നിത്യത ഭൂമിയില്‍ ആരംഭിക്കുന്നു

വീണ്ടും ജനിച്ച ഒരു വ്യക്തി മരണംവഴി ഭൂമിയില്‍നിന്ന്‌ മാറ്റപ്പെടുമ്പോള്‍ സാധാരണയായി പറഞ്ഞു കേള്‍ക്കുന്നത്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു എന്നാണ്‌. നിത്യതയെ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ യഥാര്‍ത്ഥമായി മനസ്സിലാക്കിയുള്ള ഒരു പ്രയോഗമല്ല ഇത്‌. ഉല്‍പ്പത്തി പുസ്‌തകം ഒന്നാം അധ്യായം ഒന്നാം വാക്യം മുതലുള്ള ദൈവിക വെളിപ്പാടുകളാണ്‌ വിശുദ്ധ തിരുവെഴുത്തിലൂടെ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. എന്നാല്‍ അതിനു മുമ്പും അനാദിയും ശാശ്വതവാസിയുമായ ദൈവം സ്ഥിതിചെയ്‌തിരുന്നു. (സങ്കീര്‍ത്തനം 90:2). ഈ ഭൂമിയില്‍ ജനിക്കാനിരിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ തിരുഹിതത്തില്‍ അനാദിയിലേ ഉണ്‍ടായിരുന്നു. എന്നാല്‍ കാലത്തിന്റെ തികവില്‍ മാത്രമേ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്ത്‌ നിര്‍ദ്ധിഷ്‌ട മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും ജനിക്കുവാന്‍ കഴിഞ്ഞുള്ളൂ. ഭൂതകാലനിത്യത എന്ന്‌ പേരിട്ടു വിളിക്കാന്‍ കഴിയുന്ന ആ അനാദിയില്‍ ദൈവവും അവിടുത്തെ തിരുഹിതത്തില്‍ നാം ഓരോരുത്തരും ഉണ്‍ടായിരുന്നു.

ഉല്‍പ്പത്തി ഒന്നാം അധ്യായത്തിനും മുമ്പുള്ള ഒരു കാലത്തിലേക്ക്‌ ഭൂതകാലനിത്യത നീണ്ടുപോകുമ്പോള്‍ ദൈവഹിതത്തില്‍ മറഞ്ഞിരുന്നവരാകയാല്‍ ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രത്യേക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായിട്ടാണ്‌ ഈ ഭൂമിയില്‍ ജനിച്ചിരിക്കുന്നത്‌. സ്‌ത്രീയുടെയും പുരുഷന്റെയും നിയമപരമായ ബന്ധത്തിലൂടെ ജനിക്കുന്ന വ്യക്തിയും നിയമവിരുദ്ധമായ ബന്ധത്തില്‍ ജനിക്കുന്ന വ്യക്തിയും ഈ പദ്ധതിയിന്‍കീഴിലാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. യേശുക്രിസ്‌തുവിന്റെ വംശാവലിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും യൂദായുടെയും താമാറിന്റെയും ബന്ധത്തല്‍ ജനിച്ച വ്യക്തിയുമായ പാരെസും (ഉല്‍പത്തി 38-ാം അധ്യായം വായിക്കുക) ഇസ്രായേലിന്‌ ന്യായപാലനം ചെയ്‌ത ഗിലെയാദിലെ പരാക്രമശാലിയും വേശ്യാപുത്രനുമായിരന്ന യിപ്‌താഹും (ന്യായാധിപന്മാര്‍ 11-ാം അധ്യായം) നിയമപരമായ സന്താനങ്ങളല്ലാതിരുന്നിട്ടും ദൈവപദ്ധതിയുടെ ഭാഗമായിത്തീര്‍ന്നു. വിശ്വാസവീരന്മാരുടെ പട്ടികയലാണ്‌ യിപ്‌താഹിന്റെ സ്ഥാനം (എബ്രായര്‍ 11:32). ലോകസ്ഥാപനത്തിനു മുമ്പേ ദൈവഹിതത്തില്‍ മറഞ്ഞുകിടന്നിരുന്നവരായിരുന്നു നാമെല്ലാവരും എന്ന യാഥാര്‍ത്ഥ്യം എഫേസ്യ ലേഖനത്തില്‍ വെളിപ്പെടുത്താന്‍ ദൈവം തിരുമനസ്സായി. "നാം തന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്‌കളങ്കരും ആകേണ്ടതിന്‌ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനില്‍ (യേശു ക്രിസ്‌തവില്‍) തെരഞ്ഞെടുത്തു" (വാക്യം 1:4).

