പ്രാര്‍ത്ഥന വരുത്തിയ രൂപാന്തരം (ആനന്ദ മഹാദേവന്റെ ജീവിതസാക്ഷ്യം)

ഞാനൊരു ബ്രാഹ്മണനായി ജനിച്ചു. ഞാനേറ്റവുമധികം സ്‌നേഹിക്കുന്ന എന്റെ വല്യച്ഛന്‍ ഒരു ബ്രാഹ്മണ പുരോഹിതനായിരുന്നു.


എന്നാല്‍ യേശുക്രിസ്‌തുവിന്റെ അനുയായിയാകുക എന്ന പാത തിരഞ്ഞെടുത്തതില്‍ ഞാന്‍ സന്തോഷവാനാണ്‌.
ഒരു മതമെന്നതിനെക്കാളുപരി യേശുക്രിസ്‌തുവിലൂടെ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധമായി ഞാനിതിനെ കാണുന്നു. എന്നാലും ലോകമെന്നെ ക്രിസ്‌തുമതത്തിലേക്ക്‌ മതപരിവര്‍ത്തനം ചെയ്‌തവനെന്ന്‌ വിളിക്കുന്നു. എനിക്കതില്‍ പരാതിയില്ല. സത്യസന്ധമായി മറ്റുള്ളവരുടെ അറിവിലേക്ക്‌ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ. ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടി സാമ്പത്തിക പ്രലോഭനമോ, ഭീഷണിയോ, വഞ്ചനയോ ഒന്നും എന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
ഒരു ഇന്ത്യക്കാരന്‍ എന്നു പറയുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; ഒപ്പം ഹിന്ദു എന്ന സാംസ്‌ക്കാരിക പൈതൃകത്തിലും ഞാന്‍ സംതൃപ്‌തനാണ്‌. എന്റെ വിശ്വാസം പങ്കിടുന്ന ഭാര്യയും അവളുടെ ഹൈന്ദവപേരിലാണ്‌ അറിയപ്പെടുന്നത്‌. എന്റെ രണ്ടു മക്കള്‍ക്കും ഹിന്ദുപേര്‌ തന്നെയാണുള്ളത്‌. ഒരു പക്ഷേ എന്റെ സഹപ്രവര്‍ത്തകരും പരിചയക്കാരും ഈ ലേഖനം
വായിക്കാനിടയായാല്‍ അത്ഭുതപ്പെട്ടേക്കാം. കാരണം, സാധാരണ ഗതിയില്‍ ഞാനെന്റെ വിശ്വാസകാര്യങ്ങള്‍ വെളിപ്പെടുത്താറില്ല. അതേ സമയം തന്നെ എനിക്കിപ്പോഴുള്ള സന്തോഷത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും ചോദിക്കുന്നവരോട്‌ ഞാനതിയായ ആനന്ദത്തോടെ എന്റെ വിശ്വാസം പങ്കിടാറുണ്ട്‌.


ഞാനിപ്പോള്‍ ഇതെഴുതുന്നത്‌ ഒരു കാര്യം വ്യക്തമാക്കാനാണ്‌. എന്റെ പരിവര്‍ത്തനം ഒരിക്കലും ഒരു മതപരിവര്‍ത്തനമായിരുന്നില്ല; മറിച്ച്‌ ഹൃദയത്തിനുണ്ടായ മാറ്റമായിരുന്നു. ഇതു വ്യക്തമാക്കാന്‍ എന്റെ ബാല്യകാലം വെളിപ്പെടുത്തേണ്ടതുണ്ട്‌. മറ്റു പല തമിഴ്‌ബ്രാഹ്മണ ചെറുപ്പക്കാരുടെ ബാല്യം പോലെ തന്നെയായിരുന്നു ചെന്നൈയിലെ എന്റെ ബാല്യവും. ബ്രാഹ്മണപുരോഹിതനായിരുന്ന എന്റെ മുത്തച്ഛന്‌ എന്റെ മേലുള്ള സ്വാധീനം വലുതായിരുന്നു.


