യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈവയ്ക്കാമോ?

തിരുവചനത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്വയവ്യാഖ്യാനത്തിനായി ഉപയോഗിച്ച് ജനത്തെ വഴിതെറ്റിയ്ക്കുന്നവര്‍ കുറച്ചൊന്നുമല്ല. തിരുവെഴുത്തുകള്‍ അറിയാത്തതിനാല്‍ ഈ ജനം തെറ്റിപ്പോകുന്നുവെന്ന് ഭയസൂചന നല്‍കുന്നിടത്ത് ജനം തിരുവചനം അറിഞ്ഞിരിക്കേണമെന്ന കല്പന കൂടി ഒളിഞ്ഞു കിടപ്പില്ലേ? തങ്ങള്‍ പറയുന്നതിനെല്ലാം ‘ ആമ്മീന്‍, സ്‌തോത്രം, ഹല്ലെലുയ്യാ’ എന്നു പറഞ്ഞ് പ്രോത്സാഹനം കൊടുക്കാനുള്ളവര്‍ മാത്രമാണ് മുമ്പിലിരിക്കുന്ന ജനമെന്ന് ധരിച്ച് വചനത്തെ വികലമായി വ്യാഖ്യാനിക്കുന്നവരും തിരുവെഴുത്തുകള്‍ അറിയാത്തവരുടെ കൂട്ടത്തില്‍ പെടുന്നു. അങ്ങനെയുള്ളവര്‍ ഇത്തരമൊരു പ്രസ്താവന കേട്ടാല്‍ ഉദ്ധരിയ്ക്കുന്ന ഒരു വാക്യമുണ്‍ട്. “യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈ വെച്ചിട്ട് ആര്‍ ശിക്ഷ അനുഭവിക്കാതെ പോകും?” (1 ശാമുവേല്‍ 24: 6). കേള്‍ക്കുമ്പോഴെ ഭയപ്പെട്ടുപോകുന്ന ഈ ഉദ്ധരണി ആര് ആരെക്കുറിച്ച് എപ്പോള്‍ എവിടെ വെച്ചു പറഞ്ഞുവെന്ന് ചിന്തിച്ചാല്‍ നമ്മുടെ ഭയം പമ്പകടക്കുമെന്നു മാത്രമല്ല, ധൈര്യത്തോടെ സത്യത്തിനുവേണ്‍ടി നിലകൊള്ളുവാന്‍ അതു നമ്മെ സഹായിക്കുകയും ചെയ്യും.

സത്യത്തിനുവേണ്‍ടി നില്‍ക്കാന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളവര്‍ നേരിടേണ്‍ട ചില വെല്ലുവിളികളെക്കുറിച്ച് പറഞ്ഞിട്ട് യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈ വെച്ചിട്ടു ആര്‍ ശിക്ഷ അനുഭവിക്കാതെ പോകും എന്ന വിഷയവുമായി മുമ്പോട്ടു പോകാം. ഒഴുക്കിനെതിരെ നീന്തുന്ന നിങ്ങള്‍ക്ക് മുമ്പിലുള്ളതെല്ലാം എതിര്‍പ്പിന്റെ ആഞ്ഞടുക്കുന്ന ഓളങ്ങളും തിരമാലകളുമായിരിക്കും. ചുറ്റുമുള്ള ലോകത്തോടൊപ്പം ഈ ലോകത്തിന്റെ പ്രഭു സകലവിധ തന്ത്രങ്ങളുമായി നിങ്ങളുടെ ലക്ഷ്യം ഇല്ലായ്മ ചെയ്‌വാന്‍ യുദ്ധം ചെയ്യും. ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ കുതിപ്പിന് വിളിയാലുള്ള ആശ ഇന്നതെന്ന ഉറപ്പ് നാം പ്രാപിച്ചിരിക്കണം. നിങ്ങള്‍ ചെയ്യുന്നതെന്തും പരിശുദ്ധാത്മ നിയോഗത്തിലാണെന്നും യജമാനന്റെ ഭവനത്തിലെ നല്ല ഗൃഹവിചാരനാണെന്നും പൂര്‍ണ്ണ നിശ്ചയമുണ്‍ടായിരിക്കേണം. ഇങ്ങനെയുള്ളവര്‍ ഈര്‍ച്ചവാളാല്‍ കൊല്ലപ്പെടേണ്‍ടിവന്നാലും, കണ്‍മുമ്പില്‍ പ്രിയപ്പെട്ടവരെ ഭീകരന്‍മാര്‍ നിഷ് ൂരമായി ചുട്ടുകരിക്കുമ്പോഴും, ഏറ്റവും പ്രിയമുള്ളവര്‍ മാരക രോഗത്തില്‍കൂടെ കടന്നുപോകേണ്‍ടി വന്നാലും, പ്രതീക്ഷയോടെ വളര്‍ത്തിയെടുത്ത മക്കളൊ, ആത്മ സഖിയോ വിശ്വാസം വിട്ട് ആത്മഹത്യ ചെയ്താലും ഈ ആത്മീയ യുദ്ധത്തില്‍ പരാജയപ്പെടുകയില്ല. അതു പറഞ്ഞ് ഒരു പ്രവാചകനും അവരെ ഭീഷണിപ്പെടുത്താന്‍ കഴിയുകയുമില്ല. തങ്ങള്‍ക്കു മുമ്പെ വിശ്വസ്തതയോടെ ദൈവത്തെ സ്‌നേഹിച്ചവരുടെ കുടുംബത്തിലൊക്കെ ഇത്തരം ദുരന്തങ്ങളുണ്‍ടായിട്ടുള്ളത് ലക്ഷ്യത്തില്‍ തുടരാന്‍ അവര്‍ക്കു പ്രേരണ നല്‍കും. ദൈവപൈതലിന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവമറിഞ്ഞും, ദൈവീക ഉദ്ദേശത്തിനായും, അതിലുപരി സകലതും നന്മയ്ക്കായി കൂടി വ്യാപരിക്കുമെന്ന വാഗ്ദത്തം മുറുകെ പിടിച്ചും മുമ്പോട്ടു ഗമിയ്ക്കാനുള്ളതാണ്.

