അയല്‍ക്കാരനെ തിരിച്ചറിയുക

\"\"

വര്‍ണ്ണാലങ്കൃതമായ പ്രഭ പരത്തി നിന്ന ക്രിസ്തുമസ് വെളിച്ചവും പുതുവത്സരപ്പുലരിയുടെ ആഹ്ളാദത്തിമിര്‍പ്പും നവോന്മേഷവും അസ്തമന സൂര്യനെപ്പോലെ എത്ര പെട്ടെന്നാണ് പോയ്മറഞ്ഞത്. ജീവിതം പഴയതുപോലെ പിന്നെയും തുഴഞ്ഞു നീങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു. വിശ്രമമില്ലാത്ത തുഴച്ചില്‍ എപ്പോഴെങ്കിലും നിര്‍ത്തിയാല്‍ ലക്ഷ്യം പിഴച്ചതുതന്നെ. എന്നിട്ടും എത്രയോ വട്ടം തുഴഞ്ഞു വലഞ്ഞു തളര്‍ന്നുപോയിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയാണ് മനസ്സ്. വേനല്‍ക്കാലത്തെ കൊടും താപം കൊണ്ട് വിണ്ടുകീറിയ വയല്‍പ്പോലെ എന്തിനോവേണ്ടി അതു ദാഹിച്ചുകൊണ്ടേയിരിക്കും.

നിങ്ങളെപ്പോലെ ഡിസംബര്‍ മുപ്പത്തി ഒന്നിന് പുതുവത്സരത്തെ എതിരേല്‍ക്കാന്‍ ഞാനും ഉണര്‍ന്നിരുന്നു. ദൈവത്തിന് എല്ലാ മഹത്വവും അര്‍പ്പിച്ചും നന്ദി പറഞ്ഞും മടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും പുതുവത്സരാശംസ നേരാന്‍ ടെക്സ്റു മെസേജും, ഫോണ്‍കാളുകളും നടത്തി. ശേഷമുള്ളവര്‍ക്ക് ഈമെയില്‍ ചെയ്യാനായി കമ്പ്യൂട്ടറിനെ സമീപിച്ചു. ലോകത്തെ കാതിനോടും വിരല്‍ത്തുമ്പിനോടും അടുപ്പിച്ചു തന്ന സാങ്കേതിക വിദ്യയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ജീവിതങ്ങള്‍ക്ക്  നന്ദി. ഈമെയില്‍ തുറന്നതും ഇന്ത്യയില്‍ നിന്നുള്ള മിഷനറി സുഹൃത്തിന്റെ അസാധാരണമായ സന്ദേശമാണ് ശൂന്യമായിക്കിടന്ന മനസ്സിനെ കുത്തി നോവിച്ചത്. പുതുവത്സരത്തിന്‍റെ പ്രതീക്ഷകള്‍ മായുന്നതിനു മുമ്പെ ഇത്തരമൊരു സന്ദേശം എന്റെ അനുവാചകരിലേക്ക് പരത്തുന്നത് ശരിയാണൊയെന്നതിന് നിങ്ങള്‍ തന്നെ ഉത്തരം കണ്ടെത്തുക.

എന്റെ സുഹൃത്തിന്‍റെ സന്ദേശമറിയാന്‍ നിങ്ങള്‍ക്കും ആകാംക്ഷയുണ്ടെന്നറിയാം. നിങ്ങളില്‍പ്പലരെപ്പോലെ ഞങ്ങളില്‍ പലര്‍ക്കും ഈ പുതുവത്സര ദിനം സന്തോഷകരമല്ലെന്നായിരുന്നു അദ്ദേഹം എഴുതിയത്. നമ്മെപ്പോലെ അവരും മദ്ധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ പുതുവത്സരപ്പിറവിയില്‍ ദൈവത്തിന് നന്ദിപറയാന്‍ ഒത്തുചേര്‍ന്നതായിരുന്നു. എന്നാല്‍ ഒരുകൂട്ടം സായുധരായ മതഭ്രാന്തന്മാര്‍ സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ നിര്‍ദ്ദാക്ഷണ്യം തല്ലിച്ചതച്ചു.

