\"\"

സംഗീതമില്ലാത്ത ജീവിതം അര്‍ത്ഥശൂന്യമാണ്‌. അനന്തസാഗരത്തിന്റെ തിരകള്‍ അലയടിക്കുന്നതിലും ചിത്രശലഭത്തത്തിന്റെ ചിറകടിയിലും എന്തിനേറെ, നമ്മുടെ ഹൃദയമിടിപ്പില്‍പോലും താളാത്മകമായി സംഗീതം നിറഞ്ഞിരിക്കുന്നു. പ്രാര്‍ത്ഥന മനുഷ്യാത്മാവിന്റെ സംഗീതമാകുന്നു. ഹൃദയം സ്‌തുതി വചനങ്ങളാല്‍ നിറഞ്ഞു തുളുമ്പുമ്പോള്‍ അത്‌ ജീവിതത്തിനുതന്നെ ഈണവും താളവുമാകുന്നു. ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സംഗീതം ഭക്തന്റെ തൂലികത്തുമ്പിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ അത്‌ അനേകര്‍ക്ക്‌ ആശ്വാസവും പ്രത്യാശയുമാകുന്നു. അപ്രകാരമൊരു ഗാനത്തിന്റെ ഈരടികള്‍ ശ്രദ്ധിക്കൂ.

\"\"
\'\'ഇഹത്തിലെ ദുരിതങ്ങള്‍ തീരാറായ്‌ നാം....
പരത്തിലേയ്‌ക്കുയരും നാള്‍ വരുമല്ലോ...... \'\'
ഈ ഗാനം കേള്‍ക്കാത്ത, ആലപിക്കാത്ത ക്രൈസ്‌തവര്‍, മലയാള മണ്ണില്‍ കാണുമോയെന്ന്‌ സംശയമാണ്‌. എന്നാല്‍ ഇതിന്റെ ഗാനരചയിതാവിനെ അധികം ആര്‍ക്കും തന്നെ അറിയില്ലെങ്കിലും കാല്‍നൂറ്റാണ്‍ടിലധികം ലോകമെമ്പാടുമുള്ള അനേകായിരം ദൈവമക്കള്‍ക്ക്‌ ധൈര്യവും ആവേശവും നിറച്ച്‌ ആത്മീയാനന്ദം പ്രദാനം ചെയ്യുന്ന ഗാനങ്ങള്‍ പിറന്നത്‌ ക്രിസ്‌തുവില്‍ മറഞ്ഞിരിക്കാന്‍ ആഗ്രഹിച്ച ഒരു ഭക്തനില്‍നിന്നായിരുന്നു. പ്രശസ്‌തി ആഗ്രഹിക്കാതെ നൂറുകണക്കിന്‌ ആത്മീയ ഗാനങ്ങളുടെ രചയിതാവായ ബ്രദര്‍ എ.എം. കുര്യന്‍ (കുര്യച്ചന്‍സാര്‍) ആയിരുന്നു ആ വലിയ മനുഷ്യന്‍.


\'\'യേശുവില്‍ നാം വിജയിക്കട്ടെ....
സാത്താന്യ കോട്ടകള്‍ തകര്‍ന്നിടട്ടെ....\'\' എന്ന്‌ പാടിയ ആ ആത്‌മീയ പടയാളിയുടെ സമരഗാഥ സാത്താന്യ സാമ്രാജ്യത്തില്‍ ഞെട്ടലിന്റെ അലകള്‍ ഉണ്‍ടാക്കുന്നതുതന്നെ.
അറുപതുകളുടെ ആരംഭത്തില്‍ രചിച്ച

\'\'എന്നുള്ളമേ സ്‌തുതിക്ക നീ പരനെ... തന്‍ നന്മകള്‍ക്കായ്‌ സ്‌തുതിക്കാം സ്‌തുതിക്കാം..... \'\' ഈ ഗാനം നാമധേയ ക്രിസ്‌ത്യാനികളുടെ പോലും ഇഷ്‌ടഗാനമായി തീര്‍ന്നിരിക്കുന്നു.

