ക്രൂശില്‍ കണ്‍ടു ഞാന്‍ നിന്‍ സ്‌നേഹത്തെ, ആഴമാര്‍ന്ന നിന്‍മഹാത്യാഗത്തെ...

\"\"

\'\'ക്രൂശില്‍ കണ്‍ടു ഞാന്‍ നിന്‍ സ്‌നേഹത്തെ
ആഴമാര്‍ന്ന നിന്‍മഹാത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായി നല്‍കുന്നു നാഥനെ...\'\'

click here to see the video

ക്രൂശിനെ ഹൃദയത്തില്‍ കണ്‍ട്‌ കേരളം മുഴുവന്‍ ഏറ്റുപാടിക്കൊണ്‍ടിരിക്കുന്ന ഈ ഗാനത്തിലൂടെ ദെവസാന്നിദ്ധ്യത്തിന്റെ അലൗകീകമായ അനുഭവത്തിലേക്ക്‌ മലയാളി ദൈവമക്കളെ നയിക്കുകയാണ്‌ സാമുവേല്‍ വില്‍സണ്‍. അര്‍ത്ഥസമ്പൂര്‍ണ്ണവും ഹൃദയതന്ത്രികളെ തൊട്ടുണര്‍ത്തുന്നതുമായ നിരവധി ഗാനങ്ങളുടെ രചയിതാവും അനുഗ്രഹീത ഗായകനും മികച്ച ഗിറ്റാറിസ്റ്റുമാണ്‌ സാമുവേല്‍ വില്‍സണ്‍. ക്രിസ്‌തീയ സംഗീത രംഗത്ത്‌ തനതായ ശൈലികൊണ്‍ട്‌ വ്യത്യസ്‌തനാവുകയാണ്‌ അദ്ദേഹം.

\'\' ഉണര്‍വ്വിന്‍ അഗ്നിയാല്‍, ഞങ്ങള്‍ വരുന്നു....\'\', \'\'യേശുവേ എന്‍ നാഥനെ, യേശുവേ എന്‍ കര്‍ത്തനെ.... \'\' , \'\'ദൈവം നല്‍കും വാഗ്‌ദത്തങ്ങള്‍ക്ക്‌ ആമേന്‍, ആമേന്‍... \'\', \'\'കാത്തിരിക്കുമ്പോള്‍ ശക്തിയെ പുതുക്കും....\'\', \'\'നിത്യ സ്‌നേഹത്താല്‍ എന്നെ സ്‌നേഹിച്ചു അമ്മ നല്‍കും സ്‌നേഹത്തേക്കാള്‍...\'\' തുടങ്ങി നിരവധി ഗാനങ്ങള്‍ ഇദ്ദേഹത്തിന്റെ തൂകിയില്‍ നിന്നും പിറവി എടുത്തതാണ്‌.

അനുഭവത്തില്‍ നിന്നും എഴുതിയതാണ്‌ തന്റെ ഗാനങ്ങളിലേറെയും.
ഗാനത്തിന്റെ വരികളാണോ ഈണമാണോ ആദ്യമേ ലഭിക്കുക എന്നു ചോദിച്ചാല്‍ രണ്‍ടുംകൂടെ ഒരുമിച്ചാണ്‌ എന്നായിരിക്കും സാമുവേല്‍ വില്‍സന്റെ മറുപടി. മിക്ക ഗാനങ്ങളും ദൈവീക സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന സ്റ്റേജുകളിലും സംഗീത ശുശ്രൂഷകളുടെ മധ്യത്തിലുമൊക്കെ രൂപപ്പെട്ടതാണ്‌. ഇത്‌ ദൈവത്തിന്റെ കൃപ ഒന്നു മാത്രമെന്നാണ്‌ സാമുവേലിന്റെ അഭിപ്രായം.

2007 മാര്‍ച്ച്‌ 11-നാണ്‌ \'\' ക്രൂശില്‍ കണ്‍ടു ഞാന്‍ നിന്‍ സ്‌നേഹത്തെ... \'\' എന്ന ഗാനം എഴുതിയത്‌. ഞായറാഴ്‌ച്ച സഭാ ശുശ്രൂഷക്കു മുമ്പായി സുവിശേഷങ്ങളിലൂടെ യേശുവിന്റെ ക്രൂശുമരണത്തെ ധ്യാനിച്ചിരുന്നു. യേശുവിന്റെ ക്രൂശുമരണത്തിലൂടെ മാനവജാതിക്ക്‌ ലഭിച്ച രക്ഷ എത്രയോ വലുതാണ്‌. പലപ്പോഴും നമ്മുടെ ആവശ്യങ്ങള്‍ ഓരോന്നായി കര്‍ത്താവിനോട്‌ പറയുമ്പോഴും കര്‍ത്താവ്‌ നമുക്കായി സഹിച്ച ത്യാഗത്തെ മറക്കുന്നു. ഈ ചിന്തയോടുകൂടെ ദൈവത്തെ സ്‌തുതിച്ചുകൊണ്‍ടിരിക്കുമ്പോഴാണ്‌ \'\'പകരം എന്തു ഞാന്‍ നല്‍കും ഞാന്‍ ഇനി\'\'  എന്ന വരികള്‍ ലഭിക്കുന്നത്‌. ദൈവം എനിക്കു വേണ്‍ടി ചെയ്‌ത ത്യാഗത്തെ ഓര്‍ത്തപ്പോള്‍ നിറകണ്ണുകളോടെ ഈ ഗാനത്തിന്റെ വരികള്‍ ആത്മാവില്‍ പാടുവാന്‍ തുടങ്ങി. തന്റെ ഭാര്യ സ്‌മിതയോട്‌ ഇതിന്റെ വരികള്‍ കുറിച്ചെടുക്കുവാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ്‌ \'\'ക്രൂശില്‍ കണ്‍ടു നിന്‍ ഞാന്‍ നിന്‍ സ്‌നേഹത്തെ\'\' എന്ന വരികള്‍ എഴുതി ചേര്‍ത്തത്‌. ഈ ഗാനം ഇന്നും പല സംഗീത ശുശ്രൂഷകളിലും ആലപിക്കുമ്പോള്‍ പലരുടെയും കണ്ണുകള്‍ ദൈവീക സ്‌നേഹത്താല്‍ നിറയുന്നു. ദൈവീക സാന്നിധ്യം വെളിപ്പെടുന്നു. പലരും പുതുതായി സമര്‍പ്പിക്കപ്പെടുന്നതായും തന്റെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്‍ട്‌.

തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഈ ഗാനം പാടി അനേകര്‍ ദൈവത്തെ ആരാധിക്കുന്നുണ്‍ട്‌. ഈ അടുത്ത സമയത്ത്‌ കുവൈറ്റില്‍ ശുശ്രൂഷയ്‌ക്കായി പോയപ്പോള്‍ തൊട്ടടുത്ത തമിഴ്‌ സഭയില്‍ തമിഴ്‌ ഭാഷയില്‍ ഈ ഗാനം പാടി ദൈവത്തെ ആരാധിക്കുന്നതു കേട്ടു.

\'\'ഉണര്‍വ്വിന്‍ അഗ്നിയാല്‍ ഞങ്ങള്‍ വരുന്നു..\'\' എന്ന ഗാനം ആണ്‌ സാമുവേല്‍ വില്‍സന്‍ ആദ്യമായി എഴുതിയത്‌.

1973-ല്‍ പി.എം. വില്‍സണ്‍, തങ്കമ്മ വില്‍സണ്‍ ദമ്പതികളുടെ അഞ്ച്‌ മക്കളില്‍ ഏറ്റവും ഇളയവനായിട്ടാണ്‌ സാമുവേല്‍ വില്‍സണ്‍ ജനിച്ചത്‌. സാമ്പത്തികമായി ദുരിതപൂര്‍ണ്ണമായിരുന്നു ബാല്യമെങ്കിലും മാതാപിതാക്കളോട്‌ ഒപ്പമുള്ള ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പിതാവും 3 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാതാവും ഈ ലോകത്തില്‍ നിന്നും മാറ്റപ്പെട്ടു. തന്റെ മാതാപിതാക്കള്‍ സാമ്പത്തികമായി ഒന്നും കരുതി വച്ചിട്ടില്ലെങ്കിലും യേശുവിനെ തനിക്കു മനസ്സിലാക്കിത്തന്നതാണ്‌ ഏറ്റവും വലിയ സമ്പത്ത്‌ എന്ന തിരിച്ചറിവില്‍ നിന്നാണ്‌ അടുത്ത ഗാനത്തിന്റെ പിറവി. സുവിശേഷ വിരോധികളുടെ എതിര്‍പ്പും സാമ്പത്തിക ബുദ്ധിമുട്ടും ജീവിതത്തില്‍ അനുഭവപ്പെട്ടപ്പോള്‍ \'\'യേശുവേ എന്‍ നാഥനെ, യേശുവേ എന്‍ കര്‍ത്തനെ, നിന്നെപ്പോല്‍ സമ്പത്തായി വേറെയാരുള്ളൂ\'\' എന്ന ഗാനം എഴുതുവാന്‍ പ്രേരകമായി.

ഇന്റര്‍നെറ്റിലും യൂട്യൂബിലും വളരെയേറെ പ്രചാരം നേടിക്കൊണ്‍ടിരിക്കുന്ന ഏറ്റവും പുതിയ ഗാനമാണ്‌ \'\'നിത്യസ്‌നേഹത്താല്‍ എന്നെ സ്‌നേഹിച്ചു, അമ്മ നല്‍കീടും സ്‌നേഹത്തേക്കാള്‍ \'\' എന്നത്‌. പ്രതികൂലത്തിന്റെ നടുവിലും അനുഭവിച്ചറിഞ്ഞ ദൈവീക സ്‌നേഹമാണ്‌ ഈ ഗാനം എഴുതുവാന്‍ സഹായകരമായി തീര്‍ന്നത്‌. 50-ഓളം ഗാനങ്ങള്‍ എഴുതുവാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്‍ട്‌.

കഴിഞ്ഞ 20 വര്‍ഷമായി കേരളത്തിലെ മുഖ്യ ക്രിസ്‌തീയ സംഗീതട്രൂപ്പായ കൊല്ലം സ്റ്റാവുറോസിലെ ഗായകനായും സഭാശുശ്രൂഷകനായും സാമുവേല്‍ വില്‍സണ്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ: സ്‌മിത സാമുവേല്‍. മക്കള്‍: ഡാനി സ്റ്റീവ്‌ സാമുവേല്‍, ഷാലോം സ്റ്റീവ്‌ സാമുവേല്‍.

Responses