വിഷയത്തിലേക്ക് മടങ്ങി വരാം. ആരാണ് ദൈവത്തിന്റെ അഭിഷ്‌ക്തന്‍? എന്തുകൊണ്‍ട് അവരെ തൊട്ടുകൂടാ? സങ്കീര്‍ത്തനം 105: 11-15 വായിച്ചാല്‍ ഇതിന്റെ പശ്ചാത്തല സഹിതം അവിടെ രേഖപ്പെടുത്തിയിട്ടുണ്‍ട്: വാഗ്ദത്ത കനാന്‍ ദേശം ലഭിക്കുമ്പോള്‍ ഇസ്രയേല്‍ മക്കള്‍ എണ്ണത്തില്‍ കുറഞ്ഞവരും പരദേശികളുമായിരുന്നു. ഒരു ജാതിയെ വിട്ട് മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ട് മറ്റൊരു ജനത്തിന്റെ അടുക്കലേക്കുമവര്‍ പോയി. ആകയാല്‍ അവരെ പീഢിപ്പിക്കാന്‍ ദൈവം ആരേയും അനുവദിച്ചില്ല. തന്റെ അഭിഷിക്തന്മാരെ തൊടരുതെന്നും പ്രവാചകന്‍മാര്‍ക്ക് ഒരു ദോഷവും ചെയ്യരുതെന്നും ദൈവം കല്‍പ്പിച്ചു. തന്റെ അഭിഷിക്തന്‍ എന്ന് പറഞ്ഞിരിക്കുന്നത് ഇസ്രയേല്‍ രാജാക്കന്‍മാരെക്കുറിച്ചാണ് (1 ശാമുവേല്‍ 12: 3, 5; 24: 6, 10; 26: 9,11, 16,23; 2 ശാമുവേല്‍ 1: 14, 16; 19: 21; സങ്കീ. 20: 6; വിലാപങ്ങള്‍ 4: 20). ഇസ്രയേലിന്റെ രാജാവിനെയും, പ്രവാചകന്‍മരേയും ശത്രുക്കള്‍ ശാരീരികമായി ആക്രമിയ്ക്കുന്നതിന് ദൈവം കല്പിച്ചിരിക്കുന്ന വിലക്കാണ് ഈ വാക്യത്തിലെ വിഷയം. പ്രായോഗിക തലത്തില്‍ ദാവീദാണ് ഈ വചനത്തെ ഉദ്ധരിക്കുന്നത്. തന്നെ നശിപ്പിക്കാന്‍ വന്ന ശൗലിനെ ശാരീരികമായി നശിപ്പിക്കാന്‍ അവസരം ലഭിച്ച സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്യുന്നത് ദൈവീക കല്പനാ ലംഘനവും പാപവുമായി ദാവീദ് കണ്‍ടു. എന്നാല്‍ അതേ രാജാവിനെതിരെ ദാവീദ് സംസാരിക്കുന്നത് കല്പനാ ലംഘനമായി തിരുവെഴുത്ത് ഒരിടത്തും പറയുന്നില്ല. ചുരുക്കത്തില്‍ ദൈവത്തിന്റെ അഭിഷിക്തന്‍ എന്നാല്‍ ഇസ്രായേലിന്റെ രാജാവെന്നും, അദ്ദേഹത്തെ തൊടരുതെന്നാല്‍ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കരുതെന്നുമല്ലാതെ മറ്റൊരു ഉപദേശം ഈ വാക്യശലകത്തിന് ഇല്ലെന്ന ഇനിയെങ്കിലും ഈ ഭാഗമെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കുക.

