അന്നം തരാത്ത അന്നപൂര്‍ണ്ണ

 \"\"

ഒരിക്കല്‍ ഒരു യാത്രക്കാരന്‍ വനത്തിലെ കാഴ്‌ചകളൊക്കെ കണ്‍ട്‌ നടക്കുന്നതിനിടയില്‍ വഴിതെറ്റിപ്പോയി. കുറെ മണിക്കൂറുകള്‍ അലഞ്ഞതിന്റെ ഫലമായി ദാഹവും വിശപ്പുംകൊണ്‍ട്‌ താന്‍ ഏറെ ക്ഷീണിതനായി എന്തെങ്കിലും ഭക്ഷിക്കുവാന്‍ ആഗ്രഹിച്ചു. കാട്ടിലെവിടെ ഭക്ഷണം കിട്ടാനാണ്‌? എങ്ങനെയൊക്കെയോ അയാള്‍ ഒരു മരത്തിന്റെ മുകളില്‍ കയറി നിന്ന്‌ നോക്കിയപ്പോള്‍ ദൂരത്തായി ഒരു വീട്‌ കാണാനിടയായി.

ഒരു വിധത്തില്‍ ഏറെ ക്ലേശം സഹിച്ച്‌ വീടിന്റെ മുമ്പിലെത്തിയപ്പോള്‍ കുറെയധികം ബോര്‍ഡുകള്‍ തൂങ്ങിക്കിടക്കുന്നത്‌ തന്റെ ദൃഷ്‌ടിയില്‍പ്പെട്ടു. വലിയ ബോര്‍ഡില്‍ വളരെ ചന്തമായി എഴുതിയത്‌ താന്‍ വായിച്ചനോക്കി. \'ഹോട്ടല്‍ അന്നപൂര്‍ണ്ണ\'. സന്തോഷം കൊണ്‍ട്‌ അയാള്‍ക്ക്‌ തുള്ളിച്ചാടണമെന്ന്‌ തോന്നി. വേണ്‍ടുവോളം ഭക്ഷിക്കാമല്ലോ! ഭിത്തിയില്‍ പിന്നെയും കുറെ ചെറിയ ബോര്‍ഡുകളും തൂങ്ങിക്കിടപ്പുണ്‍ട്‌. അതില്‍ \'ഊണ്‌ റെഡി\', \'ഇന്നത്തെ സ്‌പെഷ്യല്‍ ബിരിയാണി റെഡി\', \'കപ്പയും ഇറച്ചിയും ഇവിടെ കിട്ടും\' എന്നൊക്കെ എഴുതിയിരിക്കുന്നു.

അയാള്‍ വേഗം വാതില്‍ തള്ളി തുറന്ന്‌ അകത്ത്‌ പ്രവേശിച്ചു. അവിടെ പഴയ ഒരു ബെഞ്ചും മേശയുമാണ്‌ കിടക്കുന്നത്‌. കുറെ പെയിന്റ്‌ ബ്രഷുകളും പഴന്തുണികളുമൊക്കെ അവിടവിടെ ചിതറിക്കിടപ്പുണ്‍ട്‌. കടയില്‍ പെയിന്റിംഗു നടക്കുകയാണെന്നാണ്‌ യാത്രക്കാരന്‍ കരുതിയത്‌. സമയം കളയാതെ മേശപ്പുറത്ത്‌ അടിച്ച്‌ അയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു. രണ്‍ട്‌ മൂന്ന്‌ തവണ ഉറക്കെ ആവശ്യപ്പെട്ടപ്പോള്‍ അകത്ത്‌ നിന്നും ഒരാള്‍ ഇറങ്ങി വന്നു.
\'നിങ്ങള്‍ ആരാ? ഇവിടെ എന്തുകാര്യം?\'  വീട്ടിലുള്ളയാള്‍ ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ അതിശയത്തോടെ പറഞ്ഞു: \'നിങ്ങളെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്‌? പുറത്തെ ഹോട്ടലിന്റെ ബോര്‍ഡ്‌ അകത്ത്‌ കയറിയപ്പോള്‍ ഇങ്ങനെയാണോ പെരുമാറുന്നത്‌? സമയം കളയാതെ ഭക്ഷണമെടുക്ക്‌. ഞാന്‍ വിശപ്പുകൊണ്‍ട്‌ പൊരിഞ്ഞിരിക്കുകയാണ്‌.\'