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനു വേണ്‍ടി കരിസ്‌മാറ്റിക്‌ ധ്യാന മന്ദിരങ്ങളിലും, കാത്തിരിപ്പ്‌ (ഉണര്‍വ്വ്‌) യോഗങ്ങളിലും പാടി ആരാധിക്കുന്ന ഗാനമായ \'\'പരിശുദ്ധാത്മാവെ, ശക്തി പകര്‍ന്നിടണേ... അവിടുത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്‌ കര്‍ത്താവെ നീയറിയുന്നു....\'\' ഈ ഗാനം എണ്‍പതുകളുടെ ആരംഭത്തില്‍ അദ്ദേഹം എഴുതിയതാണ്‌. മണ്‍മറഞ്ഞുപോയ മഹാകവി കെ.വി. സൈമണ്‍, സാധു കൊച്ചുകുഞ്ഞുപദേശി, നാഗല്‍ സായ്‌പ്‌ തുടങ്ങിയവരുടെ ഗാനങ്ങള്‍ മലയാള ക്രിസ്‌തീയ കീര്‍ത്തനങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടുന്ന സംഭാവനകളാണ്‌. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തുലോം വ്യത്യസ്‌തത പുലര്‍ത്തി പ്രശസ്‌തിക്കും, പ്രതിഫലത്തിനും ഒട്ടും സ്ഥാനം നല്‍കാതെ \'\'എല്ലാ മാനവും... എല്ലാ മഹിമയും\'\' എന്ന്‌ പാടിയ കുര്യച്ചന്‍സാര്‍ മരണം വരെ ദൈവം നല്‍കിയ താലന്തുകള്‍ ദൈവനാമ മഹത്വത്തിന്‌ മാത്രമെ ഉപയോഗിച്ചിരുന്നുള്ളു.


എറണാകുളം ജില്ലയില്‍ പൂന്തോട്ടയ്‌ക്കടുത്ത്‌ തെക്കന്‍ പറവൂര്‍ ഗ്രാമത്തിലെ ഒരു യാക്കോബായ സിറിയന്‍ ക്രിസ്‌ത്യന്‍ കുടുംബത്തില്‍ 1931 മാര്‍ച്ച്‌ 15ന്‌ ആഞ്ഞലിക്കപ്പള്ളില്‍ മാത്യു കുര്യന്‍ (കുര്യച്ചന്‍ സാര്‍) ജനിച്ചു. ചെറുപ്പത്തില്‍ തന്നെ കവിതയോടും സാഹിത്യത്തോടും തനിക്ക്‌ കമ്പമായിരുന്നു.
1959 - അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക വഴിത്തിരിവായിരുന്നു. താന്‍ ജലസ്‌നാനം ഏല്‍ക്കുന്നതിനുമുമ്പ്‌ ഒരു രാത്രിയില്‍ ദൈവം അദ്ദേഹത്തെ പരിശുദ്ധാത്മ ശക്തിയാല്‍ അഭിഷേകം ചെയ്‌തു. ആ വര്‍ഷം നവംബര്‍ എട്ടിനു കുടുംബാംഗങ്ങളില്‍ ചിലരോടൊപ്പം ജനസ്‌നാനം സ്വീകരിച്ച്‌ തെക്കന്‍ പറവൂര്‍ ഗ്രാമത്തില്‍ വിശ്വാസ ജീവിതത്തിന്റെ ആദ്യഫലമായ്‌.


സ്‌നാനമേറ്റതിനെ തുടര്‍ന്ന്‌ ഗ്രാമവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പീഢനത്തിന്റെയും പഴിയുടെയും ഒരു പരമ്പര തന്നെ അഭിമുഖീകരിക്കേണ്‍ടതായ്‌ വന്നു. സുവിശേഷ സത്യത്തില്‍ ധീരതയോടെ നിന്നതിനാല്‍ ഒരിക്കല്‍ ഒരു രാത്രിയില്‍ ഒരു ജീപ്പ്‌ നിറയെ ആളുകള്‍ മാരകായുധങ്ങളുമായി വന്നു തന്നെ വധിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ യഹാവയുടെ ദൂതന്‍ അദ്ദേഹത്തെ അത്ഭുതകരമായി വിടുവിക്കുകയാണുണ്‍ടായത്‌.


ദൈവം തനിക്ക്‌ തുണയായി നല്‍കിയ ഭാര്യ കടുത്ത വേദനയുടെ മധ്യത്തിലും പ്രാര്‍ത്ഥിക്കുന്നതിനും ഗാനരചനയില്‍ പ്രോത്സാഹിപ്പിക്കുന്നതിനും വളരെ ശ്രദ്ധിച്ചിരുന്നു. ദൈവത്തിന്റെ കൃപയിലും കരുണയിലും സ്വയം സമര്‍പ്പിച്ച്‌ കൊണ്‍ടാണ്‌ തന്റെ ഗാന രചനാ ശുശ്രൂഷ ആരംഭിച്ചത്‌.

