പെന്റക്കൊസ്റ്റ്‌ ഇന്ത്യയില്‍ (പെന്റക്കൊസ്റ്റ്‌ ചരിത്രം -അധ്യായം 4)

പരിശുദ്ധാത്മവരങ്ങളുടെ പ്രകടനം പല ഉണര്‍വ്വുയോഗങ്ങളിലും പ്രദര്‍ശിതമായിരുന്നുവെങ്കിലും ഈ നൂറ്റാണ്‍ടിലെ പെന്റക്കൊസ്‌തുണര്‍വ്വിന്റെ ആരംഭമായി പരിഗണിക്കപ്പെടുന്നത്‌ 1901 ജനുവരി ഒന്നിനു റ്റൊപ്പീക്കയില്‍ ചാള്‍സ്‌ പര്‍ഹാമിന്റെ ബെഥേല്‍ ബൈബിള്‍ സ്‌കൂളില്‍ വെച്ച്‌ ആഗ്നസ്‌ ഓസ്‌മാനാല്‍ അനുഭവമായ അന്യഭാഷഭാഷണത്തെയാണ്‌. അതുപോലെ കഴിഞ്ഞ നൂറ്റാണ്‍ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇന്ത്യയല്‍ നടന്ന ഉണര്‍വ്വുയോഗങ്ങളില്‍ ആത്മവരങ്ങളുടെ പ്രകടമായ പ്രദര്‍ശനം പലയിടങ്ങളിലുമുണ്‍ടായി എങ്കിലും ഇന്ത്യയിലെ പെന്റക്കൊസ്റ്റുണര്‍വ്വിന്റെ ആരംഭമായി കണക്കാക്കുപ്പെടുന്നത്‌ 1905-ല്‍ മുക്തിമിഷനില്‍ ഉണ്‍ടായ പരിശുദ്ധാത്മ പകര്‍ച്ചയാണ്‌.


ഉണര്‍വ്വുകാലങ്ങളിലെ ആത്മവരപ്രകടനങ്ങള്‍ ഒറ്റപ്പെട്ടവയായിരുന്നു. അവ പുറംലോകം ശ്രദ്ധിക്കത്തക്ക നിലയില്‍ ശക്തിയേറിയതല്ലായിരുന്നതിനാലും സംഘടിതരൂപം കൈവരിക്കത്തക്കനിലയില്‍ ദീര്‍ഘമായി നിലനില്‍ക്കാത്തതിനാലുമാണ്‌ -മുക്തിയിലെ ഉണര്‍വ്വ്‌- നവപെന്റക്കൊസ്റ്റ്‌ ചരിത്രത്തിന്റെ പ്രാരംഭ പുറങ്ങളില്‍ കയറിക്കൂടിയത്‌.


മുക്തിമിഷനിലെ പരിശുദ്ധാത്മ ഉണര്‍വ്വിന്റെ പ്രത്യേകത അതിന്റെ ഭാരതീയ അടിസ്ഥാനമാണ്‌. അസൂസാ സ്‌ട്രീറ്റിലെ പെന്റക്കൊസ്റ്റ്‌ ഉണര്‍വ്വ്‌ ആരംഭിക്കുന്നതിനു മുമ്പാണ്‌ മുക്തിമിഷനില്‍ പെന്റക്കൊസ്റ്റ്‌ ഉണര്‍വ്വ്‌ പൊട്ടിപുറപ്പെട്ടത്‌. 1905 ജൂണ്‍ 29നു പുലര്‍ച്ചെ മൂന്നരയ്‌ക്ക്‌ മിഷന്‍ ഹൗസിലെ ഒരു സീനിയര്‍ പെണ്‍കുട്ടിയിലാണ്‌ ഉണര്‍വ്വിന്റെ ആരംഭം. പിറ്റേന്ന്‌ രാവിലെ രമാഭായി യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായം ആസ്‌പദമാക്കി വേദപാ ക്ലാസ്സുകള്‍ നടത്തുമ്പോള്‍ കേള്‍വിക്കാരിലേക്ക്‌ ഉണര്‍വ്വു വ്യാപിച്ചിരുന്നു. പെണ്‍കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിലിനും പ്രാര്‍ത്ഥനയ്‌ക്കുമിടയില്‍ രമാഭായിയുടെ വേദപാ ക്ലാസ്സുകള്‍ മുങ്ങിപ്പോയി അന്യഭാഷാഭാഷണം ഉള്‍പ്പെടെയുള്ള എല്ലാ ആത്മവരങ്ങളുടെയും പ്രദര്‍ശനം മുക്തി ഉണര്‍വ്വുയോഗങ്ങളില്‍ ഉണ്‍ടായിരുന്നു.


