2012നെ ആര്‍ക്കാണ്‌ പേടി?

\"\"

2012ല്‍ നടക്കാന്‍ സാദ്ധ്യതയുണ്‍ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചില സംഭവങ്ങളെച്ചൊല്ലി ലോകത്ത്‌ നല്ലൊരു വിഭാഗം ഭീതിയില്‍ കഴിയുകയാണ്‌. കുറെ നാളുകളായി 2012നെ ചുറ്റിപ്പറ്റി അനേകം വാര്‍ത്തകളാണ്‌ പൊടിപ്പും തൊങ്ങലും വച്ച്‌ പുറത്ത്‌ വന്നുകൊണ്‍ടിരിക്കുന്നത്‌. എരിതീയില്‍ എണ്ണ ഒഴിക്കാനെന്നവണ്ണം സുന്ദരമായ ഗ്രാഫിക്‌സിന്റെയും അതിരുകളില്ലാത്ത ഭാവനയുടെയും അകമ്പടിയോടുകൂടി പുറത്തിറങ്ങിയ 2012 എന്ന ഹോളിവുഡ്‌ സിനിമ ജനമനസ്സുകളില്‍ ഭീതി പരത്തുകയും പണം വാരിക്കൂട്ടുകയും ചെയ്യുന്നു. ഇതിനിടയില്‍ 2012ല്‍ ലോക നാശത്തില്‍ നിന്നും രക്ഷപെടണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ സുരക്ഷിത കേന്ദ്രങ്ങളൊരുക്കാമെന്ന വാഗ്‌ദാനത്തോടെ കുറെ വെബ്‌സൈറ്റുകളും രംഗത്ത്‌ വന്നു കഴിഞ്ഞു. അതില്‍ പേരും വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്‌തവരുടെ എണ്ണം ആയിരക്കണക്കിനാണ്‌. സത്യത്തില്‍ എന്തുകൊണ്‍ടാണ്‌ ജനം 2012നെ ഇത്രയധികം ഭയക്കുന്നത്‌. മനസ്സിലാക്കാന്‍ പ്രയാസമുള്ള സങ്കീര്‍ണ്ണമായ ശാസ്‌ത്ര ഭാഷകളോ പദങ്ങളോ ഉപയോഗിക്കാതെ അടിസ്ഥാനപരമായി ഇതെന്താണെന്ന്‌ ഗ്രഹിപ്പിക്കുവാനാണ്‌ ഈ ലേഖനം ലക്ഷ്യമിടുന്നത്‌. കൂടുതല്‍ ആഴമായി പ ിക്കണമെന്നുള്ളവര്‍ക്കായി ശാസ്‌ത്ര ലേഖനങ്ങളും വസ്‌തുതകളെ മനസ്സിലാക്കാനുതകുന്ന ആയിരക്കണക്കിന്‌ വെബ്‌സൈറ്റുകളും പ്രചാരത്തിലുണ്‍ട്‌.


