മനുഷ്യര്‍ തള്ളിക്കളഞ്ഞ കല്ല്

\"\"

ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചിട്ട് ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തേക്ക് പോയി. കാലം ആയപ്പോള്‍ കുടിയാന്മാരോട് തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന് അവന്‍ പല തവണ തന്റെ ദാസന്മാരെ പറഞ്ഞയച്ചു. അവര്‍ അവരെ ഉപദ്രവിയ്ക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. ഒടുവില്‍ തന്റെ മകനെ അവര്‍ ശങ്കിയ്ക്കുമെന്നു കരുതി അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു. കുടിയാന്മാരാകട്ടെ ഇവന്‍ അവകാശിയെന്നു പറഞ്ഞ് അവനെ കൊന്നുകളഞ്ഞു. തോട്ടത്തിന്റെ ഉടയവന്‍ ഒടുവില്‍ കുടിയാന്മാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പി­ച്ചു.

യേശു പറഞ്ഞ ഈ ഉപമയുടെ പൊരുള്‍ സാധാരണക്കാരില്‍ സാധാരണക്കാരനുപോലും വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാവുന്നതായിരുന്നു. ഈ ഉപമയിലെ കുടിയാന്മാര്‍ കേട്ടു നിന്ന യഹൂദ മതനേതാക്കളാണ് എന്ന് അവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. ദൈവം നട്ടു വളര്‍ത്തി സംരംക്ഷണമേകിയ തോട്ടത്തിന് അവിടുന്ന് നിര്‍മ്മിച്ച ഗോപുരത്തിന്റെ കാവല്‍ക്കാരാകേണ്ട കാര്യമേ ഈ കുടിയാന്മാര്‍ക്കുണ്ടായിരുന്നുള്ളൂ. ഫലശേഖര സമയത്ത് ന്യായമായും ഉടമസ്ഥന് ലഭിക്കേണ്ടിയിരുന്ന അവകാശം അവര്‍ സ്വന്തമാക്കാമെന്ന് വ്യാമോഹിച്ചു. ദൈവത്തിന്റെ സ്ഥാനം വ്യാമോഹിച്ച ലൂസിഫറിന്റെ സ്വാധീനം ഈ കുടിയാന്മാര്‍ക്ക് പിമ്പില്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വിവേചന ശേഷിയുള്ളവര്‍ക്ക് സാധിയ്ക്കും. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ലൂസിഫറിന്റെ പദ്ധതികളെ ദൈവം തകര്‍ക്കുന്നത് ഏദന്‍ പറുദീസ മുതലുള്ള ബൈബിളിന്റെ ചരിത്ര താളുകളില്‍ നാം വായിയ്ക്കുന്നുണ്ടല്ലോ. ഈ പശ്ചാത്തലത്തില്‍ വേണം കുടിയാന്മാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്പിയ്ക്കുന്ന ഉടയവനെ മനസ്സിലാക്കാന്‍.