ചെറിയ കുട്ടിയായിരിക്കെ ഞാനദ്ദേഹത്തെ വളരെയധികം സ്‌നേഹിക്കുകയും എപ്പോഴും അദ്ദേഹത്തോട്‌ ചേര്‍ന്ന്‌ നടക്കുകയും ചെയ്‌തു. അദ്ദേഹവും എന്നെ വളരെയധികം സ്‌നേഹിച്ചു. എന്റെ ആഗ്രഹങ്ങളൊന്നും അദ്ദേഹം സാധിച്ചു തരാതിരുന്നിട്ടില്ല. എങ്കിലും അദ്ദേഹം തീവ്രമായി അനുവര്‍ത്തിച്ചു വന്നിരുന്ന മതപരമായ വിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ ചെറുപ്പത്തില്‍ എനിക്കു കഴിഞ്ഞിരുന്നില്ല. എന്റെ സ്‌കൂള്‍ അവധിക്കാലം അദ്ദേഹത്തോടൊപ്പം തിരുച്ചിറപ്പള്ളിയില്‍ ചെലവഴിച്ചത്‌ ഇന്നും ഞാനോര്‍ക്കുന്നു.


അദ്ദേഹത്തോടൊപ്പം അതിരാവിലെ നടന്നതും, കാവേരിനദിയില്‍ പൂജകള്‍ക്കായി മുങ്ങിക്കുളിച്ചതുമൊക്കെ ഇന്നും എന്റെ ഓര്‍മ്മകളില്‍ പച്ച പിടിച്ചു നില്‌ക്കുന്നു. ഞാന്‍ അക്കാലത്ത്‌ അനേക ശ്ലോകങ്ങള്‍ ഹൃദിസ്ഥമാക്കി. അവയില്‍ ചിലതൊക്കെ ഇപ്പോഴും ചൊല്ലുവാന്‍ സാധിക്കും. എന്നാല്‍ ആ ശ്ലോകങ്ങളൊന്നും എനിക്ക്‌ ഒരിക്കലും മനസ്സിലായിരുന്നില്ല. ആ ശ്ലോകങ്ങള്‍ക്കോ പൂജകള്‍ക്കോ ഒന്നും ദൈവവുമായി എന്നെ ബന്ധിപ്പിക്കാന്‍ സാധിച്ചതുമില്ല.
എന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ എന്നോടൊപ്പം ക്രിക്കറ്റ്‌ കളിക്കാറുണ്ടായിരുന്ന ഒരു ക്രിസ്റ്റ്യന്‍ സുഹൃത്ത്‌ അവരുടെ വീട്ടിലെ ഒരു പ്രാര്‍ത്ഥനക്കായി എന്നെ ക്ഷണിച്ചു. അവനെന്നെ ഒരു ബാറിലേക്കോ ഒരു ഡിന്നറിനോ വിളിച്ചിരുന്നെങ്കിലും ഞാന്‍ പോകുമായിരുന്നു. അവന്റെ വീട്ടില്‍ വച്ച്‌ അവനും അവന്റെ സഹോദരിയും എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. വെറും അഞ്ചു മിനിറ്റു മാത്രം നീണ്ട ആ പ്രാര്‍ത്ഥന തികച്ചും ലളിതവും ആനന്ദകരവുമായ ഒരനുഭവമായിരുന്നു. ദൈവത്തോടുള്ള സംഭാഷണമായാണ്‌ എനിക്കത്‌ മനസ്സിലായത്‌. അന്നത്തെ പ്രാര്‍ത്ഥനയുടെ വാചകങ്ങള്‍ ഞാനോര്‍ക്കുന്നില്ല. എങ്കിലും എന്റെ ജീവിതം, ഭാവി, ജോലി, കുടുംബം, തുടങ്ങി എല്ലാറ്റിനെയും അനുഗ്രഹിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയായിരുന്നു അത്‌. അതൊരു വളരെ ലളിതമായ കാര്യമായിരുന്നു. ഒരത്ഭുതവും അവിടെ നടന്നില്ല. ഒരു മാലാഖയും അവിടേക്കിറങ്ങി വന്നില്ല. അവരാകെപ്പാടെ ചെയ്‌തത്‌ സ്രഷ്‌ടാവായ ദൈവത്തോടും ഏകപുത്രനായ യേശുക്രിസ്‌തുവിനോടും ഹൃദയപൂര്‍വ്വം ആഴമായി നിലവിളിക്കുകയായിരുന്നു.