തെക്കേ അമേരിക്കയില്‍ യൂറോപ്യന്‍സ്‌ അധിനിവേശം നടത്തുന്നതിന്‌ മുമ്പ്‌ ധാരാളം ഗോത്ര-വംശ സമൂഹങ്ങള്‍ ജീവിച്ചിരുന്നു. നമ്മള്‍ റെഡ്‌ ഇന്ത്യക്കാരെന്നും അമേരിക്കക്കാര്‍ അമേരിക്കന്‍ ഇന്‍ഡ്യന്‍സ്‌ അല്ലെങ്കില്‍ നേറ്റീവ്‌ ഇന്ത്യന്‍സ്‌ എന്നും വിളിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങള്‍ ഗോത്രങ്ങളും കുലങ്ങളുമായി തിരിഞ്ഞ്‌ ജീവിച്ചുപോന്നു. അവരില്‍ പ്രമുഖമായ ഒരു വംശമായിരുന്നു \'\'മായന്‍സ്‌\'\'. അവര്‍ക്ക്‌ ഉയര്‍ന്ന സംസ്‌കാരവും പ്രപഞ്ചത്തെക്കുറിച്ചും കാലങ്ങളെപ്പറ്റിയുമൊക്കെ നല്ല അറിവുമൂണ്‍ടായിരുന്നു. കലണ്‍ടര്‍ അവരുടെ ഇടയില്‍ പ്രചാരത്തിലുണ്‍ടായിരുന്നു എന്നത്‌ മായന്‍സിന്റെ ശാസ്‌ത്രീയമായ അറിവിനെ കാണിക്കുന്നു. സൂര്യചന്ദ്രന്‍മാരുടെ നീക്കങ്ങളും മറ്റും ചിത്രകലാരൂപത്തില്‍ അവര്‍ തടികളിലും മറ്റും കൊത്തിവച്ചു. ഭൂമിയില്‍ സൂര്യചന്ദ്രന്‍മര്‍ക്കുള്ള സ്വാധീനത്തെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങള്‍ അതിശയിപ്പിക്കുന്നതാണ്‌.
മായന്‍ സമൂഹം ഉപയോഗിച്ചിരുന്ന ഒരു കലണ്‍ടറിന്‌ നമ്മുടെ ഇന്നത്തെ കലണ്‍ടറിനോട്‌ ഏറെ സാമ്യമുണ്‍ടായിരുന്നു. 13-ാം വര്‍ഷത്തില്‍ ആരംഭിക്കുന്ന കലണ്‍ടര്‍ കാലാവധി 2012-ഓടെ അവസാനിക്കുകയാണ്‌. അതിനുശേഷം പുതിയ ഒരു യുഗം പിറക്കുമെന്നാണ്‌ കലണ്‍ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. മായന്‍ കലണ്‍ടറിലെ ചിത്രരൂപങ്ങളെ വ്യാഖ്യാനിച്ച്‌ പരിചയമുള്ള പണ്‌ഡിതന്‍മാരുടെ വീക്ഷണത്തില്‍ 2012 ഡിസംബര്‍ മാസത്തോടുകൂടി അതിഭയങ്കരമായ സംഭവങ്ങള്‍ ലോകത്ത്‌ അരങ്ങേറും. ഭൂമിയ്‌ക്ക്‌ അടിമുടി വ്യത്യാസങ്ങള്‍ സംഭവിക്കും. ദിക്കകളുള്‍പ്പെടെ മാറിപ്പോകാനിടയുണ്‍ട്‌. എന്തായാലും 2012നു ശേഷമുള്ള ഭൂമിയുടെ അവസ്ഥ ഇന്നത്തെ നിലയില്‍ ആയിരിക്കുകയില്ലെന്നാണ്‌ മായന്‍ കലണ്‍ടറിനെപ്പറ്റി പ ിക്കുന്നവരുടെ വിലയിരുത്തല്‍.

2012-ല്‍ ലോകാവസാനം എന്ന ആശയത്തെ ശക്തമായി പിന്തുണയ്‌ക്കുന്നതാണ്‌ മൈക്കിള്‍ ഡ്രോസ്‌നിന്‍ എന്ന അമേരിക്കക്കാരന്‍ പത്രപ്രവര്‍ത്തകന്റെ \'\'ബൈബിള്‍ കോഡ്‌\'\' എന്ന പുസ്‌തകം. ലഭ്യമായിട്ടുള്ള പ്രതികളില്‍ നിന്ന്‌ പ്രത്യേകാല്‍ പഞ്ചഗ്രന്ഥത്തില്‍ നിന്നുള്ള അക്ഷരങ്ങളെ പ്രത്യേകമായ നിലയില്‍ നിരത്തിവെച്ച്‌ ചില രഹസ്യങ്ങള്‍ കണ്‍ടെത്തി വ്യാഖ്യാനിക്കുന്നതാണ്‌ \'ബൈബിള്‍ കോഡുകള്‍\' എന്നതുകൊണ്‍ട്‌ അര്‍ത്ഥമാക്കുന്നത്‌. ഒരു ശാസ്‌ത്രത്തിന്റെയും പിന്‍ബലമില്ലാതെ യുക്തിപരമെന്നു തോന്നുന്ന ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്ന്‌ അതിന്‌ ചില വിശ്വസനീയമായ വ്യാഖ്യാനം നല്‍കുന്നതാണ്‌ പ്രധാന പരിപാടി. \'ബൈബിള്‍\' എന്നും \'കോഡ്‌\' എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ കുറെ ബൈബിള്‍ സ്‌നേഹികള്‍ ശ്രദ്ധിക്കുമെന്നതാണ്‌ ഇതിന്റെ സൂത്രധാരണത്തിന്‌ പിന്നില്‍. 2012-ല്‍ ആകാശത്തു നിന്നും അത്യുഗ്രശേഷിയുള്ള ഉല്‍ക്കകള്‍ പതിച്ച്‌ ഭൂമി തകര്‍ന്നു തരിപ്പണമാകുമെന്നും അതുപോലെ ഭൂമി ചുരുങ്ങി ചുരുങ്ങി ഒരു ചുരുളായിപ്പോകുമെന്നുമൊക്കെയാണ്‌ ബൈബിള്‍ കോഡിന്റെ കണ്‍ടെത്തല്‍. ലോകത്ത്‌ നടക്കുന്ന മിക്ക സംഭവങ്ങളും ബൈബിള്‍ കോഡിന്റെ സഹായത്തോടെ ഇക്കൂട്ടര്‍ തെളിയിക്കാറുണ്‍ട്‌! പക്ഷേ പലതും സംഭവിച്ചു കഴിഞ്ഞതാണെന്നു മാത്രം.