ദൈവത്തിന്റെ സഭയെ തോട്ടമായും വീടായും ശരീരമായും ബൈബിളില്‍ ചിത്രീകരിച്ചിട്ടുണ്ടല്ലൊ. ഈ ഉപയമില്‍ സഭയെ തോട്ടത്തിനു സദൃശ്യപ്പെടുത്തുന്നുവെങ്കിലും അവസാനിപ്പിയ്ക്കുന്നത് വീടിനോട് ഉപമിച്ചു കൊണ്ടാണ്. വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് ദൈവത്തിന്റെ പുത്രനായ താനാണെന്നുള്ള സന്ദേശമാണ് മതനേതാക്കളെ രോഷാകലുരാക്കിയ്ത. മതാന്ധത ബാധിച്ചവര്‍ക്ക് ഉപദേശമൊ മുന്നറിവൊ കൊണ്ട് സുബോധം ലഭിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാന്‍ ഈ ലോകത്തിന്റെ ദൈവം അവരുടെ മനസ്സിനെ കുരുടാക്കി. യഹൂദജനം യേശുവിനെ പഴയനിയമ സഭയുടെ പണിയില്‍ നിന്നും ഉപയോഗശൂന്യമായ കല്ലിനെപ്പോലെ വലിച്ചെറിഞ്ഞു. എന്നാല്‍ ദൈവസഭയുടെ ചരിത്രം അവിടം കൊണ്ട് അവസാനിക്കുന്നില്ല. തോട്ടത്തിന്റെ ഉടയവന്‍ കുടിയാന്മാരെ നിഗ്രഹിച്ച് തോട്ടം മറ്റുള്ളവരെ ഏല്‍പിച്ച കാര്യമറിയാന്‍ ചരിത്രത്തിലേക്ക് നോക്കിയാല്‍ മതി. വെള്ള മാര്‍ബിളില്‍ പണികഴിച്ച മനോഹരമായ യരുശലേം ദേവാലയം അക്കാലത്ത് ലോകപ്രസിദ്ധമായ വാസ്തുശില്പങ്ങളില്‍ ഒന്നായിരുന്നു. ദേവാലയത്തിന്റെ കിഴക്കേ ഭിത്തി മുഴുവന്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നു. പ്രഭാത സൂര്യന്റെ കിരണങ്ങള്‍ തട്ടുമ്പോള്‍ മൈലുകളോളം ഈ പ്രദേശത്തേ ശോഭാപുരമാക്കാന്‍ ദേവാലയത്തിന് കഴിഞ്ഞിരുന്നു. എ.ഡി. 70ല്‍ നീറോ ചക്രവര്‍ത്തിയുടെ മകന്‍ തീത്തോസ് യരുശലേം ദേവാലയം ചുട്ടുകരിച്ച് ഭീമാകാരമായ കല്ലുകള്‍ ഉഴുതമറിച്ചത് ചരിത്രമായി നമുക്കു മുമ്പില്‍ കിടപ്പുണ്ട്. തോട്ടത്തിന്റെ അനുഭവം കൊടുക്കാഞ്ഞതിനാലല്ല, മറിച്ച് താന്‍ അയച്ച ദാസന്മാരേയും, തന്റെ ഏകജാതനായായ മകനേയും കൊന്നു കളഞ്ഞതിനാല്‍ ഈ കുടിയാന്മാരെ നിഗ്രഹിക്കാന്‍ ഉടമസ്ഥന്‍ തീരുമാനിയ്ക്കുകയായിരുന്നു.

യേശുവിന്റെ ശ്രോതാക്കള്‍ക്ക് വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്‍ന്ന കാര്യം നന്നായി അറിയാമായിരുന്നു. യഹൂദന്റെ വിശേഷ ദിവസങ്ങളിലെല്ലാം കൂട്ടായും കുടുംബമായും പാടാറുള്ള സ്തുതിഗീതങ്ങളാണ് 113 മുതല്‍ 118 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍. കൂടാരപ്പെരുന്നാളിന് മശിഹായേയും അവന്റെ രാജ്യത്തേയും സൂചിപ്പിക്കുവാന്‍ കയ്യില്‍ കുരുത്തോലയും ദേവാലയത്തിന്റെ തെരുക്കളില്‍ വെള്ളവും തളിയ്ക്കുമ്പോള്‍ അവര്‍ ഈ ഭാഗം ഗാനപ്രതിഗാനമായി ആലപിയ്ക്കുമായിരുന്നു. പെസഹാ കുഞ്ഞാടറുക്കപ്പെടുമ്പോള്‍ ആലയത്തില്‍ ഉരുവിട്ടിരുന്ന സ്തുതി സങ്കീര്‍ത്തനങ്ങള്‍ അവരുടെ പ്രധാനപ്പെട്ട ഉത്സവ ദിവസങ്ങളിലും ഏറ്റു പാടിയിരുന്നു. 118-ാം സങ്കീര്‍ത്തനം യിസ്രായേല്‍ ജനത്തിന്റെ അടിമത്തത്തില്‍ നിന്നുള്ള മഹത്തായ മോചനത്തെ സ്മരിച്ചു കൊണ്ടാണ് തുടങ്ങുന്നത്. യിസ്രായേലിന്റെ രാജ്യഭാരവും, സംരക്ഷണവും ഏറ്റെടുക്കുന്ന മശിഹായെക്കുറിച്ചുള്ള സ്തുതി വര്‍ണ്ണന നിറഞ്ഞു നില്‍ക്കുന്ന ഈ സങ്കീര്‍ത്തന ഭാഗത്തില്‍ നിന്നാണ് യേശു വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലിനെക്കുറിച്ച് അവരോടു പറഞ്ഞ­ത്.