ദശാംശത്തിന്റെ ഉപദേശമെടുക്കുമ്പോള്‍ ലേവ്യന്റേയും, അഹരോന്റേയും ചിലപ്പോള്‍ മല്കീശേദേക്കിന്റേയുമൊക്കെ സ്ഥാനമപഹരിക്കുന്ന (കുപ്പായമിടുന്ന) ദൈവദാസന്‍മാര്‍ അഭിഷിക്തന്റെ മേലങ്കിയണിഞ്ഞ് ഇസ്രായേലിന്റെ രാജാവിന്റെ സ്ഥാനമലങ്കരിക്കുന്നത് ലജ്ജാകരമാണ്! വചനമറിയാത്ത സാമാന്യജനത്തെ ഭീഷണിപ്പെടുത്തി രാജഭരണം നടത്തുന്നവര്‍ സിംഹാസനം വിട്ട് യജമാനന്റെ ആടുകളെ മേയിക്കുന്ന ഇടയന്റെ (ദാസന്റെ) ശുശ്രൂഷ ചെയ്യുകയാണ് വേണ്‍ടത്. ഭാവിക്കുന്നതിനു മീതെ ഭാവിച്ചുയരാതെ ദൈവ മര്‍മ്മങ്ങളുടെ ഗൃഹവിചാരകന്‍മാരായി കര്‍ത്താവ് ഏല്‍പ്പിച്ച ചുമതല വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ തല്ലി നോവിക്കാതെ പരിപോഷണമേകുകയല്ലേ വേണ്‍ടത്?

യഥാര്‍ത്ഥ ഇടയന്‍ ആടുകള്‍ക്ക് ഭക്ഷണം നല്‍കുക മാത്രമല്ല, അവ കഴിയ്ക്കുന്നുണ്‍ടെന്ന് ഉറപ്പു വരുത്തുകകൂടി ചെയ്യും. പൗലോസിനെപ്പോലെയുള്ള അത്തരം ഇടയന്‍മാര്‍ക്കെ ബെരോവയിലുള്ളവരെ ഉത്തമന്‍മാരെന്ന് വിളിക്കാനാവൂ. കേല്‍ക്കുന്നതിനെല്ലാം ഹല്ലേലുയ്യാ പറയുന്നവരെക്കുറിച്ച് തിരുവെഴുത്തിലൊരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല. ദൈവദാസന്‍മാര്‍ പ ിപ്പിക്കുന്നത് അങ്ങനെ തന്നെയൊ എന്ന് പരിശോധിക്കുന്നവര്‍ അഭിഷിക്തന്റെമേല്‍ (ഇസ്രയേല്‍ രാജാവ്) കൈവയ്ക്കുന്നതായി ഒരിടത്തും ആരോപിക്കുന്നുമില്ല. പുതിയ നിയമത്തില്‍ ഒരിടത്തും അങ്ങനെയൊരു കല്പന കര്‍ത്താവില്‍ നിന്നോ അപ്പോസ്തല പിതാക്കന്‍മാരില്‍ നിന്നോ ലഭിച്ചിട്ടുമില്ല. ഇസ്രയേല്‍ രാജാവായിരുന്നാല്‍ പോലും തെറ്റുചെയാതാല്‍ അതിനെതിരെ ശബ്ദിക്കാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമല്ലെ നാഥാന്‍ പ്രവാചകനില്‍ നാം കാണുന്നത്? ആ മനുഷ്യന്‍ നീ തന്നെയെന്നു പറയാന്‍ ആത്മധൈര്യമുളള (ചങ്കൂറ്റമുളള) നാഥാന്‍ പ്രവാചകന്മാര്‍ കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു. അപ്പോസ്തലന്‍മാരല്ലാതിരിക്കെ തങ്ങള്‍ അപ്പോസ്തലന്‍മാര്‍ എന്നു പറയുന്നവരെ പരീക്ഷിച്ചു കള്ളന്‍മാരെന്നു കണ്‍ട എഫെസോസ് സഭ നമുക്കും മാതൃകയാകട്ടെ (വെളിപ്പാട്. 2:2).