ഏറെ പ്രശസ്‌തമായ നോസ്‌ട്രഡാമസിന്റെ പ്രവചങ്ങളും 2012ലെ ലോകത്തിന്റെ നാശത്തെ പിന്തുണയ്‌ക്കാന്‍ ചിലര്‍ ഉപയോഗിക്കുന്നുണ്‍ട്‌. 1999 ഏഴാം മാസം ഒരു ഭീകരനായ രാജാവ്‌ എഴുന്നേല്‍ക്കുമെന്നുമൊക്കെ ഇദ്ദേഹം പ്രവചിച്ചിരുന്നു. മൂന്ന്‌ അന്തിക്രിസ്‌തുക്കള്‍ വരുമെന്നും താന്‍ പ്രവചനം നടത്തി. കുറെ വ്യാഖാനികള്‍ അത്‌ വ്യാഖ്യാനിച്ച്‌ ഹിറ്റ്‌ലറിനെയും ആയത്തുള്ള ഖുമൈനിയേയും (ഇറാന്‍), ഒടുവില്‍ സദ്ദാം ഹൂസൈനെ വരെയും അന്തിക്രിസ്‌തുക്കളാക്കി. ഇപ്പോള്‍ ഒബാമയാണ്‌ അന്തിക്രിസ്‌തുവായി അവതരിപ്പിക്കപ്പെടുന്നത്‌. അന്ത്യന്യായവിധി ദിനത്തെ (Dooms Day) പ്പറ്റി നോസ്‌ട്രഡാമസ്‌ നടത്തിയ വെളിപ്പാടുകളുടെ ചുവട്‌ പിടിച്ചാണ്‌ 2012നെ ഇദ്ദേഹവുമായി ബന്ധിപ്പിക്കുന്നത്‌. 2012 എന്ന വര്‍ഷത്തെപ്പറ്റി ഇദ്ദേഹം പരാമര്‍ശിച്ചിട്ടുമില്ല.


ചാള്‍സ്‌ ഡാര്‍വിന്റെ ആശയമായ ബിഗ്‌ബാംഗ്‌ തിയറി വീണ്‍ടും ശാസ്‌ത്രജ്ഞന്‍മാര്‍ പരീക്ഷിക്കാനൊരുങ്ങുന്ന വാര്‍ത്ത ചില വര്‍ഷങ്ങളായി കേട്ടുതുടങ്ങിയതാണ്‌. ബിഗ്‌ബാംഗ്‌ തിയറി എന്നു പറഞ്ഞാല്‍, ഈ ലോകം ഉണ്‍ടായത്‌ അനാദികള്‍ക്കു മുമ്പുണ്‍ടായ കൂട്ടിയിടിയുടെ ഫലമാണെന്ന വാദമാണ്‌. സ്വിറ്റ്‌സര്‍ലണ്‍ടിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ 2012ല്‍ ഇത്‌ വീണ്‍ടും പരീക്ഷിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന്‌ പറയാനാകില്ലെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഒന്നുകില്‍ സര്‍വ്വനാശം അല്ലെങ്കില്‍ വലിയ ശാസ്‌ത്രീയ നേട്ടം എന്നിവയിലൊന്നു സംഭവിക്കുമെന്നാണ്‌ നിഗമനം.


