സമയരഥത്തിലെ യാത്രക്കാരന്‍

സമയാമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്രചെയ്യുന്നു...
എന്‍ സ്വദേശം കാണ്‍മതിനായി ഞാന്‍ തനിയെ പോകുന്നു...
എന്നു തുടങ്ങുന്ന ഗാനം ഒരു തവണയെങ്കിലും ആലപിക്കാതെ മലയാളക്രൈസ്‌തവലോകത്തിലെ ഒരു ശവസംസ്‌കാര ചടങ്ങും പൂര്‍ത്തിയാകില്ല. ജര്‍മനിയില്‍ ജനിച്ച്‌ മലയാളമണ്ണില്‍ സത്യവചനവുമായിയെത്തിയ നാഗല്‍ സായിപ്പെഴുതിയ വരികളിലെ സമയാമാം രഥം മലയാളമണ്ണില്‍ സ്വര്‍ഗയാത്രചെയ്യാന്‍ തുടങ്ങിയിട്ട്‌ ഏകദേശം ഒരു നൂറ്റാണ്‌ടിലധികം കഴിഞ്ഞിരിക്കുന്നു.

മലയാള ഭാഷ അറിയാവുന്ന ക്രൈസ്‌തവര്‍ പാടുന്ന മറ്റു ഗാനങ്ങളെ പോലെ ദിവസവും ഒരു പ്രാവശ്യമെങ്കിലും പ്രാര്‍ഥന നേരത്ത്‌ പാടേണ്‌ടതിനാണ്‌ ഈ ഗാനം അദേഹം രചിച്ചതെങ്കിലും നാം അത്‌ ശവസംസ്‌കാരത്തോട്‌ അനുബന്ധിച്ചുളള ശുശ്രൂഷകള്‍ക്ക്‌ മാത്രം ആലപിക്കുന്ന ചടങ്ങാക്കി മാറ്റുകയുണ്‌ടായി. മനുഷ്യജീവിതവും മരണവും മരണാനന്തരവും എന്താണെന്നും അതില്‍ ദൈവത്തിനുള്ള പങ്കും വളരെ വ്യക്തവും അര്‍ഥസംപൂഷ്‌ടവുമായ വരികളില്‍ വിവരിച്ചിരിക്കുന്ന ഈ മനോഹരഗാനം വീടുകളില്‍ പ്രാര്‍ഥനാ നേരത്ത്‌ എന്നല്ല മൂളിപാട്ടായി പാടാന്‍പോലും ആരേയും അനുവദിക്കാറില്ല. ശവസംസ്‌കാര ചടങ്ങിന്‌ പാടിയാല്‍ തന്നെ ആ ഗാനത്തിന്റെ വരികളുടെ അര്‍ഥം പാടുന്നവരും കേട്ടുനില്‍ക്കുന്നവരും ശ്രദ്ധിക്കുമെന്നും കരുതുന്നില്ല. കാരണം മരിച്ചു ശവപെട്ടിയില്‍ കിടക്കുന്ന ആള്‍ക്ക്‌ സ്വര്‍ഗത്തിലേക്ക്‌ പോകുന്നതിന്‌ വേണ്‌ടി പാടുന്ന പാട്ടാണെന്നാണ്‌ പലരുടേയും ധാരണ.

മരണത്തേക്കാള്‍ ഉപരി ഈ ലോകജീവിതയാത്രയില്‍ സൃഷ്‌ടാവും പരിപാലകനുമായ ദൈവത്തോട്‌ ഒപ്പം സ്വര്‍ഗനാട്‌ ലക്ഷ്യം വച്ച്‌ അനുദിനം യാത്രചെയ്യുന്നതിനെ കുറിച്ച്‌ വിവരിച്ചിരിക്കുന്ന ഗാനമാണിതെന്ന വസ്‌തുത പലരുംം മനസിലാക്കുന്നില്ല. കൂട്ടത്തില്‍ ലൗകീക ജീവിതത്തിന്റെ ക്ഷണികതയും നിത്യജീവന്റെ അനശ്വരതയും ദൈവത്തിലുള്ള ആശ്രയവുമാണ്‌ ഗാനരചയിതാവായ വി. നാഗല്‍ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നത്‌.

