നാര്‍കോ അനാലിസിന്‌ കോടതിവക

കൊച്ചി: സ്ഥാനം ഒഴിയുന്നതിന്‌ മുമ്പ്‌ ഇന്ത്യന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍ നടത്തിയ സുപ്രധാന വിധികളിലൊന്ന്‌ നാര്‍കോ അനാലസിസ്‌ പരിശോധനയെക്കുറിച്ചാണ്‌. പ്രതികളെ നാര്‍കോ അനാലസിസിന്‌ വിധേയമാക്കുന്നത്‌ അവരുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന വിധിന്യായത്തിലൂടെ ശ്രദ്ധേയനായി അദ്ദേഹം.
കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ പ്രതികളില്‍ നാര്‍കോ അനാലസിസ്‌ പരിശോധനകള്‍ നടത്തുവാന്‍ വളരെ ഉത്സാഹം കാണിച്ചുവരികയായിരുന്നു. ഗുജറാത്തിലെ പോര്‍ബന്ധറില്‍ 2007 മെയ്‌ 9ന്‌ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ്‌ ചെയ്യപ്പെട്ട സാന്തോക്‌ബെന്‍ ജഡേജയെ മൂന്ന്‌ ദിവസത്തിനുള്ളില്‍ നാര്‍കോ പരിശോധനയ്‌ക്കായി ഗുജറാത്ത്‌ പോലീസ്‌ ശ്രമിച്ചപ്പോള്‍ അവര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. പിന്നീട്‌ ജാമ്യത്തില്‍ വിട്ടയക്കേണ്‍ടി വന്നെങ്കിലും പോലീസ്‌ ഉയര്‍ന്ന കോടതികളില്‍ നാര്‍കോ പരിശോധനയ്‌ക്കും ബ്രെയിന്‍ മാപ്പിംഗിനും അനുവാദം തേടി അപ്പീലുകള്‍ നല്‍കിവന്നു. ഈ അപ്പീലുകള്‍ക്കുള്ള അവസാന കോടതി ഉത്തരവാണ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ നല്‍കിയത്‌.


1995 ല്‍ അമേരിക്കന്‍ ന്യൂറോളജിസ്റ്റായ ഡോ.ലോറസ്‌ എ ഫെയര്‍വെലാണ്‌ ഇങ്ങനെയൊരു പരീക്ഷണത്തിന്‌ രൂപം നല്‍കുന്നത്‌. പക്ഷെ അദ്ദേഹം പോലും ഈ പരീക്ഷണങ്ങള്‍ക്ക്‌ നൂറുശതമാനം കൃത്യത അവകാശപ്പെട്ടിരുന്നില്ല. പ്രതികള്‍ക്ക്‌ ഫോറന്‍സിക്‌ ലബോറട്ടിയില്‍ ഡിസ്റ്റില്‍ ചെയ്‌ത വെള്ളത്തില്‍ സോഡിയം പെന്റോതല്‍, സോഡിയം അമൈറ്റല്‍ എന്നീ വസ്‌തുക്കള്‍ കുത്തിവച്ചുണ്‍ടാകുന്ന മയക്കത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ രഹസ്യങ്ങള്‍ കണ്‍ടെത്തുകയാണ്‌ ഈ പരിശോധന രീതി. എന്നാല്‍ അമിതമായി ഈ മരുന്നുകള്‍ ശരീരത്തില്‍ ചെല്ലുന്നത്‌ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്‍ടാക്കുമെന്ന്‌ വിദഗ്‌ദരായ ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്‍ട്‌. കോമാ സ്റ്റേജില്‍ വെന്റിലേറ്ററില്‍ കഴിയേണ്‍ട നിലയില്‍ ശാരീരിക വിഷമതകള്‍ വരെ സംഭവിക്കാമെന്ന്‌ മെഡിക്കല്‍ ജേര്‍ണലുകളും സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ പരിശോധനയെ കോടതിയില്‍ എതിര്‍ക്കുകയാണ്‌ പതിവ്‌.