ഇതിനേക്കാള്‍ വലിയ വാര്‍ത്തയായിരുന്നല്ലോ ഈജിപ്റ്റിലെ പള്ളിയില്‍ പുതുവത്സര പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച ഇരുപത്തൊന്നു കോപ്റ്റിക് ക്രിസ്ത്യാനികളെ നിര്‍ദ്ദാരുണം വെടിവെച്ചു കൊന്നുവെന്നത്. ഫാദര്‍ തോമസ് ചിരട്ടവയലിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ സംഭവം നമ്മുടെ മനസ്സില്‍ നിന്നും മറഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ അംഗരക്ഷകന്റെ വെടിയേറ്റു മരിച്ച പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണര്‍ സല്‍മാന്‍ തസീറിന്‍റെ വാര്‍ത്ത മനസാക്ഷിയുള്ളവരെ ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു. മതനിന്ദാ കുറ്റം ചുമത്തി ആസിയാ ബീവിയെന്ന ക്രിസ്ത്യന്‍ വനിതയെ തൂക്കിലേറ്റാന്‍ വിധിച്ച നിയമം ചോദ്യം ചെയ്തതിന്‍റെ ബലിയാടാണദ്ദേഹം.

ഈ ലേഖനം നിങ്ങളുടെ അടുത്തെത്തുമ്പോഴേക്കും മറ്റേതെങ്കിലും നിരപരാധിയെ കശാപ്പു ചെയ്ത വാര്‍ത്ത ഇതിന്‍റെ സ്ഥാനം പിടിച്ചിരിയ്ക്കും. ആവര്‍ത്തനവിരസത കൊണ്ട്  മനസ്സാക്ഷിയ്ക്കേറ്റ മരവിപ്പ് കാരണം ഇതൊന്നും നമ്മെ ബാധിയ്ക്കുന്ന കാര്യമല്ലെന്ന ചിന്തയാണ് സ്വതന്ത്ര ലോകത്ത് സുഖസുഷുപ്തിയിലായിരിക്കുന്ന ബഹുഭൂരിപക്ഷത്തേയും ഭരിയ്ക്കുന്നത്. മുറിവേറ്റ് വഴിയരികെ വീണു കിടക്കുന്ന അര്‍ദ്ധപ്രാണനെ കണ്ടിട്ട് വഴിമാറിപ്പോയ പുരോഹിതനേയും ലേവ്യനേയും പോലെ പുലരുംവരെ പോയവര്‍ഷത്തില്‍ ചെയ്ത വീരകൃത്യങ്ങള്‍ വിവരിച്ച് പുതുവര്‍ഷ ദിനത്തില്‍ നട്ടുച്ച വരെ കിടന്നുറങ്ങുന്ന നമ്മുടെ അവസ്ഥയ്ക്കുമൊരു മാറ്റം വന്നെങ്കില്‍!

