വ്യാജത്തിന്റെ വ്യാപാരശക്തിയെ തിരിച്ചറിയുക

എവിടെയെല്ലാം സത്യസുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം പിശാച് മറ്റൊരു സുവിശേഷം പ്രചരിപ്പിക്കാറുണ്ട്. എവിടെയെല്ലാം സത്യാത്മാവ് വ്യാപരിച്ചിട്ടുണ്ടോ അവിടെയെല്ലാം അതിനുസമാനമായി പിശാച് വ്യാജത്തിന്റെ വ്യാപാര ശക്തി അയയ്ക്കാറുണ്ട്. ഇതു സ്‌നാപകയോഹന്നാന്റെ കാലത്തും യേശു കര്‍ത്താവിന്റെ കാലത്തും അപ്പോസ്‌തോലിക കാലത്തും ഉണ്ടായിരുന്നു. ഇന്നും അതുണ്ട്. നാളെയും തുടരും.


കര്‍ത്താവു പറഞ്ഞ ഉപമയില്‍ - വയലില്‍ കള വരുന്നതു കണ്ട വേലക്കാര്‍ അതു പറിച്ചുകളയട്ടെ എന്നു യജമാനനോടു ചോദിച്ചപ്പോള്‍ വേണ്ടാ കൊയ്‌ത്തോളം വളരട്ടെ എന്നാണ് പറഞ്ഞത്. ഒരുകാലത്ത് പെന്റക്കൊസ്റ്റ് വലയില്‍ അങ്ങും ഇങ്ങും മാത്രമാണ് കളകള്‍ കണ്ടിരുന്നതെങ്കില്‍ ഇന്ന് നല്ലത് അങ്ങും ഇങ്ങും മാത്രമേ കാണാനുള്ളൂ. അതുകൊണ്ടുതന്നെ കളപിഴുതുമാറ്റി കളത്തെ ശുദ്ധീകരിക്കാനൊന്നും മുതിരാതെ ഓരോരുത്തരും അവനവന്റെ പ്രവൃത്തി ശോധന ചെയ്യുകയായിരിക്കും അഭികാമ്യമായിട്ടുള്ളത്. മാത്രമല്ല കളക്ക് അധികകാലം ഈ വയലില്‍ വളരുവാനും കഴികയില്ല. നാം പിഴുതുമാറ്റാതെ തന്നെ അതു വേഗത്തില്‍ ഉണങ്ങി വാടിപ്പോകും. എന്നാല്‍ വ്യാജമായത് നാം തിരിച്ചറിയണം എന്ന് ദൈവം ആഗ്രഹിക്കുന്നു. ആധുനിക സംവിധാനങ്ങളുടെ സഹായത്താല്‍ ഒറിജിനലിനെ വെല്ലുന്ന നിലയില്‍ വ്യാജമായത് പ്രചരിപ്പിക്കപ്പെടുമ്പോള്‍ തിരിച്ചറിയുവാന്‍ കഴിയാതെ പകച്ചുനില്ക്കുന്ന വിശ്വാസസമൂഹത്തെയാണ് നാം കാണുന്ന­ത്.


ഒര്‍ജിനല്‍ നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക് വ്യാജമായത് വേഗത്തില്‍ തിരിച്ചറിയുവാന്‍ കഴിയും. അതുകൊണ്ടുതന്നെ മായമില്ലാത്ത ദൈവവചനം നന്നായി പ ിക്കുവാന്‍ ദൈവജനം തയ്യാറാകേണ്ടയിരിക്കുന്നു. വിലപ്പെട്ട ആത്മിക ശുശ്രൂഷകളായ പാട്ട്, പ്രസംഗം, അന്യഭാഷ, വ്യാഖ്യാനം, പ്രവചനം, അത്ഭുതം, അടയാളം, വിശ്വ പ്രവൃത്തികള്‍ ഇതിനെല്ലാം പിശാച് ഡ്യൂപ്ലിക്കേറ്റ് ഇറക്കിയിട്ടുള്ളതുകൊണ്ട് ആത്മികമായി വിവേചിപ്പാന്‍ കഴിയുന്നവര്‍ക്കുമാത്രമേ അത് അതിവേഗം തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ. ആത്മികത്തിന്റെ പേരില്‍ വ്യാജമായി നടത്തിയ സകല വ്യാപാര വ്യവസായങ്ങളും പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ തന്ത്രങ്ങളും മന്ത്രങ്ങളുമായി ജനത്തെ വഞ്ചിച്ചപ്പോള്‍ വ്യാജാത്മാവിനേ തിരിച്ചറിയുവാന്‍ അപ്പോസ്തലന്മാരായ പത്രോസിനും പൗലോസിനും കഴിഞ്ഞിരുന്നു.