പുതിയ നിയമ സഭ അടിമ നുകത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് വിളിച്ചിറക്കപ്പെട്ട മണവാട്ടിയാണ്. ദൈവം അവള്‍ക്ക് നല്‍കിയിട്ടുള്ള അധികാരവും, പദവിയും ന്യായപ്രമാണ നിയമങ്ങള്‍ കൊണ്‍ട് ബന്ധിയ്ക്കാന്‍ പാടില്ല. ഒരുത്തന്‍ മറ്റൊരു ക്രിസ്തുവിനെയൊ, വേറൊരു ആത്മാവൊ, സുവിശേഷമൊ നല്‍കിയാല്‍ അതിനെ തിരിച്ചറിവാനുള്ള വളര്‍ച്ച പ്രാപിച്ചവളായിരിക്കണമവള്‍. (2 കൊരി. 12: 3,4, 12-14). ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലയതും വിട്ട് അവള്‍ വഷളായിപ്പോകുമൊയെന്ന ഭയം ഇടയന്‍മാര്‍ക്കുള്ളില്‍ ഉണ്‍ടായിരിക്കണം. വെളിച്ച ദൂതന്റെ വേഷം ധരിച്ചു വരുന്ന കള്ള അപ്പോസ്തലന്‍മാരുടെ പ്രവൃത്തികളെ തിരിച്ചറിവാന്‍ കഴിവുള്ളവളാകണവള്‍. എത് ആത്മാവിനേയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുളളവയോ എന്നു ശോധന ചെയ്‌വാന്‍ /യോഹന്നാന്‍ പറഞ്ഞതും വെറുതെയല്ല. (1 യൊഹ. 4: 1,2).

ഇക്കാലത്ത് ദുരുപദേശക്കരെ നേരിടുക വളരെ പ്രയാസമേറിയ സംഗതിയാണ്. നിലവിലുള്ള വ്യവസ്ഥിതിയുടെയും സംസ്‌കാരത്തിന്റേയും ഭാഗമായി അവര്‍ മാറിക്കഴിഞ്ഞു. യേശുവിന്റെ കാലത്തെ മഹാപുരോഹിതനെയും ശാസ്ത്രിയെയും പരീശനെയും അവരുടെ പിന്നില്‍ അണിനിരന്ന തിരുവെഴുത്തുകളറിയാത്ത പുരുഷാരത്തെയും പോലെ ദുരുപദേശക്കാരുടെ സംഘടിത ശക്തി അതിനെതിരെ ശബ്ദിക്കുന്നവരെ ക്രൂശിക്കാന്‍ പോരുന്നതാണ്. അതുകൊണ്‍ട് സത്യത്തിനുവേണ്‍ടി നില്‍ക്കുന്നവര്‍ എക്കാലത്തേയുംപോലെ അതിനുള്ള വില കൊടുക്കുവാന്‍ തയ്യാറാവുക. എന്നാല്‍ നമ്മുടെ പോരിന്റെ ആയുധങ്ങള്‍ ജഡികങ്ങള്‍ അല്ലെന്ന കാര്യം മറന്നുപോകരുത്. വ്യക്തിപരമായി ആരേയും മുറിപ്പെടുത്തുവാനോ, വിധിക്കുവാനോ ദൈവം നമ്മില്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും യഹോവയ്ക്ക് വെറുപ്പാണെന്ന് കാര്യം (സദൃ. 17: 15) ഈ വിഷയത്തില്‍ നമ്മുടെ അളവുകോല്‍ ആയിരിക്കട്ടെ.

Responses