പുതിയ വിധി പ്രകാരം പ്രതിയുടെ വ്യക്തമായ അനുവാദത്തോടെയല്ലാതെ നാര്‍കോ പരിശോധന നടത്താനാവില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20(3) പ്രകാരം ഒരു പ്രതി തനിക്കെതിരെ ബോധപൂര്‍വ്വമല്ലാതെ തെളിവ്‌ നല്‍കാന്‍ പ്രേരിപ്പിക്കാനാവില്ല എന്ന കാരണത്താലാണ്‌ സുപ്രീം കോടതി നാര്‍കോ പരിശോധനയെ തള്ളിപ്പറഞ്ഞത്‌. നാര്‍കോ പരിശോധനയെക്കാള്‍ താരതമ്യേന ലളിതമായ ബ്രെയിന്‍ മാപ്പിംഗും നുണപരിശോധനയും കോടതി കൂട്ടത്തില്‍ നിരാകരിച്ചു.


അടുത്തയിടെ പ്രമാദമായ മിക്ക കേസുകളിലും പ്രതികളെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയമക്കാന്‍ അന്വേഷണ ഏജന്‍സികള്‍ വ്യഗ്രത കാണിച്ചു. കേരളത്തില്‍ സിസ്റ്റര്‍ അഭയകേസിലാണ്‌ നാര്‍കോ പരിശോധന ഏറ്റവും വികൃതമായ നിലയില്‍ വെളിപ്പെട്ടത്‌. പരിശോധനയുടെ ഒറിജിനല്‍ സി.ഡി കാണാതായതിന്റെ പേരില്‍ ഫോറന്‍സിക്ക്‌ ലാബ്‌ അധികൃതര്‍ പോലും പ്രതിക്കൂട്ടില്‍ പെട്ടിരുന്നു. പ്രതികളുടെ നാര്‍കോ പരിശോധനയുടെ ചില ഭാഗങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്‌തതും മറ്റൊരു രാജ്യത്തും നടക്കാത്ത സംഭവങ്ങളായിരുന്നു. സി.ബി.ഐയുടെ പ്രധാന ആയുധം നാര്‍കോ പരിശോധനയാണെന്ന്‌ പോലും ആരോപിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ്‌ കോടതിയുടെ ഇടപെടല്‍.


പ്രതികളുടെ മനുഷ്യാവകാശങ്ങളാണ്‌ സുപ്രീം കോടതി ഈ സുപ്രധാന വിധിയിലൂടെ സംരക്ഷിച്ചതെങ്കിലും നാര്‍കോ പരിശോധനയെ പൂര്‍ണ്ണമായും നിരോധിക്കരുതായിരുന്നു എന്ന്‌ ചിന്താഗതിയുള്ളവര്‍ ഇപ്പോഴും ഉണ്‍ട്‌. കസബിനെപ്പോലുള്ള തീവ്രവാദികളില്‍ നാര്‍കോ പരിശോധന നടപ്പാക്കുന്നത്‌ തെറ്റല്ലെന്ന്‌ സിബി.ഐ മുന്‍ ഡയറക്‌ടര്‍ ജോഗീന്തര്‍ സിംഗ്‌ അഭിപ്രായപ്പെടുന്നു. മയക്കിയുള്ള പരിശോധന പ്രധാന തെളിവായി സ്വീകരിക്കാതെ അതില്‍ നിന്നും ലഭിക്കുന്ന ചെറിയ സൂചനകളെപ്പോലും അന്വേഷണത്തിലൂടെ മികച്ച ആയുധങ്ങളായി പ്രോസിക്യൂഷന്‍ മാറ്റിയെടുക്കുകയാണ്‌ വേണ്‍ടത്‌ എന്ന്‌ അന്വേഷണ ഏജന്‍സികളിലെ ചിലരെങ്കിലും ഇപ്പോഴും സ്വകാര്യമായി വാദിക്കുന്നുണ്‍ട്‌.


ഒറ്റപ്പെട്ട അഭിപ്രായങ്ങളെന്തായാലും നാര്‍കോ പരിശോധനയെ സുപ്രീം കോടതി നിബന്ധനയോടെ നിയന്ത്രിച്ചതോടെ അന്വേഷണ ഏജന്‍സികള്‍ക്ക്‌ കുരുക്കുകളുള്ള കേസുകളില്‍ പുത്തന്‍ അന്വേഷണവഴികള്‍ കണ്‍ടെത്താന്‍ ഏറെ തലപുകയ്‌ക്കേണ്‍ടി യിരിക്കുന്നു.

 

Responses