നൊജാദിന്റെ തന്ത്രങ്ങള്‍ ഫലപ്രാപ്തിയിലേക്കോ?

\"\"

ജാതീയമായ ഉള്‍പ്പിരിവുകളുടെ പേരില്‍ ഇസ്ലാമതത്തില്‍ വേര്‍തിരിവ് ശക്തമാകുന്നു. ഇസ്ലാമതത്തിലേ പ്രമുഖ വിഭാഗങ്ങളായ ഷിയാ വിഭാഗങ്ങളും സുന്നി വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത് ഇപ്പോള്‍, മധ്യപൂര്‍വ്വ രൂജ്യങ്ങളിലേ രാജാക്കന്മാര്‍ക്കും സ്വേഛാധിപതികള്‍ക്കും തലവേദന സൃഷ്ടിക്കുകയാണ്. അതോടൊപ്പം, എല്ലാ സംഘര്‍ഷങ്ങളും ഇസ്രായേല്‍ എന്ന വിഷയത്തിലേക്ക് വിരല്‍ചൂണ്‍ടുന്നു എന്നത് മധ്യപൂര്‍വ്വദേശത്തിനു വെളിയിലുള്ളവര്‍ക്കും ആശങ്കയുടെ ദിനങ്ങളേയാണ് സമ്മാനിക്കുന്നത്. ഇവിടെ നിലനില്‍ക്കുന്ന ഷിയാ -സുന്നി പോര് മൂര്‍ച്ഛിച്ചാല്‍ വരുംദിവസങ്ങളില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയഭൂപടം തന്നേ മാറ്റിവരക്കേണ്‍ട അവസ്ഥ സംജാതമാകുമെന്നും നിരീക്ഷകര്‍ കരുതുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ടുണീഷ്യയില്‍ കൊളുത്തിയ ഒരു തീപ്പൊരി ഏഷ്യ -ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആളിക്കത്തുന്നതാണ് ലോകം കണ്‍ടുകൊണ്‍ടിരിക്കുന്നത്. തൊഴില്‍രഹിതനായ മുഹമ്മദ് ബോസിസി എന്ന പതിനേഴുകാരന്‍ തെരുവില്‍ അനധികൃതമായി പച്ചക്കറി വില്‍ക്കുന്നത് അധികൃതര്‍ തടഞ്ഞതോടെ മുഹമ്മദ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതറിഞ്ഞ് തെരുവിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ ഓടിയെത്തുകയും ചെറിയരീതിയിലുള്ള പ്രതിഷേധം ഉയരുകയും ചെയ്തു. രാജ്യത്തേ ഭരണാധികാരിക്കെതിരേ പുകഞ്ഞുകൊണ്‍ടിരുന്ന പ്രതിക്ഷേഭമായി ഈ തീപ്പൊരി കത്തിപ്പടരാന്‍ അധികം സമയം എടുത്തില്ല. മുഹമ്മദ് ബോസിസിയുടെ മരണം സംഭവിച്ചതോടെ രാജ്യത്താകമാനം പ്രതിഷേധം ശക്തമാവുകയും ഒടുവില്‍ ടുണീഷ്യന്‍ പ്രസിഡന്റ് സൈന്‍ ബെന്‍ അലിക്ക് അധികാരം നഷ്ടമാവുകയും ചെയ്തു. സൗദി അറേബ്യയിലേക്ക് രക്ഷപ്പെട്ട സൈന്‍ ബെന്‍ അലി ഇപ്പോള്‍ രോഗിയായി ആശുപത്രിയിലുമാണ്.

ജനശക്തി സംഘടിച്ചാല്‍ സംഭവിക്കാവുന്ന പരമാവധി നേട്ടം എന്തൊക്കെയെന്ന് ഈ സംഭവത്തിലൂടെ തിരിച്ചറിഞ്ഞ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേ രാഷ്ട്രതന്ത്രജ്ഞര്‍ പിന്നെ അമാന്തിച്ചില്ല, വിവിധ രാജ്യങ്ങളില്‍ കലാപങ്ങളുടെ വിത്തു വിതച്ചു. അതില്‍ ആദ്യമായി ഫലം കണ്‍ടത് ഈജിപ്തിലായിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്‍ട് കലാപം ഫലപ്രാപ്തിയിലെത്തി. ഈജിപ്റ്റിയന്‍ മോഡല്‍ കലാപം ഇപ്പോള്‍ ബഹറിന്‍, ലിബിയന്‍ രാജ്യങ്ങളേ പിടിച്ച് ഉലച്ചുകൊണ്‍ടിരിക്കുന്നു. ഈജിപ്റ്റില്‍ വിജയിച്ച തന്ത്രം ഈ രാജ്യങ്ങളിലേ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുന്നു. ജനങ്ങള്‍ സംഘടിച്ച് തെരുവിലിറങ്ങിയതോടെ മൊറൊക്കോ മുതല്‍ യെമന്‍ വരെയുള്ള പതിനൊന്നോളം രാജ്യങ്ങള്‍ ഉത്സവത്തിനു കത്തിക്കാന്‍ തൂക്കിയിട്ടിരിക്കുന്ന മാലപ്പടക്കങ്ങള്‍പോലെ - ചെറിയൊരു തീപ്പൊരിക്കായി കാത്തിരിക്കുന്നു.

മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, സിറിയ, ജോര്‍ദാന്‍, ഈജിപ്റ്റ്, സൗദി അറേബ്യ, ഇറാന്‍, ബഹറിന്‍, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ ആണ് ഇപ്പോള്‍ സര്‍ക്കാരിനെതിരേ കലാപം ഉയര്‍ന്നുകൊണ്‍ടിരിക്കുന്നത്. സര്‍ക്കാരിനെതിരേയുള്ള തുറന്ന പോരാട്ടമാണ് ഇതെന്ന് തോന്നിയാലും വാസ്തവത്തില്‍ ഇസ്ലാം മതത്തിലുള്ള ആശയസംഘട്ടനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ തെരുവുയുദ്ധത്തിലേക്ക് എത്തിയിരിക്കുകയാണ് എന്നതാണ് ശരി. ഷിയാ -സുന്നി വിഭാഗങ്ങള്‍ വച്ചുപുലര്‍ത്തുന്ന മതപരമായ വേര്‍തിരിവുകളേക്കാള്‍ ഈ വിഭാഗങ്ങളുടെ ഇടയിലുള്ള മിതവാദ -തീവ്രവാദ നിലപാടുകളാണ് ഈ സംഘര്‍ഷങ്ങള്‍ക്ക് എണ്ണയൊഴിക്കു­ന്നത്.

\'അലിയുടെ പിന്‍ഗാമികള്‍\' എന്ന അര്‍ത്ഥമാണ് \'ഷിയാ\' എന്നതിന്റെ അര്‍ത്ഥം. പ്രവാചകനായ മുഹമ്മദിനു പിന്‍ഗാമിയായിത്തീര്‍ന്ന, മുഹമ്മദിന്റെ മരുമകനും ബന്ധുവുമായ അലിയുടെ പിന്‍തുടര്‍ച്ചക്കാരായ ഇമാമുകള്‍ക്ക് രാഷ്ട്രീയമായി സമൂഹത്തിന്മേല്‍ അധികാരമുണ്‍ടെന്ന വിശ്വാസമാണ് ഷിയാ വിഭാഗത്തിന്റെ അടിസ്ഥാനം. എന്നാല്‍, സുന്നി വിഭാഗത്തിന്റെ വിശ്വാസമായ മുഹമ്മദിനു ശേഷമുള്ള ഖലീഫാ സമ്പ്രദായത്തിന് ഷിയാ വിശ്വാസം എതിരുമാണ്. പ്രവാചകനായ മുഹമ്മദിനു ശേഷം ഇസ്ലാമതത്തിലേ പ്രബലനായ രണ്‍ടാമന്‍ അലി ആണെന്ന് ഷിയാകള്‍ വിശ്വസിക്കുന്നു. അലിയുടെ പിന്‍ഗാമികളായ ഇമാമുമാര്‍ ആണ് സമൂഹത്തേ ഭരിക്കേണ്‍ടതും ഷരിയ നിയമങ്ങള്‍ വ്യാഖ്യാനിക്കേണ്‍ടതെന്നും ഇവര്‍ കരുതുന്നു. മുഹമ്മദിനേപ്പോലെ അലിയും പൂര്‍ണ്ണനായ വ്യക്തിയും (അല്‍ ഇന്‍സാന്‍ അല്‍ കമില്‍) മുഹമ്മദിനു ശേഷം ഇസ്ലാമതത്തിലേക്ക് വന്ന ആദ്യത്തേ വ്യക്തിയും അലി ആണെന്ന് ഷിയാകള്‍ വിശ്വസിക്കുന്നു. എന്നാല്‍ മുഹമ്മദിന്റെ പ ിപ്പിക്കലുകളുടെ മാത്രം അടിസ്ഥാനത്തില്‍ മതജീവിതം നയിക്കുന്നവരാണ് സുന്നി മുസ്ലിമുകള്‍.

വിവിധ രാജ്യങ്ങളിലേ ഷിയാ മുസ്ലിംകളുടെ അനുപാതം ശതമാന കണക്കില്‍. ഇറാന്‍ (90-95), പാക്കിസ്ഥാന്‍ (10-15), ഇന്ത്യ (10-15), ഇറാക്ക് (65-70), തുര്‍ക്കി (10-15), യെമന്‍ (35-40), അസര്‍ബൈജാന്‍ (70-75), സൗദി അറേബ്യ (10-15),ബഹറിന്‍ (65-75).