വീട്ടിലുള്ളയാള്‍ക്ക്‌ അപ്പോഴാണ്‌ കാര്യം മനസ്സിലായത്‌.
\'\'സുഹൃത്തെ, നിങ്ങള്‍ കരുതുന്നതുപോലെ ഇത്‌ ഹോട്ടല്‍ അന്നപൂര്‍ണ്ണയൊന്നുമല്ല. ബോര്‍ഡെഴുത്താണ്‌ എന്റെ പ്രധാന പണി. വനത്തിലാകുമ്പോള്‍ ആരുടെയും ശല്യമില്ലാതെ എഴുതാമല്ലോ എന്നു കരുതി ഇവിടെ എത്തിയതാണ്‌. ഇപ്പോള്‍ ഒരു പുതിയ ഹോട്ടലിനുവേണ്‍ടി അവരുടെ സകല ബോര്‍ഡുകളും എഴുതിക്കൊണ്‍ടിരിക്കുകയാണ്‌. അത്‌ പുറത്ത്‌ ഉണക്കാനിട്ടിരിക്കുന്നത്‌ കണ്‍ട്‌ നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌.\'\'

ഇത്‌ കേട്ടപ്പോഴെക്കും വിശന്നിരിക്കുന്ന യാത്രക്കാരന്‍ ബോധം കെട്ട്‌ നിലത്തു വീണു.

ഈ കഥ കേട്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത്‌, നമ്മുടെ സഭകളും സമ്മേളനങ്ങളുമാണ്‌. \'സമാധാനം കിട്ടും\', \'സന്തോഷം തരാം\',  \'സ്വാതന്ത്ര്യമുണ്‍ട്‌\', \'സൗഖ്യം ലഭിക്കും\' എന്നൊക്കെ നാട്‌ നീളെ നടന്ന്‌ പരസ്യം ചെയ്‌തിട്ട്‌, ആരെങ്കിലും അന്വേഷിച്ചെത്തിയാല്‍ യാത്രക്കാരന്റെ അവസ്ഥയാണ്‌ അവര്‍ക്ക്‌ ഉണ്‍ടാകുക.
പണ്‍ടൊക്കെ കണ്‍വന്‍ഷനുകളും ക്രിസ്‌തീയ സമ്മേളനങ്ങളുടെയുമൊക്കെ, നോട്ടീസില്‍ വച്ചിരുന്നത്‌ \'സുവിശേഷയോഗം\' എന്ന്‌ മാത്രമായിരുന്നു. പിന്നീട്‌ അതിനോടൊപ്പം \'അത്ഭുതരോഗശാന്തി\'യും  എന്ന്‌ കൂടി ചേര്‍ത്തുതുടങ്ങി. അതു കഴിഞ്ഞ്‌  \'ക്രൂസേഡു\'കളുടെ കാലമായി. മലയാളത്തില്‍ പറഞ്ഞാല്‍ കുരിശുയുദ്ധങ്ങള്‍. കുരിശുമായി സാത്താനെതിരെ യുദ്ധം ചെയ്യുന്നു എന്ന അര്‍ത്ഥമായിരിക്കും സംഘാടകര്‍ ഉദ്ദേശിച്ചത്‌. അത്‌ കഴിഞ്ഞ്‌ പല തരത്തിലുള്ള \'മാരി\' യായി. മാരിയെന്നാല്‍ മഴയെന്നര്‍ത്ഥം. ഇപ്പോഴത്തെ പേരുകളൊക്കെ കേട്ടാല്‍ പണ്‍ട്‌ കാലത്ത്‌ മലയാള സിനിമകളുടെ പേരാണ്‌ ഓര്‍മ്മ വരുന്നത്‌. \'സ്‌ഫോടനം\', \'അട്ടിമറി\', \'വെള്ളിടി\', \'ഇടിമുഴക്കം\', \'വെടിക്കെട്ട്‌\', \'പൊട്ടിത്തെറി\' തുടങ്ങിയുള്ള പേരുകള്‍ ഉടന്‍തന്നെ സ്ഥാനം പിടിക്കും. പ്രസ്‌തുത യോഗങ്ങളിലൊക്കെ പോയാല്‍ ജനം നിരാശരായി മടങ്ങുന്നു എന്നതാണ്‌ ചുരുക്കം.