തേനീച്ചക്കൂട്ടംപോലെ ചുറ്റിവളഞ്ഞിരിക്കുന്ന ശത്രുക്കളില്‍ നിന്നും ദൈവത്തിന്റെ വലങ്കൈ കൊണ്ട് സംരക്ഷണം നല്‍കി, വീടു പണിക്കു നിയോഗിക്കപ്പെട്ടെങ്കിലും വീടു പണിയാനുപയോഗിക്കേണ്ട കല്ലിനെ അവര്‍ തിരിച്ചറിയാതെ പോയി. അവര്‍ പാടുമായിരുന്ന മൂലക്കല്ലിനെക്കുറിച്ച് യേശു അവരെ ഓര്‍പ്പിച്ചു. എന്നിട്ടും അവര്‍ അവനെ വലിച്ചെറിഞ്ഞു. എന്നാല്‍ ഇതു യഹോവയാല്‍ സംഭവിച്ചുവെന്ന് പരിശുദ്ധാത്മാവ് അവിടെ വെറുതെ രേഖപ്പെടുത്തിയതല്ല. ഇവര്‍ തള്ളിയ കല്ല് മൂലക്കല്ലായിത്തീര്‍ന്ന ചരിത്രം ചികയുമ്പോള്‍ വെളിപ്പെടുന്ന പുതിയ നിയമ സഭയുടെ മര്‍മ്മം നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യമാവുന്നത് അങ്ങനെയാണ്.

പുതിയ നിയമ സഭയുടെ ആവിര്‍ഭാവം യൂഹദന്‍ തള്ളിക്കളഞ്ഞ കല്ലില്‍ നിന്നാണെന്ന് ആര്‍ക്കാണറിയാത്തത്. എന്നാല്‍ ഇതു യഹോവയാല്‍ സംഭവിച്ചുവെന്ന അവബോധം നേടാന്‍ പരിശുദ്ധാത്മ സാന്നിദ്ധ്യമുള്ളവര്‍ക്കേ കഴിയൂ. അങ്ങനെയൊരറിവു ലഭിച്ചവര്‍ക്ക് അടങ്ങിയിരിക്കാനാവില്ല. ആശ്ചര്യം കൂറുന്ന ദൈവിക പദ്ധതിയുടെ ആഴവും നീളവുമറിയുന്തോറും സ്തുതി സ്‌തോത്ര സങ്കീര്‍ത്തനങ്ങളാല്‍ അവര്‍ അന്യോന്യം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടേയിരിക്കും. കെട്ടിട നിര്‍മ്മാണത്തില്‍ മൂലക്കല്ലിന്റെ സ്ഥാനം അപ്രമേയമാണ്. കെട്ടിടത്തിന്റെ മുഴുവന്‍ കെട്ടുറപ്പ് ഈ അടിസ്ഥാനകല്ലിനെ ആശ്രയിച്ചാണല്ലോ ഇരിയ്ക്കുന്നത്. എതിര്‍ ദിശയില്‍ നില്‍ക്കുന്ന രണ്ടു ഭിത്തികളെ തമ്മില്‍ ഒന്നായി യോജിപ്പിയ്ക്കുന്ന കണ്ണിയാണ് മൂലക്കല്ല്.