"ഓണ്‍ ദി ചാരിയറ്റ്‌ ഓഫ്‌ ദി ടൈം ഐ ആം ഓണ്‍ മൈ ഹോംവാര്‍ഡ്‌ ജര്‍ണി
റണ്ണിംഗ്‌ സ്‌ട്രൈവിംഗ്‌ ഓള്‍ മൈ വേ ടു സീ ദി ലാണ്‌ട്‌ ഓഫ്‌ മൈ ഓണ്‍  ഐ വില്‍ ബി റീച്ചിംഗ്‌ ടു ഇറ്റ്‌സ്‌ എന്‍ഡ്‌ "
എന്ന ഇംഗ്ലീഷ്‌ ഗാനത്തിന്റെ മലയാള പരിഭാഷയാണ്‌ സമയാമാം രഥത്തില്‍ എന്ന ഗാനം.

1867 നവംബര്‍ മൂന്നിന്‌ ജര്‍മനിയിലെ ഹെസേയിലുള്ള ഒരു ക്രൈസ്‌തവ കുടുംബത്തിലായിരുന്നു വോള്‍ബ്രെറ്റ്‌ നാഗല്‍ എന്ന വി. നാഗലിന്റെ ജനനം. മാതാപിതാക്കള്‍ കര്‍ഷകരായിരുന്നതിനാല്‍ അദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പലപ്പോഴും മുടങ്ങിയതുകൊണ്‌ട്‌ വീട്ടിലിരുന്നായിരുന്നു നാഗലിന്റെ പ നം അധികവും. ഒരു നാള്‍ തെരുവില്‍ പ്രസംഗിച്ചുകൊണ്‌ട്‌ നിന്ന സുവിശേഷകനില്‍ നിന്ന്‌ സുവിശേഷം കേള്‍ക്കുവാന്‍ ഇടയായ നാഗല്‍ തന്റെ 18-ാം വയസില്‍ ജീവിതം യേശുവിനായി സമര്‍പ്പിച്ചു.

മിഷനറി ആകണമെന്ന നാഗലിന്റെ ദര്‍ശനം പൂര്‍ത്തീകരിക്കുന്നതിനുവേണ്‌ടി 1886-ല്‍ സ്വീറ്റ്‌സര്‍ലണ്‌ടിലെ ബാസല്‍ മിഷന്‍ ബൈബിള്‍ ട്രെയിനിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന്‌ ദൈവശാസ്‌ത്ര ബിരുദപ നം ആരംഭിച്ചു. ബാസല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ആറു വര്‍ഷം നീണ്‌ട ദൈവശാസ്‌ത്രപ നത്തിന്‌ ശേഷം ജര്‍മനിയിലെ ബാസല്‍ മിഷനില്‍ ഒരു മിഷനറിയായി പ്രവര്‍ത്തിക്കുവാനായിരുന്നു നാഗലിന്റെ ആദ്യ നിയോഗം. തുടര്‍ന്ന്‌ 1893-ല്‍ ഇവാഞ്ചലിക്കല്‍ ലുഥറന്‍ മിഷന്റെ ഇന്ത്യയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി അദേഹത്തെ ഔദ്യോഗിക മിഷനറിയായി ഭാരതത്തിലേക്ക്‌ അയക്കുകയുണ്‌ടായി.

ഇന്ത്യയിലെത്തിയ നാഗല്‍ മലയാളമണ്ണിലെ മലബാര്‍ മേഖലയിലാണ്‌ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്‌. കണ്ണൂരില്‍ താമസിച്ച്‌ മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച നാഗല്‍ സായിപ്പ്‌ മലയാളഭാഷ അനായാസേന കൈകാര്യം ചെയ്യാനുള്ള കഴിവ്‌ സ്വായത്തമാക്കി. ദൈവവചനപ്രഘോഷണത്തിനും മറ്റ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അദേഹത്തിന്റെ ഉത്സാഹവും അര്‍പ്പാണാമനോഭാവവും കണക്കിലെടുത്ത്‌ നാഗല്‍ സായിപ്പിനെ രണ്‌ടാം ഹെബിക്കെന്നാണ്‌ പലരും സ്‌നേഹത്തോടെ വിശേഷിപ്പിച്ചിരുന്നത്‌.

