ഐക്യവിശാല കേരളകോണ്‍ഗ്രസെന്ന ലക്ഷ്യത്തിന്‌ പുറകില്‍

\"\"പോയവാരം കേരള രാഷ്‌ട്രീയം മുഴുവനും ചുറ്റിക്കറങ്ങിയത്‌ കേരളകോണ്‍ഗ്രസിന്റെ പുറകിലാണ്‌. മാണിഗ്രൂപ്പും ജോസഫ്‌ ഗ്രൂപ്പും ഒന്നാകാന്‍ പോകുന്ന വാര്‍ത്ത രാഷ്‌ട്രീയ കേരളത്തില്‍ കോളിളക്കം തന്നെ സൃഷ്‌ടിച്ചു. കെ.എം. മാണിയുടെ കൂടെ പി.സി.ജോര്‍ജ്‌ ചേര്‍ന്നതിന്റെ തൊട്ട്‌ പുറകെ പി.ജെ.ജോസഫ്‌ ഇടതുസഹവാസം വെടിഞ്ഞ്‌ മന്ത്രിസ്ഥാനവും ഉപേക്ഷിച്ച്‌ വരുന്നത്‌ കണ്‍ടപ്പോള്‍ ഇടതും വലതും ക്യാമ്പുകള്‍ ഒരുപോലെ പ്രക്ഷുബ്‌ധമായി.

ലയനത്തിന്റെ പുറകിലെ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിയത്‌ കോണ്‍ഗ്രസാണ്‌. സ്വന്തം ഘടകകക്ഷിയായിട്ട്‌ പോലും കോണ്‍ഗ്രസ്‌ രൂക്ഷമായ പരസ്യപ്രഖ്യാപനങ്ങള്‍ നടത്താന്‍ തയ്യാറായത്‌ പലതും മുന്‍കൂട്ടി കണ്‍ടിട്ട്‌ തന്നെയാണ്‌.

പാലാക്കാരന്‍ കെ.എം.മാണി കൃഷിക്കാരന്റെ മനസുള്ള തന്ത്രശാലിയായ രാഷ്‌ട്രീയക്കാരനാണ്‌. മണ്ണറിഞ്ഞ്‌ വിത്തിടാന്‍ മാണിയെ ആരും പ ിപ്പിക്കേണ്‍ടതില്ല. വിശാലമായ ഐക്യ കേരളകോണ്‍ഗ്രസ്‌ എന്ന്‌ പറയാന്‍ തുടങ്ങിയിട്ട്‌ കാലം കുറേയായി. എന്നാല്‍ ആരും അതിന്‌ വേണ്‍ടത്ര പ്രാധാന്യം കല്‌പിച്ചിരുന്നില്ല. വളരുന്തോറും പിളരുകയും പിളരുമ്പോറും വളരുകയും ചെയ്യുമെന്ന സിദ്ധാന്തത്തെ പടച്ചുവിട്ട മാണി തന്നെ എല്ലാത്തിനെയും ഒന്നാക്കാന്‍ ശ്രമിക്കുന്നത്‌ വെറുതയല്ലെന്ന്‌ അര്‍ത്ഥം. വളരെ പെട്ടെന്ന്‌ കേരളകോണ്‍ഗ്രസ്‌ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഐക്യത്തിനും ലയനചര്‍ച്ചകള്‍ക്കും പുറകില്‍ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വളരെ പ്രസക്തമാണ്‌.

കേരളത്തില്‍ ജനസംഖ്യാ അനുപാതത്തില്‍ മൂന്നാമത്‌ ക്രിസ്‌ത്യാനികളാണ്‌.