ലോക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് ഭീകരവാദികള്‍ നിരപരാധികളെ അറുകൊല ചെയ്യുന്നത് നിര്‍ബാധം തുടരുകയാണ്. ഈ മനുഷ്യ പിശാചുക്കളുടെ ക്രൂര വിനോദങ്ങള്‍ക്ക് ഇരയാവുന്നത് ആരെന്നു നോക്കിയാല്‍ ഈ ഭീകരന്മാര്‍ ആരെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇവരെ തിരിച്ചറിയാഞ്ഞിട്ടല്ലല്ലോ. ഇക്കൂട്ടരെ എങ്ങനെ നിലയ്ക്കുനിര്‍ത്താനാകും എന്നുള്ളതാണ് സമൂഹത്തിന്‍റെ പ്രശ്നം. ഈ സമൂഹദ്രോഹികള്‍ എന്തിന്‍റെ പേരിലാണ് ഈ സാധുക്കളെ അറുകൊല ചെയ്യുന്നതെന്ന് വിലയിരുത്തിയാല്‍ അവരെ നിലയ്ക്കു നിര്‍ത്താനുള്ള ഉത്തരവാദിത്തം ഭരണ കൂടങ്ങളേക്കാള്‍ നമ്മുടെ കൂടെ കഴിയുന്നവര്‍ക്കുണ്ടെന്നത് പകലെന്നപോലെ സുതാര്യമാണ്. വ്യക്തമായി പറഞ്ഞാല്‍ ഏതെങ്കിലും മതവിശ്വാസങ്ങളുടെ പേരില്‍ സഹജീവികളെ കഴുത്തറുക്കുന്ന കശ്മലന്മാരെ തുറങ്കിലടയ്ക്കാന്‍ ആ മതവിശ്വാസം വച്ചു പുലര്‍ത്തുന്ന ഏതൊരു മതഭക്തനും ചുമതലയുണ്ട്. വീട്ടിലെ നായയായാലും പേ പിടിച്ചാല്‍ വെടിവെച്ചു കൊല്ലാന്‍ സുബോധമുള്ള ഒരു യജമാനനും മടികാണിയ്ക്കില്ല. അല്ലാഞ്ഞാല്‍ സമൂഹത്തിനു മാത്രമല്ല സ്വന്തം കുടുംബത്തിനു തന്നെ ആ ഭ്രാന്തന്‍ നായ ആപത്താണെന്ന് ആര്‍ക്കാണ് അറിയാത്തത്?

സങ്കടകരമെന്ന് പറയട്ടെ, ലോക ഭീകരവാദികളുടെ ഒളിയിടം ഇത്തരം യജമാനന്മാരുടെ കൂടെയെന്നുള്ളത് ഞെട്ടലുളവാക്കുന്ന വസ്തുതയല്ലേ. ഈ വടവൃക്ഷങ്ങളുടെ തണലില്‍ അഭയം തേടി അതിന്‍റെ  വേരുകള്‍ക്കിടയില്‍ ഒളിമാളങ്ങളുണ്ടാക്കി നിര്‍ബാധം കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്ന ഈ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തുന്നത് അവരുള്‍പ്പെട്ടു നില്ക്കുന്ന വിശ്വാസസമൂഹം ലോക മനസ്സാക്ഷിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്നതിന് ആരേയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഈ വിധ്വംസക സംവിധാനത്തെ തച്ചുടയ്ക്കാന്‍ ഏതെങ്കിലുമൊരു രാജ്യം ഇറങ്ങി പുറപ്പെട്ടാല്‍ അവരെ കൊഞ്ഞനം കാട്ടി ഇളിയ്ക്കുന്ന നോക്കുകുത്തികളായി ഇതര രാജ്യങ്ങള്‍ നില്‍ക്കുന്നത് ആഗോള സംസ്കാരത്തിനു തന്നെ അപമാനമാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് മതാന്ധത ബാധിച്ച മനുഷ്യപ്പിശാചുക്കളില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല ഭീകര പ്രവര്‍ത്തനമെന്ന തിരിച്ചറുവും ചരിത്രം നമുക്ക് നല്‍കുന്നു. രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ പേരില്‍ ചൈനയും നോര്‍ത്ത് കൊറിയയും പോലുള്ള രാഷ്ട്രങ്ങള്‍ ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങള്‍ ഹിറ്റ്ലറിനെപ്പോലും ലജ്ജിപ്പിയ്ക്കുന്നതല്ലേ? ഞാനടക്കമുള്ള ലോക ജനതയ്ക്ക് ഭീഷണി പരത്തി പത്തി വിടര്‍ത്തിയാടുന്ന വിഷ സര്‍പ്പങ്ങളോടുള്ള പ്രതിഷേധമായിരുന്നു ഇതുവരെ നടത്തിയത്. ആ ഭീഷണിയെ നേരിടാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒരു പരിധി വരെ നിങ്ങളെയും കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഇനിപ്പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും എനിയ്ക്കോ നിങ്ങള്‍ക്കോ ഒഴിഞ്ഞുമാറാനാവില്ലായെന്ന സത്യം മുമ്പു കൂട്ടി പറഞ്ഞുകൊണ്ട് മുമ്പോട്ടുപോകട്ടെ.