1896-ല്‍ പാലക്കാട്‌ ജില്ലയിലെ വാണിയംകുളത്ത്‌ ലുഥറന്‍ സഭയില്‍ സേവനം അനുഷ്‌ ിച്ചുകൊണ്‌ടിരിക്കെ ലുഥറന്‍ മിഷനുമായുള്ള ബന്ധം ഉപേക്ഷിച്ച നാഗല്‍ സായിപ്പ്‌ തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത്‌ എത്തി സുവിശേഷഘോഷണത്തില്‍ മുഴുകി. നാഗല്‍ സായിപ്പിനാല്‍ വിശ്വാസ ജിവിതത്തിലേക്ക്‌ കൈപിടിച്ചുനടത്തപ്പെട്ട സത്യാര്‍ഥിയെന്ന കാളവണ്‌ടിക്കാരനെയും സഹായിയായി അദേഹം ഒപ്പം കൂട്ടിയിരുന്നു.

പകല്‍ മൂഴുവനും കാളവണ്‌ടിയില്‍ സഞ്ചരിച്ച്‌ സുവിശേഷപ്രവര്‍ത്തനം നടത്തുന്ന അദേഹത്തിന്റെ യാത്രയില്‍ നിരവധി രസകരമായ അനുഭവങ്ങളും ഉണ്‌ടായതായി പറയപ്പെടുന്നു. ഒരു ദിവസം നാഗല്‍ സായിപ്പും സത്യാര്‍ഥിയും കാളവണ്‌ടിയില്‍ യാത്രചെയ്യവെ വഴിയില്‍ വച്ച്‌ വാഴകുല തലയില്‍ വച്ച്‌ ചുമന്ന്‌ നടന്നു ക്ഷീണിച്ച ഒരു മനുഷ്യനെ കണ്‌ടുമുട്ടുകയും അയാളുടെ അവസ്ഥ കണ്‌ട്‌ കരുണതോന്നിയ സായിപ്പ്‌ ആ മനുഷ്യനോട്‌ വാഴക്കുലയുമായി കാളവണ്‌ടിയില്‍ കയറുവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തു. എന്നാല്‍ കാളവണ്‌ടിയില്‍ കയറിയിട്ടും ആ മനുഷ്യന്‍ ചുമന്നുകൊണ്‌ടിരുന്ന വാഴക്കുല തലയില്‍നിന്ന്‌ താഴെവയ്‌ക്കാന്‍ തയ്യാറായില്ല. കാര്യം അന്വേഷിച്ച സായിപ്പിന്‌ രസകരമായ മറുപടിയാണ്‌ വാഴക്കുലക്കാരന്‍ നല്‌കിയത്‌. വാഴക്കുല താഴെവച്ചാല്‍ കാളവണ്‌ടിയുടെ ഭാരം വര്‍ധിക്കുമെന്നും അതിനാല്‍ താന്‍ അത്‌ തലയില്‍ ചുമന്നുകൊള്ളാമെന്നുമായിരുന്നു അയാളുടെ മറുപടി.

വാഴക്കുലക്കാരന്റെ മറുപടികേട്ട്‌ നാഗല്‍ സായിപ്പിനും സത്യാര്‍ഥിയ്‌ക്കും ആദ്യം ചിരിയടക്കാനായില്ലെങ്കിലും അദേഹത്തിന്‌ വിഷമമാണ്‌ തോന്നിയത്‌. വാഴക്കുലക്കാരനെ കാര്യം പറഞ്ഞു മനസിലാക്കികൊടുത്ത അദേഹം ഇങ്ങനെ പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ദൈവപുത്രനായ യേശു മനുഷ്യനായി അവതരിച്ചത്‌ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ പാപികളുടെ ഭാരം വഹിക്കാനും പാപമോചനത്തിനുമാണ്‌ . കര്‍ത്താവായ യേശു ഭാരം ചുമക്കാമെന്നേറ്റിട്ടും മനുഷ്യര്‍ തങ്ങളുടെ ഭാരവും പാപവും അവനിലേക്ക്‌ എല്‍പിച്ച്‌ സ്വതന്ത്രരാകുന്നതിനു പകരം രക്ഷിക്കപ്പെട്ട അനേകരും വീണ്‌ടും വാഴക്കുലക്കാരനെ പോലെ ഭാരം വഹിക്കുന്ന അവസ്ഥയാണ്‌ -അദേഹം ഈ സംഭവത്തെ വിശദീകരിച്ചത്‌ ഇങ്ങനെയായിരുന്നു.

മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്രയില്‍ കുന്നംകുളത്തെത്തിയ നാഗല്‍ സായിപ്പ്‌ അവിടെ പാറമേല്‍ ഇട്ടൂപ്പ്‌ എന്ന ഒരു വിശ്വാസിയുടെ വസതിയില്‍ താമസിച്ച്‌ സുവിശേഷപ്രചരണം തുടര്‍ന്നു. മിഷനറി യാത്രയുടെ�ഭാഗമായി ഒന്നിലധികം ക്രീസ്‌തീയ കൂട്ടായ്‌മകളും അദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്‌ട്‌. 1897 ഏപ്രിലില്‍ ആഗ്ലോ-ഇന്ത്യന്‍ യുവതിയും അധ്യാപികയുമായ ഹാരറ്റ്‌ മിഷേലിനെ കുന്നകുളത്ത്‌ വച്ച്‌ നാഗല്‍ സായിപ്പ്‌ വിവാഹം കഴിച്ചു. അഞ്ച്‌ ആണും രണ്‌ട്‌ പെണ്ണും അടക്കം ഏഴുമക്കളാണ്‌ നാഗല്‍ -ഹാരറ്റ്‌ ദമ്പതികള്‍ക്കുണ്‌ടായതെങ്കിലും ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ചെറുപ്രായത്തില്‍ തന്നെ മരിച്ചുപോയി. പിന്നീട്‌ മിഷനറിയായി തീര്‍ന്ന മറ്റൊരു മകനും 22-ാം വയസില്‍ ഇഹലോകവാസം വെടിഞ്ഞു.

1897-ജൂണില്‍ കോയമ്പത്തൂരില്‍ വച്ച്‌ ഹാന്‍ഡിലി ബേര്‍ഡ്‌ എന്ന ദൈവദാസന്റെ കൈകളാല്‍ നാഗല്‍ കര്‍ത്താവായ യേശുവിന്റെ കല്‌പന അനുസരിച്ച്‌ സമ്പൂര്‍ണ്ണ ജലസ്‌നാനം ഏറ്റു. പിന്നീട്‌ വടക്കന്‍ പറവൂരിലേക്ക്‌ തന്റെ പ്രവര്‍ത്തനം വ്യാപിപിച്ച അദേഹത്തിന്‌, കൊടും കുറ്റവാളികളായി അവിടുത്തെ ജയിലില്‍ കഴിഞ്ഞിരുന്ന പലരോടും സത്യവചനം പങ്കുവയ്‌ക്കാന്‍ അവസരം ലഭിച്ചു. സുവിശേഷം കേട്ട പല ജയില്‍പുള്ളികളും മാനസാന്തരപെട്ട്‌ യേശുവിന്റെ മാര്‍ഗത്തിലേക്ക്‌ കടന്നുവരുവാനും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കി.