ആംഗ്ലിക്കന്‍ മനസ്സുള്ള രമാഭായി ഈ അന്യഭാഷയെയും ബഹളത്തെയും എങ്ങനെയാണ്‌ നോക്കിക്കണ്‍ടത്‌?  \'\'ഞാനാദ്യം അതിനെപ്പറ്റി വളരെ ബോധവതിയായിരുന്നു. എന്നാല്‍ ഏതെങ്കിലും നിലയില്‍ കൈകടത്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല\'\' (Panditha Ramabai H.S. Dyer, P. 2)
മുക്തി ഉണര്‍വ്വില്‍ ഭാഗഭാക്കായവര്‍ മദ്ധ്യഇന്ത്യയിലും ഉത്തരഇന്ത്യയിലും ഉണര്‍വ്വ്‌ വാഹകരായി സഞ്ചരിച്ചു. എന്നാല്‍, പില്‍ക്കാലത്തെ പെന്റക്കൊസ്‌റ്റ്‌ വ്യാപനത്തിന്‌ അവരുടെ പ്രവര്‍ത്തനം സഹായമായെങ്കില്‍ക്കൂടെ, മുക്തിയിലെ ആളുകള്‍ തങ്ങളെത്തന്നെ പെന്റക്കൊസ്റ്റരായി കരുതുകയോ സംഘടിത നിലയില്‍ പെന്റക്കൊസ്‌റ്റിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപകരണങ്ങളാവുകയോ ചെയ്‌തില്ല.
ഇന്ത്യയില്‍ പെന്റക്കൊസ്റ്റിന്‌ ഒരു സംഘടിതഭാവം നല്‍കുന്നത്‌ വിദേശ മിഷനറിമാര്‍ തന്നെയാണ്‌. അസൂസാ സ്‌ട്രീറ്റിലെ ഉണര്‍വ്വുയോഗങ്ങളില്‍ ആത്മസ്‌നാനം പ്രാപിച്ച പലരും പെന്റക്കൊസ്റ്റ്‌ മിഷനറിമാരായി ഇന്ത്യയിലേക്കു ചെന്നിരുന്നു. ഭാരതത്തിലെ സംഘടിത പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ ഏറെ കടപ്പാടുള്ളത്‌ തീര്‍ച്ചയായും ആ മിഷനറിമാരോടാണ്‌.


പണ്‌ഡിത രമാഭായിയുടെ മുക്തി മിഷനില്‍വെച്ച്‌ 1905-ല്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ച അമേരിക്കന്‍ മിഷനറി വനിത മിന്നി അംബ്രാംസിനെ ഒഴിച്ചു നിര്‍ത്തിയാല്‍ പെന്റക്കൊസ്റ്റിന്റെ സന്ദേശവുമായി ഇന്ത്യയിലേക്ക്‌ ആദ്യമെത്തിയ മിഷനറി എ.ജി. ഗാര്‍ ആണെന്നു തോന്നുന്നു. 1906 ജൂണ്‍ പതിനാറിനു ഗാര്‍ ആത്മസ്‌നാനം പ്രാപിച്ചു. അസൂസാസ്‌ട്രീറ്റിലെ ഉണര്‍വ്വുനായകനായിരുന്ന വില്യം ജെ. സെയ്‌മൂര്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനായ പാസ്റ്ററുടെ യോഗങ്ങളില്‍ പങ്കെടുത്ത്‌ പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുന്ന ആദ്യത്തെ വെള്ളക്കാരന്‍ ആയിരുന്നു എ.ജി. ഗാര്‍.