എന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ചാരാധിച്ചു പോന്ന ഒരു സഹോദരനിലേക്ക് പോകുന്നു. അദ്ദേഹം ഇഹലോകവാസം അവസാനിപ്പിച്ചതിന്‍റെ തലേ രാത്രിയില്‍ മറ്റൊരു ആത്മ സുഹൃത്തിന്‍റെ കുടുംബത്തിലെ അപകട മരണത്തില്‍പ്പെട്ട മൂന്നു പേരുടെ വ്യൂവിംഗിന് സംബന്ധിയ്ക്കുമ്പോഴാണ് ഏറ്റവും ഒടുവില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടത്. സ്വതസിദ്ധമായ അമേരിയ്ക്കന്‍ ശൈലിയില്‍ ‘എന്തുണ്‍ട് ബ്രദറെ’ എന്നാരാഞ്ഞപ്പോള്‍ ‘സുഖം’ എന്നുരുവിട്ട് സുസ്മേര വദനനായി എന്‍റെ മുമ്പില്‍ നിന്ന ആ രൂപം മാഞ്ഞു പോകുന്നില്ല. നേരം പുലര്‍ന്നിട്ടും കേട്ടത് ആ ദുരന്ത വാര്‍ത്തയായിരുന്നു. ഇന്നലെ കൈകൊടുത്തു പിരിഞ്ഞ എന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തിരിയ്ക്കുന്നു. ഒരാള്‍ ആത്മഹത്യ ചെയ്താല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നത് നിയമത്തിന്‍റെ അനിവാര്യതയാണല്ലോ. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗോസിപ്പിംഗിലൂടെ ആത്മഹത്യയ്ക്കുള്ള കാരണം ചികഞ്ഞുമാന്തുന്ന വൃത്തികെട്ടതും ലജ്ജാകരവുമായ ഒരുതരം സംസ്കാരശൂന്യത നമ്മുടെ വര്‍ഗ്ഗത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒഴിയാബാധയാണല്ലോ. ജീവിതയാത്രയില്‍ അടിപതറിയ ആ പാവപ്പെട്ട കുടുംബത്തിന്‍റെ എരിതീയില്‍ എണ്ണപകര്‍ന്നവരെക്കുറിച്ച് ലജ്ജ തോന്നുന്നില്ലെ.

ഇതിനുശേഷവും സംഭവിക്കാന്‍ പാടില്ലാത്ത പല ദുര്‍സംഭവങ്ങളും നമ്മുടെ ഇടയില്‍ നടന്നു. ആത്മീയ യാത്രയില്‍ അടിപതറിയ ഇവരെയെല്ലാം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സംസ്ക്കാരത്തിനു മാറ്റമൊന്നും വന്നിട്ടില്ല. സാക്ഷാല്‍ ദൈവപുത്രനെക്കാള്‍ വിശുദ്ധരായി ഭാവിച്ചുകൊണ്ടു നടത്തുന്ന അഭിപ്രായങ്ങള്‍ക്കു മുമ്പില്‍ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നിയിട്ടുണ്ട്.

കൂടെ ജോലി ചെയ്യുന്ന മെലിന്‍ഡാ ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്തയുമായി വന്നതോര്‍ക്കുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് എണ്‍പതുകാരനായ അവളുടെ പിതാവ് തല്‍ക്ഷണം മരിച്ചു. കാര്യങ്ങളുടെ ഗൌരവം അവിടംകൊണ്ടവസാനിച്ചില്ല. ഞങ്ങളുടെ സഹപ്രവര്‍ത്തക വാഹനം ഓടിയ്ക്കുമ്പോള്‍ മദ്യത്തനടിമയായിരുന്നുപോല്‍. ജോലി നഷ്ടപ്പെട്ട് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുമ്പോള്‍ അനുഭവിയ്ക്കേണ്ടിവരുന്ന മാനസീക പീഡനം ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. അത്തരം സങ്കടവും സഹതാപവും നിര്‍ത്തി കൂടെ സഞ്ചരിക്കുന്നവരെ അറിയാനും സ്നേഹിക്കാനും സഹായിക്കാനും നിനക്ക് ബാധ്യതയുണ്ടെന്ന് മനസ്സാക്ഷിയില്‍ ആരോ ഗര്‍ജ്ജിയ്ക്കുന്നതു കേട്ടു.

