മലങ്കരയില്‍ നിന്നും അപ്രത്യക്ഷമാകുന്ന പെന്റക്കൊസ്റ്റിന്റെ സ്വന്തം തമ്പേര്‍

\"\" 

"തമ്പേറിന്‍ താളത്തോടെ കൈത്താള മേളത്തോടെ
കര്‍ത്താവിനെ സ്‌തുതിച്ചീടാം..."

തമ്പേര്‍! പെന്റക്കൊസ്റ്റ്‌ കൂട്ടായ്‌മകളെ വെളിപ്പെടുത്തുന്ന തമ്പേറടി!! കാലങ്ങളുടെ മാറ്റത്തില്‍ വാദ്യോപകരണങ്ങള്‍ക്ക്‌ രൂപമാറ്റങ്ങള്‍ സംഭവിച്ചതോടെ ഓര്‍മ്മയുടെ പിന്നാമ്പുറത്തേക്ക്‌ തമ്പേറും തള്ളപ്പെട്ടുപോയി.

ഓര്‍ക്കുന്നില്ലേ ആ പഴയ രംഗങ്ങള്‍? രാത്രിയാകുന്നതോടെ വിശ്വാസികള്‍ ജോലികളെല്ലാം തീര്‍ത്ത്‌ ആരാധനാ ഹാളിലേക്ക്‌ വേഗത്തില്‍ നടന്ന്‌ ചെല്ലുമ്പോള്‍ അകലെ നിന്ന്‌ തന്നെ തമ്പേറടിയുടെ ശബ്‌ദം കേള്‍ക്കാം. തമ്പേറടി മൂക്കുന്നതോടെ വിശ്വാസികള്‍ തഴപ്പായയില്‍ നിന്നും ആത്മനിറവില്‍ കുതിച്ചു തുടങ്ങിയിട്ടുണ്‍ടാകും. ഒരു കാത്തിരിപ്പുയോഗമാണെങ്കില്‍ തമ്പേറും ഉണര്‍വ്വുപാട്ടും അവശ്യഘടകങ്ങളാണ്‌. അന്യഭാഷ പറയാത്ത വ്യക്തിക്ക്‌ തമ്പേറടിക്കാനുള്ള യോഗ്യതയില്ല. പലയിടത്തും ദൈവദാസന്മാര്‍ തന്നെയാണ്‌ തമ്പേറടിച്ചിരുന്നത്‌.

പെട്രോമാക്‌സിന്റെ മഞ്ഞനിറത്തിലുള്ള വെളിച്ചം, തമ്പേറിന്റെ ദ്രുതതാളത്തിലുള്ള മുഴക്കം, ഉച്ചത്തിലുള്ള അന്യഭാഷാഭാഷണം, ആത്മാവിന്റെ സന്തോഷം... ഇന്നും ഇതൊക്കെ പഴയൊരു നൊസ്റ്റാള്‍ജിയയായി പെന്റക്കൊസ്റ്റുകാരന്റെ ഹൃദയത്തില്‍ നിറഞ്ഞുനില്‌ക്കുന്നുണ്‍ട്‌.

കേരളത്തിലെ ആദ്യകാല പെന്റക്കൊസ്റ്റുകാര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട വാദ്യോപകരണമായിരുന്നു തമ്പേറ്‌. ആരാധനകളിലും യോഗങ്ങളിലും പങ്കെടുക്കാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നും കാല്‍നടയായി വരുന്നവര്‍ക്ക്‌ പെന്റക്കൊസ്റ്റ്‌ കൂട്ടായ്‌മകള്‍ എവിടെയാണെന്ന്‌ തിരിച്ചറിയാന്‍ സഹായകമായിരുന്നു തമ്പേറുപയോഗിച്ചുള്ള ആരാധനകള്‍.

സമയം നോക്കാതെ പാട്ടുകള്‍ പാടി കരങ്ങള്‍ അടിച്ച്‌ തമ്പേറടിച്ച പെന്റക്കൊസ്റ്റ്‌ പക്ഷെ കാലങ്ങള്‍ കൊഴിഞ്ഞതോടെ ഏറെ മാറി. സാമൂഹികമായും വിദ്യാഭ്യാസപരമായും ഭൗതികമായും വളര്‍ന്നതോടെ പെന്റക്കൊസ്റ്റു ജീവിതശൈലിക്കും വ്യത്യാസം വന്നു. ഇന്ന്‌ ഉള്‍പ്രദേശങ്ങളില്‍ ഉള്ള സഭകളിലും കൂട്ടായ്‌മകളിലുമാണ്‌ തമ്പേറുകള്‍ ഉപയോഗത്തിലുള്ളത്‌.