അസൂസ തെരുവില്‍വെച്ചുതന്നെ ഇന്ത്യയിലേക്ക്‌ മിഷനറിയായി പോകാന്‍ ഗാര്‍ തീരുമാനമെടുത്തു. 1907-ല്‍ അദ്ദേഹം കല്‍ക്കത്തയിലെത്തി. അവിടെ മിഷനറിമാരുടെ ഒരു കണ്‍വന്‍ഷനില്‍ പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ച്‌ പ്രസംഗിച്ചശേഷം പണ്‌ഡിത രമാഭായിയുടെ മുക്തിമിഷനിലേക്കും പിന്നെ ബോംബെയിലേക്കും യാത്ര ചെയ്‌ത്‌ പെന്റക്കൊസ്റ്റിന്റെ പ്രചാരകനായി. 1912-നു മുമ്പ്‌ ഗാര്‍ പെന്റക്കൊസ്റ്റ്‌ ദൂതുമായി മിക്ക ഏഷ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.


അസൂസ സ്‌ട്രീറ്റില്‍നിന്നും തെക്കെ ഇന്ത്യയില്‍ എത്തിയ ആദ്യ മിഷനറി തോമസ്‌ ബാരറ്റ്‌ (നോര്‍വ്വെ) ആണെന്നാണ്‌ രേഖകള്‍. യൂറോപ്പിന്റെ പെന്റക്കൊസ്റ്റ്‌ അപ്പോസ്‌തലന്‍ എന്നറിയപ്പെടുന്ന ബാരറ്റ്‌ സ്വീഡനിലും, ഇംഗ്ലണ്‍ടിലും ജര്‍മ്മനിയിലുമെല്ലാം ആദ്യമായി പെന്റക്കൊസ്റ്റ്‌ സന്ദേശമെത്തിച്ച മഹത്‌വ്യക്തിയാണ്‌. 1907-ല്‍ അദ്ദേഹം മറ്റ്‌ രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും എത്തി. മദ്രാസ്‌ പ്രാവിശ്യയിലെ കൂനൂരില്‍ മിഷനറിമാര്‍ക്കായി പെന്റക്കൊസ്റ്റ്‌ ഉണര്‍വ്വുയോഗങ്ങള്‍ നടത്തിയ ബാരറ്റിന്‌ ഏറെ ആളുകളെ ശിഷ്യരാക്കുവാന്‍ കഴിഞ്ഞു. ഈ യോഗങ്ങളില്‍ പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ച മിസ്‌ ബൗണ്‍സില്‍, ആള്‍ഡ്‌ വിങ്കിള്‍ എന്നീ ബ്രദറണ്‍ മിഷനറിമാരാണ്‌ പിന്നീട്‌ തെക്കന്‍ തിരുവിതാംകൂറില്‍ പെന്റക്കൊസ്റ്റിന്റെ സന്ദേശവുമായി എത്തിയത്‌.
ഇതിനോടടുത്ത കാലത്താണ്‌ ജര്‍മ്മന്‍ വംശജനായ ജോര്‍ജ്ജ്‌ ബര്‍ഗ്‌ അമേരിക്കയില്‍നിന്നു പെന്റക്കൊസ്റ്റ്‌ സന്ദേശവുമായി ബാംഗ്ലൂരിലെത്തുന്നത്‌. തനിക്കു മുമ്പു വന്ന മിഷനറിമാര്‍ പാശ്ചാത്യ മിഷനറിമാരുടെ ഇടയിലോ, ആംഗലേയ ഭാഷ കൈവശമായവരുടെയിടയിലോ, തങ്ങളുടെ പ്രവര്‍ത്തനം ഒതുക്കിനിര്‍ത്തിയപ്പോള്‍ ബര്‍ഗ്‌ സ്വദേശിയാരായ ജനങ്ങളുടെ ഇടയിലേക്ക്‌ പെന്റക്കൊസ്റ്റ്‌ സന്ദേശവുമായി യാത്ര ചെയ്‌തു. നാട്ടുകാര്‍ക്കിടയില്‍ പെന്റക്കൊസ്റ്റ്‌ കൂടിവരവുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞയാള്‍ എന്ന സവിശേഷതയും ബര്‍ഗിനുണ്‍ട്‌.


