ഈജിപ്റ്റ്: അബ്രഹാമിന്റെ ഓര്‍മകളില്‍; യേശുക്രിസ്തുവിന്റെയും

ബൈബിളിന്റെ ചരിത്രത്തില്‍ മിസ്രയിം ഒരു അപ്രധാനകഥാപാത്രമല്ല. ഉല്‍പ്പത്തിമുതല്‍ വെളിപ്പാടുവരെ ഒളിഞ്ഞും തെളിഞ്ഞും ഈജിപ്റ്റും ദൈവവചനത്തില്‍ കടന്നുവരുന്നു. അബ്രഹാം മുതല്‍ യേശുക്രിസ്തുവരെയുള്ള തലമുറകളുടെ ജീവിതകാലത്തിനിടയില്‍ ഈജിപ്റ്റ് വില്ലനായും നായകനായും സഹനടനായും ചരിത്രവേദിയില്‍ പ്രത്യക്ഷപ്പെടുയും തിരോഭവിക്കുകയും ചെയ്യുന്നു.

നോഹയുടെ മക്കളായ ശേം, ഹാം, യാഫെത്ത് എന്നിവരില്‍ ഹാമിന്റെ മക്കളില്‍ ഒരാളായിരുന്നു മിസ്രയിം (ഈജിപ്റ്റ്) എന്ന് ഉല്‍പ്പത്തി 10:6ല്‍ കാണുന്നു. ഇവിടെയാണ് ഈജിപ്റ്റ് ആദ്യമായി ദൈവവചനത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒടുവില്‍ വെളിപ്പാടുപുസ്തകത്തില്‍ രണ്ട് വിശ്വസ്ത സാക്ഷികളുടെ മരണം സംഭവിക്കുന്ന വിവരണം നല്‍കുന്നിടത്ത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു - അവര്‍ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം ആഴത്തില്‍നിന്ന് കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നു കളയും. അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ടതും ആത്മീകമായി സോദം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയില്‍ അവരുടെ ശവം കിടക്കും (വെളിപ്പാട്: 11:7,8). ഉല്‍പ്പത്തിക്കും വെളിപ്പാടിനും ഇടയില്‍ 674 ഇടങ്ങളിലായി (ന്യൂ ഇന്റര്‍നാഷണല്‍ വേര്‍ഷന്‍, 2010) ഈജിപ്റ്റ് എന്ന സ്ഥലനാമം കടന്നുവരുന്നു. ഇസ്രായേല്‍ എന്ന പേര്‍ 2431 പ്രാവശ്യം ബൈബിളില്‍ പറയപ്പെടുന്നു.
ബൈബിളിലെ വിവിധ വ്യക്തികളുടെ ജീവിതത്തില്‍ ഈജിപ്റ്റ് വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഈജിപ്റ്റ് അബ്രഹാമിന്റെ മനസ്സില്‍ തന്റെ ദാസിയും പിന്നീട് തന്റെ ആദ്യസന്താനത്തിന് അമ്മയായവളുമായ  ഹാഗാറിന്റെ ഓര്‍മകളും അവളില്‍ ജനിച്ച ഇസ്മായിലിനെയും സമ്മാനിക്കും. അബ്രഹാം എന്ന പര്‍വ്വതത്തില്‍നിന്ന്  ഉത്ഭവിച്ച് രണ്ട് കൈവഴികളായിപ്പിരിഞ്ഞ് മധ്യേഷ്യയുടെ മണല്‍പ്പരപ്പിലൂടെ സമാന്തരമായി ഒഴുകുന്ന വര്‍ഗ്ഗങ്ങള്‍ -ദാസിയുടെയും സ്വതന്ത്രയുടെയും മക്കള്‍ (ഗലാ 4:22). ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാവാതെ ലോകത്തിലെ ബുദ്ധിമാന്മാരായ എല്ലാ ഭരണാധികാരികളും സുല്ലിട്ടിരിക്കുന്നു. ഇതിനു വഴിയൊരുക്കിയ സംഭവം തിരുവചനത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്  ഉല്‍പ്പത്തി 12 1-10ല്‍ കാണാം.

