ആത്മപ്രകടനങ്ങള്‍ þ (പെന്റക്കൊസ്റ്റ്‌ ചരിത്രം -അദ്ധ്യായം -3)

ക്രിസ്‌തുവര്‍ഷത്തിന്റെ എല്ലാ നൂറ്റാണ്‍ടുകളിലും സഭയ്‌ക്കുള്ളില്‍ ഉണര്‍വ്വിന്റെ കാറ്റു വീശിയിട്ടുണ്‍ട്‌. എന്നാല്‍ അതൊക്കെ മിക്കപ്പോഴും വ്യക്തികളിലോ ചെറിയ സമൂഹങ്ങളിലൊക്കെയായി ഒതുങ്ങിപ്പോയി. പ്രത്യേകിച്ചും മദ്ധ്യകാലഘട്ടത്തിലെ ഉണര്‍വ്വുകളൊക്കെ അകാലത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു. പ്രണേതാക്കളുടെ ഓര്‍മ്മപോലും ചരിത്രപുസ്‌തകത്തില്‍ നിന്ന്‌ മായിക്കപ്പെട്ടുപോയി. ജോണ്‍ വിക്ലിഫ്‌ (ഏകദേശം 1329-84) മുതലുള്ള നവീകരണ വീരന്‍മാരെപ്പറ്റിയേ നമുക്ക്‌ ചരിത്രമുള്ളു. (ഇദ്ദേഹമാണ്‌ ലാറ്റിന്‍ ഭാഷയില്‍നിന്നും ഇംഗ്ലീഷിലേക്ക്‌ ബൈബിള്‍ തര്‍ജ്ജമ ചെയ്‌തത്‌). പതിനെട്ടാം നൂറ്റാണ്‍ടില്‍ ജോനാഥാന്‍ എഡ്‌വേര്‍ഡ്‌സിലൂടെ ആരംഭിച്ച �ഗ്രേറ്റ്‌ അവേയ്‌ക്കനിംഗ്‌ � അന്നത്തെ യൂറോ-അമേരിക്കന്‍ ക്രൈസ്‌തവലോകത്തെ ഇളക്കിമറിക്കുകതന്നെ ചെയ്‌തു. അമേരിക്കയിലെ മസാച്ചുസെറ്റ്‌ സ്റ്റേറ്റില്‍ നോര്‍ത്താംപ്‌ടണ്‍ പട്ടണത്തില്‍ 1735 ലെ വേനല്‍ക്കാലത്ത്‌ ആരംഭിച്ച ആ ഉണര്‍വ്വ്‌ ഒരു ദശകത്തിനകം വെള്ളക്കാരുടെ ലോകത്തെല്ലാം പടര്‍ന്നിരുന്നു.

ഗ്രേയ്‌റ്റ്‌ അവേയ്‌ക്കനിംഗിനുശേഷം ബഹുപുരുഷാരത്തെ തൊട്ടുണര്‍ത്തുന്ന വലിയ ഉണര്‍വ്വുകള്‍ ധാരാളമുണ്‍ടായി. 18-ാം നൂറ്റാണ്‍ടിന്റെ അന്ത്യത്തില്‍ ദൃശ്യമായ �സെക്കന്റ്‌ അവേയ്‌ക്കനിംഗ്‌� 1800-1801 വര്‍ഷങ്ങളിലൂണ്‍ടായ � ഗ്രേറ്റ്‌ റിവൈവല്‍� , 19-ാം നൂറ്റാണ്‍ടിന്റെ ഉത്തരാര്‍ദ്ധമാരംഭിക്കുമ്പോള്‍ ആംഗലേയ ലോകത്തെയും കടന്ന്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കുകൂടെ വ്യാപിച്ച 1860കളിലെ ഉണര്‍വ്വ്‌, ഫിന്നി, മൂഡി തുടങ്ങിയ പ്രഗത്ഭ സുവിശേഷരുടെ യോഗങ്ങളോടനുബന്ധമായി 19-ാം നൂറ്റാണ്‍ടൊടുവില്‍ നടന്ന വലിയ ഉണര്‍വ്വ്‌, വെയിത്സിലെ ഉണര്‍വ്വ്‌.... അങ്ങനെ രണ്‍ടു നൂറ്റാണ്‍ടിനിടയ്‌ക്ക്‌ പേരെടുത്തു പറയാവുന്ന വലിയ ഉണര്‍വ്വുകള്‍ പലതുണ്‍ടായി.