\'\' നിന്‍ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നു...
നിന്‍ മനസ്സലിവില്‍ ഞാന്‍ ചാരുന്നെ....\'\' എന്ന ഗാനം അതിനുദാഹരണമാണ്‌.


1987-ലായിരുന്നു മറ്റൊരു സുപ്രധാന സംഭവം തന്റെ ജീവിതത്തിലുണ്‍ടായത്‌. തൊണ്‍ടയില്‍ അര്‍ബുദം ബാധിച്ച അദ്ദേഹത്തിനു ഒരു രാത്രി തന്റെ ജീവന്റെ അവസാന രാത്രി പോലെ തോന്നി. മരുന്നുപയോഗിക്കാതെ മരിക്കുകയാണെങ്കില്‍ ബഹളം ഉണ്‍ടാക്കുവാന്‍ നാട്ടുകാര്‍ ഒരുങ്ങിയിരുന്നു. രംഗം ആകെ വഷളായി. ഇതിനിടയില്‍ \'\'ദൈവമേ അഞ്ചു വര്‍ഷം കുടെ സാറിന്റെ ആയുസ്സ്‌ ദീര്‍ഘിപ്പിച്ചു തരേണമേ\'\' എന്ന്‌ ചില ദൈവമക്കള്‍ പ്രാര്‍ത്ഥിച്ചുകൊണ്‍ടിരുന്നു. അത്ഭുതമെന്ന്‌ പറയട്ടെ, ദൈവം തനിക്ക്‌ സൗഖ്യം നല്‍കി. അഞ്ച്‌ വര്‍ഷത്തിലധികം ജീവിക്കാന്‍ ദൈവം അദ്ദേഹത്തിനു കൃപ ചെയ്‌തു. ഈ അത്ഭുത സൗഖ്യം ഗ്രാമവാസികളെ നിശബ്‌ദരാക്കിത്തീര്‍ത്തു. മരണപര്യന്തം രോഗശാന്തിക്കായി അദ്ദേഹം ദൈവത്തില്‍ ആശ്രയിച്ചിരുന്നു.
ഒരിക്കല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയം താന്‍ രചിച്ച പാട്ടുകള്‍ എല്ലാം പ്രസിദ്ധീകരിച്ച്‌ വില്‍ക്കാനുള്ള അവകാശം നല്ലൊരു തുകയ്‌ക്ക്‌ വാങ്ങുവാന്‍ താല്‌പര്യപ്പെട്ട്‌ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ദൈവം തന്ന കൃപയെ വാണിഭമായി കരുതരുതെന്നും അദ്ദേഹം ഉറച്ച്‌ തീരുമാനിച്ചു. മാത്രമല്ല തന്റെ മരണശേഷവും അത്‌ പാടില്ലെന്ന്‌ കുടുംബാംഗങ്ങളോട്‌ നിര്‍ദ്ദേശിച്ചിരുന്നു.


മുളന്തുരുത്തി, പെരുമ്പള്ളി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന കുര്യച്ചന്‍ സാര്‍, സ്വതന്ത്ര രചനകളെക്കാള്‍ തിരുവചന സൂക്തങ്ങളെ സംഗീതത്തിന്റെ സ്വര്‍ണ്ണ ചിറകുകള്‍ അണിയിക്കുന്നതിലാണ്‌ ഏറ്റവും താല്‌പര്യപ്പെട്ടിരുന്നത്‌.
\'\'ഞാന്‍ നിന്നെ ധ്യാനിക്കുമ്പോള്‍ നാഥാ നിന്‍ കൃപയോര്‍ത്തീടുമ്പോള്‍.....\'\' തുടങ്ങിയ ഗാനങ്ങള്‍ ഇവയ്‌ക്കുദാഹരണങ്ങളാണ്‌.


