സി.പി.എം മുന്നോട്ട് വയ്ക്കുന്ന ഭൂരിപക്ഷപ്രീണനം

ഭൂരിപക്ഷ മതത്തെ സംബന്ധമായ ഏത് പ്രവര്‍ത്തനവും ദേശീയതയായും ന്യൂനപക്ഷമതപ്രവര്‍ത്തനങ്ങള്‍ വര്‍ഗീയതായും ചിത്രീകരിക്കപ്പെടുമെന്ന് പണ്‍ടെന്നോ നെഹ്‌റു പറഞ്ഞിട്ടുണ്‍ടത്രേ. കോണ്‍ഗ്രസുകാര്‍ക്ക് പോലും അതിനെക്കുറിച്ച് അത്ര പിടിയൊന്നുമില്ല. ഡിസിസി കള്‍ പിടിക്കാനുള്ള പെടാപൊടിനിടയില്‍ ഇതെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ എത് കോണ്‍ഗ്രസുകാരനാണ് നേരം! പക്ഷെ ഇതൊക്കെ ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ ഇവിടെ കുറേ പാവം കമ്മ്യൂണിസ്റ്റുകാരുണ്‍ടായത് ഭാഗ്യം. എന്നാല്‍ ഈ നിലപാട് കമ്യൂണിസ്റ്റുകളിലും അധികനാള്‍ നീണ്‍ടുനിന്നില്ല. ചുരുങ്ങിയ നാള്‍ കൊണ്‍ട് ന്യൂനപക്ഷ സംരക്ഷകര്‍ എന്ന റോളില്‍ നിന്നും ഭൂരിപക്ഷസമുദായത്തിന്റെ വക്താക്കള്‍ എന്ന നിലയിലേക്ക് മാറാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയ ചാഞ്ചാട്ടം ഇപ്പോള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ബുദ്ധിരാക്ഷസന്മാര്‍ക്ക് പഞ്ഞമില്ലാത്തൊരു പാര്‍ട്ടിയാണ് സി.പി.എം. പഴയ ചരിത്രങ്ങളുടെ ഏടുകള്‍ പരിശോധിച്ചപ്പോള്‍ ഒരു തിരഞ്ഞെടുപ്പിന്റെ ചിത്രം കണ്ണില്‍ പെട്ടു. 1987 ലെ കേരള നിയമസഭയിലെ തിരഞ്ഞെടുപ്പായിരുന്നു ആ ചരിത്രം. അന്നത്തെ അസംബ്ലി തിരഞ്ഞെടുപ്പില്‍ കാര്യമായ പ്രതീക്ഷകളൊന്നുമില്ലാതെ നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജമാധിപത്യ മുന്നണി മത്സരിക്കുന്നു. അപ്പുറത്തോ സാക്ഷാല്‍ കരുണാകരന്‍ എല്ലാ ഈര്‍ക്കില്‍ പാര്‍ട്ടികളുമായി സഖ്യമുണ്‍ടാക്കി. മുസ്ലീം ക്രിസ്ത്യന്‍ സംഘടനകളുമെല്ലാമായി തട്ടുപൊളിപ്പന്‍ ഐക്യജനാധിപത്യ മുന്നണി. ക്ലിഫ്ഹൗസ് ലക്ഷ്യമാക്കി ലീഡര്‍ജി കരുക്കളൊക്കെ നീക്കി. പക്ഷെ പെട്ടി തുറന്നപ്പോള്‍ ശരിക്കും ഞെട്ടിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. കൃത്യമായ ഭൂരിപക്ഷത്തോടെ കേരളം ഭരിക്കാനുള്ള വിധിന്യായം ജനങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു.

ക്രിസ്ത്യന്‍ വോട്ടുകളും മുസ്ലീം വോട്ടുകളും അന്ന് ഇടത് മുന്നണിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല. ബിഷപ്പ് ഹൗസുകളില്‍ എപ്പോഴും കയറിച്ചെല്ലാനുള്ള വഴികള്‍ ലീഡര്‍ ഉറപ്പ് വരുത്തിയിരുന്നു. പാണക്കാട്ടെ തറവാട്ട് മുറ്റം നേരത്തെ തന്നെ സ്വന്തമായിരുന്നല്ലോ. ലീഗിനോളം വരില്ലെങ്കിലും മറ്റെല്ലാ മുസ്ലീം സംഘടനകളുമായും കോണ്‍ഗ്രസ് മുന്നണി നീക്കുപോക്കുകള്‍ വരുത്തിയിരുന്നു. എന്നിട്ടും വോട്ടെങ്ങനെ ഇപ്പുറത്ത് കൂടുതല്‍ വന്നു? കേരളത്തില്‍ സവര്‍ണ്ണ ഹൈന്ദവവോട്ടുകളുണ്‍ടെന്ന് അന്ന് ആദ്യമായി പാര്‍ട്ടി തിരിച്ചറിയുകയായിരുന്നു.

ഇത്തവണ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരംഭത്തില്‍ തന്നെ ക്രൈസ്തവ സംഘടിത സമുദായങ്ങളുമായി കൊമ്പുകോര്‍ത്തു. വിദ്യാഭ്യാസ മേഖലയെ കൈവയ്ക്കുകയായിരുന്നു ലക്ഷ്യം. അതില്‍ നഷ്ടപ്പെടുന്ന വോട്ടുകള്‍ മുസ്ലീം സംഘടനകളുമായുള്ള നീക്കുപോക്കിലൂടെ നേടാമെന്ന് കരുതി. കേരളാകോണ്‍ഗ്രസിന്റെ ഒരു കഷണം കൈയ്യിലുള്ളതിനാല്‍ അത്യാവശ്യം വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്നും കണക്കുകൂട്ടി. എന്നാല്‍ മദനിയുമായുള്ള കൂട്ടുകെട്ടുകളും പിഴച്ചതോടെ എ.കെ.ജി ഭവന്‍ ബുദ്ധിജീവികള്‍ തലപുകയ്ക്കുവാന്‍ തുടങ്ങി. ന്യൂനപക്ഷങ്ങളെ കൈവിട്ട് ഭൂരിപക്ഷ സമൂഹത്തെ കൂടെനിര്‍ത്താനുള്ള തന്ത്രം രൂപപ്പെട്ടത് അങ്ങനെയാണ്.

ഇതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ നടന്നു. കേരളത്തിലെ മൂന്ന് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടത് നടത്തിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഈ ചാഞ്ചാട്ടത്തിന്റെ തുടക്കമായിരുന്നു. ഐക്യജനാധിപത്യ മുന്നണി ന്യൂനപക്ഷ സമുദായാംഗങ്ങളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ഇടതുപക്ഷം ഭൂരിപക്ഷസമുദായംഗങ്ങളെ മാത്രമാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. പരീക്ഷണം വിജയിച്ചില്ലെങ്കിലും ഇടതുപക്ഷം ഇതേ രീതി തന്നെ തുടര്‍ന്നും പരീക്ഷിക്കുവാന്‍ തയ്യാറെടുക്കുന്നതായാണ് അണിയറയില്‍ നിന്നും വ്യക്തമാകുന്നത്.

സിപിഎമ്മിന്റെ ഭൂരിപക്ഷ പ്രീണനം വിജയിക്കുമോ? 1987 വീണ്‍ടും ആവര്‍ത്തിക്കുമോ? കാലമാണ് ഉത്തരം തരേണ്‍ടത്. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടക്കുവാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അസംബ്ലിയിലേക്കും നടക്കാനുള്ള തിരഞ്ഞെടുപ്പുകള്‍ ഈ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വെളിപ്പെടുത്തും.

Responses