കയീന്റെ സിദ്ധാന്തം-1

ഹാബേലിന്റെ കൊലപാതകം അസൂയയില്‍ നിന്നുളവായ കോപം മൂലമായിരുന്നു. ദൈവപ്രസാദം തേടിപ്പോയ സഹോദരന്മാരില്‍ ഒരുവന്റെ വഴിപാടില്‍ ദൈവം പ്രസാദിക്കാതെപോയതുകൊണ്‍ട്‌ അനുഗ്രഹം നഷ്ടപ്പെടുമെന്നു കരുതി ജ്യേഷ്ടന്‍ അനുജനോടു കയര്‍ത്ത്‌ അവനെ കൊന്നു കളഞ്ഞു. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്‍ട എന്ന നശീകരണ സിദ്ധാന്തം അവിടെ ആരംഭിക്കുകയായിരുന്നു.

\'\'യഹോവ. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല\'\' ഉല്‍പ്പത്തി 4:5. ദൈവം വഴിപാടില്‍ പ്രസാദിക്കാതിരുന്നത്‌ അര്‍പ്പിച്ച വസ്‌തുവിന്റെ പോരായ്‌മയാണെന്ന്‌ പറയാറുണ്‍ടെങ്കിലും അതല്ല കാരണം. നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദമുണ്‍ടാകയില്ലയോ? എന്നാണ്‌ യഹോവയായ ദൈവം കയീനോട്‌ ചോദിക്കുന്നത്‌. നന്മയുള്ള ഒരു ഹൃദയമാണ്‌ ദൈവപ്രസാദത്തിനായി ആവശ്യമായിരുന്നത്‌. അത്‌ കയീനില്‍ കണ്‍ടെത്താനായില്ല. കയീനില്‍ ദൈവത്തിനു പ്രസാദം തോന്നാതിരുന്നതു കൊണ്‍ട്‌ വഴിപാടിലും പ്രസാദിച്ചില്ല.

എന്തുകൊടുത്താല്‍ ദൈവം പ്രസാദിക്കും? ദൈവം മനുഷ്യനില്‍ നിന്ന്‌ എന്താണ്‌ ആഗ്രഹിക്കുന്നത? ഈ ചോദ്യങ്ങള്‍ക്ക്‌ മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്‌. മനുഷ്യന്‍ തന്റെ പ്രയത്‌നം കൊണ്‍ടു നേടിയ ചിലത്‌ ദൈവത്തിനു  കൊടുത്താല്‍ ദൈവപ്രസാദം ഉണ്‍ടാകുമെന്ന മിഥ്യാ വിചാരത്താല്‍ പലതും കൊടുത്തു നോക്കിയിട്ടുണ്‍ട്‌. പുഷപങ്ങളും, ദീപങ്ങളും, കതിനാവെടികളും, ആടും, കോഴിയും, ചോരയും, തലമുടിയും, സ്വര്‍ണ്ണവും, പണവും എല്ലാം കൊടുത്തു നോക്കി. ദൈവത്തിനു കാണിക്കയോ കതിനാവെടിയോ അല്ല വേണ്ടത്‌  ദൈവത്തിനു വേണ്ടത്‌ തനിക്കു വസിക്കാന്‍ മനുഷ്യന്റെ ഹൃദയമാണ്‌. അതു പൂര്‍ണ്ണമായി നല്‍കാതെ മറ്റൊന്നുകൊണ്ടും ദൈവം തൃപ്‌തിപ്പെടുന്നില്ല.

ദൈവത്തിനു\'\' കൊടുക്കേണ്ടത്‌ ദൈവത്തിനും കൈസര്‍ക്ക്‌ കൊടുക്കേണ്ടത്‌ കൈസര്‍ക്കും\'\' കൊടുക്കുവാന്‍ യേശു കര്‍ത്താവ്‌ പറഞ്ഞത്‌ ശ്രദ്ധിക്കുക. കൈസറുടെ രൂപമുള്ള നാണയം കൊണ്‍ട്‌ കൈസര്‍ തൃപ്‌തിപ്പെടും എന്നാല്‍ ദൈവത്തിന്‌ തന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ എന്തെങ്കിലുമല്ല മനുഷ്യന്റെ എല്ലാമായ ഹൃദയമാണ്‌ ആവശ്യം. അത്‌ നല്‍കി ദൈവത്തെ പ്രസാദിപ്പിക്കാന്‍ നമുക്ക്‌ കഴിയട്ടെ.

എന്തുകൊണ്‍ട്‌ \'ദൈവപ്രസാദം ലഭിച്ചില്ല എന്നു\' ചിന്തിക്കേണ്‍ടതിനു പകരം കയീന്‍ ചെയ്‌തത്‌ അനുഗ്രഹിക്കപ്പെട്ടവനെ ഉന്മൂലനം ചെയ്യുവാനുള്ള പദ്ധതി ആവിഷ്‌കരിക്കയായിരുന്നു. അതു ചരിത്രത്തില്‍ വീണ്‍ടും ആവര്‍ത്തിക്കപ്പെട്ടുകൊണ്‍ടേയിരിക്കുന്നു . അനുഗ്രഹം പ്രാപിച്ച യാക്കോബിന്റെ നേരെ ഏശാവും, യോസെഫിന്റെ നേരെ സഹോദരന്മാരും വാളോങ്ങിയതിന്റെ കാരണം അനുഗ്രഹിക്കപ്പെട്ടവനെ ഉന്മൂലനം ചെയ്യുവാനുള്ള പൈശാചിക പ്രേരണയാണ്‌. ഇന്നും അത്‌ തുടരുന്നു. ദൈവമക്കള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്‌. അവര്‍ക്കെതിരെ ലോകം വാള്‍ എടുക്കുന്നതിന്റെ കാരണം മറ്റൊന്നല്ല. \'\'എന്നെ പകച്ച ലോകം നിങ്ങളെയും പകെക്കും എന്ന ക്രിസ്‌തുവചനം ഓര്‍ക്കാം. ലോകത്തില്‍ നിങ്ങള്‍ക്ക്‌ കഷ്ടം ഉണ്‍ട്‌ എങ്കിലും ധൈര്യപ്പെടുവിന്‍, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു\'\'. യോഹ. 16:33.

 

Responses