യഹോവയാം ദൈവം യഹൂദന്റെ മാത്രം സ്വകാര്യസ്വത്തായി കരുതിയിരുന്ന കാലത്തിന് അറുതി വരുത്തി സാംസ്‌കാരികമായും സാമൂഹികമായും പുറം തള്ളപ്പെട്ട പുറജാതിക്കാരനേയും അവരോടു ചേര്‍ത്തു ബന്ധിക്കുന്ന മൂലക്കല്ലായി യേശു പുതിയ നിയമ സഭയുടെ പണി തുടരുകയാണ്. അതിനേക്കാള്‍ എത്രയോ അപാരമാണ് പാപം മൂലം ദൈവവുമായി വേര്‍പെട്ട മനുഷ്യവര്‍ഗത്തെ ദൈവവുമായി ഒന്നിപ്പിക്കുന്ന കണ്ണിയായി ഈ മൂലക്കല്ല് വേര്‍പാടിന്റെ നടുച്ചുവര്‍ ഇടിച്ചു നിരത്തിയത്. ഇക്കാര്യങ്ങളെല്ലാം വളരെ വിശദമായി അപ്പോസ്തല പിതാക്കന്മാര്‍ പരിശുദ്ധാത്മ പ്രേരിതരായി തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിലും, സഭായോഗങ്ങളിലും, കുടുംബാരാധനയിലും പലകുറി വായിച്ചും കേട്ടും യഹൂദനെപ്പോലെ നാമും അതിനെക്കുറിച്ച് അറിവു നേടിയിട്ടുമുണ്ട്. എന്നാല്‍ പാരമ്പര്യം കൊണ്ട് സ്വന്ത ജനമെന്ന പേരെടുത്ത അവരെപ്പോലെ നാമും ആത്മീയ പാരമ്പര്യത്തിന്റെ ഭാണ്ഡക്കെട്ടും പേറി വാഗ്ദത്ത മശിഹായുടെ കാത്തിരിപ്പിലാണോ ഇ­ന്ന്?

യഹൂദന്‍ പഴയനിയമ സഭയുടെ പണിക്കാരനായിരുന്നെങ്കില്‍ നാമോരോരുത്തരും പുതിയ നിയമസഭയുടെ പണിക്കാവശ്യമുള്ള കല്ലുകളാണെന്ന കാര്യം മറക്കരുത്. യേശുവിനെപ്പോലെ ആരൊക്കെയോ തള്ളിക്കളഞ്ഞ കല്ലുകള്‍ ജീവനുള്ള കല്ലുകളായി പരിണമിച്ച് ദൈവസഭയുടെ ഭാഗമായി മാറിയത് അത്ഭുതം കൂറുന്ന വസ്തുതയല്ലേ.? സാധാരണ കെട്ടിടങ്ങളുടെ പണിക്ക് വിവിധതരം കല്ലുകള്‍ ഉപയോഗിക്കാറുണ്ടല്ലോ. കല്ലുകളുടെ ഗുണ മേന്മയനുസരിച്ച് അവയുടെ മൂല്യത്തിനും വ്യത്യാസമുണ്ട്. ഈ മൂല്യവ്യത്യാസത്തിനു പിന്നില്‍ അവയുടെ പരിണാമ പ്രക്രിയയുടെ നീണ്ട കഥ പറയാനുണ്ട്. വിലയേറിയ മനോഹരമായ മാര്‍ബിള്‍ കല്ലുകള്‍ ചുണ്ണാമ്പു കല്ലിന്റെ കായാന്തരിത രൂപമാണ്. കായന്തരിത പ്രക്രിയയെക്കുറിച്ചൊക്കെ വിവരിയ്ക്കാന്‍ തുടങ്ങിയാല്‍ ഈ ലേഖനത്തിന്റെ മുഖ്യ സന്ദേശത്തിന്റെ ഗതി മാറിപ്പോവാനിടയുള്ളതിനാല്‍ അതിന് മുതിരുന്നില്ല. ചുണ്ണാമ്പു കല്ലന്റെ ഉറവിടം തേടിപ്പോയാല്‍ കടല്‍ കക്കയിലും പവിഴപ്പുറ്റിലുമൊക്കെ സംഭവിച്ച ജൈവരാസ പ്രക്രിയയുടെ അനന്തരഫലമാണെന്നു കാണാം.