അനാദിനിത്യതയില്‍തന്നെ ദൈവം നമ്മെ അറിഞ്ഞിരുന്നു എങ്കിലും ഈ ഭൂമിയില്‍ ജനിക്കാന്‍ അവസരം ലഭിച്ചതിനു ശേഷമാണ്‌ ഒരു ദൈവം ഉണ്ട്‌ എന്ന്‌ യാഥാര്‍ത്ഥ്യം ഓരോ മനുഷ്യനും അറിഞ്ഞുള്ളൂ. വാസ്‌തവത്തില്‍ രക്ഷിക്കപ്പെട്ടതിനു ശേഷമാണ്‌ ദൈവത്തോടുള്ള ബന്ധത്തിന്റെ ഊഷ്‌മളത മനുഷ്യന്‌ മനസ്സിലാകുന്നത്‌. ദൈവം ക്രമീകരിച്ചിരിക്കുന്ന ഒരു വ്യവസ്ഥയുടെ ഭാഗമാണ്‌ ഓരോ മനുഷ്യജന്മവുമെന്ന്‌ തിരിച്ചറിയാന്‍ സാധിച്ചത്‌ വീണ്ടും ജനനത്തിലൂടെ ഭക്തന്‌ സംലഭ്യമായ അതിമഹത്തായ ദൈവികവെളിപ്പാടായിരുന്നു. ദൈവത്തെ വേണ്ടവിധത്തില്‍ അറിയാന്‍ കഴിഞ്ഞതാണ്‌ വീണ്ടും ജനിച്ച വ്യക്തിക്ക്‌ ലഭിച്ച ഒരു മഹാഭാഗ്യം.

ആദമിന്റെ വംശത്തില്‍ ജനിച്ച മനുഷ്യന്‍ വീണ്ടുംജനനത്തിലൂടെ നിത്യജീവന്റെ ഭാഗമായി തീരുന്നു. വീണ്ടുംജനനത്തില്‍ സംഭവിക്കുന്നത്‌ അമര്‍ത്യമായതും ജീവനുള്ളതുമായ വിത്തിനാലുള്ള ജനനമാണെന്ന്‌ പത്രോസിന്റെ ലേഖനത്തിലൂടെ ദൈവം നമ്മെ അറിയിച്ചു (1പത്രോസ്‌ 1:23). ഭൂതകാലനിത്യതയില്‍ ദൈവഹിതത്തില്‍ മറഞ്ഞുകിടന്ന മനുഷ്യന്‍ ഭൂമിയില്‍ ജനിക്കുന്നതോടെ ഭൂമിയിലെ വര്‍ത്തമാനകാലത്തിലേക്ക്‌ പ്രവേശിക്കുന്നു. മരണംവഴി ഈ ഭൂമിയില്‍നിന്ന്‌ മാറ്റപ്പെടുന്നതോടെ ആ വ്യക്തിയുടെ ഭാവികാലനിത്യത ആരംഭിക്കുന്നു. രക്ഷിക്കപ്പെട്ട വ്യക്തി മരണംവഴി നിത്യജീവനിലേക്ക്‌ പ്രവേശിക്കുമ്പോള്‍ രക്ഷിക്കപ്പെടാത്ത വ്യക്തി നിത്യനാശത്തിലേക്കു കടന്നുപോകുന്നു (യോഹ 3:35). രണ്ടു വ്യക്തികളും പ്രവേശിക്കുന്നത്‌ ഭാവികാലനിത്യതയിലേക്കാണെങ്കിലും രക്ഷിക്കപ്പെട്ടവന്‌ നിത്യജീവനും രക്ഷിക്കപ്പെടാത്തവന്‌ നിത്യനാശവുമാണ്‌ ഫലം. യേശുക്രിസ്‌തുവിനെ രക്ഷകനായി സ്വീകരിച്ച്‌ വീണ്ടും ജനനത്തിലൂടെയേ നിത്യജീവനിലേക്ക്‌ ഒരുവന്‌ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ എന്നതാണല്ലോ ദൈവവചനം അടിവരയിട്ടു പ്രഖ്യാപിക്കുന്നത്‌.

രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും വചനത്തില്‍ നല്‍കിയിരിക്കുന്ന വെളിപ്പാടുകളുടെ അടിസ്ഥാനത്തില്‍ സുവ്യക്തമായി തന്നെക്കുറിച്ച്‌ മനസ്സിലാക്കണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെക്കുറിച്ച്‌ വ്യത്യസ്‌തങ്ങളായ അനുമാനങ്ങളുമായി ജീവിച്ച വ്യക്തി, യേശുക്രിസ്‌തുവിലൂടെ ദൈവമകന്‍/മകള്‍ ആയിത്തീര്‍ന്നശേഷം പിതാവായ ദൈവത്തെക്കുറിച്ചാണ്‌ പിന്നീട്‌ പ ിക്കേണ്ടത്‌. രക്ഷയുടെ സന്തോഷം അനുഭവിക്കുന്ന ഓരോ വ്യക്തിയും തുടര്‍ന്നുള്ള ജീവിതത്തില്‍ ഈയൊരു പോയിന്റിലാണ്‌ തന്റെ സമയം ചെലവഴിക്കേണ്ടത്‌.

കാലാകാലങ്ങളില്‍ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയത്‌ അല്‍പ്പമായി മാത്രമായിരുന്നുവെങ്കിലും ഈ അന്ത്യകാലത്ത്‌ തന്റെ പുത്രന്‍ മുഖാന്തരം സമ്പൂര്‍ണ്ണ ദൈവിക വെളിപ്പാട്‌ നല്‍കിയ ദൈവം (ഹെബ്രാ:11), തന്റെ മക്കള്‍ വാസ്‌തവമായി തന്നേ അറിയണം എന്ന്‌ ആഗ്രഹിക്കുന്നു. ഈ അറിവാണ്‌ ദൈവവചന പ നത്തിലൂടെ ലഭിക്കുന്നത്‌.

നിത്യജീവനാണ്‌ വീണ്ടും ജനനത്തിലൂടെ നമുക്ക്‌ ലഭിക്കുന്ന വലിയ ഭാഗ്യം. ഞാന്‍ അവയ്‌ക്കു ജീവന്‍ നല്‍കുന്നതിനാല്‍ അവ ഒരു നാളും നശിച്ചുപോകയില്ല (യോഹന്നാന്‍ 10:28) എന്നുള്ള യേശുക്രിസ്‌തുവിന്റെ പ്രസ്‌താവന മരണത്തിനപ്പുറത്തും ജീവിക്കാന്‍ കഴിയുന്ന ഭാഗ്യകരമായപ്രത്യാശ നമ്മില്‍ നിറയ്‌ക്കുന്നു. ജീവിതത്തെ നിത്യതയുടെ വെളിച്ചത്തില്‍ നോക്കിക്കാണാന്‍ കഴിയുന്ന മനുഷ്യനാണ്‌ ദൈവമനുഷ്യന്‍. ഞാന്‍ ജീവിക്കുന്നതിനാല്‍ നിങ്ങളും ജീവിക്കും (യോഹ: 14:19) എന്ന്‌ യേശുക്രിസ്‌തുതന്നെ സ്‌പഷ്‌ടമാക്കിയിരിക്കുന്നു. മരണത്തിനും അപ്പുറത്തേക്ക്‌ നീളുന്ന പ്രത്യാശ എന്ന വരം നിത്യതിയലും നിലനില്‍ക്കുന്ന മൂന്ന്‌ വരങ്ങളില്‍ ഒന്നാണല്ലോ (1 കൊരി. 13:13). കാണുന്ന ലോകവും അതിലെ സകലവും താല്‍ക്കാലികമാണെന്നും കാണാത്തതാണ്‌ നിത്യമെന്നും 2 കൊരിന്ത്‌ 4:18ല്‍ ദൈവാത്മാവ്‌ രേഖപ്പെടുത്തിയിരിക്കുന്നു.

