ദൈവവേല ദൈവീകമാര്‍ഗ്ഗത്തില്‍ ചെയ്യുക

ഒരു നല്ല കാര്യസാധ്യത്തിനായി ഏതു ഹീനമാര്‍ഗ്ഗവും അവലംബിക്കാം എന്നതാണ്‌ ഈ ലോകത്തിന്റെ തത്വശാസ്‌ത്രം. എങ്കില്‍ ഒരു ദൈവപൈതലിന്റെ ലക്ഷ്യംപോലെതന്നെ മാര്‍ഗ്ഗവും നന്നായിരിക്കണമെന്‌ ദൈവത്തന്‌ നിര്‍ബന്ധമുണ്‍ട്‌. ദൈവത്തിന്റെ വേല ദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ ചെയ്യുക. എന്നാല്‍ ഇന്നു പലരും കര്‍ത്താവിന്റെ വേല സാത്താന്റെ മാര്‍ഗ്ഗത്തില്‍ ചെയ്യുന്നു. കാര്യസാധ്യം പ്രാപിക്കുന്നവരെയും, ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ച്‌ നീ മുഷിയരുത്‌ (സങ്കീ. 37: 7). ഇന്ന്‌ കാര്യസാധ്യതയ്‌ക്കായുള്ള ദുരുപയാങ്ങള്‍ വര്‍ദ്ധിച്ചുകൊണ്‍ടിരിക്കുന്നു.


കാര്യം കാണാന്‍ കഴുതക്കാലും പിടിക്കും എന്നു പറയുംപോലെ ഇന്ന്‌ പലരും സ്വന്തം കാര്യം കാണാന്‍ ഏത്‌ അടവും പയറ്റുന്നവരാണ്‌. വിദേശസഞ്ചാരം, വിദേശ സഭ കാശുള്ള സഭയുടെ പാസ്റ്റര്‍സ്ഥാനം, ഔദ്യോഗിക ഭാരവാഹിത്വം, സെന്റര്‍ പാസ്റ്റര്‍ സ്ഥാനം തുടങ്ങി സ്വകാര്യ നേട്ടങ്ങള്‍ക്കുവേണ്‍ടി എന്തെന്ന്‌ ഉപദേശങ്ങളും കൗശലങ്ങളുമാണ്‌ ആത്മീയര്‍ എന്നു പറയുന്ന പലരും പ്രയോഗിക്കുന്നത്‌. ഇല്ലാത്ത്‌ പ്രവചനവരം ഉണ്‍ടെന്നു നടക്കുന്നവരും ഒരിക്കലും നടക്കാത്ത സുവിശേഷീകരണ പദ്ധതികളുടെ പ്രോജക്‌ട്‌ തയ്യാറാക്കുന്നതിനും യഥാര്‍ത്ഥ സാക്ഷ്യം മറച്ചുവച്ച്‌ ഇല്ലാത്ത സാക്ഷ്യം പെരുപ്പിച്ച്‌ പറയുന്നവരുമൊക്കെ ഈ ഗ്രൂപ്പില്‍ വരും. കാര്യസാധനത്തിനായി കല്ലും അലിയുന്ന കള്ളവും കല്ലുവച്ച നുണയും പറയുവാന്‍ ഈ കൂട്ടര്‍ക്ക്‌ മടിയില്ല.

ഇപ്പോള്‍ നിങ്ങള്‍ അംഗമായിരിക്കുന്ന സംഘടനയുടെ നേതൃസ്ഥാനത്ത്‌ നിങ്ങള്‍ എത്തണം എന്ന്‌ ആഗ്രഹമുണ്‍ടെങ്കില്‍ അത്‌ നല്ല കാര്യമാണ്‌. അതിനായി വ്യവസ്ഥാപിത മാര്‍ഗ്ഗം സ്വീകരിക്കണം. അതിനുപകരം ആരുടെയും നേരെ ഒളിയമ്പ്‌ എയ്യരുത്‌. ജീവിതഹത്യ നടത്തുകയും, പരദൂഷണം പറയുകയും അരുത്‌. നിങ്ങള്‍ക്ക്‌ എതിരെന്ന്‌ തോന്നുന്ന വ്യക്തികളെ തേജോവധം ചെയ്യരുത്‌, നിസ്സാരനാക്കരുത്‌. നിങ്ങളുടെ ഹിതപ്രകാരം ഒരു വ്യക്തി നീങ്ങാതെ വന്നാല്‍ ഇന്നലെവരെ അയാള്‍ക്കുണ്‍ടായിരുന്ന സകല നന്മയും ഇന്നൊരു ദിവസംകൊണ്‍ട്‌ ഇല്ലാതാക്കി. അയാള്‍ പരമ ദുഷ്‌ടനും കൊള്ളരുതാത്തവനുമായി. ഇതെന്തൊരു ആത്മീയതമാണ്‌. ഇതാണോ ക്രിസ്‌തീയസ്‌നേഹം.... ഇതാണോ ക്രിസ്‌തീയമാര്‍ഗ്ഗം!
ഇത്‌ ആഹാബിന്റെയും അവന്റെ ഭാര്യ ഇസബേലിന്റെയും മാര്‍ഗ്ഗമാണ്‌.