അവര്‍ പ്രാര്‍ത്ഥന അവസാനിപ്പിച്ച്‌ ആമേന്‍ പറഞ്ഞപ്പോള്‍ ഈ യേശുവിനെ അനുഗമിക്കാനുള്ള അഭിനിവേശം എന്നില്‍ ഉടലെടുത്തു. ദൈവവുമായി എന്റെ വിശ്വാസപരമായ ആദ്യ കണ്ടുമുട്ടലായിരുന്നു അത്‌. കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ യേശുവിനെ എന്റെ രക്ഷിതാവായി സ്വീകരിച്ചു. ഇതാണെന്റെ വിശ്വാസം. ഇതാണ്‌ ഞാന്‍ തിരഞ്ഞെടുത്തത്‌. അന്നു വൈകിട്ട്‌ ഞാനെന്റെ മതത്തില്‍ നിന്ന്‌ മാറിപ്പോയില്ല. ഹിന്ദുത്വം എന്റെ മുഖമുദ്രയാണ്‌. അതൊരിക്കലും എന്റെ മതമായിരുന്നില്ല. ഇപ്പോഴും അതങ്ങനെ തന്നെയാണ്‌.


അന്നു വൈകുന്നേരം ഞാന്‍ സ്വീകരിച്ച ക്രിസ്‌തുവിശ്വാസം ഒരു മതമല്ല. മറിച്ച്‌ ക്രിസ്‌തുവുമായി ആഴത്തിലുള്ളതും തീവ്രവുമായ ഒരു ബന്ധമാണ്‌. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അനുദിനം ഞാന്‍ യേശുവിനോടു കൂടുതല്‍ അടുത്തു ജീവിക്കുന്നു. പരിശുദ്ധനായ ദൈവത്തിന്റെ പാപമില്ലാത്ത പുത്രനായി യേശുവിനെ ഞാന്‍ മനസ്സിലാക്കുന്നു.


എന്റെ ജോലി, കുടുംബം, സ്വപ്‌നങ്ങള്‍, വിജയം, പരാജയം, സമ്പത്ത്‌ തുടങ്ങിയ കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന ഏറ്റവുമടുത്തസ്‌നേഹിതനായി ഞാന്‍ യേശുവിനെ അറിയുന്നു.


ഞാന്‍ ഒരു നല്ല പുസ്‌തകം വായിക്കുകയോ, ഒരു പുതിയ ഹോട്ടലില്‍ നിന്ന്‌ രുചികരമായ ആഹാരം കഴിക്കുകയോ ചെയ്‌താല്‍ സ്വാഭാവികമായും ഞാനതിനേക്കുറിച്ച്‌ എന്റെ സ്‌നേഹിതനോടു പറയും.