പെന്റക്കൊസ്റ്റിന്റെ പ്രവര്‍ത്തനം മധ്യതിരുവിതാംകൂറില്‍ വ്യാപിച്ചതോടെ കുമ്പനാട്‌ പെന്റക്കൊസ്റ്റിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. ഇതോടുകൂടെയാണ്‌ കുമ്പനാട്‌ കേന്ദ്രമായി തമ്പേറുകളുടെ വില്‍പ്പനയും ആരംഭിച്ചത്‌. വി.ജെ. ചാക്കോച്ചന്‍, പോപ്പുലര്‍ വര്‍ക്കി, ഐ.കെ. കുര്യന്‍ ഇവരൊക്കെ ആയിരുന്നു കുമ്പനാട്ടെ ആദ്യകാല തമ്പേറു വില്‍പ്പനക്കാര്‍.

കൊല്ലന്റെ സഹായത്തോടെ റീപ്പകള്‍ വളച്ച്‌ ഉണ്‍ടാക്കിയാണ്‌ ആദ്യകാലത്ത്‌ ഡ്രമ്മൂകള്‍ നിര്‍മ്മിച്ചിരുന്നത്‌. കേരളത്തില്‍ കുമ്പനാട്ട്‌ മാത്രമായിരുന്നു ആദ്യകാലത്ത്‌ തമ്പേറിന്റെ വില്‍പ്പന ഉണ്‍ടായിരുന്നത്‌. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും തമ്പേറിനായി ആവശ്യക്കാര്‍ കുമ്പനാട്ട്‌ എത്തുമായിരുന്നു. ഇന്ന്‌ പ്രധാനമായും നാലു തമ്പേര്‍ വില്‍പ്പന കടകള്‍ ആണ്‌ കുമ്പനാട്ട്‌ ഉള്ളത്‌. കണ്‍വന്‍ഷന്‍ സീസണോട്‌ അനുബന്ധിച്ച്‌ 50ഉം 60ഉം തമ്പേറുകള്‍ വിറ്റുപോകുമായിരുന്നു. എന്നാല്‍ ക്രമേണ തമ്പേറിന്റെ വില്‍പ്പന കുറഞ്ഞു. ഇന്ന്‌ പത്തോ, പന്ത്രണ്‍ടോ മാത്രമാണ്‌ വില്‍ക്കുന്നത്‌.

കേരളത്തിന്റെ പല ഭാഗത്തും വാദ്യോപകരണങ്ങള്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങിയതും, പെന്റക്കൊസ്റ്റ്‌ സമൂഹം തമ്പേറുകള്‍ ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നതുമാണ്‌ വില്‍പ്പന കുറയുന്നതിന്റെ കാരണമായി കാല്‍നൂറ്റാണ്‍ടായി വില്‍പ്പന നടത്തുന്ന വര്‍ക്കി ചാക്കോ ചൂണ്‍ടിക്കാട്ടുന്നത്‌. പിതാക്കന്‍മാര്‍ തുടങ്ങിയ പല കടകളും ഇന്ന്‌്‌ മക്കള്‍ ഏറ്റെടുത്തു നടത്തുന്നു. ബൈബിളുകളും, ബുക്ക്‌ ബൈന്റുകളും, ക്രൈസ്‌തവ പുസ്‌തകങ്ങളും മറ്റു വാദ്യോപകരണങ്ങളും എല്ലാംകൂടെ ബുക്ക്‌ സ്റ്റൂളുകളായി നടത്തുന്നു. 600 രൂപ മുതല്‍ 1800 രൂപ വരെയാണ്‌ തമ്പേറിന്റെ വില. 35 മുതല്‍ 60 വരെയുമാണ്‌ സ്റ്റിക്കിന്റെ വില.

