂടിയിട്ടുണ്‍ട്. പരീശന്മാര്‍! അവര്‍ സൌഖ്യം പ്രാപിക്കാനൊന്നുമല്ല കൂടെ നടക്കുന്നത്. ആരും സൌഖ്യം പ്രാപിക്കാതിരുന്നെങ്കില്‍ എന്ന് ഹൃദയത്തില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുമുണ്‍ട്. വേദപുസ്തകം അരച്ചുകലക്കി കുടിച്ചവരാണവര്‍. അവര്‍ വന്നത് യേശുവില്‍ നിന്നും വചനത്തിലെ സത്യങ്ങള്‍ കൂടുതല്‍ മനസിലാക്കാനൊന്നുമല്ല. എങ്ങനെയെങ്കിലും കര്‍ത്താവിനെ വാക്കില്‍ കുടുക്കാനായി ജനക്കൂട്ടത്തിനിടയില്‍ നുഴഞ്ഞുകയറിയതാണ്. അവര്‍ക്കിപ്പോള്‍ വിവാഹമോചനത്തെക്കുറിച്ചായിരുന്നു സംശയം. പക്ഷെ വചനം (വാക്ക് എന്നും വിശേഷിപ്പിക്കാം) ജഡമായി തീര്‍ന്നവനെ തര്‍ക്കിച്ചു തോല്പ്പിക്കാന്‍ നടന്നവരെക്കുറിച്ച് സഹതപിക്കുകയല്ലാതെ വേറെന്ത് ചെയ്യാന്‍?

പരീശന്മാര്‍ പരാജയത്തോടെ മടങ്ങി.

3. കുഞ്ഞുങ്ങള്‍
അവര്‍ക്ക് സൌഖ്യത്തെക്കാള്‍, വചനത്തെക്കാള്‍ ദൈവാനുഗ്രഹമാണ് വേണ്‍ടത്. അവര്‍ക്ക് വേണ്‍ടത് എന്താണെന്നറിയാവുന്ന കര്‍ത്താവ് അവരെ തന്നോട് ചേര്‍ത്ത് പിടിച്ച് തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. വിശ്വാസത്തില്‍ വന്നിട്ട് ദശാബ്ദങ്ങളായെങ്കിലും ഇന്നും കുഞ്ഞുങ്ങളെപ്പോലെ ‘അനുഗ്രഹിക്കണേ’ എന്ന് പ്രാര്‍ത്ഥിക്കുന്നവരുണ്‍ട്. ആകെ ഒറ്റ പ്രാര്‍ത്ഥന മാത്രമേ അറിയൂ. ശവസംസ്ക്കാരത്തിനും വിവാഹത്തിനും സ്നാനത്തിനും കര്‍ത്തൃമേശയ്ക്കും സഭായോഗത്തിനും ഒറ്റ പ്രാര്‍ത്ഥന മാത്രമേ അറിയൂ. വ്യക്തിപരമായ പ്രാര്‍ത്ഥനയിലും അനുഗ്രഹിക്കണമെന്ന് ജല്പനം ചെയ്യുന്നതല്ലാതെ പ്രാര്‍ത്ഥനാജീവിതത്തില്‍ യാതൊരു പരിജ്ഞാനമോ വളര്‍ച്ചയോ പ്രകടിപ്പിക്കാത്തവര്‍. എന്നാല്‍ തിന്മയിലോ ഭൌതീക കാര്യങ്ങളിലോ അല്പം പോലും ശിശുക്കളല്ല താനും. ദൈവീക പരിജ്ഞാനത്തില്‍ ഓരോ വിശ്വാസിയും വളരേണ്‍ട ആവശ്യക്ത തിരിച്ചറിഞ്ഞ പൌലോസ് തന്റെ പ്രാര്‍ത്ഥനകള്‍ കൂടുതലും ഈ വിഷയത്തിലാണ് കേന്ദ്രീകരിച്ചത്.

കുഞ്ഞുങ്ങള്‍ അനുഗ്രഹത്തോടെ മടങ്ങി.