സമൂഹത്തോടുള്ള ബാധ്യത ഇത്രയെങ്കില്‍ നിത്യതയിലും പിന്തുടരുന്ന എന്റെ ആത്മസുഹൃത്തുക്കളെ അറിയാനും കരുതാനും സ്നേഹിയ്ക്കാനുമുള്ള ചുമതല എത്രയധികമാണ്! പ്രാര്‍ത്ഥിപ്പാന്‍ മലമേല്‍ കയറിപ്പോയ യേശു പ്രതികൂല കാറ്റില്‍ തണ്ടുവലിച്ചു കുഴഞ്ഞ ശിഷ്യന്മാരെ കണ്ടു പ്രാര്‍ത്ഥന നിറുത്തി കടലിന്മേല്‍ നടന്നെത്തി അവരെ രക്ഷിയ്ക്കുന്ന ചരിത്രം നിങ്ങള്‍ വായിച്ചിട്ടില്ലെ. ആ ക്രിസ്തു നമ്മുടെ ഹൃദയത്തിനുള്ളില്‍ വസിച്ചിരുന്നെങ്കില്‍ ജീവിത സാഗരത്തില്‍ കൊടുങ്കാറ്റില്‍പ്പെട്ടു വലയുന്ന എത്രയോ പേര്‍ രക്ഷപ്പെടുമായിരുന്നു!

ആത്മീയ യാത്രയില്‍ നമ്മോടൊപ്പം സഞ്ചരിച്ച് അടിപതറി വീണ സഹയാത്രികരുടെ നാഡീസ്പന്ദനം നാം അറിയാതെ പോകുന്നത് എന്തുകൊണ്ട്? ഞാനുമെന്റെ കുടുംബവും പിന്നെ ഞങ്ങളുടെ സഭയും എന്നതിനപ്പുറം നമ്മുടെ ആത്മലോകത്തിന്‍റെ അതിര്‍ വിസ്തീര്‍ണ്ണപ്പെടുത്താതുകൊണ്ടല്ലെ?  ഇത്തരക്കാരുടെ പ്രാര്‍ത്ഥനകള്‍ ‘പപ്പായെ അനുഗ്രഹിക്കണെ, മമ്മിയെ അനുഗ്രഹിക്കണെ’ എന്നതിനപ്പുറം വളര്‍ച്ച നേടാത്തതില്‍ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു. സ്വാര്‍ത്ഥതയുടെ ഊടുവഴിയിലൂടെ നിത്യതയിലെത്താമെന്ന വ്യാമോഹത്തില്‍ മതഭക്തിയുടെ ഭാണ്ഡവും പേറി അപഥ സഞ്ചാരം നടത്തുകയാണ്. നേരായ പാതയില്‍ സഞ്ചരിക്കുന്നുവെങ്കില്‍ സഹയാത്രികരെ കാണാതിരിക്കാനാവില്ല. അവരുടെ നാഡീസ്പന്ദനമറിയാനുള്ള വിവേചനവരം ഈ യാത്രയില്‍ നമുക്ക് കൂടിയേ തീരൂ. പരീശ പീ ത്തിലിരുന്നുള്ള ന്യായവിധിയേക്കാള്‍ മുട്ടിന്മേലിരുന്നു പ്രാപിച്ച ആത്മീയവരങ്ങളാണ് സീയോന്‍ സഞ്ചാരിക്ക് അനുപേക്ഷണീയം.