മധ്യതിരുവിതാംകൂറിലെ മര്‍ത്തോമ്മ, സി.എസ്‌.ഐ, സാല്‍വേഷന്‍ ആര്‍മി തുടങ്ങിയ സമൂദായ സഭകള്‍ അവരുടെ കൂടുംബ കൂട്ടായ്‌മകളില്‍ ഇപ്പോഴും തമ്പേറ്‌ ഉപയോഗിക്കാറുണ്‍ടെന്നാണ്‌ വര്‍ക്കി ചാക്കോയുടെ അഭിപ്രായം. ഏറ്റവും നല്ല താളത്തില്‍ തമ്പേറ്‌ കൈകാര്യം ചെയ്യുന്നത്‌ സാല്‍വേഷന്‍ ആര്‍മ്മി സഭകള്‍ ആണെന്നും, പെന്റക്കൊസ്റ്റ്‌ സഭകളും സമൂദായ സഭകളും തമ്പേര്‍ ഉപയോഗിക്കുവാന്‍ വിമുഖത കാണിക്കുമ്പോള്‍ ടിപിഎം സഭകള്‍ ജനറല്‍ കണ്‍വന്‍ഷനുകളില്‍ പോലും തമ്പേറ്‌ ഉപയോഗിച്ചു ദൈവത്തെ ആരാധിക്കുന്നുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌.

പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ കുമ്പനാട്‌ കേന്ദ്രമായി നടന്നുകൊണ്‍ടിരുന്ന യോഗങ്ങള്‍ നീണ്‍ട മണിക്കൂറുകള്‍ ദൈവത്തെ ആരാധിക്കുമായിരുന്നു. വലിയ ഇടിമുഴക്കം പോലുള്ള ശബ്‌ദമായിരുന്നു അത്‌. ആ ശബ്‌ദം കേണ്‍ടു തന്നെ പരിസരവാസികള്‍ ഓടിക്കൂടിയിരുന്നു. കുമ്പനാട്‌ കണ്‍വന്‍ഷന്റെ ആദ്യ സമയങ്ങളില്‍ തമ്പേറും ഹര്‍മ്മോണിയവും ഒക്കെ ആയിരുന്നു വാദ്യോപകരണങ്ങള്‍. കണ്ണാടി അവറാച്ചനും സഹപ്രവര്‍ത്തകരുമാണ്‌ അത്‌ കൈകാര്യം ചെയ്‌തിരുന്നത്‌.
വെള്ള വസ്‌ത്രമണിഞ്ഞ വിശ്വാസികള്‍ നീണ്‍ട നിരയായി ഉച്ചത്തില്‍ പാട്ടുംപാടി, തമ്പേറും കൊട്ടി, കരങ്ങളുമടിച്ച്‌ ബൈബിള്‍ വാക്യങ്ങളും വിളിച്ചു പറഞ്ഞ്‌ ചെറിയ കവലകളില്‍ പരസ്യയോഗവും നടത്തി സ്‌നാനക്കടവിലേക്ക്‌ പോകുന്നത്‌ പെന്റക്കൊസ്റ്റിലെ പ്രായമായ അപ്പച്ചന്‍മാരും അമ്മച്ചിമാരും ഇന്നും ആവേശത്തോടുകൂടെ ഓര്‍ക്കുന്ന അനുഭവമാണ്‌. സ്‌നാനത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക്‌ കാണുവാനും, അറിയുവാനും അവസരം ഉണ്‍ടായിരുന്നു. സ്‌നാനപ്പെടുന്ന വ്യക്തികളെ മനസ്സിലാക്കുവാനും, അവര്‍ക്ക്‌ അതുമൂലം ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിരുന്നു.

പെന്റക്കൊസ്റ്റ്‌ സഭയെക്കുറിച്ചുള്ള അറിവ്‌ പുറംലോകത്തിന്‌ നല്‍കുന്നതിനുള്ള ഒരു മാധ്യമമായിരുന്നു തമ്പേറ്‌. എന്നാല്‍ ഇന്ന്‌ ആധുനിക സംഗീത ഉപകരണങ്ങളും, കൈയ്യില്‍ ഒതുങ്ങുന്ന ആശയ വിനിമയ മാധ്യമങ്ങളുമൊക്കെ ഉപയോഗിക്കുമ്പോഴും മറക്കാതിരിക്കാം തമ്പേര്‍ എന്ന വാദ്യോപകരണത്തെ.

Responses