ഈ ഉണര്‍വ്വുകാലങ്ങളിലൊക്കെ ആത്മാവിന്റെ വരങ്ങള്‍ പ്രകടനാത്മകമായ നിലയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്‍ടെന്നത്‌ ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്‌. പ്രത്യക്ഷത്തിലല്ലെങ്കില്‍ത്തന്നെ ഉണര്‍വ്വിന്റെ രചിക്കപ്പെട്ട ചരിത്രം അതിനു സൂചനകള്‍ നല്‍കുന്നുണ്‍ട്‌.

ഗ്രേയ്‌റ്റ്‌ അവേയ്‌ക്കനിംഗിന്റെ ചരിത്രം പ ിച്ചാല്‍ അത്‌ വ്യാപിച്ചിടത്തൊക്കെ ബുദ്ധിയിലൊതുക്കുവാന്‍ കഴിയാത്ത ആത്‌മപ്രകടനങ്ങള്‍ ഉണ്‍ടായിട്ടുണ്‍ടെന്നു കാണാം. ആത്മവരങ്ങളുടെ ഈ പ്രകടനാത്മകതയെപ്പറ്റി 18-ാം നൂറ്റാണ്‍ടിലെ ഉണര്‍വ്വിന്റെ നായകരായ ജോണ്‍ വെസ്ലിയും ജോര്‍ജ്‌ വൈറ്റ്‌ഫീല്‍ഡും തമ്മില്‍ നടന്ന ഒരു സംഭാഷണം ജോണ്‍ വെസ്ലിയുടെ ജേര്‍ണലിലുണ്‍ട്‌.

1739 ജൂലൈ 6, വെള്ളി

�ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മി. വൈറ്റ്‌ഫീല്‍ഡ്‌ ലണ്‍ടനില്‍ നിന്നു വന്നു. ഞങ്ങളൊരുമിച്ച്‌ ബാപ്‌റ്റിസ്റ്റ്‌ മില്‍സിലേക്കുപോയി. അവിടെ �വിശ്വസിക്കുന്നവരൊക്കെയും പരിശുദ്ധാത്മാവിനെ പ്രാപിക്കേണം� എന്ന വിഷയത്തെപ്പറ്റി വൈറ്റ്‌ഫീല്‍ഡ്‌ പ്രസംഗിച്ചു. ശ്രോതാക്കള്‍ നല്ല വിശ്വാസികളും സുവിശേഷ താത്‌പര്യമുള്ളവരുമായിരുന്നിട്ടുകൂടെ അവരില്‍ അതുവരെ പരിശുദ്ധാത്മാവ്‌ ഇല്ലായിരുന്നു എന്ന മട്ടിലാണ്‌ അദ്ദേഹം പ്രസംഗിച്ചത്‌.

ജൂലൈ 7, ശനി
ദൈവാത്മ പ്രവര്‍ത്തനം ഉള്ളില്‍ ഉണ്‍ടാകുന്നവരില്‍ ചിലരുടെ ശാരീരിക പ്രകടനങ്ങളെപ്പറ്റി വൈറ്റ്‌ഫീല്‍ഡുമായി സംസാരിക്കുവാന്‍ ഇന്ന്‌ എനിക്ക്‌ അവസരം ലഭിച്ചു. അതിനദ്ദേഹത്തിനു യുക്തിപരമായ ഒരു വിശദീകരണം നല്‍കാനായില്ലെങ്കിലും അന്നു വൈകിട്ടത്തെ യോഗത്തില്‍ ആത്മപകര്‍ച്ചയുണ്‍ടായപ്പോള്‍ ചില വിശ്വാസികളില്‍ ദൃശ്യമായ ശാരീരിക പ്രകടനങ്ങള്‍ കാണുവാന്‍ എനിക്കു കഴിഞ്ഞു. ഒരാള്‍ വല്ലാതെ വിറയ്‌ക്കുന്നുണ്‍ടായിരുന്നു. മറ്റ്‌ രണ്‍ടു പേര്‍ സ്വശരീരങ്ങളെ നിയന്ത്രിക്കുവാനാവാതെ ചലിച്ചുകൊണ്‍ടിരുന്നു. അടുത്തൊരാളാകട്ടെ, ഉച്ചത്തില്‍ കരയുകയും ഉച്ചരിക്കാനാകാത്ത ദീനശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തു. ആ സമയം മുതല്‍ ദൈവീക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിധിവയ്‌ക്കുവാന്‍ പാടില്ലെന്നും അവിടുത്തേയ്‌ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ നാം അനുവദിക്കണമെന്നും എനിക്കു മനസ്സിലായി. � (The Journalism of John Wesley P. 76)

