ഉല്‍സവത്തിന്റെ ഞായറാഴ്‌ച

\"\"

"അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റൂ..."  മത്തായി- 28: 6
ഞായറാഴ്‌ച ഉയിര്‍പ്പിന്റെ ദിനമാണ്‌.
ഉല്‍സവാഘോഷങ്ങളുടെ തിരുനാള്‍.

ജയാഘോഷത്തിന്റെ കാഹളങ്ങള്‍ ഉയരത്തില്‍ ധ്വനിക്കുകയാണ്‌. സദ്വര്‍ത്തമാനത്തിന്റെ സൂപ്രഭാതമാണത്‌.

എന്നാല്‍ ആക്രമണത്തിന്റെ ദിവസമായിരുന്നു വെള്ളിയാഴ്‌ച. വ്യാഴാഴ്‌ച അര്‍ദ്ധ രാത്രി കഴിയുമ്പോള്‍ ആരംഭിക്കുന്ന ഭീകരതയ്‌ക്ക്‌ ശമനമുണ്‍ടാകുന്നത്‌ പിറ്റേന്ന്‌ ഒമ്പതാം മണി നേരത്താണ്‌. ഒറ്റിക്കൊടുക്കല്‍, തള്ളിപ്പറയല്‍, കുറ്റാരോപണങ്ങള്‍, വിചാരണകള്‍, പരിഹാസം, അട്ടഹാസങ്ങള്‍, ചാട്ടവാറടിയുടെ മുഴക്കം, നിലവിളി, മുള്ളുകൊണ്‍ടുള്ള കിരീടധാരണം, തെറിച്ചു വീഴുന്ന ചോരത്തുള്ളികള്‍, മുഖത്ത്‌ തെറിക്കുന്ന തുപ്പല്‍, ക്രൂശും വഹിച്ച്‌ ഏകനായുള്ള യാത്ര, ക്രൂശീകരണം, അങ്ങനെ പീഢന പരമ്പരകള്‍ അനസ്യൂതം തുടരുകയാണ്‌. അപ്പം ഭക്ഷിച്ചവരും സൗഖ്യം പ്രാപിച്ചവരും ജീവന്‍ തിരികെ ലഭിച്ചവരും കൂടെ നടന്നവരുമൊന്നും ദാഹജലം പോലും നല്‍കാനില്ലാതെ ക്രൂരമായ വേദന സഹിച്ചുകൊണ്‍ട്‌ യേശുക്രിസ്‌തു യെരൂശലേമിലെ തെരുവിലൂടെ നടന്നു നീങ്ങുന്ന കാഴ്‌ച വെള്ളിയാഴ്‌ചയ്‌ക്ക്‌ ഭീകരതയുടെ മുഖം നല്‍കുന്നു.

എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും യഥാര്‍ത്ഥ ക്രിസ്‌ത്യാനിയ്‌ക്ക്‌ വെള്ളിയാഴ്‌ചയുടെ അനുഭവങ്ങളെ തമസ്‌കരിക്കാനാവില്ല. പരിഹസിക്കപ്പെടുകയും ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന അനേകര്‍ ഇന്നുമുണ്‍ട്‌. ഒറീസയില്‍ നടക്കുന്ന വര്‍ത്തമാന കാല സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി വെള്ളിയാഴ്‌ചയുടെ ദുഖസ്‌മരണകള്‍ ഉയര്‍ത്തുന്നു. മരണനിഴലില്‍ കൂടി ഒറ്റയ്‌ക്കുള്ള യാത്ര ഭയാനകമാണ്‌. ജീവിതത്തിലൊരിക്കലെങ്കിലും ഏകാന്ത പഥികനായി വെള്ളിയാഴ്‌ചയുടെ കൂരിരുട്ടിലൂടെ യാനം ചെയ്യാത്ത ഏതെങ്കിലും ക്രിസ്‌തു ഭക്തന്‍മാരുണ്‍ടോ എന്നറിയില്ല. ദൈവം പോലും കൈവിട്ടെന്നു തോന്നുന്ന അവസ്ഥ എത്ര ഭീകരമാണ്‌.
വെള്ളിയാഴ്‌ചയ്‌ക്കുശേഷം വരുന്നത്‌ ഒരു ശനിയാഴ്‌ചയാണ്‌. നിശബ്‌ദമായ ശനിയാഴ്‌ച...