അസാധാരണനായൊരു സുഹൃത്തിനെ, ഗൈഡിനെ, ലീഡറെ, രക്ഷകനെ, ദൈവത്തെ ഒക്കെയാണ്‌ ഞാന്‍ യേശുക്രിസ്‌തുവിലൂടെ കണ്ടെത്തിയതെന്നിരിക്കെ എന്റെ സുഹൃത്തുക്കളോട്‌ ഒളിച്ചു വെക്കാമോ? ആരെങ്കിലും എന്റെ വാക്കുകള്‍ ശ്രദ്ധിച്ച്‌ യേശുവില്‍ വിശ്വസിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്‌. ലോകം ഇതിനെ മതപരിവര്‍ത്തനം എന്ന്‌ വിളിച്ചാലും ഞാനതിനെ എനിക്കു സംഭവിച്ചതു പോലുള്ള ഹൃദയരൂപാന്തരം എന്നു വിളിക്കും.
എന്നാല്‍ ഞാനൊരിക്കലും ആരെയും എന്റെ വിശ്വാസം കേള്‍ക്കുവാനോ വിശ്വസിക്കാനോ നിര്‍ബന്ധിക്കുകയോ സാമ്പത്തിക പ്രലോഭനം മുന്നോട്ടു വെയ്‌ക്കുകയോ ചെയ്‌കയില്ല. അതെന്റെ വിശ്വാസത്തിന്‌ വിരുദ്ധമാണ്‌. എന്നാല്‍ കൈക്കൂലിയോ, നിര്‍ബന്ധമോ, വഞ്ചനയോ, പ്രലോഭനമോ കൂടാതെ എന്റെ വിശ്വാസം ആചരിക്കാനും പ്രസംഗിക്കാനും എനിക്ക്‌ ഭരണഘടന നല്‍കുന്ന അവകാശമുണ്ട്‌. എന്നാല്‍ എന്റെ ഈ ഹിന്ദുരാജ്യത്ത്‌ ഈ അടിസ്ഥാനപരമായ അവകാശത്തെ നിഷ്‌ ൂരമായി നിഷേധിക്കുന്നതു കാണുമ്പോള്‍ വേദനയുണ്ട്‌. ദൈവം ഭാരതത്തെ അനുഗ്രഹിക്കട്ടെ.


`ഔട്ട്‌ലുക്ക്‌ ബിസിനസ്സ്‌\', ഒക്‌ടോബര്‍ 27, 2008


[ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള വാണിജ്യമാസികകളില്‍ ഒന്നായ `ഔട്ട്‌ലുക്ക്‌ ബിസിനസ്സില്‍\' ശ്രീ ആനന്ദ്‌ മഹാദേവന്‍ ഇംഗ്ലീഷില്‍ എഴുതിയ ``\'I, the Convert\' എന്ന ലേഖനം രാജ്യാന്തര തലത്തില്‍ ശ്രദ്ധയാര്‍ജിക്കയുണ്ടായി. പ്രസ്‌തുത ലേഖനത്തിന്റെ മലയാളം പതിപ്പ്‌ NOAH\'S ARK PUBLICATIONS (CVP TOWER, TIRUVALLA) പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌-വിവര്‍ത്തകന്‍ ശ്രീ സാംകുട്ടിചാക്കോ നിലമ്പൂര്‍. അതിലെ പ്രസക്ത ഭാഗങ്ങളാണ്‌ ഈ അനുഭവസാക്ഷ്യം. `ബിസിനസ്സ്‌ ഔട്ട്‌ലുക്കിന്റെ\' ചീഫ്‌ എഡിറ്ററാണ്‌ ആനന്ദ്‌ മഹാദേവന്‍. വാണിജ്യ സംബന്ധിയായ വിഷയങ്ങളില്‍ വിശാലമായ അറിവും ഗഹനമായ ഉള്‍ക്കാഴ്‌ചയും ഉള്ള ഒരാളാണ്‌ വിദ്യാസമ്പന്നനായ ഈ യുവാവ്‌. ശ്രീ മഹാദേവന്‍ ഇപ്പോള്‍ മുംബൈയിലെ ഒരു സ്വതന്ത്ര ബാപ്‌റ്റിസ്റ്റ്‌ സഭയില്‍ ആരാധനയില്‍ സംബന്ധിച്ചുവരുന്നു എന്ന്‌ മീഡിയാ കണ്‍സള്‍ട്ടെന്റും മുബൈയിലെ ജി. എല്‍. എസ്‌. പബ്‌ളിഷെഴ്‌സിന്റെ മുന്‍ മാനേജിംഗ്‌ എഡിറ്ററുമായ ഡോ. ബാബു കെ. വര്‍ഗീസ്‌ ഏഴംകുളം സാംകുട്ടിയുമായി നടത്തിയ (2009 സെപ്‌റ്റംബര്‍ 13) ടെലഫോണ്‍ സംഭാഷണത്തില്‍ അറിയിക്കയുണ്ടായി]

Responses