വെസ്ലിയുടെ യോഗങ്ങളിലൊക്കെ പില്‍ക്കാലങ്ങളില്‍ ശക്തമായ ആത്മപകര്‍ച്ചയുണ്‍ടായി. അത്‌ പ്രകടനാത്മകമായിരുന്നുതാനും.
പെന്തക്കോസ്‌തിലസത്തിന്റെ കഴിഞ്ഞ നൂറ്റാണ്‍ടുകളിലെ വക്താവായാണ്‌ ജോണ്‍ വെസ്ലിയെ ചരിത്രകാരനായ ജയിംസ്‌ ഡണ്‍ വിശേഷിപ്പിക്കുന്നത്‌. �തന്റെ ഹൃദയം യുക്ത്യതീതമായി ഉത്തേജിപ്പിക്കപ്പെടാറുണ്‍ടെന്ന്‌ വെസ്ലി പറയുമായിരുന്നു. വിശ്വാസികളോട്‌ ആത്മാവിന്റെ അന്തര്‍സാക്ഷ്യത്തിനായി കാത്തിരിക്കാന്‍ അദ്ദേഹം അവശ്യപ്പെട്ടു. വിശുദ്ധീകരണത്തെ �നീതീകരണത്തിനുശേഷമുള്ള കൃപയുടെ രണ്‍ടാമനുഭവമായി� ചിത്രീകരിച്ചതും വെസ്ലിയാണ്‌. (പെന്തക്കോസ്‌തര്‍ പരിശുദ്ധാത്മാവിനെ രണ്‍ടാമനുഭവമായി ചിത്രീകരിക്കുംപോലെ) ജോണ്‍ വെസ്ലിയെ പെന്തക്കോസ്‌തലിസത്തിന്റെ മുതുമുത്തച്ഛനായി ചിത്രീകരിക്കുന്നതില്‍ ഒരു അപാകതയുമില്ല.... �(James Dun, The Pentecostals- History of Christianity P. 618).

നോര്‍ത്താംപ്‌ടണിലെ ഉണര്‍വ്വ്‌ അനുഭവങ്ങളിലും ആത്മവരങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പട്ടിരുന്നുവെന്ന്‌ ജോനാഥാന്‍ എഡ്വേര്‍ഡ്‌സിന്റെ � ട്രീറ്റഡ്‌ ഓണ്‍ ദി റിലിജിയസ്‌ അഫക്ഷന്‍സ്‌ � വ്യക്തമാക്കുന്നുണ്‍ട്‌. ഹോളണ്‍ടില്‍ നടന്ന ഒരു ഉണര്‍വ്വുയോഗത്തെപ്പറ്റി 1749-ല്‍ വന്ന റിപ്പോര്‍ട്ട്‌ പറയുന്നത്‌, �ആ സംഭവങ്ങള്‍ വിവരിച്ചാല്‍ അത്‌ അപ്പോസ്‌തലപ്രവൃത്തി 2-ാം അദ്ധ്യായത്തിന്റെ തനിയാവര്‍ത്തനമായിരിക്കു�മെന്നാണ്‌. (John Gillies, Historical Collections-1845)