ദേശത്തു ക്ഷാമമുണ്ടായപ്പോള്‍ യഹോവയുടെ അനുവാദമില്ലാതെ അബ്രഹാം മിസ്രയീമില്‍ പാര്‍ക്കാന്‍ പോയതും ഹാഗാറിനെ കണ്ടുമുട്ടിയതും ഇസ്മായീല്‍ ജനിച്ചതും ഒടുവില്‍ ദൈവഹിതപ്രകാരം ഹാഗാറിനെയും ഇസ്മായിലിനെയും ബേര്‍ശേബാ മരുഭൂമിയില്‍ കൈവിടുന്നതും എല്ലാം അബ്രഹാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈജിപ്റ്റ് സംഭവങ്ങളാണ്. വിശ്വാസികളുടെ പിതാവിനുണ്ടായ ഒരു ചെറിയ ലംഘനത്തിന്റെ ബാക്കിപത്രം ഇന്നും ലോകത്തിന് തീരാത്ത ബാധ്യതയായി നിലകൊള്ളുന്നു.

ഹാഗാര്‍ ഇസ്മായീലിന് ഒരു ഭാര്യയെ കണ്ടുപിടിച്ചതും ഈജിപ്റ്റില്‍നിന്നായിരുന്നു എന്നതും മധ്യേഷ്യന്‍ ജനതയ്ക്ക് ഈജിപ്റ്റിനോടുള്ള പുക്കിള്‍കൊടി ബന്ധത്തിന് ശക്തിപകരുന്നു.
അബ്രഹാമിന്റെ മരണശേഷം ഇസ്ഹാക്കിന്റെ കാലഘട്ടത്തില്‍ വീണ്‍ടും ക്ഷാമമുണ്ടായപ്പോള്‍  ഈജിപ്റ്റിലേക്ക് പോകരുതെന്ന മുന്നറിയിപ്പ് യഹോവ ഇസ്ഹാക്കിന് നല്‍കുന്നു (ഉല്‍പ്പത്തി 26 :1-6). യഹോവയുടെ സാന്നിധ്യമുണ്ടെങ്കില്‍ കനാനിലെ ദാരിദ്യ്രം മിസ്രയീമിന്റെ സമൃദ്ധിയേക്കാള്‍ ശ്രേഷ് മാണെന്ന പാ ം ഇസ്ഹാക്ക് തിരിച്ചറിയുന്നു.

മിദ്യാന്യ കച്ചവടക്കാര്‍ക്ക് സഹോദരന്മാരാല്‍ വില്‍ക്കപ്പെട്ട ജോസഫിന് വേദനകളും കൈയ്പ്പുനീരും ഒറ്റപ്പെടലും സമ്മാനിച്ചത് ഈജിപ്തായിരുന്നുവെങ്കില്‍, ഫറവോയുടെ തൊട്ടടുത്ത സ്ഥാനത്ത് ഭരണാധികാരിയായിത്തീരുവാനും ഈജിപ്റ്റിലെ രാജവീഥികളില്‍കൂടി അവന്‍ കടന്നുപോകുമ്പോള്‍ തന്റെ മുമ്പില്‍ മിസ്രയീമ്യര്‍ മുട്ടുകുത്തിനിന്നതും ജോസഫ് ഓര്‍മിക്കും. പോത്തീഫറിന്റെ ഭാര്യയ്ക്കു മുന്നില്‍ വശംവദനാകാതെ ദൈവത്തോടു പാപം ചെയ്യാന്‍ വിസമ്മതിച്ച ജോസഫ് (ഉല്‍പ്പത്തി 39:9) യഹോവയ്ക്ക് പ്രിയപ്പെട്ടവനായി. യജമാനത്തിയുടെ വൈരാഗ്യം തന്നെ കാരാഗ്രഹത്തിലെത്തിച്ചെങ്കിലും യഹോവ കാരാഗ്രഹത്തിലും ജോസഫിനോടൊത്ത് വസിച്ച് അവനെ ഈജിപ്റ്റിന് അധികാരിയാക്കി.