\'\'യേശുവിന്‍ നാമം വിജയിക്കട്ടെ, സാത്താന്യ കോട്ടകള്‍ തകര്‍ന്നീടട്ടെ.... \'\'

\'\'സത്യത്തിന്‍ പാതയില്‍, സ്‌നേഹത്തിന്‍ കൊടിയുമായി, സാക്ഷികള്‍- സമൂഹമെ മുന്നേറുവാന്‍..... \'\'
\'\'രക്ഷകനേശുവിന്‍ സന്നിധിയില്‍ കടന്നു വന്നിടുവിന്‍.....\'\' തുടങ്ങി നിരവധി ഗാനങ്ങളില്‍ ഉപകാരസ്‌മരണകള്‍, തുള്ളിത്തുളുമ്പുന്ന സ്‌തുതി സ്‌തോത്രങ്ങള്‍, കര്‍ത്താവിന്റെ പുനരാഗമനവും ലക്ഷ്യങ്ങളും, മഹത്വ പ്രത്യാശയായ സീയോന്‍, കഷ്‌ടാനുഭവങ്ങളില്‍ വ്യാപരിക്കുന്ന ദൈവ കൃപ, വിശുദ്ധിക്കുവേണ്‍ടിയുള്ള അന്തര്‍ദാഹം, ക്രിസ്‌തുവിലേക്കുള്ള വിളി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ അടങ്ങിയിരുന്നു. വക്രത നിറഞ്ഞ പാപലോകത്തില്‍, ദൈവ സ്‌നേഹത്തില്‍ തന്നെ മറച്ചുകൊണ്‍ട്‌ എല്ലാ മഹത്വവും, മാനവും ദൈവത്തിനു അര്‍പ്പിച്ചുകൊണ്‍ട്‌ അദ്ദേഹം എഴുതിയ ഗാനമാണ്‌:


\'\'എല്ലാം അങ്ങേ മഹത്വത്തിനായ്‌.....
എല്ലാം അങ്ങേ പുകഴ്‌ചയ്‌ക്കുമായ്‌.....
തീര്‍ന്നീടണമേ പ്രിയനെ... തിരുനാമമുയര്‍ന്നിടട്ടേ......\'\'
തന്റെ ഗാനം പോലെ തന്നെ ജീവിതവും നിഷ്‌കാമമായിരുന്നു. പ്രശസ്‌തിയില്‍ നിന്നും ബഹുമാനത്തില്‍ നിന്നും എന്നും വളരെ അകലം വിട്ടുനിന്നിരുന്നു അദ്ദേഹം.


കുര്യച്ചന്‍ സാര്‍ എന്നറിയപ്പെടുന്ന ബ്രദര്‍ എ.എം. കുര്യന്‍ രചിച്ച ഗാനങ്ങള്‍ എല്ലാം ദി പെന്റക്കൊസ്റ്റ്‌ മിഷന്റെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ദി പെന്റക്കൊസ്റ്റ്‌ മിഷന്‍ സഭയുടെ കേരളത്തിലെ കണ്‍വന്‍ഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങള്‍ രചിക്കുന്നതും എറണാകുളം കണ്‍വന്‍ഷനിലുടെയാണ്‌. കണ്‍വന്‍ഷന്‍ ഗാനങ്ങളില്‍ ഭൂരിഭാഗവും കുര്യച്ചന്‍ സാറിന്റെ കൃതികളാണ്‌. രചയിതാവിനപ്പുറം നല്ല ഒരു സംഗീത സംവിധായകനും അനുഗ്രഹീത ഗായകനുമായിരുന്നു അദ്ദേഹം എന്ന വസ്‌തുത ആര്‍ക്കും അറിയില്ലെന്നതാണ്‌ സത്യം.
1992-ഡിസംബര്‍ 28-ാം തീയതി അതിരാവിലെ വിശുദ്ധന്‍മാരും, വിശ്വാസികളും, കുടുംബാംഗങ്ങളും ചേര്‍ന്ന്‌ ഗാനങ്ങള്‍ പാടിക്കൊണ്‍ടിരുന്നു. താന്‍ രചിച്ച ഗാനമായ \'\'ഒന്നുമാത്രം ഞാന്‍ ആഗ്രഹിക്കുന്നു... ദൈവമെ നിന്‍ മുഖം കാണുവാന്‍....\'\' എന്ന ഗാനം ആവര്‍ത്തിച്ച്‌ പാടി ദൈവത്തെ സ്‌തുതിച്ച്‌ കൊണ്‍ടിരിക്കുമ്പോള്‍ ദാവീദ്‌ രാജാവിനെപ്പോലെ ഔന്നത്യം പ്രാപിച്ചതും ആത്മീയ യിസ്രയേലിലെ മധുര ഗായകനുമായ കുര്യച്ചന്‍സാര്‍ പൂര്‍ണ്ണ സമാധാനത്തോടെ നിത്യവിശ്രമത്തിലേക്ക്‌ പ്രവേശിച്ചു.
\'\'എന്‍ ജഡം മണ്ണായ്‌ മറഞ്ഞുപോമെങ്കിലും.... കാഹളനാദം ധ്വനിച്ചിടുമ്പോള്‍ നിദ്രകൊള്ളും താന്‍ വിശുദ്ധരുമായന്ന്‌....... ഞാനും ഉയിര്‍ത്തിടുമേ........ \'\'. ആ ദീപം പൊലിഞ്ഞെങ്കിലും അദ്ദേഹം നമുക്ക്‌ നല്‍കിയിട്ടു പോയ ഗാനമുത്തുകള്‍ തലമുറകള്‍ക്ക്‌ കൈമാറി സ്‌നേഹത്തിന്‍ കൊടി വീശി മുന്നേറാം.