19-ാം നൂറ്റാണ്‍ടിലെ ഉണര്‍വ്വുകള്‍ക്ക്‌ നടുനായകത്വം വഹിച്ച ഡി. എല്‍. മൂഡിയും ചാള്‍സ്‌ ഫിന്നിയും മറ്റും പരിശുദ്ധാത്മവരങ്ങളുടെ ശക്തിയറിഞ്ഞവരായിരുന്നു. ഫിന്നി ദൈവാത്മശക്തിയില്‍ നിറയപ്പെടുന്ന അനുഭവത്തെപ്പറ്റി പറഞ്ഞത്‌, �താന്‍ വൈദ്യുത തരംഗങ്ങളാല്‍ ത്രസിപ്പിക്കപ്പെടുന്നതുപോലെ തോന്നുന്നു�വെന്നാണ്‌. പലപ്പോഴും താങ്ങുവാന്‍ കഴിയാഞ്ഞിട്ട്‌ �ദൈവമേ അല്‌പസമയത്തേക്ക്‌ അങ്ങയുടെ ശക്തമായ കരങ്ങള്‍ എന്നില്‍ നിന്നും പിന്‍വലിക്കണമേ. അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും� എന്നദ്ദേഹം വിലപിച്ചിട്ടുണ്‍ടത്രേ. (Steve Durasoff, Bright Wind of the Spirit. Page 50).

മൂഡിയുടെ യോഗങ്ങളിലും ആത്മവരങ്ങളുടെ ശക്തമായ പ്രദര്‍ശനം ഉണ്‍ടായതായി പെന്തക്കൊസ്‌ത്‌ ചരിത്രകാരനായ സ്റ്റാന്‍ലി ഫ്രോഡ്‌ ഷാം പ്രസ്‌താവിച്ചിട്ടുണ്‍ട്‌. 1873-ല്‍ ഗ്രേയ്‌റ്റ്‌ ബ്രിട്ടണിലെ വൈ.എം.സി.എയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തില്‍ മൂഡിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ ശ്രോതാക്കളായ യുവാക്കള്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്‌തിരുന്നുവെന്ന്‌ അദ്ദേഹം പറയുന്നു. അതേ വര്‍ഷം ന്യൂ ഇംഗ്ലണ്‍ടില്‍ നടന്ന ഉണര്‍വ്വുയോഗങ്ങളിലും അന്യഭാഷാഭാഷണം ഉള്‍പ്പെടെയുള്ള ആത്മപ്രകടനങ്ങള്‍ സാധാരണമായിരുന്നുവെന്നും ഫ്രോഡ്‌ഷാം പ്രസ്‌താവിച്ചിട്ടുണ്‍ട്‌. (Stanly H. Frodsham, With Signs Following, Page 9.10).

പതിനെട്ടാം നൂറ്റാണ്‍ടില്‍ ആംഗലേയ ലോകത്തില്‍ ആരംഭിച്ച ഉണര്‍വ്വ്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. അന്നത്തെ ഉണര്‍വ്വു യോഗങ്ങളില്‍, ആംഗലേയ ലോകത്ത്‌ ഉണ്‍ടായതിനെക്കാള്‍ വ്യാപമായി മറ്റ്‌ രാജ്യങ്ങളില്‍ പരിശുദ്ധാത്മവരങ്ങള്‍ പ്രകടമായി എന്നതാണ്‌ വാസ്‌തവം. ഇന്ത്യയില്‍ത്തന്നെ, 1860-ല്‍ തിരുനെല്‍വേലിയിലും, 1970കളില്‍ മദ്ധ്യതിരുവിതാംകൂറിലും അരുളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉണര്‍വ്വുയോഗങ്ങള്‍, പത്തു വര്‍ഷങ്ങള്‍ക്കുശേഷം ഡേവിഡ്‌ ഫെന്‍, കൂടാര......, വിദ്വാന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മദ്ധ്യതിരുവിതാംകൂറില്‍ത്തന്നെ നടന്ന യോഗങ്ങള്‍, അതേ വര്‍ഷങ്ങളില്‍ത്തന്നെ ലുധിയാനയിലും മറ്റ്‌ ചില ഉത്തരേന്ത്യന്‍ നഗരങ്ങളിലും നടന്ന ഉണര്‍വ്വുയോഗങ്ങള്‍ ഇവിടെയൊക്കെ പെന്തെക്കോസ്‌ത്‌ വ്യാപാരമുണ്‍ടായതായി രേഖകള്‍ ഉണ്‍ട്‌.