കേരളകോണ്‍ഗ്രസുകള്‍ക്ക്‌ പള്ളിയുമായുള്ള അടുപ്പം വളരെ പ്രസിദ്ധമാണല്ലോ. കേരളത്തിലെ കത്തോലിക്കര്‍ക്ക്‌ കെ.എം.മാണി തങ്ങളുടെ പൊന്നോമന പുത്രനാണ്‌. കേരളത്തില്‍ ഇടതുപക്ഷം ക്രിസ്‌തീയ സഭയ്‌ക്ക്‌ നേരെയുയര്‍ത്തുന്ന വെല്ലുവിളികള്‍ വളരെ കണക്കുകൂട്ടിയുള്ള രാഷ്‌ട്രീയ തന്ത്രമാണ്‌. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും ക്രൈസ്‌തവ സമൂഹത്തെ കാലക്രമേണ പുറത്താക്കുക എന്ന ലക്ഷ്യം പാര്‍ട്ടിക്കുണ്‍ട്‌. എസ്‌.എന്‍.ഡി.പി പോലുള്ള സംഘടനകള്‍ ഇതില്‍ ആഹ്‌ളാദിക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ സവര്‍ണ്ണവോട്ടും പ്രതീക്ഷിക്കുന്നു. മുസ്ലീങ്ങള്‍ ഒഴിച്ചുള്ള ന്യൂനപക്ഷങ്ങളെ എതിര്‍ത്താലും അപ്പുറത്ത്‌ കുറേ നേട്ടങ്ങള്‍ കാണുകയാണ്‌ സി.പി.എം.

സര്‍ക്കാരും സഭയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇതിന്റെ പ്രകടമായ ഉദാഹരണമാണ്‌. ഇതിനെതിരെ രാഷ്‌ട്രീയമായ കരുനീക്കങ്ങള്‍ക്ക്‌ സഭ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ്‌ കേരളാകോണ്‍ഗ്രസുകള്‍ ഒന്നാകുന്നതിന്റെ കാണാപ്പുറം. മാണിയെന്ന വ്യക്തിയെ ഫോട്ടോയില്‍ കണ്‍ടാല്‍ പോലും കലിതുള്ളിയിരുന്ന പി.സി.ജോര്‍ജും ഒരിക്കലും അടുക്കാത്ത ജോസഫും മാണിയുമായി കൂടിച്ചേരുമ്പോള്‍ വിട്ടുപോയവര്‍ ഒന്നാകുക എന്നതിനപ്പുറം തിരുവിതാംകൂറും കുടിയേറ്റ മേഖലയിലും ക്രിസ്‌തീയ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യവുമുണ്‍ട്‌.

ഒരു ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നതിനേക്കാള്‍ പള്ളിനേതൃത്വത്തിന്‌ കേരളാകോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ്‌ എന്തുകൊണ്‍ടും നേട്ടം. ഏത്‌ മന്ത്രിസഭയെയും വരച്ച വരയില്‍ നിര്‍ത്താന്‍ ഈ രാഷ്‌ട്രീയ ശക്തിയിലൂടെ സാധിക്കും. കോണ്‍ഗ്രസിന്റെ കുറേ സീറ്റുകളുടെ ജയാപജയങ്ങളെ കേരളാകോണ്‍ഗ്രസിന്‌ നിര്‍ണ്ണയിക്കാനാകും. എങ്കിലും രാഷ്‌ട്രീയശക്തി കുറേക്കൂടെ കൈവരിക്കണമെങ്കില്‍ പിള്ളയും ജേക്കബും ഈ കൂടാരത്തില്‍ എത്തണം. ഇതിനുള്ള ഫോമുലകള്‍ പലതും ചര്‍ച്ച ചെയ്‌തെങ്കിലും ഇതുവരെ ഫലവത്തായിട്ടില്ല. സഭ ഇക്കാര്യത്തില്‍ എന്തുചെയ്യുമെന്നത്‌ വളരെ നിര്‍ണ്ണായകമാണ്‌.

കേരളത്തിലെ ക്രൈസ്‌തവസഭ തങ്ങളുടെ വിലപേശലിന്റെ ശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അപ്പുറത്ത്‌ എന്തൊക്കെ തന്ത്രങ്ങളാണ്‌ രൂപപ്പെടുന്നതെന്ന്‌ കാത്തിരുന്ന്‌ തന്നെ കാണണം.

 

Responses