ചെറുപ്പകാലം തൊട്ടുതന്നേ ജര്‍മന്‍ ഭാഷയില്‍ ഗാനരചനയ്‌ക്കും സംഗീതത്തിനും ആലാപനത്തിനുമുള്ള കഴിവ്‌ വോള്‍ബ്രെറ്റ്‌ നാഗലിന്‌ ലഭിച്ചിരുന്നു. മലയാള ഭാഷ വശമാക്കിയതിന്‌ ശേഷം സംഗീതത്തില്‍ ചെറുപ്പത്തിലെയുള്ള ആ കഴിവ്‌ ഉപയോഗിച്ചാണ്‌ അദേഹം മലയാളത്തില്‍ ഗാനങ്ങള്‍ രചിച്ചത്‌. സമയാമാം രഥത്തില്‍ ഞാന്‍ എന്ന ഗാനത്തിന്‌ പുറമെ ഇപ്പോഴും ഞാന്‍, യഹോവ എത്ര നല്ലവന്‍, വിതച്ചീടുക നാം, യേശുവിന്‍ തിരുപാദത്തില്‍ ഇരുന്നുകേള്‍ക്ക നാം, പാപം തീര്‍ക്കുവാന്‍, ദൈവത്തിന്റെ ഏകപുത്രന്‍ പാപികളെ, യേശുവെന്‍ സ്വന്തം ഹല്ലേലുയ്യാ, സ്‌നേഹത്തിനിടയനാം നീ യേശുവേ വഴിയും സത്യവും, നിന്നോട്‌ പ്രാര്‍ഥിപ്പാന്‍ പ്രിയ പിതാവേ, ജയം ജയം കൊള്ളും നാമം, യേശുവരും വേഗത്തില്‍, എന്റെ ജീവനാം യേശുവേ,യേശുവേ നിന്റെ രൂപമീ എന്റെ കണ്ണുകള്‍ക്ക്‌ � തുടങ്ങിയ ഗാനങ്ങളും മലയാളത്തിന്‌ സമ്മാനിച്ചു.

മലയാളത്തില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ രചന നിര്‍വഹിച്ചതിനു പുറമെ ഇംഗ്ലീഷ്‌ ഭാഷയില്‍ സുപരിചതവും അര്‍ഥവത്തുമായ വരികളോട്‌ കൂടിയ പാട്ടുകളുടെ മലയാള തര്‍ജിമയും അദേഹം നിര്‍വഹിച്ചിരുന്നു. മലയാള ക്രൈസ്‌തവ സംഗീതശാഖയെ അനശ്വരമാക്കി ഇന്നും ജീവിക്കുന്ന ഏകദേശം 100 -ല്‍ അധികം ഗാനങ്ങള്‍ നാഗല്‍ സായിപ്പിന്റെ വകയായുണ്‌ട്‌. ഗാനരചനയ്‌ക്ക്‌ പുറമെ ക്രിസ്റ്റ്യന്‍ ബാപ്‌റ്റിസം അഥവാ ക്രൈസ്‌തവസ്‌നാനം എന്ന പുസ്‌തകത്തിന്റെ രചനയും അദേഹം നടത്തി. 1906-ല്‍ തൃശൂര്‍ ജില്ലയിലെ നെല്ലികുന്നില്‍ രെഹോബോത്ത്‌ എന്ന നാമത്തില്‍ വിധവകള്‍ക്കും അനാഥര്‍ക്കുമായി അദേഹം സ്ഥാപിച്ച അഗതിമന്ദിരം അനേകര്‍ക്ക്‌ ആലംബമായി ഇന്നും നിലകൊള്ളുന്നു.

1914-ല്‍ തന്റെ 47-ാം വയസില്‍ നാഗല്‍ സായിപ്പ്‌ കുടുംബസമേതം സ്വദേശമായ ജര്‍മനിയിലേക്ക്‌ പോയി. ആറുമാസത്തെ ജര്‍മന്‍ സന്ദര്‍ശനം കഴിഞ്ഞ്‌ ഇന്ത്യയിലേക്ക്‌ മടങ്ങാമെന്നാണ്‌ അദേഹവും കുടുംബവും ധരിച്ചിരുന്നതെങ്കിലും പെട്ടെന്ന്‌ ഒന്നാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടതോടെ മടങ്ങാനായില്ല. ജര്‍മനിയിലെ യുദ്ധകോലാഹലങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ്‌ നിക്ഷ്‌പക്ഷരാജ്യമായ സ്വീറ്റ്‌സര്‍ലണ്‌ടിലേക്ക്‌ കുടുംബസമേതം അദേഹം താമസമാറ്റിയെങ്കിലും മനസ്‌ നിറച്ചും മലയാളമണ്ണിനെയും അവിടുത്തെ ജനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചായിരുന്നു ചിന്ത. വല്ലവിധേനയും കേരളത്തിലേക്ക്‌ തിരിച്ചുവരണമെന്നായിരുന്നു നാഗലിന്റെ ആഗ്രഹമെങ്കിലും അത്‌ സാധിച്ചില്ല.