ഇസ്ലാമതത്തിലേ ഭൂരിപക്ഷമായ സുന്നി വിഭാഗങ്ങളാണ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഏറെയും ഭരണം കൈയാളുന്നത്. എന്നാല്‍ ഷിയാ വിഭാഗങ്ങള്‍ ഈ രാജ്യങ്ങളിലെല്ലാം ശക്തമാണുതാനും. ഇറാന്‍, ഇറാക്ക് (?), ലെബനോന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഷിയാ വിഭാഗത്തിന്റെ കൈയിലാണ്. ഇതില്‍ ശക്തമായ രാജ്യമായ ഇറാന്‍ ആണ് ഇപ്പോള്‍ ഈ മേഖലയില്‍ ഷിയാ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. മത -രാഷ്ട്രീയ കാര്യങ്ങളില്‍ തീവ്രവാദ നിലപാട് സ്വീകരിക്കുന്നത് ഷിയാ വിഭാഗങ്ങളാണ്. പാശ്ചാത്യ മേല്‍ക്കോയ്മയ്‌ക്കെതിരേ അറേബ്യന്‍ രാജ്യങ്ങളേ സംഘടിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ഷിയാ വിഭാഗം ലക്ഷ്യമാക്കിയിരിക്കുന്നത്. സുന്നി വിഭാഗം നേതൃത്വം നല്‍കുന്ന മറ്റ് രാജ്യങ്ങളുടെ അമേരിക്കന്‍ നിലപാടുകളോടുള്ള സഹകരണവും പിന്തുണയും ഷിയാ വിഭാഗത്തിന് സ്വീകാര്യമല്ല. ഷിയാ വിഭാഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ ഭരണനേതൃത്വത്തേ പിടിച്ചു ശക്തമായി കുലുക്കാന്‍ സാധിക്കും എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഉണ്‍ടായിക്കൊണ്‍ടിരിക്കുന്ന ബഹളത്തിന് കാരണം.

ലോകത്തില്‍ ആദ്യമായി മുസ്ലിം ചാവേര്‍ ആക്രമണം ആരംഭിക്കുന്നത് ഷിയാ വിഭാഗങ്ങളില്‍നിന്ന് ആയിരുന്നു. അന്നൊക്കെ സുന്നി വിഭാഗം ഇതിനേ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ നൂതന ആക്രമണമാര്‍ഗ്ഗത്തില്‍ സുന്നിവിഭാഗങ്ങള്‍ പിന്നീട് ആകൃഷ്ടരായി എന്നത് ഷിയാ ആശയങ്ങള്‍ക്ക് മുസ്ലിം സമൂഹത്തിനിടയിലുള്ള സ്വാധീനത്തേ കാണിക്കുന്നു. ഭരണതലത്തില്‍ സ്വാധീനം ഉണ്‍ടെങ്കിലും ഇല്ലെങ്കിലും മതപരമായും രാഷ്ട്രീയപരമായമുള്ള വിഷയങ്ങളില്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കാനുള്ള ഷിയാ വിഭാഗത്തിന്റെ കഴിവുകള്‍ ശ്രദ്ധേയമാണ്.

മധ്യപൂര്‍വ്വ രാജ്യങ്ങള്‍ എണ്ണ -പ്രകൃതി വാതക ഉത്പാദനത്തില്‍ മുമ്പന്തിയിലാണെങ്കിലും ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നു പറയട്ടേ, ഷിയാ വിഭാഗങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളിലാണ് എണ്ണനിക്ഷേപം ഏറ്റവും ഉള്ളത് എന്നത് ഈ രാജ്യങ്ങളിലേ ഭരണാധികാരികളായ സുന്നി നേതൃത്വത്തേ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. സൗദി അറേബ്യയില്‍പോലും ഇതാണ് സ്ഥിതി.

ഈ കാലത്ത് ഷിയാ -സുന്നി സംഘര്‍ഷങ്ങള്‍ക്ക് എന്തു പ്രസക്തി? ഷിയാ സുന്നി സംഘര്‍ഷങ്ങള്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നുണ്‍ടെങ്കിലും ഈ കാലത്ത് അത് ശക്തമായത് ഇറാന്‍ നേതാവായ അഹമ്മദി നൊജാദിന്റെ രംഗപ്രവേശത്തോടെയാണ്. ഇസ്ലാമില്‍ തീവ്രവാദികള്‍ ശക്തമാവുകയും മിതവാദികള്‍ക്ക് ശബ്ദമില്ലാതാവുകയും ചെയ്തതോടെ ഷിയാ -സുന്നി വ്യത്യാസമില്ലാതെ നൊജാദ് ഏവരുടെയും നേതാവായി മാറി. നൊജാദിന്റെ ആഗ്രഹങ്ങളായ - ഇസ്രായേലിനേ ഇല്ലാതാക്കുക, മധ്യപൂര്‍വ്വദേശത്തുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ ഇല്ലാതാക്കുക എന്നീ പദ്ധതികള്‍ നടപ്പാകാന്‍ അദ്ദേഹം കണ്‍ടെത്തിയിരിക്കുന്ന വഴി ഇപ്പോള്‍ അതതു രാജ്യങ്ങളിലുള്ള ഭരണാധികാരികളേ ഭീഷണിയുടെ മുള്‍മുനിയില്‍ നിര്‍ത്തുക എന്നതാണ്. അതിനായിട്ടാണ് ഇപ്പോള്‍ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ആഭ്യന്തരകലാപം ശക്തമാകുന്നത്. നൊജാദിന്റെ തന്ത്രങ്ങള്‍ വിജയമോ പരാജയമോ എന്നത് വരുംദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളൂ.

 

Responses