ഈജിപ്റ്റില്‍ അധികാരത്തിന്റെ ഔന്നധ്യങ്ങളില്‍ എത്തിയെങ്കിലും നൂറ്റിപ്പത്താം വയസില്‍ മരിക്കുമ്പോള്‍ തന്റെ അന്ത്യവിശ്രമസ്ഥലം മിസ്രയീമല്ല, കനാന്‍ ആയിരിക്കണമെന്നായിരുന്നു ജോസഫിന്റെ അന്ത്യാഭിലാഷം. ദൈവം തന്റെ ജനത്തെ സന്ദര്‍ശിക്കുമെന്ന് ഉറച്ചുവിശ്വസിച്ച ജോസഫ് ഈജിപ്റ്റിനേക്കാള്‍ കനാന്‍ നാടിനെ ആയിരുന്നു ഹൃദയത്തില്‍ കൊണ്ടുനടന്നത്.

മിസ്രയീമിനെ നാം ഏറെയും കാണുന്നത് അബ്രാമിന്റെയോ ജോസഫിന്റെയോ കണ്ണുകളിലൂടെയല്ല, മോശെയുടെ കണ്ണുകളിലൂടെയാണ്. അടിമയുടെ കുടുംബത്തില്‍ ജനിച്ച്, രാജകൊട്ടാരത്തില്‍ വളര്‍ത്തപ്പെട്ട്, ഈജിപ്റ്റിലെ സര്‍വ്വജ്ഞാനത്തിലും നിറഞ്ഞ് ഒടുവില്‍ രാജ്യത്തെ പരമാധികാര സ്ഥാനത്തേക്ക് ഒരു വിളിപ്പാട് അകലയെത്തിയപ്പോള്‍ മിസ്രയേമിലെ നിക്ഷേപങ്ങളേക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണിയ  (എബ്രായര്‍ 11:24-26) വീരപുരുഷന്‍ മോശെയേ ആണ് വാസ്തവത്തില്‍ മിസ്രയീം നമ്മില്‍ ഓര്‍മിപ്പിക്കുന്നത്. വിശ്വാസത്താല്‍ ഈജിപ്റ്റില്‍നിന്ന് പോവുകയും പെസഹായും ചോരത്തളിയും നടത്തി 20 ലക്ഷം ആളുകളെ ഫറവോയുടെ അടിമത്വത്തില്‍നിന്ന് വിടുവിക്കുകയും ചെയ്ത മോശെ, യേശുക്രിസ്തുവിന്റെ നിഴലായിരുന്നു.

ഫറവോമാര്‍ അടക്കമുള്ള മഹാരാജാക്കന്മാര്‍ ‘രാജാക്കന്മാരുടെ താഴ്വരയില്‍’ ഇപ്പോഴും അന്ത്യനിദ്രകൊള്ളുമ്പോള്‍, മറുരൂപമലയില്‍ രൂപാന്തരപ്പെട്ട ശരീരത്തോടെ ദൈവപുത്രനോടു സംസാരിക്കുന്ന മോശെ (മത്തായി 17:3) ക്രിസ്തുവിനേപ്രതി ഏറ്റെടുത്ത നിന്ദയുടെ വലിയ മഹത്വമാണ് വെളിപ്പെടുത്തുന്നത്. കെയ്റോയും താഹിര്‍സ്ക്വെയറും ആദ്യമായി ഒരു വിമോചക്വ് കണ്ടത് മോശെയില്‍ ആയിരുന്നു. അടിമവീടായ മിസ്രയീമില്‍നിന്ന് നിങ്ങളേ വിടുവിച്ചത് മറക്കരുത് എന്ന് യഹോവ ഇസ്രായേലിനേ കൂടെക്കൂടെ ഓര്‍മിപ്പിക്കുന്നത് ദൈവവചനത്തിലെ വിവിധ ഗ്രന്ഥങ്ങളില്‍ ്നിരവധിയിടങ്ങളില്‍ നാം കാണുന്നു.
ഈജിപ്റ്റിന്റെ ന്യായവിധിയേക്കുറിച്ച് യെശയ്യാ പ്രവചിച്ചപ്പോള്‍ (അധ്യായം 19) യെഹസ്ക്കയേലിനു പറയാനുണ്ടായിരുന്നത് ഈജിപ്റ്റിലെ മിഥ്യാമൂര്‍ത്തികളേക്കുറിച്ചായിരുന്നു.