യുദ്ധം അവസാനിച്ചതിനു ശേഷം സ്വദേശമായ ജര്‍മനിയിലേക്ക്‌ മടങ്ങിവന്ന്‌ തലസ്ഥാനമായ ബര്‍ലിന്‌ സമീപമുള്ള വീഡനെസ്റ്റിലെ ബൈബിള്‍ സ്‌കൂളില്‍ അധ്യാപകനായി ചേരാനായിരുന്നു അദേഹത്തിന്റെ നിയോഗം. സ്വദേശമായ ജര്‍മനിയില്‍ കഴിയുമ്പോഴും നാഗല്‍ സായിപ്പിന്റെ മനസുമുഴുവന്‍ മലയാളക്കരയും അവിടുത്തെ ജനങ്ങളുമായിരുന്നവെന്ന്‌ അദേഹം പറവൂരിലെ സഭയിലേക്ക്‌ അയച്ചുകൊടുത്ത കത്തിലെ വാചകങ്ങളില്‍ നിന്ന്‌ വ്യക്തമാകും. കത്തില്‍ ഇപ്രകാരമാണ്‌ അദേഹം എഴുതിയിരുന്നത്‌� മൈ സ്വീറ്റസ്റ്റ്‌ ട്രഷഴേസ്‌ ആര്‍ ഇന്‍ ഇന്ത്യ. മൈ ഹാര്‍ട്ട്‌ ബിലോംങ്ങ്‌സ്‌ ടു ദാറ്റ്‌ .. (My sweetest treasures are in India. My heart belongs to that)നാഗല്‍ സായിപ്പിന്റെ മരണത്തിന്‌ എകേദശം നാലുവര്‍ഷം മുന്‍പാണ്‌ ഈ കത്ത്‌ അയച്ചതെന്ന്‌ പറയപ്പെടുന്നു.

വീഡ്‌നെസ്റ്റിലെ ബൈബിള്‍ സ്‌കൂളില്‍ അധ്യാപനജോലിയ്‌ക്കിടെ സ്‌ട്രോക്ക്‌ വന്ന്‌ ശരീരം തളര്‍ന്ന അവസ്ഥയിലായ അദേഹം തന്റെ നാഥനെ സ്വര്‍ഗനാട്ടിലെത്തി വേഗം കാണുവാനായി അനുനിമിഷം സ്‌ത്രോതം ചെയ്‌ത്‌ പിന്നിടങ്ങോട്ടുള്ള ഓരോ ദിനവും പ്രത്യാശയോടെ കാത്ത്‌ കിടന്നു. 1921- മെയ്‌ 21-ന്‌ തന്റെ 54ാം വയസില്‍ നാഗല്‍ സായിപ്പിന്റെ ജീവിതരഥം സമയത്തിന്റെ അതിര്‍വരമ്പുകളെ കടന്ന്‌ സ്വര്‍ഗ്ഗനാട്ടിലേക്ക്‌ പ്രവേശിച്ചു. പതിറ്റാണ്‍ടുകളായി തീഷ്‌ണതയോടെ ഈ ഗാനം പാടിയ അദ്ദേഹം തന്‍സ്വദേശം കാണ്മതിന്നായി തനിയേ കടന്നുപോയി.

വോള്‍ബ്രെറ്റ്‌ നാഗല്‍ എന്ന മലയാളത്തിന്റെ സ്വന്തം നാഗല്‍ സായിപ്പ്‌ ഈ ലോകം വിട്ടുപിരിഞ്ഞുപോയങ്കിലും അദേഹം സമ്മാനിച്ച അനശ്വര ഗാനങ്ങളിലൂടെ മലയാളി ഉള്ളകാലമെല്ലാം അദേഹത്തിന്റെ ഓര്‍മകളും ജീവിക്കും.. അനേകര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും, തങ്ങള്‍ പ്രവേശിച്ചിരിക്കുന്ന സമയരഥം മുമ്പോട്ടുതന്നെ കുതിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ ചിലരെങ്കിലും സ്വര്‍ഗ്ഗനാട്‌ കാണാന്‍ അക്ഷമരായി ഈ രഥത്തില്‍ കഴിയുന്നു.

Responses