ഇന്നലെകളെക്കുറിച്ചുള്ള പ്രവചനം മതിയാക്കി നാളെയിലേക്കു കുതിയ്ക്കാനുള്ള കരുത്തേകുന്ന പ്രത്യാശയുടെ അരുളപ്പാടുകള്‍ ദൈവമുഖത്തു നിന്ന് പ്രാപിച്ചെടുക്കാന്‍ കൃപ ലഭിച്ചെങ്കില്‍......
ആത്മീയ യാത്രയ്ക്ക് കൂട്ടുത്തരവാദിത്തമുണ്‍ട്. ന്യായാധിപപീ വും, ന്യായവിധികളുമുള്ള സുന്നഹദോസും, ദേവാലയവും, യാഗ കര്‍മ്മാദികളുമുള്ള ഗരിമകളല്ല സീയോന്‍ സഞ്ചാരികള്‍ക്കാവശ്യം. മുറിവേറ്റവരെ ശുശ്രൂഷിക്കാനുതകുന്ന ഔഷധവും ശുശ്രൂഷക്കാരുള്ള വഴിയമ്പലങ്ങളുമാണ് ഈ വഴിയാത്രയില്‍ നമുക്കാവശ്യം. ക്രിസ്തീയ ജീവിതത്തില്‍ തമ്മില്‍ തമ്മില്‍ പ്രബോധിപ്പിച്ചും ക്ഷമിച്ചും കരുതിയും സ്നേഹിച്ചും ഒരു ശരീരത്തിന്റെ ഭാഗമെന്നവണ്ണം നൊമ്പരമറിഞ്ഞും ജീവിയ്ക്കേണ്ടതുണ്ട്.

നമ്മുടെ സങ്കീര്‍ത്തനങ്ങളും സ്തുതികളും ആത്മീയഗീതങ്ങളും തമ്മില്‍ സംസാരിക്കുവാനുള്ളതാണെന്നല്ലെ വചനം പറയുന്നത്. സാധുകൊച്ചു കുഞ്ഞുഉപദേശിയും, മഹാ കവി സൈമണ്‍ സാറും എം.ഇ. ചെറിയാന്‍ സാറും കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞിട്ടും നമ്മുടെ ഉള്ളങ്ങളോട് സംസാരിക്കുന്നത് ആത്മീയ ഗീതങ്ങളിലൂടെയല്ലെ? സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു ജീവിച്ചിരുന്ന മോശയും ദാവീദും കോരഹ് പുത്രന്മാരുമൊക്കെ ഇന്നും അവരെഴുതിയ സങ്കീര്‍ത്തനങ്ങളിലൂടെ നമ്മോട് സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടില്ലെ. എന്താണ് തലമുറകളോട് നമ്മള്‍ക്ക് സംസാരിക്കുന്നത്. ആലയത്തിലിരുന്നു ദൈവത്തെ സ്തുതിക്കുന്ന നമ്മള്‍ നീതിമാന്മാരും ബാക്കിയുള്ളവരെല്ലാം പാപികളും ദുഷ്ടന്മാരുമെന്നാണോ നമ്മള്‍ പറയുന്നത്. എങ്കില്‍ അവര്‍ക്ക് തിരിച്ചു പറയാനുള്ളത് ആ കപടഭക്തന്റെ ഉപദേശമെനിക്കു കേള്‍ക്കേണ്ടയെന്നാണ്.

തമ്മില്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ നമ്മുടെ വാക്കുകള്‍ സ്നേഹത്തിന്‍റെ കൂട്ടായ്മയായി പരിണമിച്ചെങ്കില്‍. ഈ വഴിയാത്രയിലെ വഴിയമ്പലത്തില്‍ സൌഖ്യം പ്രാപിച്ചു വരുന്ന വഴിയാത്രക്കാര്‍ ഇനിയും കണ്ടേക്കാം. അവിടെ വഴിയമ്പലക്കാരനും അര്‍ദ്ധ പ്രാണനും വീണ്ടും പ്രത്യാശയുണ്ട്... നല്ല ശമര്യാക്കാരന്റെ മടങ്ങി വരവിലുള്ള പ്രത്യാശ.

Responses