ഭൗമാന്തര്‍ ഭാഗത്ത് തിളച്ചുമറിഞ്ഞ് ദ്രവരൂപത്തില്‍ കിടന്ന മാഗ്മ വ്യത്യസ്ത ഊഷ്മാവില്‍ തണുത്തുറഞ്ഞുണ്ടായതാണ് കെട്ടിടം പണിയ്ക്കുപയോഗിയ്ക്കുന്ന മണലും കരിങ്കല്ലുമൊക്കെ. വെട്ടുകല്ലിനും ചേറുകുഴച്ച് തീച്ചൂളയില്‍ വേവിച്ചെടുത്ത ഇഷ്ടികയ്ക്കും താനാരായിരുന്നുവെന്നൊരു കഥ പറയാനുണ്ട്.

യേശുക്രിസ്തു മൂലക്കല്ലായിരിക്കുന്ന പുതിയ നിയമ സഭയുടെ പണിക്ക് ജീവനുള്ള കല്ലുകളെയാണാവശ്യം. ക്രിസ്തുവിന്റെ മണവാട്ടിയാകേണ്ട സഭയുടെ പണിയെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്. മനോഹരമായ, മഹാ മൂല്യമുള്ള ഈ സഭയില്‍ നമുക്കുള്ള പദവി ഓര്‍ത്താല്‍ നമുക്കുമില്ലെ ഒരു പഴയകാല കഥ പറയാന്‍? ദൈവത്താല്‍ തള്ളപ്പെട്ട, യിസ്രായേല്‍ പൗരതയോടു ബന്ധമില്ലാതെ പുറജാതികളെന്ന് വിധിയെഴുതിയ, ആലയത്തില്‍ കിടക്കാന്‍ യോഗ്യതയില്ലാതിരുന്ന നമ്മള്‍ ആലയത്തിന്റെ കല്ലുകളായി രൂപപ്പെട്ടതിന്റെ കഥ ഓര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നാതിരിക്കുമോ? ജീവനുള്ള കല്ലുകളായി മാറ്റിയ നമ്മുടെ കായന്തരിതരൂപത്തിനു പുറകില്‍ സംഭവിച്ച യേശു ക്രിസ്തുവിന്റെ മഹല്‍ത്യാഗം ഓര്‍ക്കുമ്പോള്‍ അതു യഹോവയാല്‍ സംഭവിച്ചുവെന്ന് പറയാറുണ്ടോ? ദൈവകോപത്തീയില്‍ വെന്തുരുകിയ ജീവ നാഥന്റെ മഹാ സ്‌നേഹത്തിന്റെ സൗന്ദര്യമല്ലേ എവിടെ നിന്നോ കോരിയെടുത്ത ചെളി കുഴച്ചു തീച്ചൂളയില്‍വെച്ച് ചുവപ്പിച്ചെടുത്ത മനോഹരമായ ഇഷ്ടകപോലെ നമ്മുടെയും മൂല്യം വര്‍ദ്ധിപ്പിച്ചത്? ദൈവത്തിന് സ്തുതി ഗീതങ്ങളര്‍പ്പിക്കാന്‍ യഹൂദന് സങ്കീര്‍ത്തനങ്ങളും ഉത്സവങ്ങളും മതിയായിരുന്നു. നമുക്കോ. അപ്പന്റെ ഭവനത്തില്‍ മേല്‍ത്തരം അങ്കി ധരിച്ച് മുദ്രമോതിരവുമണിഞ്ഞ് നടക്കുമ്പോള്‍ മുഷിഞ്ഞു നാറിയ വസ്ത്രവും ധരിച്ച്, പന്നി തിന്ന വാളവിരകൊണ്ട് വിശപ്പടക്കിയ കഴിഞ്ഞകാലം നാം മറന്നുപോകല്ലെ. ജീവനുള്ള കല്ലുകളായി പരിണമിക്കാത്തിടത്തോളം ദൈവത്തോടു നന്ദി പറയാന്‍ നമുക്കാവില്ല. മൂലക്കല്ലിനോടു ചേര്‍ത്തു പണിയപ്പെടാത്തിടത്തോളം യഹോവയുടെ പദ്ധതിയില്‍ നമുക്ക് പങ്കു ചേരാനുമാ­കില്ല.