വ്യാജത്തെ തിരിച്ചറിയുവാന്‍ അപ്പോസ്തല പ്രവൃത്തികള്‍ തന്നെയാണ് ഇന്നും നമ്മെ സഹായിക്കുന്നത്. അപ്പോ: പ്രവൃത്തികള്‍ 8-ാം അധ്യായം 4 മുതല്‍ 24 വരെ പ ിച്ചാല്‍ ദൈവാത്മാവിന്റെ പ്രവൃത്തിയെയും വ്യാജാത്മാവിന്റെ പ്രവൃത്തിയെയും വേഗത്തില്‍ തിരിച്ചറിയാം. ഒരു ഭാഗത്ത് ഫിലിപ്പോസ് ശക്തമായി പരിശുദ്ധാത്മ നിറവില്‍ ദൈവവചനം പ്രസംഗിക്കയും രോഗികളെ സൗഖ്യമാക്കുകയും ആത്മാക്കളെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്ന് വിടുവിച്ച് സ്‌നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത് ശിമയോന്‍ വ്യാജാത്മാവിനാല്‍ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ കാണിച്ച് ജനത്തെ ഭ്രമിപ്പിച്ച് ആളുകളെ തന്റെ പക്ഷം കൂട്ടുകയാണ്. രണ്ടിടത്തും അത്ഭുതങ്ങളും അടയാളങ്ങളും ആള്‍ക്കൂട്ടവും കൈയടിയും ഒക്കെ നടക്കുന്നു. രണ്ടുപേരും പറയുന്നത് \'ദൈവശക്തിയാണെന്നാണ്. എങ്ങനെ ഇതു തമ്മില്‍ തിരിച്ചറിയും.


ഈ അന്ത്യകാലത്ത് ദൈവത്തിന്റെ ആത്മാവ് വളരെ ശക്തിയായി അടയാളങ്ങളാലും അത്ഭുതങ്ങളാലും ദൈവവചനത്തെ ഉറപ്പിക്കുന്ന കാലഘട്ടമാണിത്. അപ്പോള്‍ തന്നേ പിശാചും അടങ്ങിയിരിക്കയില്ല. കഴിയുമെങ്കില്‍ വൃതന്മാരെപ്പോലും തെറ്റിക്കുവാന്‍ വ്യാജത്തിന്റെ വ്യാപാരശക്തി വ്യാപരിച്ചുകൊണ്ടിരിക്കയാണ്. ഇതിന്റെ മദ്ധ്യത്തില്‍ ദൈവശക്തിയെ എങ്ങനെ തിരിച്ചറിയും. ഇതു തമ്മിലുള്ള വ്യത്യാസം പറയാം. ശിമോന്‍ അത്ഭുതം ചെയ്തത് താന്‍ \'മഹാന്‍\' എന്നു കാണിക്കുവാനായിരുന്നെങ്കില്‍ ഫിലിപ്പോസ് അത്ഭുതം ചെയ്തത് \'യേശു മഹാന്‍\' എന്നു വെളിപ്പെടുത്തുവാനായിരുന്നു.
വ്യക്തിപൂജയും സ്വയപുകഴ്ചയും സ്വാര്‍ത്ഥതാല്പര്യവും ധനസമ്പാദനമാര്‍ഗ്ഗവുമായി ശുശ്രൂഷമാറുമ്പോള്‍ അതു പ്രാകൃതവും പൈശാചികവും ദൈവനാമത്തിന് അപമാനവുമായി മാറുകയാണ്. ഇന്നത്തെ പല നേതാക്കളുടെയും വാക്കുകള്‍ ശ്രദ്ധിച്ചാല്‍ \'ഇവന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍\' എന്നതിനുപകരം \'ഞാന്‍ എത്ര മഹാന്‍ എന്നു നോക്കുവിന്‍\' എന്നാണ് കേള്‍ക്കുന്നത്. ഒരുവന്‍ ദൈവാത്മാവിനാല്‍ അത്ഭുതം ചെയ്താല്‍ അവന്‍ ക്രിസ്തുവിനെ ഉയര്‍ത്തും. തന്നെത്താന്‍ താഴ്ത്തുവാന്‍ തയ്യാറാകും.