എന്താണ്‌ നിത്യജീവന്‍?
"ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‌ ആകുന്നു\'\' (യോഹ.17:3) (And this is life eternal, that they might know thee the only true God, and Jesus Christ, whom thou hast sent. KJV Bible)

ഏകസത്യ ദൈവത്തെയും അവിടുന്ന്‌ അയച്ച പുത്രനായ യേശുവിനെയും കൂടുതല്‍ അറിയുന്നത്‌ നിത്യതയിലാണ്‌. പിതാവിനെയും പുത്രനയും കൂടുതല്‍ അറിയുന്നതാണ്‌ നിത്യതയുടെ പ്രത്യേകത എങ്കില്‍ ഭൂമിയില്‍വച്ചേ പിതാവിനെയും പുത്രനെയും അറിയുവാന്‍ ശ്രമിക്കുന്നതിലൂടെ നാം നിത്യതയില്‍ പ്രവേശിച്ചിരിക്കുന്നു എന്നതല്ലേ ശരി? ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോഴേ പിതാവിവനെയും പുത്രനെയും അറിയുവാന്‍ ശ്രമിക്കുന്നതിലൂടെ നിത്യതയുടെ ഭാഗമായി നാം മാറുന്നു. ഈ വെളിപ്പാടാണ്‌ വിശ്വാസജീവിതയാത്രയില്‍ നമുക്ക്‌ ഉണ്ടാകേണ്ടത്‌. രക്ഷിക്കപ്പെടാത്ത വ്യക്തി നിത്യനാശത്തിലേക്ക്‌ പ്രവേശിക്കുന്നു എന്നതിന്റെ അര്‍ത്ഥവും ഇവിടെ നമുക്ക്‌ വ്യക്തമാകുന്നു. പിതാവിനെയോ പത്രനെയോ അറിയാന്‍ കഴിയാതെ ശാശ്വതമായി അകന്നുപോകുന്ന ദുരവസ്ഥയാണ്‌ നിത്യനാശം. ഭൂമിയില്‍വച്ച്‌ നിത്യജീവന്റെ സഹയാത്രികനാകാതെ മരിച്ച്‌ മണ്‍മറഞ്ഞ ശേഷം ചില ഭൂമിയില്‍ ബന്ധുക്കള്‍ ചെയ്യുന്ന ചില ക്രിയകള്‍കൊണ്‍ട്‌ നിത്യജീവന്‍ പ്രാപിക്കാമെന്ന്‌ കരുതുന്നത്‌ മൂഢതയാണ്‌.

അന്തിമന്യായവിധിയുടെ ഒരു ചിത്രം 2 തെസലോനിക്ക 1:7ല്‍ വിവരിക്കുന്നു. അതില്‍ പറയുന്നത്‌  ദൈവത്തെ അറിയാത്തവര്‍ക്കായി ഒരു പ്രതികാരദിവസം വരാന്‍ പോകുന്നു എന്ന്‌. കത്തോലിക്കാ ബൈബിള്‍ ഭാഷാന്തരമായ പി.ഒ.സിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌  "ദൈവത്തെക്കുറിച്ച്‌ അജ്ഞത പുലര്‍ത്തുന്നവര്‍ക്ക്‌ ശിക്ഷയുണ്‍ട്‌ \'\' എന്നാണ്‌. ദൈവത്തെക്കുറിച്ച്‌ അജ്ഞത പുലര്‍ത്തുകയും അജ്ഞത നടിച്ച്‌ ദൈവനിഷേധം പ്രകടമാക്കി മനുഷ്യരെ പൂജിക്കുകയും ചെയ്യുന്ന പാരമ്പര്യതെറ്റിനും ഒരു പ്രതികാരദിവസം ഉണ്ടെന്ന യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയേണ്ടതാണ്‌.

തന്നെക്കുറിച്ചു അജ്ഞത വച്ചുപുലര്‍ത്തി മനുഷ്യന്‍ തന്നെ ആരാധിക്കുന്നത്‌ ദൈവം ഇഷ്‌ടപ്പെടുന്നില്ല. വ്യക്തമായി തന്നെക്കുറിച്ച്‌ അറിയാന്‍ വേണ്ടിയാണ്‌ ദൈവികവെളിപ്പാടുകളുടെ പൂര്‍ണ്ണതയായ ബൈബിള്‍ ദൈവം മനുഷ്യന്‌ നല്‍കിയിരിക്കുന്നത്‌. ക്രിസ്‌തീയ ജീവിതത്തിന്റെ പ്രായോഗികമായ വശം ഇതുതന്നെയാണ്‌ -ദൈവത്തെ അറിയുക. സഭാജീവിതത്തിന്റെ ഓരോ മേഖലയും മീറ്റിംഗുകളും സമ്മേളനങ്ങളും പ്രസംഗങ്ങളും കലകളും സാഹിത്യങ്ങളും എല്ലാമെല്ലാം ദൈവത്തെക്കുറിച്ച്‌ അറിയാനുള്ള മനുഷ്യന്റെ അഭിവാജ്ഞയുടെ പൂര്‍ത്തീകരണത്തിനുള്ള വേദികളായിരിക്കണം. ദൈവത്തെക്കുറിച്ചുള്ള അറിവില്‍നിന്ന്‌ മനുഷ്യനെ അകറ്റുന്നതൊന്നും ക്രിസ്‌തീയ ജീവിതത്തില്‍ പ്രയോജനകരമല്ല. വിശ്വാസിക്ക്‌ അനുവദനീയമായവ നിരവധിയാണെങ്കിലും അതില്‍ പ്രയോജനപ്രദമായവ ചുരുക്കമായേ കാണുകയുള്ളൂ (1 കൊരി 10:23).