പണ്‍ട്‌ കവലയില്‍ നിന്ന്‌ സഹോദരിമാരുടെ പാട്ടും തുടര്‍ന്ന്‌ ഏറെ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഉപദേശിമാരുടെ പ്രസംഗവുമൊക്കെ തന്നിരുന്ന സമാധാനവും പ്രത്യാശയുമൊക്കെ ഇന്നത്തെ ഏതെങ്കിലും \'സ്‌ഫോടന\' ങ്ങള്‍ക്ക്‌ അവകാശപ്പെടാനാകുമോ? ഇതരമതസ്ഥര്‍ വരെ എത്ര സന്തോഷത്തോടയായിരുന്നു അത്തരം പരസ്യയോഗങ്ങളെ ശ്രദ്ധിച്ചിരുന്നത്‌. എന്റെ മാതൃദേശത്ത്‌ പണ്‍ട്‌ അത്തരം കൂട്ടങ്ങള്‍ കഴിയുമ്പോള്‍ ചായയും വടയുമൊക്കെ വാങ്ങിത്തന്നിരുന്നത്‌ കത്തോലിക്കരും  യാക്കോബാക്കാരുമൊക്കെയായിരുന്നു. \'\'നിങ്ങളെന്താ ഇപ്പോള്‍ പ്രസംഗിക്കാത്തതെന്ന്‌ \'\' ഹിന്ദുവിശ്വാസികള്‍പോലും ചോദിക്കുമായിരുന്നു. അന്നൊക്കെ പുറത്ത്‌ വലിയ പരസ്യങ്ങളില്ലായിരുന്നു. പക്ഷേ സഭയ്‌ക്ക്‌ അകത്ത്‌ ഒരിക്കല്‍ കയറിയാല്‍ പിന്നെ അവര്‍ ദൈവീക സന്തോഷം അനുഭവിച്ചു പോന്നു.

വളരെ ആത്മാര്‍ത്ഥമായി ഒരു ചോദ്യം ചോദിക്കട്ടെ? നമ്മുടെ സഭകളില്‍ ഒരു വ്യക്തി സമാധാനമില്ലാത്ത അവസ്ഥയില്‍ എത്തിയാല്‍ മടങ്ങിപ്പോകുമ്പോള്‍ സമാധാനത്തോടെയാണോ പോകുന്നത്‌? അവര്‍ക്ക്‌ ക്രിസ്‌തു നല്‍കുന്ന ആനന്ദം പകര്‍ന്നു നല്‍കാന്‍ കഴിയുന്നുണ്‍ടോ? നാളുകളായി അലട്ടുന്ന രോഗത്തിന്‌ ഒരു വിടുതല്‍ ലഭിക്കുന്നുണ്‍ടോ? ഒരിക്കല്‍ക്കൂടി വരാനുള്ള ആകര്‍ഷകത്വം നല്‍കാന്‍ നമ്മുടെ ആരാധനകള്‍ക്ക്‌ കഴിയുന്നുണ്‍ടോ?

എന്തിനേറെപ്പറയുന്നു; നമ്മുടെ കുടുംബങ്ങളില്‍ ദൈവീകസമാധാനം കൊണ്‍ട്‌ നിറയപ്പെടുന്നുണ്‍ടോ? \'കള്ള്‌ ഷാപ്പ്‌ \' എന്ന ബോര്‍ഡ്‌ കണ്‍ട്‌ അകത്ത്‌ ചെന്നാല്‍ കള്ള്‌ കിട്ടും. \'അങ്ങാടിക്കട\' എന്ന ബോര്‍ഡ്‌ കണ്‍ട്‌ ഉള്ളില്‍ എത്തിയാല്‍ അങ്ങാടി മരുന്നുകള്‍ കിട്ടും. ഇനി തുണിക്കടയോ, ഷൂ ഷോറൂമോ, ആഭരണക്കടയോ അങ്ങനെ ഏത്‌ സ്ഥാപനമയാലും പുറത്തെ പേരു സൂചിപ്പിക്കുന്ന സാധനം അവിടെ വാങ്ങാന്‍ കിട്ടും. ഇല്ലെങ്കില്‍ അവര്‍ കടയടച്ചിടും. അല്ലാതെ ജനത്തെ വഞ്ചിക്കാറില്ല.
എന്നാല്‍ \'ക്രിസ്‌ത്യാനി\' എന്നുള്ള ബോര്‍ഡും തൂക്കി നടന്നിട്ട്‌ അന്വേഷിക്കുന്നവര്‍ക്ക്‌ ക്രിസ്‌തുവിനെ കണ്‍ടെത്താനാകുമോ? നമ്മെ കണ്‍ട്‌ പലതും ഗ്രഹിച്ച അന്യമതക്കാര്‍ നമ്മെക്കാള്‍ എത്രയോ മാതൃകാപരമായി ജിവിക്കുന്നു.