വെല്‍ഷ്‌ ഉണര്‍വ്വിനെ ഒരു പെന്തെക്കോസ്‌ത്‌ ഉണര്‍വ്വായി കണക്കാക്കാന്‍ പെന്തെക്കോസ്‌തു വിരോധം പുലര്‍ത്തുന്ന സുവിശേഷവിഹിതര്‍ക്കും, കടുത്ത യാഥാസ്ഥിതികരും അമേരിക്കന്‍ പക്ഷവാദികളുമായ പെന്തെക്കോസ്‌ത്‌ ചരിത്രകാന്‍മാര്‍ക്കും ബുദ്ധിമുട്ടുണ്‍ട്‌. വെയില്‍സില്‍ ഉണര്‍ത്തപ്പെട്ട ജനത അന്യഭാഷാഭാഷാണത്തിനു പ്രാധാന്യം കൊടുത്തില്ല എന്നതാണ്‌ അതിനു കാരണമായി രണ്‍ടുകൂട്ടരും പറയുന്നത്‌.

എന്നാല്‍ അന്യഭാഷാഭാഷണം പ്രകടമല്ലായിരുന്നുവെങ്കില്‍ക്കൂടെ, വെല്‍ഷ്‌ ഉണര്‍വ്വിനു ഒരു പെന്തെക്കോസ്‌ത്‌ മാനം ഉണ്‍ടായിരുന്നുവെന്നതാണ്‌ സത്യം. വെയില്‍സില്‍ ഉണര്‍വ്വുകാലത്ത്‌ കരിസ്‌മാറ്റിക്‌ പ്രതിഭാസം ദൃശ്യമായിരുന്നുവെന്നു തന്നെയാണ്‌ പെന്റക്കൊസ്‌തിതര ഉണര്‍വ്വുചരിത്രകാരനായ എഡ്വിന്‍ ഓര്‍ പറയുന്നത്‌. �വെളിപ്പാടും ആത്മവിവശതയും ദര്‍ശനവും തുടങ്ങി ആത്മവരങ്ങളൊക്കെത്തന്നെ വെയില്‍സ്‌ ഉണര്‍വ്വില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്യഭാഷാഭാഷണം (ഗ്ലോസ്സോ ലാലിയ) റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നില്ല. � (J. Edwin Orr, The Flaming Tongue, ch. 24. The Pentecostal Aftermath).

ഇപ്പറഞ്ഞതുകൊണ്‍ട്‌ വെല്‍ഷ്‌ ഉണര്‍വ്വ്‌ പെന്തെക്കോസ്‌ത്‌ വിരുദ്ധമായിരുന്നുവെന്നല്ല അര്‍ത്ഥം. വാസ്‌തവത്തില്‍ വെയില്‍സിലും യൂറോപ്പിലും ലോകത്താകമാനമായി പടര്‍ന്നു പിടിച്ച ഈ മഹാ ഉണര്‍വ്വുതന്നെയാണ്‌ പെന്തെക്കോസ്‌തുണര്‍വ്വിനോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്നത്‌. വെല്‍ഷ്‌ ഉണര്‍വ്വിന്റെ പശ്ചാത്തലത്തില്‍ ഒരു ആത്മീയ ഉണര്‍ച്ചയില്‍ നിന്നുകൊണ്‍ട്‌ പശ്ചിമ യൂറോപ്യന്‍ ജനതയ്‌ക്ക്‌ പെന്തെക്കോസ്‌ത്‌ സന്ദേശത്തെ ഉള്‍ക്കൊള്ളുവാന്‍ പ്രയാസമുണ്‍ടായില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളിലാവട്ടെ ജനറല്‍ അവേയ്‌ക്കനിംഗിനെ പെന്തെക്കോസ്‌തുണര്‍വ്വു വിഴുങ്ങുക തന്നെ ചെയ്‌തു.

വെയില്‍സിലെ ആത്മീയ ഉണര്‍വ്വു മുഖാന്തരം പാരമ്പര്യ സഭകളിലെ അംഗസംഖ്യയ്‌ക്ക്‌ എന്തുകൊണ്‍ട്‌ പില്‍ക്കാലങ്ങളില്‍ (എണ്ണത്തില്‍) വളര്‍ച്ചയുണ്‍ടായില്ല എന്ന ചോദ്യത്തിനു എഡ്വിന്‍ ഓറിന്റെ മറുപടി �പുതുതായി രൂപംകൊണ്‍ട പെന്തെക്കോസ്‌ത്‌ പ്രതിഭാസത്തിലേക്ക്‌ ജനങ്ങള്‍ ചോര്‍ന്നുപോയി� എന്നാണ്‌. (Edwin Orr, Evangelical Awakenings in India, Page 55).