മിസ്രയീമില്‍നിന്ന് ഞാന്‍ എന്റെ മകനേ വിളിച്ചു എന്ന പ്രവചനം നിറവേറാനായി (ഹോശെയ 11:1) വാഗ്ദത്ത മശിഹാ -കര്‍ത്താവായ യേശുക്രിസ്തു - മിസ്രയീമില്‍ വളരേണ്ടത് ആവശ്യമായിരുന്നു. ഉണ്ണിയേശുവിനേയും എടുത്തുകൊണ്ട് ഒരു രാത്രിയില്‍ ജോസഫും മറിയവും  അതിദുര്‍ഘടമായ വഴികളിലൂടെ രക്ഷപ്പെട്ടത് ഈജിപ്റ്റിലേക്കായിരുന്നു.

ഇസ്രായേലില്‍ രാജ്യത്തില്‍ നസറത്ത് സ്ഥിതിചെയ്തിരുന്ന വടക്കുഭാഗത്തുനിന്ന് രാജ്യത്തിനു കുറുകേ സഞ്ചരിച്ച്, തലസ്ഥാനം കടന്ന്, തെക്കുപടിഞ്ഞാറായി കിടക്കുന്ന രാജ്യത്തേക്കു ഒരു കൈക്കുഞ്ഞുമായുള്ള രക്ഷപ്പെടല്‍ ജോസഫിനും മറിയത്തിനും ഏറെ ദുര്‍ഘടവും അതിലേറെ അപകടകരമായിരുന്നു.
രണ്ടുവയസിനും അതില്‍താഴെയുമുള്ള കുട്ടികളെ കൊല്ലുവാന്‍ വീടുകള്‍ കയറിയിറങ്ങി നടക്കുന്ന ഭടന്മാരുടെ കണ്ണുവെട്ടിച്ച് അവര്‍ യാത്രചെയ്ത്, സൂയസ് കനാലിന് തെക്കുള്ള ഈജിപ്റ്റിലെത്തി ആശ്വസിച്ച ജോസഫിനേയും മറിയത്തേയും ഈജിപ്റ്റില്‍ കാണുന്നു.

പ്രതികൂലങ്ങളില്‍ ശത്രുവിന് കൈമാറാതെ, തന്റെ ശക്തിയുള്ള കരത്താല്‍ കരുതുന്ന ദൈവത്തെ അവര്‍ ഈജിപ്റ്റില്‍ ആരാധിച്ചു. ദൈവപുത്രന് അഭയം നല്‍കിയ ഒരു രാജ്യമായിട്ടാണ് പുതിയനിയമത്തില്‍ ഈജിപ്റ്റിനെ കാണുന്നത്. യേശുക്രിസ്തുവിന്റെ ഓര്‍മകളില്‍ തന്റെ ബാല്യകാലം ചെലവിട്ട രാജ്യമാണ് ഈജിപ്റ്റ്.
അറിവിന്റെ കാര്യത്തില്‍ പുരാതന ഈജിപ്റ്റുകാര്‍ ഉന്നതരായിരുന്നു. സോളമന്റെ ജ്ഞാനത്തേക്കുറിച്ച് പറയുമ്പോള്‍ മിസ്രയീമ്യന്റെ ജ്ഞാനത്തേക്കാള്‍ ഉയര്‍ന്നത് (1രാജാ 4:30) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈജിപ്റ്റ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നു -ദൈവികന്യായവിധി നേരിടുന്ന ഒരു രാജ്യമായി.

Responses