പ്രശസ്‌ത വാര്‍ത്താചാനലായ സി.എന്‍.എന്നില്‍ കണ്‍ട ഒരു സംഭവം ചുരുക്കിപ്പറയാം. ഒരു മുസ്ലീം നടത്തുന്ന ഗ്യാസ്‌ സ്റ്റേഷനില്‍ (പെട്രോള്‍ പമ്പിനോടനുബന്ധിച്ചുള്ള കട) ഒരു കള്ളന്‍ മോഷണ ശ്രമം നടത്തി. എന്നാല്‍ മുസ്ലീമായ കടയുടമ അവനോട്‌ സ്‌നേഹത്തോടെ സംസാരിച്ചു. പണമില്ലാത്തതുകൊണ്‍ട്‌ കുഞ്ഞിനുപോലും ഭക്ഷണത്തിന്‌ ഞെരുങ്ങിയപ്പോഴാണ്‌ മോഷണം നടത്തിയതെന്ന്‌ മോഷ്‌ടാവ്‌ എറ്റു പറഞ്ഞു. കടയുടമ ആശ്വസിപ്പിച്ചിട്ട്‌ ആവശ്യത്തിനുള്ള സാധനങ്ങളും ഇരുപത്‌ ഡോളറും അയാള്‍ക്ക്‌ നല്‍കി പറഞ്ഞയച്ചു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞ്‌ കടയുടമയ്‌ക്ക്‌ ഒരു ചെക്കും ഒപ്പം വിശദമായ ഒരു കത്തും ലഭിച്ചു. മുമ്പ്‌ മോഷണ ശ്രമം നടത്തിയ വ്യക്തി എഴുതിയ കത്തില്‍ നന്ദി പ്രകടനത്തിനു പുറമേ അന്ന്‌ തനിക്കുവേണ്‍ടി ചെലവഴിച്ച പണവും വച്ചിട്ട്‌ ഒടുവില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു. \'\'നിങ്ങളുടെ സ്‌നേഹത്തിലും മനസ്സലിവിലും ആകൃഷ്‌ടനായ ഞാന്‍ നിങ്ങളുടെ മതത്തെയും സ്വീകരിക്കുന്നു\'\' എന്ന്‌. പ്രസ്‌തുത സംഭവം അമേരിക്കയിലുള്ള എത്രയോ ലക്ഷങ്ങളാണ്‌ കണ്‍ടത്‌. അവര്‍ക്ക്‌ ഇസ്ലാമിനോടുള്ള മനോഭാവമെന്തായിരിക്കും.

നമ്മുടെ വാക്‌സാമര്‍ത്ഥ്യമോ ധനശ്രേഷ്‌ തയോ കുടുംബ പാരമ്പര്യമോ ഒന്നുമല്ലായിരുന്നു ഒരു കാലത്ത്‌ ജനങ്ങളെ പെന്തക്കൊസ്‌തിന്റെ അനുഭവത്തിലേക്ക്‌ കൊണ്‍ടുവന്നത്‌. പട്ടിണി കിടക്കുമ്പോഴും സന്തോഷിക്കുന്നവര്‍; രോഗം പിടിച്ച്‌ മരിക്കാറായിട്ടും വിശ്വാസത്തില്‍ നിന്നു പതറാത്തവര്‍; പരസ്‌പരം സ്‌നേഹിക്കുന്നവര്‍; മാതൃകാ ജീവിതം നയിക്കുന്നവര്‍; അനുസരണയുള്ള തലമുറ; അങ്ങനെ എത്രയോ ഗുണഗണങ്ങളുടെ വിളനിലങ്ങളായിരുന്ന ദൈവസഭയ്‌ക്ക്‌ ഇന്ന്‌, പേരു മാത്രമേ ബാക്കിയുള്ളൂ. \'ഹോട്ടല്‍ അന്നപൂര്‍ണ്ണ\' യില്‍ അന്നം കഴിക്കാനെത്തിയ യാത്രക്കാരനപ്പോലെ അനേകര്‍ നിത്യജീവനായി വിശന്നു കേഴുമ്പോള്‍ ദൈവജനം തങ്ങളുടെ ഉത്തരവാദിത്വം ഒന്നു വിചാരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

Responses