ദൈവത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച്‌ ബൈബിളില്‍നിന്നു പ ിക്കുന്നതു മാത്രമേ ദൈവത്തെക്കുറിച്ചുള്ള പ നം എന്ന്‌ വിവക്ഷയില്ല. ദൈവവചനത്തിലെ ഓരോ വിഷയത്തെക്കുറിച്ച്‌ പ ിക്കുന്നതും ദൈവത്തെക്കുറിച്ചുള്ള പ നത്തിന്റെ ഭാഗം തന്നെയാണ്‌. കൊരിന്ത്‌ സഭയോടെ മരണത്തെക്കുറിച്ചു എഴുതി, ഒടുവില്‍ പൗലോസ്‌ പറയുന്നത്‌ മരണത്തെക്കുറിച്ച്‌ പ ിക്കുന്നതും ദൈവത്തെ അറിയുന്നതാണെന്നാണ്‌ (1കൊരി:15:34).
തന്റെ അന്തിമാഭിലാഷമായി പൗലോസ്‌ വിവരിക്കുന്നത്‌ എന്താണ്‌? അത്‌ മറ്റൊന്നുമല്ല, യേശുക്രിസ്‌തുവിനെയും പുനഃരുത്ഥാനശക്തി (പരിശുദ്ധാത്മാവ്‌) യെയും (Resurrection Power) കൂടുതല്‍ അറിയണം എന്നതായിരുന്നു (ഫിലി: 3:10). "വിട്ടുപിരിഞ്ഞ്‌ ക്രിസ്‌തുവിനോട്‌ കൂടെ ഇരിക്കുന്ന\'\'താണ്‌ അത്യുത്തമം (ഫിലി. 1:23) എന്ന്‌ പൗലോസ്‌ ആഗ്രഹിച്ചതിലും നിത്യതയിലെ ഭാവിപ്രത്യാശ പ്രതിഫലിക്കുന്നു. "എല്ലാവരും രക്ഷപ്രാപിക്കുവാനും ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ നിറയുവാനും" ദൈവം ആഗ്രഹിക്കുന്നു (1തിമോഥി 2:4) എന്ന വാക്യത്തിലും നിത്യത തന്നെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ മനുഷ്യനു ലഭിക്കുന്ന അവസരമാണെന്ന്‌ ദൈവംതന്നെ വെളിപ്പെടുത്തുന്നു.

പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അടുത്ത്‌ അറിയാന്‍ ശ്രമിക്കുന്നതേ ഭൂമിയില്‍ ജീവിക്കുന്ന ഒരു ഭക്തന്‌ ആത്യന്തികമായി ഗുണം ചെയ്യുകയുള്ളൂ. അതില്‍നിന്ന്‌ അകന്നുമാറിയുള്ള യാതൊന്നിനും ശാശ്വതമായി നിലനില്‍ക്കുന്ന യാതൊരു ഫലവും പുറപ്പെടുവിക്കാനാവില്ല. ഈ ഭൂമിയില്‍ ആണ്‌ വാസ്‌തവമായി നിത്യത ആരംഭിക്കുന്നത്‌. ഇവിടെ ആരംഭിക്കുന്ന നിത്യതയുടെ തുടര്‍ച്ചയാണ്‌ മരണാനന്തരം തുടരുന്നത്‌. ഇതൊരു യാഥാര്‍ത്ഥ്യമാണ്‌, ക്രിസ്‌തുഭക്തന്‍ മറക്കാന്‍ പാടില്ലാത്ത യാഥാര്‍ത്ഥ്യം.

Responses