1907-ല്‍ ഇന്ത്യയിലെത്തിയ മറ്റൊരു അമേരിക്കന്‍ മിഷനറിയായിരുന്നു ക്രിസ്റ്റ്യന്‍ ഷൂണ്‍മേക്കര്‍. ക്രിസ്റ്റ്യന്‍ ആന്‍ഡ്‌ മിഷനറി അലൈന്‍ഡ്‌ (CMA) സംഘത്തിന്റെ മിഷനറിയായാണ്‌ അദ്ദേഹം ഇന്ത്യയില്‍ വന്നത്‌. പരിശുദ്ധാത്മാസ്‌നാനത്തിനായി കാത്തിരിക്കേണ്‍ടത്‌ അത്യാവശ്യമാണെന്ന്‌ അദ്ദേഹം ജനങ്ങളോടു ശക്തിയായി പ്രബോധിപ്പിച്ചു. എന്നാല്‍ അന്ന്‌ അദ്ദേഹം പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചിരുന്നില്ല. 1908-ല്‍ അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ നിറയുകയും രോഗശാന്തിയുള്‍പ്പെടെ പല ആത്മവരങ്ങളോടെ തന്റെ ശുശ്രൂഷ തുടരുകയും ചെയ്‌തു. പിന്നീട്‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡില്‍ ചേര്‍ന്ന ഷൂണ്‍മേക്കര്‍ 1917-ല്‍ എ.ജി. മിഷനറിയായി വീണ്‍ടും ഇന്ത്യയിലെത്തി. 1918-ല്‍ സഹാരന്‍പൂരില്‍ ഇന്ത്യന്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സംഘടിത രൂപം പ്രാപിച്ചപ്പോള്‍ ഷൂണ്‍ മേയ്‌ക്കര്‍ ആയിരുന്നു അതിന്റെ ചെയര്‍മാന്‍.


മിന്നി അംബ്രാസിനെപ്പോലെ ഇന്ത്യയില്‍ മിഷനറിയായി വസിക്കും കാലം ആത്മസ്‌നാനം പ്രാപിച്ച ഇംഗ്ലീഷുകാരിയാണ്‌ ആലീസ്‌ ഈവ്‌ലിന്‍ ലൂസ്‌. 1896-ല്‍ ആണ്‌ സി.എം.എസ്‌. മിഷനറിയായി അവര്‍ ഇന്ത്യയിലെത്തുന്നത്‌. അസീംഗാറില്‍ പ്രേഷിതവൃത്തിയിലിരിക്കുമ്പോള്‍ പരിശുദ്ധാത്മസ്‌നാനത്തെക്കുറിച്ച്‌ വായിച്ചറിഞ്ഞ ആലീസ്‌ അതിനായി കാത്തിരിക്കുകയും 1910-ല്‍ അത്‌ പ്രാപിക്കുകയും ചെയ്‌തു. പിന്നീട്‌ രണ്‍ടു വര്‍ഷങ്ങള്‍ തന്റെ പ്രേഷിത വയല്‍ പ്രദേശങ്ങളില്‍ ആലീസ്‌ പെന്റക്കൊസ്റ്റ്‌ പ്രചാരകയായി ജീവിച്ചു. എന്നാല്‍ അസുഖബാധിതയായതിനെത്തുടര്‍ന്ന്‌ സി.എം. എസ്‌ നേതൃത്വം അവരെ തിരികെ വിളിച്ചു. 1914-ല്‍ ആലീസ്‌ സി.എം.എസ്‌ വിട്ട്‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡില്‍ ചേര്‍ന്നു.


1915-ല്‍ എ.ജി. ആലീസിനു ഓര്‍ഡിനേഷന്‍ നല്‍കിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ക്കു ഇന്ത്യയില്‍ മടങ്ങിവരാനായില്ല.


1910-നു ശേഷം ഇന്ത്യയില്‍ പെന്റക്കൊസ്റ്റ്‌ മിഷനറിമാരുടെ ഒരു പ്രവാഹം തന്നെ ഉണ്‍ടായി. എന്നുതന്നെയല്ല സ്വദേശികളായ പലരും പെന്റക്കൊസ്റ്റ്‌ ശുശ്രൂഷയ്‌ക്ക്‌ പ്രാപ്‌തരായി എഴുന്നേല്‍ക്കുകയും ചെയ്‌തു (തുടരും).

Responses