പൗലോസിന്റെ കയ്യാല്‍ ലൂസ്രയില്‍ മുടന്തനുണ്ടായ രോഗസൗഖ്യം മുഖാന്തരം പൗലോസിനെയും യോഹന്നാനേയും ജനം പൂമാലയിട്ട് പൂജിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞത് ഞങ്ങള്‍ നിങ്ങളെപ്പോലുള്ള സാധാരണ മനുഷ്യരത്രേ, നിങ്ങള്‍ ഈ വ്യര്‍ത്ഥകാര്യങ്ങളെ വിട്ട് ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നു പറഞ്ഞ് അവരെ കര്‍ത്താവിങ്കലേക്ക് തിരിക്കുകയായിരുന്നു. വ്യാജത്തിന്റെ വ്യാപാരശക്തിയാല്‍ ജനത്തിന്റെ കയ്യടി വാങ്ങി ജനത്തെ പിശാചിന്റെ ബന്ധനത്തില്‍ കുരുക്കി - കുടുക്കിയിടുവാന്‍ ശ്രമിക്കുമ്പോള്‍ - യഥാര്‍ത്ഥമായ സുവിശേഷം ജനത്തെ അവിടെനിന്ന് പുറത്തുകൊണ്ടുവന്ന് ആഴമായ മാനസാന്തരത്തിലേക്കും ശുദ്ധീകരണത്തിലേക്കും സത്യാരാധനയിലേക്കും അതുമൂലം ഉളവാകുന്ന മഹാസന്തോഷത്തിലേക്കും നയിക്കുന്നതായിരിക്കും.


മനുഷ്യനിര്‍മ്മിതമായ പലതും ദൈവികമാണ് എന്നുപറഞ്ഞു ജനത്തെ വഞ്ചിച്ച് കോടികള്‍ സമ്പാദിക്കുന്ന സമൂഹത്തില്‍ ആത്മീകത്തിന്റെ പേരുപറഞ്ഞ് ജനത്തെ ഭ്രമിപ്പിച്ച് സ്ഥാനം കൊണ്ടും സമ്പത്തുകൊണ്ടും മഹാന്‍ ആകാം എന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അധികനാള്‍ അങ്ങനെ തുടരാന്‍ കഴികയില്ലെന്ന് ശിമോന്റെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പത്രോസ് ഈ വ്യാജം പുറത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ക്രിസ്തീയ സഭയുടെ അനിഷേദ്ധ്യനേതാവായി ശിമോന്‍ തുടരുമായിരുന്നു. സത്യം തുറന്നുകാട്ടി മാനസാന്തരത്തിനു അവസരം നല്‍കിയിട്ടും ആഴമായ അനുതാപത്തിനു മുതിരാതെ ശിക്ഷാവിധിയില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പഴുതുകളാണ് ശിമോന്‍ നോക്കുന്നത്. അധര്‍മ്മമായത് ഒഴിച്ചു ഉത്തമമായത് പ്രസ്താവിപ്പാന്‍ ദൈവം സഹായിക്കട്ടെ. വൃക്ഷത്തെ ഫലം കൊണ്ട് തിരിച്ചറി­യാം!

Responses