സമാധാനത്തിന്റെ നിശബ്‌ദതയല്ലത്‌.... ആശ്വാസത്തിന്റെ നെടുവീര്‍പ്പുമല്ല അപ്പോള്‍ ഉയരുന്നത്‌. ഭയത്തിന്റെയും നിരാശയുടെയും തണുപ്പാണത്‌. അസ്ഥി മരവിപ്പിക്കുന്ന രക്‌തം കട്ടപിടിക്കുന്ന കൊടും തണുപ്പ്‌. ശത്രുക്കളുടെ ആഘോഷത്തിന്റെ ശബ്‌ദം ആ നിശബ്‌ദതയിലും കേള്‍ക്കാം. \'കാര്യം\' നേടിയെടുത്തതിന്റെ സംതൃപ്‌തിയാണവരുടെ മനസ്സുകളില്‍. സത്യത്തെ എന്നേയ്‌ക്കുമായി കുഴിച്ചുമൂടി മുദ്രവച്ചതിന്റെ ആഹ്ലാദം. പീഢിതന്‍ ഇനിയൊരിക്കലും ജീവിതത്തിലേക്ക്‌ മടങ്ങി വരില്ലെന്ന മിഥ്യാബോധം നിറയുന്ന അനുഭവം.

നിശബ്‌ദതയുടെ രാത്രി കൊഴിഞ്ഞുവീഴുമ്പോള്‍ സുവിശേഷത്തിന്റെ സന്ദേശവുമായിട്ടാണ്‌ പ്രഭാതം ജനിയ്‌ക്കുന്നത്‌. അവന്‍ ഉയിര്‍ത്തെഴുന്നേറ്റു!

മറിയ ഓടുകയാണ്‌.... സദ്വാര്‍ത്തമാനമറിയിക്കാന്‍........ ഭയന്നു വിറച്ചിരിക്കുന്ന ശിഷ്യന്‍മാര്‍ വാര്‍ത്ത കേട്ടയുടനെ പരക്കം പായുന്നു. ആ നല്ല വിശേഷം അഥവാ സുവിശേഷം പരന്നു തുടങ്ങി. ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക്‌. ദേശം മുഴുവന്‍ അറിഞ്ഞു ക്രിസ്‌തു ഉയര്‍ത്തെഴുന്നേറ്റ വര്‍ത്തമാനം. സത്യത്തെ മൂടി വയ്‌ക്കാനായില്ല. മുദ്രകള്‍ക്കും കാവല്‍ക്കാര്‍ക്കുമൊന്നും തടഞ്ഞു വയ്‌ക്കാന്‍ കഴിഞ്ഞില്ല. വിജയാഹ്ലാദങ്ങള്‍ നടക്കുമ്പോഴും അവിശ്വാസത്തിന്റെ പുറന്തോടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ശിഷ്യന്‍മാര്‍ക്കു മുമ്പില്‍ ഗുരു വീണ്‍ടുമെത്തി; സമാധാനം നഷ്‌ടപ്പെട്ട തന്റെ പ്രിയ മക്കള്‍ക്ക്‌ സമാധാനത്തിന്റെ വാക്കുകളുമായി... ഭയന്നു വിറച്ചിരിക്കുന്ന പ്രിയ ശിഷ്യന്‍മാരോട്‌  "ഭയപ്പെടേണ്‍ട" എന്ന ഇമ്പശബ്‌ദമരുളാന്‍.
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്‌തു പ്രധാനമായും നല്‍കുന്ന രണ്‍ട്‌ കാര്യങ്ങളില്‍ ഒന്നാമത്‌, വാഗ്‌ദത്തം ചെയ്‌ത പരിശുദ്ധാത്മാവ്‌; രണ്‍ടാമത്‌, ആകാശത്തിനും ഭൂമിയ്‌ക്കും അതിലുള്ള സകലത്തിലും അധികാരം നല്‍കപ്പെട്ട ക്രിസ്‌തു പ്രദാനം ചെയ്യുന്ന ധൈര്യം. അപ്പസ്‌തോല പ്രവൃത്തികള്‍: 1; 3-8; മത്തായി- 28: 16-20.
സകല സത്യത്തിലും മനുജനെ വഴിനടത്തുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാനാണ്‌ ക്രിസ്‌തു ശിഷ്യഗണത്തോട്‌ അരുളിച്ചെയ്‌തത്‌. ഏറ്റെടുത്ത ക്രിസ്‌തുവിന്റെ അന്ത്യനിയോഗം സഫലീകരിക്കണമെങ്കില്‍ ആത്മശക്തി അനിവാര്യമാണ്‌.