1094നും 1148നും ഇടയില്‍ ജീവിച്ചിരുന്ന അര്‍മ്മായിലെ ആര്‍ച്ച്‌ ബിഷപ്പായിരുന്ന മലാഖിയുടെ മാര്‍പ്പാപ്പാമാരെപ്പറ്റിയുള്ള പ്രവചനമാണ്‌ അടുത്ത ലോകാവസാനവാദക്കാരുടെ തുറുപ്പുചീട്ട്‌. റോമില്‍ ഇപ്പോഴുള്ള ബെനഡിക്‌ട്‌ 16-ാമന്റെ കാലശേഷം പത്രോസ്‌ എന്ന്‌ നാമമുള്ള ഒരു പോപ്പ്‌ അധികാരത്തിലെത്തുമെന്നും അദ്ദേഹം കത്തോലിക്ക സഭയുടെ അവസാനത്തെ പോപ്പായിരിക്കുമെന്നുമാണ്‌ പ്രവചനം. പത്രോസ്‌ എന്ന്‌ പേരുള്ള വരോസ്ഥാനലബ്‌ദിക്കുശേഷം പത്രോസ്‌ എന്ന പേര്‌ സ്വീകരിക്കുവാന്‍ സാദ്ധ്യതയുള്ളതോ ആയ അടുത്ത പോപ്പിനെ തപ്പിക്കൊണ്‍ടു നടക്കുകയാണ്‌ ഈ ആശയത്തെ അനുകൂലിക്കുന്നവര്‍.
വെളിപ്പാട്‌ പുസ്‌തകത്തില്‍ 6ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗങ്ങളാണ്‌ 2012-ഉം ബൈബിള്‍ പ്രവചനവുമായി കൂട്ടിപ്പറയുന്നത്‌. 6: 1215 ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്‍ടായി; സൂര്യന്‍ കരിമ്പടം പോലെ കറുത്തു. ചന്ദ്രന്‍ രക്ത തുല്യമായിത്തീര്‍ന്നു.... എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തു നിന്ന്‌ ഇളകിപ്പോയി. ഇത്‌ മഹോപദ്രവകാലത്തു നടക്കുന്ന സംഭവമാണ്‌. യാദൃശ്ചികമെന്നവണ്ണം വെളിപാട്‌ 20: 12ല്‍ കാണുന്നത്‌ അന്ത്യന്യായവിധിയെപ്പറ്റിയാണ്‌. വേദപ ിതാക്കള്‍ക്കറിയാം ഈ സംഭവം എത്രകാലം കഴിഞ്ഞാണ്‌ നടക്കുന്നതെന്ന്‌!


ശാസ്‌ത്രലോകവും പ്രത്യേക ശ്രദ്ധതന്നെ ഈ വിഷയത്തിന്‌ കൊടുക്കുന്നുണ്‍ട്‌. ഓരോ ദിവസവും -അമ്പരിപ്പിക്കുന്ന- വിവരങ്ങളുമായി അനേക പുസ്‌തകങ്ങളും ഇറങ്ങുന്നുണ്‍ട്‌. 2012 സിനിമ പോലെ അതും ചൂടപ്പം പോലെ വിറ്റഴിയുന്നുണ്‍ട്‌.


ഇനി പൊളിഞ്ഞു പോയ ചില കൊട്ടിഘോഷിച്ച പ്രവചനങ്ങള്‍ നോക്കാം. 1. 1992 ഒക്‌ടോബര്‍ മാസം കര്‍ത്താവ്‌ വരും. പിന്നെ ഏഴുവര്‍ഷം മണിയറയില്‍. 2000ല്‍ ആയിരമാണ്‍ട്‌ വാഴ്‌ച ആരംഭിക്കും. (ഇത്‌ ഒരു സഭാ നേതാവ്‌ പ്രസംഗിക്കുന്നത്‌ കേട്ടതാണ്‌ ലേഖകന്‍). ഫലം: ഒന്നും നടന്നില്ല.
2. 2007ല്‍ ഭൂമിയെ ഒരു ഉല്‍ക്ക തകര്‍ക്കും. ഫലം. ഒരു ഉലക്കയും ഭൂമിയെ തൊട്ടില്ല.
3. ലോകജനസംഖ്യ 666 കോടിയാകുമ്പോള്‍ ഹര്‍മ്മഗദ്ദോന്‍ യുദ്ധം ആരംഭിക്കും. ഫലം. ലോകജനസംഖ്യ 700 കോടിയായി; ഒന്നും നടന്നില്ല.
4. 2007 ജൂലൈ 7ന്‌ (7/7/7) കര്‍ത്താവ്‌ വരും. ഫലം. നമുക്കറിയാം.
5. 2008 മാര്‍ച്ച്‌ 21ന്‌ ഹര്‍മ്മഗദ്ദോന്‍ യുദ്ധം തുടങ്ങും. ഫലം ഒരു ചുക്കും നടന്നില്ല.
6. 2009 ആഗസ്റ്റ്‌ 29ന്‌ ഭൂമിയെ ആയിരക്കണക്കിന്‌ ധൂമകേതുക്കള്‍ ഇടിച്ചു തകര്‍ക്കും. ഫലം - ഒരു വിവരക്കേട്‌ കൂടി. പൊളിഞ്ഞു അനേകം -പ്രവചനങ്ങള്‍- ഉണ്‍ട്‌; അക്കൂട്ടത്തില്‍ ഒന്നായി 2012ലെ ലോകാവസാനവും തീരുമെന്ന്‌ ഉറപ്പിക്കാം.