തന്റെ പിതാക്കന്‍മാരില്‍നിന്ന്‌ നാബോത്തിന്‌ ലഭിച്ച മുന്തിരിത്തോട്ടം ചീരത്തോട്ടം ആക്കാന്‍ അനുവാദം ചോദിച്ച ആഹാബിനോട്‌ എതിര്‍ത്തുനിന്ന നാബോത്തിനെ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി പ്രധാന സ്ഥലത്തിരുത്തി കള്ളസാക്ഷികളെ എതിര്‍നിര്‍ത്തി കല്ലെറിഞ്ഞ്‌ കൊല്ലുന്നു. ഇസബേല്‍ ദുരുപായത്തിലൂടെയും ദുഷ്‌ടതന്ത്രത്തിലൂടെയും ഒരു നീതിമാനെ വകവരുത്തിയശേഷം അവന്റേത്‌ കവര്‍ന്നെടുക്കുവാന്‍ കര്‍ത്താവിനെ പറഞ്ഞുവിടുന്നു. വ്യസനവും നീരസവും പൂണ്‍ട്‌ തന്റെ അരമനയില്‍ ഭക്ഷിക്കാതെയും പാനം ചെയ്യാതെയും തന്റെ കട്ടിലില്‍ മുഖംതിരിച്ച്‌ കിടന്നിരുന്നു. നട്ടെല്ലില്ലാത്ത ആഹാബ്‌ രാജാവ്‌ നാബോത്ത്‌ മരിച്ചുപോയി എന്നുകേട്ടപ്പോള്‍ എഴുന്നേറ്റ്‌ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ പറയുന്നു. എന്നാല്‍ അവനെ എതിരേറ്റ്‌ ദൈവീക ആലോചന അറിയിക്കുവാന്‍ ദൈവം തന്റെ അഭിഷിക്ത പ്രവാചകനെ അവന്റെ വഴിയില്‍ അയച്ചിരുന്നു. നീ കുലചെയ്യുകയും കൈവശമാക്കുകയും ചെയ്‌തുവോ എന്ന്‌ യഹോവ ചോദിക്കുന്നു. നായ്‌ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും നക്കിക്കളയുമെന്ന്‌ യഹോവ കല്‌പിക്കുന്നു. ദൈവ ശബ്‌ദത്തിന്റെ മുമ്പിലവന്റെ ചങ്കിടിച്ചു.

 


എന്നാല്‍ അന്യായം കണ്‍ടും കപടത കണ്‍ടും പലരും കണ്ണടക്കുന്നു. ആഹാബ്‌, ഇസബേല്‍ ഇവരുടെ ദുരുപായം നിമിത്തം ഇവിടെ മരിച്ചുവീഴുന്ന അനേകം നാബോത്തുമാരുടെ രക്തത്തെക്കുറിച്ച്‌ ചോദ്യം ചെയ്യുവാന്‍ ഇവിടെ പല അഭിഷിക്തന്‍മാര്‍ക്കും ആത്മാവില്ലാതെ പോകുന്നു. ചേട്ടനെയും അപ്പനെയും കബിളിപ്പിച്ച്‌ അനുഗ്രഹം തട്ടിയെടുത്ത യാക്കോബിന്റെ ജീവിതകാലം മുഴുവന്‍ പലരാലും കബളിക്കപ്പെട്ടു എന്ന്‌ മറന്നുപോകരുത്‌. അതുകൊണ്‍ട്‌ നിങ്ങള്‍ക്കും നിങ്ങളുടെ തലമുറകള്‍ക്കും നന്മ വരണമെങ്കില്‍ ദൈവപ്രവര്‍ത്തി ദൈവീക മാര്‍ഗ്ഗത്തില്‍ തന്നെ ചെയ്യുക. അതിനായി ഉപായം പ്രയോഗിക്കരുത്‌, തന്ത്രം മെനയരുത്‌. ഗൂഡാലോചന ചെയ്യുകയും അരുത്‌. ഏശാവിന്റെ വേഷവും യാക്കോബിന്റെ ശബ്‌ദവുമായി നടന്ന്‌ ഇവിടെ പലരെയും പറ്റിച്ചാലും ദൈവത്തെ കബളിപ്പിക്കുവാന്‍ കഴിയുകയില്ല എന്ന്‌ ഓര്‍ക്കുക.

Responses