പറഞ്ഞുവന്നത്‌ ഒന്നാം നൂറ്റാണ്‍ടിനു ശേഷം ക്രൈസ്‌തവസഭയിലുണ്‍ടായ ഏറ്റവും വലിയ ഉണര്‍വ്വായ �ഗ്രേയ്‌റ്റ്‌ അവെയ്‌ക്കിനിംഗ്‌� മുതല്‍ ഇങ്ങോട്ടുള്ള എല്ലാ ഉണര്‍വ്വു സംഭവങ്ങളിലും പരിശുദ്ധാത്മവരങ്ങള്‍ പ്രത്യക്ഷമായ നിലയില്‍ പ്രകടമായിരുന്നുവെന്നാണ്‌. അതുകൊണ്‍ടു തന്നെ ആ ഉണര്‍വ്വുകള്‍ ഇരുപതാം നൂറ്റാണ്‍ടിലെ ശക്തമായ പെന്തെക്കോസ്‌ത്‌ പ്രവാഹത്തിനു മുന്നോടിയായി പരിഗണിക്കേണ്‍ടതാണ്‌. ഉണര്‍വ്വു ചരിത്രരചനയില്‍ പെന്തെക്കോസ്‌ത്‌ വിഭാഗത്തില്‍ തന്നെ പലരും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

ഒരു നവ പെന്തെക്കോസ്‌ത്‌ ഉണര്‍വ്വിനായുള്ള ഒരുക്കം 1901ലെ ആദ്യ അന്യഭാഷാ ശ്രവണത്തിന്റെ ചരിത്രത്തിനു നൂറ്റാണ്‍ടുകള്‍ക്കു മുമ്പ്‌ തുടങ്ങിയതാണ്‌. മദ്ധ്യകാലഘട്ടത്തിലെ ഒറ്റപ്പെട്ട ഉണര്‍വ്വുസംഘങ്ങളിലൂടെ, നവീകരണങ്ങളിലൂടെ പ്യൂരിറ്റന്‍- സെപ്പറേഷനിസ്റ്റ്‌ ചിന്താഗതികളിലൂടെ, ഒരു രണ്‍ടാമനുഭവമായി വിശുദ്ധീകരണത്തെ ചിത്രീകരിച്ച വെസ്ലിയിലൂടെ, ഗ്രേയ്‌റ്റ്‌ അവെയ്‌ക്കിനിംഗ്‌, സെക്കന്‍ഡ്‌ അവെയ്‌ക്കിനിംഗ്‌, ഗ്രേയ്‌റ്റ്‌ റിവൈവല്‍ തുടങ്ങിയ ഉണര്‍വ്വു സംഭവങ്ങളിലൂടെ, ഭക്തി പ്രസ്ഥാനത്തിലൂടെ, ചാള്‍സ്‌ ഫിന്നിയിലൂടെ, ഡി.എല്‍. മൂഡിയിലൂടെ, കെസ്‌വിക്‌ കണ്‍വന്‍ഷനുകളിലൂടെ, ഹോളിനസ്സ്‌ പ്രസ്ഥാനത്തിലൂടെ ഇരുപതാം നൂറ്റാണ്‍ടിന്റെ ആരംഭത്തിലെ ജനറല്‍ അവെയ്‌ക്കിനിംഗിലൂടെ ചവിട്ടുപടികള്‍ കയറി അതു പ്രത്യക്ഷമാകുവാന്‍ കാലമെടുത്തുവെന്നെയുള്ളൂ. എന്നാല്‍ ഈ കാലങ്ങളിലൊക്കെ, പ്രത്യേകിച്ച്‌ കഴിഞ്ഞകാല ഉണര്‍വ്വു സംഭവങ്ങളിലൊക്കെ ആത്മവരങ്ങളുടെ പ്രദര്‍ശനം ദൃശ്യമായിട്ടുണ്‍ട്‌ എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. പലപ്പോഴും അന്യഭാഷാഭാഷണം നടന്നിട്ടുണ്‍ട്‌. എന്നാല്‍ അത്‌ പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ടില്ലെന്നേയുള്ളൂ (തുടരും).

Responses