4. ധനികനായ യുവാവ്
ദൈവീക കാര്യങ്ങളില്‍ അസാധാരണമായ ആത്മവിശ്വാസമുണ്‍ടായിരുന്നു ഈ ചെറുപ്പക്കാരന്. തന്റെ പ്രായത്തില്‍ പലര്‍ക്കും ഇല്ലാത്ത നല്ല ക്വാളിറ്റി. മോഷണം, ദൂഷണം, കള്ളം തുടങ്ങിയവ ഉപേക്ഷിച്ച്  താന്‍ ദിനേന പാലിക്കുന്ന കല്പനകള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. ധനികനായിട്ടും ഇത്തരം സവിശേഷതകളുണ്‍ടെങ്കില്‍ ആരാണ് ആദരിക്കാത്തത്? ഇവയെല്ലാം താന്‍ ബാല്യം മുതല്‍ പാലിച്ചുവരുന്നുവെന്ന് കര്‍ത്താവിന്റെ മുമ്പിലാണ് സാക്ഷ്യപ്പെടുത്തുന്നത്. മറ്റുള്ളവരുടെ ഹൃദയത്തിലെ നിരൂപണങ്ങള്‍ അറിയാവുന്ന കര്‍ത്താവ് ആ അവകാശവാദങ്ങളൊന്നും നിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷെ ഒരു കുറവ് മാത്രം പറഞ്ഞു. തന്റെ ധനം നിത്യജീവനെ ബാധിക്കുന്നു. അതിനാല്‍ ഉള്ളത് മുഴുവന്‍ (ദശാംശമല്ല) വിറ്റ് ദരിദ്രര്‍ക്ക് നല്‍കി സ്വര്‍ഗ്ഗത്തില്‍ ഡിപ്പോസിറ്റ് ചെയ്യാന്‍ കര്‍ത്താവ് ഉപദേശിച്ചു. അവന്‍ വളരെ ധനികനായിരുന്നത് കൊണ്‍ട് അത് സഹിക്കാനാകുമായിരുന്നില്ല. എത്രയോ പേര്‍ കര്‍ത്താവിന്റെ അടുക്കല്‍ വന്നിട്ടുണ്‍ട്!

പക്ഷെ ധനികനായ യുവാവ് നിരാശയോടെ മടങ്ങി.

5. ശിഷ്യന്മാര്‍
പുരുഷാരം സൌഖ്യത്തോടെ മടങ്ങി. പരീശന്മാര്‍ പരാജയത്തോടെയും കുഞ്ഞുങ്ങള്‍ അനുഗ്രഹത്തോടെയും തിരിച്ചുപോയി. ധനികനായ യുവാവ് മാത്രം നിരാശയോടെയും. എന്നാല്‍ ഇതിനടയില്‍ മറ്റൊരു കൂട്ടം ആളുകളുണ്‍ട്. അവര്‍ പോകാന്‍ വന്നതല്ല. ശിഷ്യന്മാര്‍! കര്‍ത്താവ് എവിടെ അന്തിയുറങ്ങുന്നുവോ അവിടെ അവരും കാണും. കര്‍ത്താവിന്റെ ഭക്ഷണം തന്നെ അവരുടേതും. സ്വന്തമെന്ന് പറയാനുണ്‍ടായിരുന്നതെല്ലാം അവര്‍ യേശുവിന് വേണ്‍ടി ഉപേക്ഷിച്ചതാണ്. അവര്‍ക്കാണ് നിത്യതയെക്കുറിച്ചുള്ള വാഗ്ദത്തങ്ങള്‍ കര്‍ത്താവ് നല്‍കുന്നത്. ഈ ഭൂമിയിലും വരുവാനുള്ള ലോകത്തിലും ഇരട്ടി നന്മകളും പ്രതിഫലങ്ങളും അവര്‍ക്കായി കര്‍ത്താവ് വാഗ്ദത്തം ചെയ്തു. അതവര്‍ക്ക് സ്വപ്നം കാണാന്‍ കൂടെ കഴിയുമായിരുന്നില്ല.

നിത്യജീവമൊഴികള്‍ അനുഭവിച്ചവര്‍ എവിടേക്കും തിരിച്ചുപോകില്ല.

Responses