***** ***** ***** *****
ദൈവം തന്ന കൃപയെ വാണിഭമായി കരുതരുതെന്ന്‌ ഉറച്ച്‌ തീരുമാനിച്ച കുര്യച്ചന്‍സാര്‍ തന്റെ മരണശേഷവും അത്‌ പാടില്ലെന്ന്‌ കുടുംബാംഗങ്ങളോട്‌ നിര്‍ദ്ദേശിച്ചിരുന്നു. ക്രിസ്‌തുവില്‍ മറഞ്ഞിരുന്ന്‌ പ്രശസ്‌തി ത്യജിച്ച ഈ ഗാനരചയിതാവിന്‌ രണ്‍ട്‌ പെണ്‍മക്കളും ഒരു ആണും ഉണ്‍ട്‌. ഭാര്യ രണ്‍ട്‌ വര്‍ഷത്തിലധികമായ്‌ നിത്യതയില്‍ പ്രവേശിച്ചിട്ട്‌. കുര്യച്ചന്‍ സാറിനെ പോലെ തന്നെ പ്രശസ്‌തി ആഗ്രക്കാത്ത തന്റെ മക്കള്‍ , അവരുടെ ആത്‌മീകതയ്‌ക്ക്‌ കോട്ടം വരാതിരിക്കുവാനായ്‌ അവരുടെ പേരുകള്‍ ഇതില്‍ ചേര്‍ക്കേണ്‍ടെന്ന്‌ പറഞ്ഞതിനാല്‍ എഴുതുന്നില്ല. മറ്റുള്ളവരുടെ (വായനക്കാരുടെ) ആത്മീക വര്‍ദ്ധനയ്‌ക്ക്‌ ഈ സാക്ഷ്യം ഉപകരിക്കുമെന്ന്‌ പ്രത്യാശിക്കുന്നു.


നിത്യതയില്‍ ചേര്‍ക്കപ്പെട്ട ടിപിഎം സഭയുടെ മുന്‍ ചീഫ്‌ പാസ്റ്റര്‍ ടി.യു. തോമസിനോട്‌ ആദ്യമായ്‌ സുവിശേഷം അറിയിച്ചത്‌ കുര്യച്ചന്‍ സാറാണ്‌. തന്റെ ഗ്രാമവാസികൂടെയാണ്‌ പാസ്റ്റര്‍ ടി.യു. തോമസ്‌.


കുര്യച്ചന്‍ സാറിന്റെ അവസാന നാളുകളില്‍ തന്റെ ഭവനത്തില്‍ പോയ്‌ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കുകൊള്ളുവാനും കണ്‍വന്‍ഷന്‍ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങിലും മറ്റും തന്നോടൊപ്പം പ്രവര്‍ത്തിക്കുവാനും ഈ ലേഖകനും ഭാഗ്യം ലഭിച്ചിട്ടുണ്‍ട്‌. താന്‍ എഴുതിയ നൂറുകണക്കിന്‌ ഗാനങ്ങള്‍ \'സീയോന്‍ ഗീതാവലി\', \'സംഗീതശൂശ്രൂഷ\' തുടങ്ങിയ പാട്ട്‌ പുസ്‌തകങ്ങളില്‍ ഉണ്‍ടെങ്കിലും, ഗാനരചയിതാവിന്റെ പേര്‌ അവിടെങ്ങും കാണുകയില്ല.

Responses