ഉയിര്‍പ്പിന്റെ ശക്തി പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കഴിയുന്നത്‌ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്‌ സമ്പൂര്‍ണ്ണമായി വിധേയപ്പെടാന്‍ കഴിയുമ്പോഴാണ്‌. അപ്പോള്‍ ഭയവും ഭീരുത്വവും നമ്മെ വിട്ടു ഓടിയൊളിക്കും. സദ്വര്‍ത്തമാനം കേട്ടിട്ടും ഇന്നും അനേക ഭയങ്ങളില്‍ ജീവിക്കുന്നവരെ ക്രിസ്‌തു "ഭയപ്പെടേണ്‍ട" എന്ന്‌ പറഞ്ഞ്‌ വീണ്‍ടും വിണ്‍ടും ധൈര്യപ്പെടുത്തുകയാണ്‌.
കഴിഞ്ഞ ചില ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ താഴുവാന്‍ മനസ്സിലാതെ വലിപ്പം ഭാവിച്ചു നടന്നവര്‍, ഭയപ്പെട്ട്‌ ഒളിച്ചിരുന്നവര്‍, പിന്‍മാറിപ്പോയി പഴയ പണി തിരഞ്ഞെടുത്തവരൊക്കെ ഇന്ന്‌ അറിയപ്പെടുന്നത്‌, "ലോകത്തെ കീഴ്‌മേല്‍ മറിക്കുന്നവര്‍" എന്നാണ്‌. ഭൂതങ്ങള്‍ അലറിയോടുന്നു, രോഗികള്‍ സൗഖ്യം പ്രാപിക്കുന്നു. മരിച്ചവര്‍ ഉയിര്‍ക്കുന്നു, കാരാഗൃഹങ്ങള്‍ തുറക്കപ്പെടുന്നു, കല്ലേറിനും കാരിരുമ്പിനും കല്‍ത്തുറുങ്കിനുമൊന്നും ഭയപ്പെടുത്താന്‍ കഴിയാത്ത ആവേശത്താല്‍ നിറയപ്പെട്ട ശിഷ്യന്‍മാര്‍ ലോകത്തിനു മുമ്പില്‍ ഉയിര്‍പ്പിന്റെ ശക്തി പ്രഹവിപ്പിക്കുകയായിരുന്നു. അത്‌ യെരുശലേമില്‍ നിന്നും യെഹൂദ്യ ദേശം മുഴുവന്‍ നിറച്ച്‌ ശമര്യയിലേക്കും ഭൂമിയുടെ ഓരോ കോണിലേക്കും വ്യാപരിച്ചു.
കഷ്‌ടതയുടെ വെള്ളിയാഴ്‌ചയില്‍ അടിപതറിപ്പോകാതെ നിശബ്‌ദതയുടെ ശനിയാഴ്‌ചകളില്‍ മുങ്ങി പോകാതെ ഉല്‍സവത്തിന്റെ ഞായറാഴ്‌ചയുടെ പുതുക്കത്തില്‍ ഓരോ നിമിഷവും നമുക്കു ജീവിക്കാം. ഉയിര്‍പ്പിന്റെ സന്ദേശം നമ്മിലൂടെ വീണ്‍ടും പരക്കട്ടെ!

Responses