ഇനി ബൈബിള്‍ പ ിച്ചാല്‍, ലോകം അവസാനിക്കുന്നതിന്‌ മുമ്പ്‌ സപ്രധാനമായ കുറെ കാര്യങ്ങള്‍ നടക്കണം. ഒന്നാമത്‌ കര്‍ത്താവിന്റെ മടങ്ങിവരവ്‌; തുടര്‍ന്നാരംഭിക്കുന്ന 7 വര്‍ഷത്തെ മണിയറ വാസം; ആ സമയത്ത്‌ ഭൂമിയില്‍ മഹോപദ്രവകാലം. 7 വര്‍ഷം കഴിഞ്ഞ്‌ കര്‍ത്താവിന്റെ മഹത്വപ്രത്യക്ഷത. സാത്താനെയും കൂട്ടരെയും ആയിരം വര്‍ഷത്തേയ്‌ക്ക്‌ ബന്ധിച്ചതിനുശേഷം നടക്കുന്ന സഹസ്രാബ്‌ദ വാഴ്‌ച. വെള്ള സിംഹാസനത്തിലെ ന്യായവിധി. പുതിയ ആകാശവും ഭൂമിയുടെയും പ്രത്യക്ഷമാകല്‍. ഇത്രയും നടക്കണമെങ്കില്‍ കുറഞ്ഞത്‌ 1007 വര്‍ഷമെങ്കിലും എടുക്കും. അപ്പോള്‍ മാത്രമേ പഴയ ആകാശവും ഭൂമിയും (ഇപ്പോള്‍ നാം കാണുന്ന ലോകം) മാറിപ്പോകുകയുള്ളൂ.
എന്നാല്‍ എതിര്‍ക്രിസ്‌തുവിന്റെ ഭരണകാലത്ത്‌ ഭൂമി ഭയങ്കരമായ സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കും. വെളിപ്പാട്‌ പുസ്‌തകത്തില്‍ കാണുന്ന പ്രകാരം ഭൂമിക്കും ആകാശത്തിനും സമുദ്രത്തിലുമൊക്കെ വ്യാപകമായ നാശനഷ്‌ടങ്ങള്‍ സംഭവിക്കും. മഹോപദ്രവത്തിന്റെ ഭാഗമായുള്ള സംഭവങ്ങളാണോ 2012ല്‍ നടക്കുന്നതെന്ന്‌ മായന്‍ കലണ്‍ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ എന്ന്‌ വ്യക്തമല്ല.

സംഗതി എന്തായാലും ഒരു ദൈവപൈതലിനെ സംബന്ധിച്ചിടത്തോളം 2012 മാത്രമല്ല, ഇത്തരത്തിലുള്ള ഒരു പ്രവചനവും ഭയപ്പെടേണ്‍ടതില്ല. ഇനി ഏതു നിമിഷവും നിവൃത്തിയാകപ്പെടാനുള്ള ഒരു പ്രവചനത്തിലാണ്‌ നമ്മുടെ സകല പ്രതീക്ഷയും. അത്‌ നമ്മുടെ കര്‍ത്താവിന്റെ രണ്‍ടാം വരവാണ്‌. നമ്മുടെ പ്രത്യാശ ലോകത്തിന്റെ അവസാനമോ നിലനില്‍പ്പോ ഒന്നുമല്ല. സൗജന്യമായി കര്‍ത്താവൊരുക്കിയ നിത്യരക്ഷയും നിത്യജീവനുമാണ്‌. നാം അവന്റെ വാഗ്‌ദത്ത പ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു. (2 പത്രോ. 3: 13). 46-ാം സങ്കീര്‍ത്തനത്തില്‍ 2, 3 വാക്യങ്ങളില്‍ ഇങ്ങനെ പറയുന്നുണ്‍ട്‌: -അതുകൊണ്‍ട്‌ ഭൂമി മാറിപ്പോയാലും, പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപം കൊണ്‍ട്‌ പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല- ഈ സങ്കീര്‍ത്തനം എഴുതിയ കോരഹിന്റെ മക്കള്‍ ഭൂമി മാറിപ്പോകുന്നതിന്‌ സാക്ഷികളാണ്‌; പക്ഷേ ഒന്നാമത്തെ വാക്യമാണ്‌ അവരുടെ ധൈര്യം.


\'\'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്‌ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു\'\'.


കെട്ടുകഥകളെയും ഊഹോപോഹങ്ങളെയും തള്ളിക്കളയുക; ദൈവവചനത്തിലും ദൈവത്തിലും വിശ്വസിക്കുക. ദൈവം നമുക്ക്‌ തുണ.

 

Responses