ഒരുപക്ഷെ ജീവിതത്തില്‍ എല്ലാവരാലും കൈവിടപ്പെട്ടവനെന്ന തോന്നലില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഏകനായി കഴിയുകയായിരിക്കും നിങ്ങള്‍. മനുഷ്യരാല്‍ (സ്വന്ത ജനത്താല്‍) തള്ളപ്പെട്ട യേശുവിന് നിങ്ങളുടെ ഒറ്റപ്പെടലിന്റെ നൊമ്പരം ശരിയ്ക്കുമറിയാമെന്ന് മറക്കരുത്. മനുഷ്യരെല്ലാവരാലും കൈവിടപ്പെട്ട യേശു മൂലക്കല്ലായത് നിങ്ങളെ അവനോടു ചേര്‍ത്തു പണിയുവാനാണ്. അവന്‍ ചുങ്കക്കാരേയും, പാപികളേയും, ശമര്യാക്കാരിയേയും, പിന്മാറ്റക്കാരേയും, പണ്ഡിതനേയും, പാമരനേയും, യഹൂനേയും, പുറജാതിക്കാരനേയും ജീവനുള്ള കല്ലുകളായി പണിത ചരിത്രം മനസ്സിലാക്കിയാല്‍ യേശുവിന് ആവശ്യമില്ലാത്തതായി ആരും ഇല്ലെന്നു കാണാം. നിങ്ങള്‍ ഇപ്പോളവനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദന യേശുവിനോടു ചേരുവാനുള്ള പുറപ്പാടിന്റെ ഭാഗമാണ്. കക്കയുടെ ഉള്ളില്‍ കുടുങ്ങിയ മണല്‍ത്തരി വിലയേറിയ മുത്തുച്ചിപ്പിയായി രൂപാന്തരപ്പെടുന്നതുപോലെ അവനോട് ചേര്‍ന്നു നില്‍ക്കാനുള്ള ജീവനുള്ള കല്ലായി നിങ്ങള്‍ രൂപാന്തരപ്പെടും. പരിശോധനകളുടെ തീച്ചൂളയില്‍ കൂടി കടന്നുപോകുന്നവര്‍ ഇഷ്ടികയുടെയും മാര്‍ബിളിന്റെയും ഒക്കെ കായന്തരിത രൂപത്തിനു പിമ്പിലെ കഥ ഓര്‍ത്താല്‍ നാഥന്റെ സുരക്ഷിത കരങ്ങളില്‍ നമ്മളും വിലയേറിയ ജീവനുള്ള കല്ലുകളായി രൂപപ്പെടുവാനുള്ള പ്രക്രിയയിലാണെന്ന് മനസ്സിലാകും. ഒരിക്കല്‍ പുതിയ യരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗത്തില്‍ നിന്ന്, ദൈവ സന്നിധിയില്‍ നിന്നു തന്നെ ഇറങ്ങി വരും. അതിനായുള്ള ഒരുക്കത്തിലാണു നമ്മളോരോരുത്തരും എന്ന ചിന്ത താല്‍ക്കാലിക വേദനകളെ മറക്കാന്‍ നമുക്ക് ശക്തി നല്‍ക­ട്ടെ.

Responses